പൊതു വിഭാഗം

കള്ളനെ ഓടിച്ചിട്ട് പിടിക്കുമ്പോൾ…

വർഷാവസാനത്തിന്റെ തിരക്കും പോരാത്തതിന് ഞായറാഴ്ച ജെറുസലേമിലേക്ക് ഒരു യാത്ര വേറെയും. അതുകൊണ്ടാണ് പുതിയ പ്രക്ഷേപണങ്ങൾ ഒന്നും ഈ നിലയത്തിൽ നിന്നും ഇല്ലാതിരുന്നത്.
 
എന്നാലും ഒരു ചെറിയ കാര്യം പറയാതെ വയ്യ. സ്വന്തം മാല മോഷ്ടിച്ച് ഓടിയ കള്ളനെ ഓടിച്ചിട്ട് പിടിച്ച ഒരു വീട്ടമ്മയുടെ വാർത്ത വായിച്ചു. എല്ലാവരും തന്നെ അവരെ ‘മിടുക്കി’, ‘അങ്ങനെ വേണം’ എന്നൊക്കെയാണ് പുകഴ്ത്തിയിരിക്കുന്നത്.
 
ഒരു സുരക്ഷാവിദഗ്ദ്ധന്റെ കണ്ണിൽ കൂടി നോക്കുന്പോൾ വളരെ തെറ്റായ ഒരു കാര്യമാണ് രാത്രിയിൽ ഒരു കള്ളന്റെ വണ്ടിയുടെ പുറകെ സ്‌കൂട്ടറിൽ പായുന്നത്. ഒരു മാലയിൽ തീരേണ്ട നഷ്ടം ജീവനിൽ തീർന്നു പോകാനും മതി.
 
അതുകൊണ്ട് കള്ളനെ ഓടിച്ചിട്ട് ബൈക്ക് ചവിട്ടി വീഴ്ത്തി മൊബൈൽ പിടിച്ചു വാങ്ങിയ സ്ത്രീക്ക് അഭിനന്ദനങ്ങൾ. പക്ഷെ എൻറെ വായനക്കാരായ സുഹൃത്തുക്കളാരും, സ്ത്രീകളോ പുരുഷന്മാരോ, ഒരു കാരണവശാലും ഇങ്ങനൊരു പ്രവർത്തി ചെയ്യരുത്. കള്ളന് മാല കിട്ടാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ശരിയായ രീതി. ഒരു മാലയേക്കാൾ വളരെ വലുതാണ് മനുഷ്യ ജീവന്റെ വില.
 
മുരളി തുമ്മാരുകുടി

Leave a Comment