പൊതു വിഭാഗം

കാക്കക്കൂട്ടിൽ നിന്നുള്ള കാഴ്ചകൾ.

ബോബനും മോളിയും ആണല്ലോ എന്റെ തലമുറ ആദ്യമായി വായിക്കുന്ന കാർട്ടൂൺ. കുറച്ചു കൂടി വളർന്നപ്പോൾ മാൻഡ്രേക്ക് എന്ന മജീഷ്യന്റെ കഥകൾ വായിച്ചു തുടങ്ങി.
 
ഐ ഐ ടിയിൽ ചെന്നപ്പോഴാണ് ടിൻ ടിൻ, ആസ്റ്ററിക്സ് എന്നീ സീരീസുകൾ വായിച്ചു തുടങ്ങിയത്. ഒന്ന് ബെൽജിയത്തിൽ നിന്നും ഒന്ന് ഫ്രാൻസിൽ നിന്നും തുടങ്ങിയ സീരീസ് ആണ്, ലോകത്തെ പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇത് പരിചയമുണ്ടാകണം. പരിചയമില്ലാത്തവർ വായിച്ചു തുടങ്ങേണ്ടതാണ്.
 
ടിൻ ടിൻ എന്ന യുവ പത്രപ്രവർത്തകൻ നടത്തുന്ന കുറ്റാന്വേഷണങ്ങളുടെ കഥയാണ് ‘The Adventures of Tin Tin’. രണ്ടാം ലോകമഹായുദ്ധത്തിന് അപ്പുറവും ഇപ്പുറവും ഉള്ള കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ടിൻ ടിനു കൂട്ടായി മറവിക്കാരനായ പ്രൊഫസറും ശുണ്ഠിക്കാരനായ കപ്പിത്താനുമുണ്ട്. ബോബനും മോളിയിലെ പട്ടിയെ പോലെ ടിൻ ടിനു കൂട്ടായി സ്‌നോവി എന്നൊരു പട്ടിയും.
 
റോമാക്കാർ ഇന്നത്തെ ഫ്രാൻസ് ആയ ഗാൾ പ്രദേശം പിടിച്ചടക്കിയ കാലത്തെ കഥയാണ് ആസ്റ്ററിക്സിന്റേത്. റോമക്കാർക്ക് കീഴടങ്ങാതെ ഒരു ഗ്രാമം മാത്രം നിലനിൽക്കുന്നു. തന്ത്രശാലിയായ ആസ്റ്ററിക്സിനെ അമാനുഷ ശക്തിശാലിയാക്കുന്നത് അവരുടെ വൈദ്യൻ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു മാന്ത്രിക കഷായമാണ്. അത് കുടിച്ചാൽ കുറച്ചു നേരത്തേക്ക് ഏതൊരാൾക്കും പത്തോ നൂറോ പേരെ ഇടിച്ചിടാനുള്ള ശക്തിയുണ്ടാകും (കേരളത്തിലെ സിനിമയിലെ നായകന്മാർ സ്ഥിരമായി ഇത് കുടിക്കാറുണ്ട്). ആസ്റ്ററിക്സിന് കൂട്ടായി ഒബെലിക്സ് എന്ന ആളുണ്ട്. അല്പം തടി കൂടുതലും ബുദ്ധി കുറവുമാണ്. ചെറുപ്പത്തിൽ മാന്ത്രിക കഷായം ഉണ്ടാക്കിയ പാത്രത്തിൽ വീണതിനാൽ അദ്ദേഹത്തിന് സ്ഥിരമായി അമാനുഷ ശക്തിയാണ്. റോമൻ പട്ടാളക്കാരെ ഇടിച്ചു പഞ്ചറാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിത വ്രതം.
 
രണ്ടു കാലഘട്ടങ്ങളിൽ രണ്ടു തരത്തിലുള്ള ആളുകൾ ആണെങ്കിലും ചിലർക്ക് ടിൻ ടിനും ചിലർക്ക് ആസ്റ്ററിക്സും ആവും ഇഷ്ടപ്പെടുക. ഐ ഐ ടിയിൽ ഇവർക്ക് രണ്ടുപേർക്കും ഫാൻ ക്ലബ്ബ് ഉണ്ടായിരുന്നു. ഓരോ കഥയിലെ എല്ലാ ഡയലോഗും ഓർത്തിരിക്കുന്നവരും ഉണ്ടായിരുന്നു.
 
