പൊതു വിഭാഗം

കള്ളനായിരം, വെള്ളനായിരം, ഉടയോന് പന്തീരായിരം…

എത്ര ഭയങ്കരമാനായ രാജാവാണെങ്കിലും കുറച്ചു കഴിഞ്ഞാൽ അപ്പിയിടേണ്ടി വരും എന്നത് ഒരു പ്രപഞ്ച സത്യമാണ്.
ഇതുപോലെ മറ്റൊരു പ്രപഞ്ച സത്യമാണ് ആറ്റം ബോംബ് മുതൽ നിർമ്മിത ബുദ്ധിവരെയുള്ള വിഷയങ്ങളെപ്പറ്റി എഴുതുന്പോഴും ഇടക്കെല്ലാം രണ്ടാമന് അപ്പിയെപ്പറ്റി എഴുതാൻ മുട്ടും എന്നുള്ളത്.
 
ലോകത്തെ ടോയ്‌ലറ്റ് സംസ്കാരങ്ങളെ പറ്റി, ഡൽഹിയിലെ ടോയ്‌ലറ്റ് മ്യൂസിയത്തെ പറ്റി, ഫ്രാൻസിലെ പ്രശസ്തമായ വെർസായി കൊട്ടാരത്തിൽ ചെന്നപ്പോൾ ഫ്രഞ്ച് ചക്രവർത്തി എവിടെയാണ് കാര്യം സാധിച്ചിരുന്നത് എന്നതിനെ പറ്റിയൊക്കെ ഞാൻ എഴുതിയിട്ടുണ്ട്. എന്നെ അത്ര പരിചയമില്ലാത്തവർ പഴയ ലേഖനങ്ങൾ വായിച്ചു നോക്കിയാൽ മതി.
 
ഇന്നത്തെ അപ്പിക്കഥ തുടങ്ങുന്നത് തുമ്മാരുകുടിയുടെ വീടിനോട് തൊട്ടു ചേർന്ന് തന്നെയാണ്.
 
എനിക്ക് ഓർമ്മ വെക്കുന്പോൾ തന്നെ വീടിന്റെ അടുക്കളക്കടുത്ത് തെക്കേ പറന്പിൽ ഒരു കൂറ്റൻ ആഞ്ഞിലി നിൽക്കുന്നുണ്ട്. അതിലെ ആഞ്ഞിലിച്ചക്ക എത്തിപ്പറക്കാൻ പറ്റുന്നതിലും ഉയരത്തിലാണ് ആഞ്ഞിലിയുടെ നിൽപ്പ്.
 
വല്ലപ്പോഴും ഞങ്ങളുടെ ബന്ധുവും ഒരുകാലത്ത് വെങ്ങോലയിലെ താരവും ആയിരുന്ന രാജൻ ചേട്ടൻ (ഇരിങ്ങാലക്കുട രാജൻ എന്ന പേരിൽ വെങ്ങോലയിൽ പണ്ടുകാലത്ത് പ്രസിദ്ധം !) നാട്ടിൽ വരുന്പോൾ അതിൽ അള്ളിക്കയറി ആഞ്ഞിച്ചക്ക പറിയ്ക്കും.
ഞങ്ങൾക്കെല്ലാം ആഞ്ഞിച്ചക്ക വളരെ ഇഷ്ടമാണെങ്കിലും ഈ ആഞ്ഞിലിയിൽ നിന്നുള്ള ചക്ക ഞങ്ങളാരും കഴിക്കില്ല. അതിനൊരു കാരണമുണ്ട്.
“പുരുഷൻ അപ്പിയിട്ടതിൽ ഒരു ആഞ്ഞിലിക്കുരു ഉണ്ടായിരുന്നു, അതിൽ നിന്നും മുളച്ചതാണ് ഇത്” എന്ന് ആഞ്ഞിലി ചൂണ്ടിക്കാട്ടി ഞങ്ങളോട് പറഞ്ഞത് ഞങ്ങളുടെ വല്യമ്മയാണ്. പുരുഷോത്തമൻ എന്റെ അമ്മാവന്റെ പേരാണ്, ചുരുക്കപ്പേരാണ് പുരുഷൻ.
 
