പൊതു വിഭാഗം

കറുത്ത ആകാശത്തിന്റെ ഭംഗി…

വെങ്ങോലയിൽ തുമ്മാരുകുടിയിലാണ് ജനിച്ചതെന്ന് പറഞ്ഞ് പറഞ്ഞ് ഞാൻ നിങ്ങളെ ബോറടിപ്പിച്ചിട്ടുണ്ടല്ലോ. ആ തുമ്മാരുകുടിക്ക് നാലു വശത്തും കുന്നും മലയും ആണ്. വീടിന് ചുറ്റിനും മരങ്ങളും. പകൽ സമയം പോലും അല്പം ഇരുണ്ടതാണവിടെ.

എനിക്ക് എട്ടു വയസ്സാവുന്നത് വരെ വീട്ടിൽ വൈദ്യതി എത്തിയിരുന്നില്ല. ആറര കഴിഞ്ഞാൽ ശരിക്കും ഇരുട്ടാകും. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം ഒരു മുറിക്കപ്പുറത്തേക്ക് പോകില്ല.

കുംഭം തൊട്ടു മേടം വരെയുള്ള മാസങ്ങളിൽ (ഫെബ്രുവരി മുതൽ മെയ് വരെ) നല്ല ചൂടാണ്. ഫാനില്ലാത്തതിനാൽ പാളകൊണ്ട് വിശറി ഉണ്ടാക്കും. അതുകൊണ്ടൊന്നും കാര്യമില്ല. വിയർത്തും ക്ഷീണിച്ചും ഉറങ്ങും.

നല്ല ചൂടുള്ള ചില ദിവസങ്ങളിൽ അച്ഛൻ പായ എടുത്ത് മുറ്റത്തിടും, കൂടെ ഞങ്ങളും പോകും പുറത്തു കിടക്കാൻ. രാത്രി ഒന്പത് മണി കഴിഞ്ഞാൽ ചൂട് കുറയുന്നതോടെ അവിടെ ഉറങ്ങാൻ സുഖമാണ്.

ഞങ്ങൾക്ക് ഉറങ്ങുന്നതിലും സന്തോഷം കൂരിരുട്ടിൽ ആകാശം നോക്കി കിടക്കുന്നതാണ്. കറുത്ത ആകാശത്തിന്റെ സൗന്ദര്യം അന്നാണ് ഞാൻ അറിഞ്ഞു തുടങ്ങിയത്. ആകാശത്ത് നിറയെ നക്ഷത്രങ്ങളാണ് എന്നതിൽ കൂടുതൽ അറിവൊന്നുമില്ല അന്ന്. നക്ഷത്രവും ഗ്രഹവും തമ്മിലുള്ള വ്യത്യാസമോ, നക്ഷത്രക്കൂട്ടങ്ങളോ, മിൽക്കി വേയോ ഒന്നുമറിയില്ല. നോക്കുന്നിടത്തെല്ലാം നക്ഷത്രങ്ങൾ… അതിന് അതിന്റേതായ ഭംഗിയും.

വൈദ്യതി വന്നതോടെ മുറ്റത്തെ കിടപ്പ് നിന്നു, എവിടെയും വെളിച്ചമായി. വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ലോകത്ത് നിന്ന് നോക്കുന്പോൾ കാണുന്ന ആകാശത്തിന് കൂരിരുട്ടിൽ നിന്നും നോക്കുന്ന തെളിമയില്ല. പിന്നീട് നാട്ടിൽ ഞാൻ അധികം കറുത്ത ആകാശം കണ്ടിട്ടില്ല.

കറുത്ത ആകാശത്തോടുള്ള സ്നേഹം ഇപ്പോഴുമുണ്ട്. ഒമാനിൽ ജോലിയായിരുന്നപ്പോൾ രാത്രി മരുഭൂമിയിൽ പോയി കിടന്നിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ആകാശം അവിടെയാണ്. മരുഭൂമി ആയതിനാൽ ഒട്ടും മേഘങ്ങളില്ല. ചുറ്റിലും വീടുകളോ റോഡുകളോ ഇല്ല. കൂരിരുട്ടിൽ അന്തമില്ലാതെ പരന്നു കിടക്കുന്ന ഭൂമിയും ആകാശവും..! അപ്പോഴേക്കും തത്വശാസ്ത്രത്തിന്റെ അസുഖം പിടികൂടിയിരുന്നതിനാൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടക്കുന്ന നമ്മൾ മാത്രമല്ല, ഈ ഭൂമി തന്നെ എത്ര നിസ്സാരമാണെന്ന് ചിന്തിക്കും.