ഞാൻ ആസ്റ്ററിക്സ് ഫാൻ ആയിരുന്നു. പല തലത്തിൽ വായിക്കാൻ പറ്റുന്ന ഒരു പുസ്തകമാണ്. കൊച്ചു കുട്ടികൾക്ക് ശക്തമായ സേനയെ ചെറിയ കൂട്ടം ആളുകൾ ചെറുത്തു നിൽക്കുന്നതിന്റെ കഥയായി വായിക്കാം, ചരിത്രത്തിൽ താല്പര്യമുള്ളവർക്ക് ചരിത്ര സംഭങ്ങൾ അറിയാനായി വായിക്കാം, ഭാഷയിൽ താല്പര്യമുള്ളവർക്ക് ഭാഷയിലെ തമാശ പ്രയോഗങ്ങൾ വായിക്കാം. തത്വശാസ്ത്രങ്ങൾ ആണ് താല്പര്യമെങ്കിൽ അതിനും ഇതിൽ വായന സാധ്യമാണ്.
 
ആസ്റ്ററിക്സ് കഥയിൽ ഇടക്കിടക്ക് ആസ്റ്ററിക്സും സംഘവും കടൽ യാത്രയിൽ കടൽക്കൊള്ളക്കാരുടെ സംഘത്തെ കണ്ടുമുട്ടും. ലോകത്തെന്പാടും പണ്ടുകാലത്ത് കടൽക്കൊള്ളക്കാർ ഉണ്ടായിരുന്നു. കച്ചവടക്കപ്പലുകളെ കൊള്ളയടിക്കുകയാണ് അവരുടെ പണി. Pirates of the Caribbean കണ്ടിട്ടുള്ളവർക്ക് ഇതറിയാം. കൊള്ളയൊന്നും ഇല്ലാത്ത സമയത്ത് കള്ളുകുടിയും പരസ്പര മത്സരവും പോരടിക്കലും ആണ് ഇവരുടെ പരിപാടി.
 
പണ്ടുകാലത്ത് കടലിൽ പോകുന്ന ഓരോ കപ്പലിലും അതിന്റെ കൊടിമരത്തിന്റെ ഉയരത്തിൽ വീപ്പപോലെ ഒരു ഇരിപ്പിടം ഉണ്ടായിരുന്നു. Crows Nest എന്നാണ് അതിന്റെ പേര്. റഡാർ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ദൂരെ വേറെ കപ്പലുകൾ ഉണ്ടോ, കരയുണ്ടോ എന്നെല്ലാം അറിയാനായി അതിൽ ഒരാളെ കയറ്റിയിരുത്തും. ലുക്ക് ഔട്ട് എന്നാണ് ഈ ജോലിയുടെ പേര്.
 
ആസ്റ്ററിക്സിലെ ലുക്ക് ഔട്ട് സമായാസമയങ്ങളിൽ കപ്പലിൽ താഴെയുള്ളവർക്ക് മുന്നറിയിപ്പ് നൽകും. പക്ഷെ താഴെയുള്ളവർ കളിയും ചിരിയും തമ്മിൽത്തല്ലുമായി തിരക്കായതിനാൽ അത് ശ്രദ്ധിക്കില്ല. അവസാനം ശത്രുക്കൾ അടുത്തെത്തുന്പോൾ ആണ് അവർ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. പിന്നെ പൊരിഞ്ഞ അടിയോടടി. ആസ്റ്റെറിക്‌സും സംഘവുമായി ഏറ്റുമുട്ടുന്പോൾ എപ്പോഴും അവരുടെ കപ്പൽ പൊളിഞ്ഞ് ലുക്ക് ഔട്ട് ഉൾപ്പെടെ കടലിലായിരിക്കും. കാലം പിന്നെയുമുരുളും, പുതിയ കപ്പലും സംഘടിപ്പിച്ച് അവർ വീണ്ടുമിറങ്ങും. വേറെ എവിടെയെങ്കിലും വച്ച് ആസ്റ്റെറിക്‌സിനെ വീണ്ടും കണ്ടുമുട്ടും. വീണ്ടും അടിപിടി, കപ്പൽ തകർച്ച… അങ്ങനെ പോകുന്നു ആ കഥ. നിങ്ങളിൽ ചരിത്രത്തിൽ താല്പര്യമുളളവർക്ക് ഇത് എങ്ങനെയും വായിക്കണം.
 
ഓൺലൈനിൽ ഫ്രീ ആയി കിട്ടും, ഗൂഗിൾ ചെയ്തു നോക്കിയാൽ മതി.
 
മുരളി തുമ്മാരുകുടി

Leave a Comment