ഇത് സത്യമാണോ എന്നൊക്കെ ആർക്കറിയാം. സത്യമാവാൻ സാധ്യതയുണ്ട്. ഒന്നാമത് അക്കാലത്ത് അക്കാലത്ത് കുട്ടികളെല്ലാം ആഞ്ഞിലിച്ചക്ക കഴിക്കുമായിരുന്നു, രണ്ടാമത് അന്ന് തുമ്മാരുകുടിയിൽ കക്കൂസ് ഒന്നുമില്ല, പറന്പിൽ തന്നെയാണ് കാര്യം സാധിക്കുന്നത്. മൂന്നാമത് അക്കാലത്ത് ആഞ്ഞിലി പോയിട്ട് പ്ലാവ് പോലും നട്ടുപിടിപ്പിക്കുന്ന രീതിയില്ല. ഒരു ചക്ക പഴുത്തു വീണോ, കാക്കയോ വവ്വാലോ കൊത്തിയിട്ടോ ഒക്കെയാണ് അടുത്ത പ്ലാവ് ഉണ്ടാകുന്നത്. മറ്റു മരങ്ങളും അതുപോലെ തന്നെ. ആഞ്ഞിലിയുടെ കുരു തീരെ ചെറുതായതിനാൽ കുട്ടികൾക്കും അതിൽ പങ്കുവഹിക്കാൻ സാധിക്കും. എന്നാൽ ചക്കക്കുരുവിന്റെ പരാഗണം മനുഷ്യർ വഴി നടക്കണമെങ്കിൽ ആളുകൾ അല്പം ബുദ്ധിമുട്ടും.
 
അപ്പിക്കഥ കഴിഞ്ഞു, ഇനി ചക്കയുടെ കഥ പറയാം.
ചക്കയുടെ ബ്രാൻഡ് കുറച്ചു കാലമായി കേരളത്തിൽ കൂടി വരികയായിരുന്നു. ഈ ലോക്ക് ഡൌൺ കാലത്ത് ചക്ക വലിയ താരമായി. ലോക്ക് ഡൌൺ കഴിഞ്ഞു പുറത്തു വരുന്ന മലയാളി മൊത്തമായി പ്ലാവിൻ തൈകൾ അന്വേഷിക്കുമെന്നും ഫ്‌ളാറ്റുകളുടെ ബാൽക്കണിയിൽ പോലും വളർത്താവുന്ന പ്ലാവുകൾ ശാസ്ത്രജ്ഞർ കണ്ടുപിടിക്കുമെന്നും എനിക്കുറപ്പാണ്. കൊറോണക്കാല ചക്ക വിഭവങ്ങൾ എന്ന പേരിൽ ഒരു പുസ്തകം ഉണ്ടാകും, ചക്കയെ കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിക്കും. ഒരുപക്ഷെ കേരളത്തിന്റെ പേര് തന്നെ മാറ്റി ചക്കളം എന്നാക്കും.
 
നമ്മൾ ഇപ്പഴേ മനസ്സിലാക്കുന്നുള്ളുവെങ്കിലും ചക്ക അത്ര നിസ്സാരക്കാരനല്ല. ലോകത്ത് തന്നെ മരങ്ങളിൽ ഉണ്ടാകുന്ന ഫലങ്ങളിൽ ഏറ്റവും വലുപ്പമേറിയത് ചക്കയാണ്. സാധാരണ നമ്മൾ കാണുന്ന ചക്കയുടെ വലുപ്പം അരമീറ്ററിൽ താഴെയും ഭാരം പത്തുകിലോക്ക് ഉള്ളിലും ആണെങ്കിലും ഒരു മീറ്ററിന് മുകളിൽ നീളവും നാല്പത് കിലോയിൽ കൂടുതൽ ഭാരവുമുള്ള ചക്ക ഉണ്ട്. നമ്മുടെ അടിസ്ഥാന ജൈവ വൈവിധ്യം പലതും നമ്മൾ നഷ്ടപ്പെടുത്തിയതിനാലും പെട്ടെന്നു കായ്ക്കുന്ന വലുപ്പം കുറഞ്ഞ ചക്കകൾക്കാണ് പ്രിയമെന്നതിനാലും വന്പൻ ചക്കകൾ ഉണ്ടാകുന്ന പ്ലാവുകൾ അധികം കാണാറില്ല, വാങ്ങാനും കിട്ടാനില്ല. യൂറോപ്യൻ രാജ്യങ്ങളിൽ പ്ലാവ് വളരില്ല, അതുകൊണ്ട് ഇങ്ങനെ വലിയ ഒരു പഴം ഉണ്ടെന്ന് അവർക്ക് അറിയുക കൂടിയില്ല. അല്പം രൂക്ഷമായ ഗന്ധം ഉള്ളതുകൊണ്ടും കിഴക്കേ ഏഷ്യയിലെ അപ്പിമണക്കാരനായ ഡുറിയാൻ എന്ന ചക്കയുടെ ബന്ധു ആയതിനാലും ചക്കക്ക് ഇവിടെ അത്ര പ്രചാരമില്ല. മാറി വരുന്നു.
 