പസിഫിക് രാജ്യമായ പാപുവ ന്യൂ ഗിനിയിലെ സ്വതന്ത്ര പ്രദേശമായ ബോഗൺവില്ലയിൽ ഒരിക്കൽ ഞാൻ പോയിട്ടുണ്ട്. അവിടെ ഒരേക്കർ പോലും വിസ്തീർണ്ണമില്ലാത്ത അനേകം ചെറിയ ദ്വീപുകളുണ്ട്. ഇരുപത് ഡോളർ കൊടുത്താൽ വഞ്ചിക്കാർ രാത്രി ഏഴു മണിക്ക് നമ്മളെ ദ്വീപിൽ എത്തിക്കും, രാവിലെ ഏഴുമണിക്ക് തിരിച്ചു വന്നു കൊണ്ട് പോവുകയും ചെയ്യും. യാതൊരു വെളിച്ചവുമില്ലാതെ ശാന്തമഹാസമുദ്രത്തിന്റെ നടുക്ക് ഒരു ദ്വീപിൽ നമ്മളും പ്രകൃതിയും മാത്രം. വസ്ത്രം പോലും അപ്പോൾ നമുക്ക് അധികപ്പറ്റായി തോന്നും. ഹമ്മോക്ക് കെട്ടി കറുത്ത ആകാശവും കറുത്ത കടലും നോക്കി കിടക്കുക ഒരു പ്രത്യേക അനുഭവമാണ്. മനുഷ്യന് ഏറ്റവും സന്തോഷം നൽകുന്ന അനുഭവങ്ങളിൽ ഒന്നാണതെന്ന് നിസ്സംശയം പറയാൻ പറ്റും.

സ്വിറ്റ്‌സർലൻഡിലെ മലനിരകളിലും ഇതുപോലെ അധികം ആളുകളില്ലാത്ത പ്രദേശങ്ങളുണ്ട്. വല്ലപ്പോഴും തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ ഞാൻ വണ്ടി ഓടിച്ച് ഇത്തരം കുന്നിന്റെ മുകളിൽ രാത്രികൾ ചിലവഴിക്കാറുണ്ട്. ഏറെ സന്തോഷിപ്പിക്കുന്ന അനുഭവമാണ്, ചിന്തിപ്പിക്കുന്നതും. തത്വശാസ്ത്രത്തിൽ താല്പര്യമുള്ളവരുണ്ടെങ്കിൽ അടുത്ത തവണ നമുക്ക് ഒരു ‘ന്യൂ മൂൺ പേ ചർച്ച’ നടത്താം.

ഇതൊക്കെ ഇന്ന് ഓർക്കാൻ കാരണമുണ്ട്. ജനീവയിൽ സാധാരണ കറുത്ത ആകാശമില്ല. ലോകത്തെ മറ്റു നഗരങ്ങളെ പോലെ എപ്പോഴും എവിടെയും പ്രകാശമാണ്. പുതിയ തലമുറയെ കറുത്ത ആകാശത്തിന്റെ ഭംഗി കാണിക്കാൻ കൊല്ലത്തിൽ ഒരിക്കൽ അമാവാസിയോട് അടുത്ത ദിവസം അവർ തെരുവുവിളക്കുകൾ ഉൾപ്പടെ സ്വിച്ച് ഓഫ് ചെയ്ത് കുട്ടികളെ ആകാശവും നക്ഷത്രങ്ങളും നക്ഷത്രക്കൂട്ടവും പരിചയപ്പെടുത്തും.

ഇന്നാണാ ദിവസം, കറുത്ത ആകാശം നോക്കി ഇരിക്കുന്നു, ഞാനും. നിങ്ങളിൽ എത്ര പേർ കറുത്ത ആകാശത്തിന്റെ ഭംഗി അറിഞ്ഞിട്ടുണ്ടെന്ന് എനിക്കറിയില്ല. ഉണ്ടെങ്കിൽ അവർക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലാകും. ഇല്ലെങ്കിൽ ‘ഇന്നിങ്ങേർക്ക് എന്ത് പറ്റി, കറുത്ത വാവ് വല്ലതും ആണോ’ എന്ന് വിചാരിക്കും. രണ്ടായാലും കുഴപ്പമില്ല. എപ്പോഴെങ്കിലും പറ്റിയാൽ അധികം ആളുകളില്ലാത്ത ഒരു സ്ഥലത്ത് കറുത്തതും മേഘങ്ങളില്ലാത്തതുമായ ഒരു രാത്രി ആകാശം നോക്കി കിടന്നു നോക്കണം. (ലോകത്ത് എല്ലായിടവും അതിന് സുരക്ഷിതം ആയിരിക്കില്ലാത്തതിനാൽ സുരക്ഷ ആദ്യം നോക്കണം).

മുരളി തുമ്മാരുകുടി

Leave a Comment