ചെറുപ്പ കാലത്ത് തുമ്മാരുകുടിയിൽ ഏറെ പ്ലാവുകളും വലിയ ചക്കകളും ഉണ്ടായിരുന്നു. പ്ലാവിന്റെ മുകളിൽ നിന്നും താഴേക്ക് വീണാൽ പൊട്ടിപ്പോകുമെന്നതിനാൽ കയർ കെട്ടി വേണം അത് ഇറക്കാൻ. വലിയ കോടാലി കൊണ്ടാണ് ചക്ക വെട്ടി പിളർത്തുന്നത്. പുഴുക്കാണ് രാവിലെ പതിനൊന്ന് മണിക്ക് ജോലിക്കാർക്കും വൈകീട്ട് നാലുമണിക്ക് കുട്ടികൾക്കും കട്ടൻ ചായയുടെ കൂടെ കൊടുക്കുന്നത്.
 
ചക്ക മാത്രമല്ല ചക്കക്കുരുവും ഇപ്പോൾ താരമാണ്. ചക്കക്കുരു ഷേക്ക് ഉണ്ടാക്കി കുടിക്കുന്നത് കാണുന്പോൾ ചക്കക്കുരുവിനെ അത്ര പരിചയമില്ലത്ത തലമുറക്ക് കൊതി വരും. പക്ഷെ ചക്കയെ അടുത്തറിഞ്ഞ ഞങ്ങളുടെ തലമുറ പൊതുവെ അൽപ്പം കൂടി കെയർഫുൾ ആണ്. ചക്കക്കുരു അധികം കഴിച്ചാൽ വളി വിടുമെന്നും നമ്മൾ എത്രതന്നെ ശബ്ദം വരാതെ നോക്കിയാലും രാസായുധ പ്രയോഗം പോലെ മണം കൊണ്ട് മറ്റുള്ളവർ അറിയുമെന്നും ഉറപ്പാണ്. വെടിക്കുരു എന്നാണ് ഞങ്ങൾ ഇതിനെ വിളിക്കാറ്. ഒരു കൂട്ടത്തിൽ ഇങ്ങനെ ഒരാൾ രാസായുധ പ്രയോഗം നടത്തിയാൽ ഇക്കാലത്ത് നമ്മൾ ഡീസന്റ് ആയി അതിനെ അവഗണിക്കും. പക്ഷെ ചെറുപ്പകാലത്ത് അതല്ല രീതി. മുറിയിൽ ഉളളവർ ചുറ്റുമിരിക്കും, എന്നിട്ട് ഒരു ഈർക്കിൽ എടുത്ത് L പോലെ മടക്കും, ഊച്ചാം കോൽ എന്നാണ് അതിന്റെ പേര്. അത് കയ്യിലെടുത്ത് L ഭാഗം മുകളിലേക്കാക്കി കൂട്ടത്തിലെ ഒരാൾ രണ്ടു കയ്യും കൂട്ടി തൈര് കലക്കുന്നത് പോലെ തിരിക്കും. ആ സമയത്ത് തിരിക്കുന്ന ആൾ കണ്ണടച്ചിരിക്കണം, തിരിക്കുന്ന സമയത്ത് മന്ത്രവും ചെല്ലണം.
“ഊച്ചാം കോലേ തിരു കോലേ
ഊച്ചീട്ടവനെ കാട്ടിത്താ”
ഊച്ചി എന്നത് കീഴ്‌ശ്വാസത്തിന്റെ വെങ്ങോലയിലെ പേരാണ്. മറ്റു നാടുകളിൽ ഉണ്ടോ, അറിയില്ല.
മ്യൂസിക്കൽ ചെയർ പോലെ എപ്പോഴെങ്കിലും കുട്ടി ഊച്ചാം കോൽ തിരിക്കുന്നത് നിർത്തും, ആ സമയത്ത് ഈർക്കിൽ L ന്റെ ചെറിയ ഭാഗം ആരുടെ നേരെ തിരിഞ്ഞിരിക്കുന്നുവോ അവൻ (അല്ലെങ്കിൽ അവൾ) ആണ് പ്രതി. എല്ലാവരും കൂടി അവരെ അപമാനിക്കും. ചിലപ്പോൾ തിരിക്കുന്ന ആൾ തന്നെ ആയിരിക്കും, അങ്ങനെ വരാതിരിക്കാൻ ഇടക്കണ്ണിട്ട് നോക്കാൻ ശ്രമിച്ചാൽ മറ്റുള്ളവർ കാണും, കച്ചറയാക്കും.
 
ഇങ്ങനെ കൊണ്ടും കൊടുത്തും വളരുന്നത് കൊണ്ടാണ് അക്കാലത്ത് കുട്ടികൾക്ക് അല്പം കൂടി ഇമോഷണൽ ഇന്റലിജൻസ് ഉണ്ടാകുന്നത്. അച്ഛനും അമ്മയും അധ്യാപകരും ‘നീ ആണ് പൊന്നപ്പൻ’ എന്നും പറഞ്ഞു കുട്ടികളെ വളർത്തിയാൽ ഏതൊരു പൊന്നപ്പനും യഥാർത്ഥ ജീവിതത്തിൽ എത്തുന്പോൾ ഊച്ചിയിട്ടു പോകും, പറഞ്ഞില്ല എന്ന് വേണ്ട.
 
ഞാൻ പറഞ്ഞു വന്നത് ചക്കക്കുരുവിന്റെ കാര്യമാണ്. ലോക്ക് ഡൌൺ കാലമാണ്, ചക്കകുരുവോ മടലോ എന്തും കഴിച്ചോളൂ, പക്ഷെ ഓവർ ആക്കരുത്. ചക്കക്കുരു ഷേക്കും കുടിച്ച് എ സി റൂമുകളിൽ കിടന്നുറങ്ങുന്നവരുടെ സഹജീവികളെ ഞാൻ ഏറെ വിഷമത്തോടെ സ്മരിക്കുന്നു. (എ സി റൂമിൽ വായു പുറത്തേക്ക് പോകില്ല എന്നതാണ് പ്രത്യേകത, മുദ്ര ശ്രദ്ധിക്കുമല്ലോ).
പക്ഷെ ഇതൊന്നും പറഞ്ഞാൽ അമ്മ സമ്മതിക്കില്ല. ചക്കയിട്ട് എന്ത് വിഭവം ഉണ്ടാക്കിയാലും ഒരു ചക്കക്കുരുവെങ്കിലും അതിലിടണം എന്നത് അമ്മക്ക് നിർബന്ധമാണ്. അത് ഒരു സംസ്കാരമാണ് എന്നാണ് അമ്മ പറഞ്ഞു തന്നിട്ടുള്ളത് ‘ഇത്രയും മക്കളുണ്ടായിട്ടും ഒരാളെ പോലും കൂടെ വിട്ടില്ലല്ലോ’ എന്ന് ചക്കച്ചുളകൾ ചോദിക്കുമത്രേ.
 
ചക്കയുടെ കാര്യത്തിൽ ഇത് മാത്രമല്ല സംസ്കാരം. ഓരോ വർഷവും ഓരോ പ്ലാവിൽ നിന്നും അവസാനത്തെ ചക്കയിടുന്ന സമയത്ത് പ്ലാവിന്റെ ചുവട്ടിൽ നിന്നും കുറച്ചു മണ്ണ് ഒരു പ്ലാവിലയിൽ എടുത്ത് ‘അമ്മ മുകളിലേക്ക് ഏറിയും. എന്നിട്ട് ഉറക്കെ പറയും
“കള്ളനായിരം, വെള്ളനായിരം, ഉടയോന് പന്തീരായിരം”
അടുത്ത വർഷം വീണ്ടും പ്ലാവ് നിറയെ ചക്കയുണ്ടാകട്ടെ എന്നും, അത് ഉടയോനും കള്ളനും ഉപകാരമാകട്ടെ എന്നുമാണ് ആ പ്രാർത്ഥനയുടെ അർത്ഥം.
 
അപ്പൊ ഈ വെള്ളൻ ?
വെള്ളൻ എന്നാൽ വഴിപോക്കൻ എന്നാണ് അമ്മയുടെ തർജ്ജമ. പണ്ടുകാലത്ത് യാത്രകൾ നടന്നാണല്ലോ, ഹോട്ടലും സത്രവും ഒന്നുമില്ല. അപ്പോൾ വഴിയരികിൽ കാണുന്ന പ്ലാവിൽ ചക്കപ്പഴം ഉണ്ടെങ്കിൽ അത് പറിച്ചു തിന്നാൻ വഴിപോക്കന് അവകാശമുണ്ടായിരുന്നു പോലും. കള്ളന് വേണ്ടി പോലും ചക്കയുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചിരുന്ന ഒരു കാലം. അതാണ് നമ്മുടെ മഹത്തായ പാരന്പര്യം.
 
കഥ വേണമെങ്കിൽ ഇപ്പോൾ അവസാനിപ്പിക്കാം. എത്ര നല്ല കാലം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് കുറച്ചു കമന്റുകൾ വാങ്ങിക്കൂട്ടുകയും ചെയ്യാം. പക്ഷെ ചരിത്രത്തിന്റെ ഭാഗമാകുന്ന ദുഃഖത്തിന്റെ ഒരു ചക്കകഥ കൂടി പറയാതെ നിറുത്താൻ പറ്റില്ല.
എന്റെ അമ്മയൊക്കെ ഉണ്ടാകുന്നതിന് മുൻപ് തുമ്മാരുകുടിയിലെ പറന്പിൽ ധാരാളം പ്ലാവുകൾ ഉണ്ടായിരുന്നു, കള്ളനും വെളളനും കിളികളും വവ്വാലും ഉടയോനും ഒക്കെയായി അവ തിന്നു തീർക്കും. കുറച്ചൊക്കെ താഴെ വീണ് ചിന്നിചിതറും, പുഴു തിന്നു പോകും. അതൊന്നും ആരും ശ്രദ്ധിക്കാറില്ല.
 
ഒരിക്കൽ ഞങ്ങളുടെ മൂത്ത കാരണവർ (എന്റെ അമ്മാവന്റെ അമ്മാവന്റെയും മുന്നിലുള്ള തലമുറയിലെ ഒരു അമ്മാവൻ) ആ വഴി പോയപ്പോൾ (അപ്പിയിടാൻ പോയതായിരിക്കും, അല്ലാതെ അന്നൊക്കെ കാരണവന്മാർ ജോലി ചെയ്യാൻ പകൽ പറന്പിലിറങ്ങുന്ന ശീലമില്ലല്ലോ) ഒരു പ്ലാവിന്റെ കീഴിൽ ഒരു അരിവാൾ കണ്ടു, ഒരു ചക്ക വെട്ടിമുറിച്ചു തിന്നതിന്റെ അടയാളങ്ങളും.
 
വീട്ടിലെ ജോലിക്കാർ ആരെങ്കിലും ആണത് ചെയ്തതെന്ന് കാരണവർക്ക് മനസ്സിലായി. കള്ളനും വെള്ളനും ഉൾപ്പെടെ എല്ലാ മനുഷ്യർക്കും എടുത്തുകൊണ്ടു പോകാനുണ്ടായ ചക്കയിൽ ഒന്നിലും വിശക്കുന്ന ജോലിക്കാർക്ക് ഒരു അവകാശവുമില്ല എന്നുകൂടി കൂട്ടിവായിക്കണം.
 
വീട്ടിലെത്തിയ കാരണവർ സംഹാര രൂപം പൂണ്ടു.
“ആരുടെയാണ് അരിവാൾ?”
അന്വേഷണമായി. അവസാനം ആളെ കണ്ടു പിടിച്ചു. പുത്തൻ കായി എന്നൊരു പണിക്കാരിയുടേതാണ്. അവൾ പക്ഷെ ചക്കയിട്ട് കഴിച്ചിട്ടില്ല, അവളുടെ ഭർത്താവാണ് അത് ചെയ്തത്.
“അവനെ അങ്ങ് പറഞ്ഞു വിട്ടേരെ” (ആ വിവാഹ ബന്ധം ഉപേക്ഷിക്കാൻ !)
കാരണവർ ആജ്ഞാപിച്ചു.
 
ഈ ഒരു നിസ്സാര കാര്യത്തിന് ഭർത്താവിനെ നാട് കടത്തരുതെന്ന് പുത്തൻ കായി കരഞ്ഞു പറഞ്ഞു. പക്ഷെ കാരണവരുടെ മനസ്സലിഞ്ഞില്ല. പുത്തൻ കായിയുടെ ഭർത്താവിനെ പറഞ്ഞുവിട്ടു. അമ്മക്ക് ഈ അമ്മാവനെ ഓർമ്മയില്ല, പക്ഷെ പുത്തൻകായി അമ്മക്ക് ഓർമ്മയുള്ള ആളാണ്. അതായത് കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യകാലത്തെ കഥയാണ്.
 
എത്ര മനോഹരമായ ആചാരങ്ങൾ !.
 
ഒരു നൂറ്റാണ്ടു കൂടി പിന്നിലായിരുന്നെങ്കിൽ ഇതിലും മനോഹരമായിരുന്നു ആചാരങ്ങൾ, പണിക്കാരനെ തല്ലുകയോ കൊല്ലുകയോ ചെയ്യുമായിരുന്നു. കള്ളനും വെള്ളനും ഉള്ള അവകാശമൊന്നും പണിക്കാർക്ക് ഉണ്ടായിരുന്നില്ല, കാരണം അവരെ മനുഷ്യരായി സമൂഹം കൂട്ടിയിരുന്നില്ല.
നായർ സമുദായത്തിലെ പതിവ് പോലെ, വയസ്സുകാലത്ത് എല്ലാവരാലും വെറുക്കപ്പെട്ട് ഈ കാരണവരും ‘പുഴുത്തു ചത്തു’, ചക്കയുടെ നീതിയായിരുന്നിരിക്കണം.
 
എന്റെ അമ്മയുടെ കാലമായപ്പോഴേക്കും അമ്മാവൻ കമ്മ്യൂണിസ്റ്റുകാരനായി, നാട്ടിലെ ജോലിക്കാരെ സംഘടിപ്പുക്കുന്നതിൽ മുന്നിൽ നിന്നു. പണിക്കാർക്ക് ന്യായമായ അവകാശങ്ങളായി. തൊഴിലാളികളുടെ വ്യക്തിജീവിതത്തിലും കുടുംബകാര്യങ്ങളിലും മുതലാളിമാർ ഇടപെടുന്ന കാലം പോയി. തുമ്മാരുകുടിയുടെ മുറ്റത്തു ജോലിക്കാരുടെ കണ്ണുനീർ വീഴാതായി. ഒരു നൂറ്റാണ്ടു വരുത്തിയ മാറ്റം !!.
 
കോവിഡ് കഴിഞ്ഞു വരുന്ന കാലം തൊഴിൽ നഷ്ടത്തിന്റെയാണ്, കണക്കുകൾ പറഞ്ഞു ഞാൻ പേടിപ്പിക്കുന്നില്ല. പക്ഷെ ഇന്നലെ വരെ തൊഴിലാളികൾക്ക് ഉണ്ടായിരുന്ന പല അവകാശങ്ങളും ഇല്ലാതാകും. ഇന്ന് തൊഴിലാളികളുടെ സംഘടന എന്നത് നോക്ക് കൂലിയെ പോലും ന്യായീകരിക്കുന്ന, ഫാക്ടറികൾ പൂട്ടിക്കുന്ന, പൊതുവെ കുഴപ്പക്കാരായ ഒരു സംവിധാനം ആണെന്നാണ് ആളുകൾ ചിന്തിക്കുന്നത്. പക്ഷെ ഇന്ന് തൊഴിലാളികൾക്കുള്ള എല്ലാ അവകാശങ്ങളും സംഘടിക്കുന്നതിലൂടെ നേടിയതാണെന്നും, തൊഴിലാളികൾ സംഘടിച്ചത് കൂലിക്ക് വേണ്ടി മാത്രമല്ലെന്നും തൊഴിലാളി പ്രസ്ഥാനം ആത്മാഭിമാനം കൂടിയാണ് തൊഴിലാളികൾക്ക് നൽകിയതെന്നും ചക്കയുടെ പുനർജന്മ കാലത്ത് നമ്മുടെ കുട്ടികൾ അറിഞ്ഞിരിക്കണം.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി
Image may contain: tree, plant, outdoor and nature

Leave a Comment