ശ്രീ. ഡെന്നിസ് ജോസഫ് എന്ന പ്രതിഭാശാലിയായ എഴുത്തുകാരനെ, സംവിധായകനെ, മനുഷ്യനെ ഒക്കെ കേട്ടറിഞ്ഞത് ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമിലൂടെ ആണ്. അതിന് മുൻപും ശേഷവും ഏറെ ആളുകൾ ആ പ്രോഗ്രാമിൽ എത്തിയെങ്കിലും അദ്ദേഹത്തിന്റെ എപ്പിസോഡുകൾ ആണ് എനിക്ക് ഗോൾഡ് സ്റ്റാൻഡേർഡ് ആയിട്ടുള്ളത്. ഇപ്പോഴും ആഴ്ചയിൽ ഒരിക്കലെങ്കിലും ഞാൻ അത് കേൾക്കാറുണ്ട്. അദ്ദേഹം ആരെപ്പറ്റി പറയുന്നു, എന്ത് പറയുന്നു എന്നൊക്കെ എനിക്ക് മുൻകൂട്ടി അറിയാം. അദ്ദേഹം സംസാരിക്കുന്ന രീതി എനിക്ക് അത്രമേൽ ആകർഷകമാണ്. സൂത്തിങ്ങ് ആണ്.
അടുത്തയിടെ എന്നെ ഏറെ ആകർഷിക്കുന്ന മറ്റൊരു പ്രോഗ്രാം ആണ് അമൃത ടി.വി. യിൽ ശ്രീ. രമേശ് പിഷാരടി ഒരുക്കുന്ന ‘ഓർമ്മയിൽ എന്നും’ എന്ന പ്രോഗ്രാം. സിനിമാ രംഗത്തെ മൺമറഞ്ഞുപോയ പ്രതിഭകളെ പലയിടത്തു നിന്നും നോക്കിക്കാണുന്ന ഒരു 360 ഡിഗ്രി പ്രോഗ്രാം ആണത്. രമേഷിന്റെ സിനിമകളിൽ ഉള്ള അറിവ് എന്നെ അമ്പരപ്പിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ രമേഷിന്റെ പ്രോഗ്രാമിൽ ശ്രീ. ഡെന്നിസ് ജോസഫിനെ പറ്റിയുള്ള എപ്പിസോഡ് വന്നത് ഇരട്ടി മധുരമായി.
ജീവിതത്തിന്റെ ഏറ്റവും നല്ല നിക്ഷേപം എന്നത് നമുക്ക് സാധിക്കുന്ന കാലത്ത് മറ്റുള്ളവരുടെ ജീവിത വിജയത്തിൽ പങ്കാളിയാവുക എന്നതാണ്. ശ്രീ. ഡെന്നിസ് ജോസഫ് അക്കാര്യത്തിൽ ഏറെ സമ്പന്നനാണ്. അവരിൽ മിക്കവാറും പേർ പിന്നീട് നമ്മെ ഓർത്തില്ല എന്ന് വരും, ഓർക്കാൻ വേണ്ടിയല്ല നമ്മൾ ചെയ്യേണ്ടതും. പക്ഷേ നമ്മൾ ഇവിടെ ഇല്ലാത്ത കാലത്തും നമ്മെപ്പറ്റി രണ്ടു നല്ല വാക്കുകൾ പറയാൻ അവരിൽ നാലുപേർ ബാക്കി ഉണ്ടായിരിക്കുക എന്നതും നമ്മുടെ ജീവിതകാല നിക്ഷേപത്തിന്റെ പലിശയാണ്.
സിനിമാക്കാരെ പറ്റി മാത്രമല്ല മറ്റു രംഗങ്ങളിൽ ഉള്ളവരെക്കുറിച്ചു കൂടി ഇത്തരം പ്രോഗ്രാമുകൾ എന്താണ് ഉണ്ടാകാത്തത് എന്നാണ് ഞാൻ ആദ്യം ആലോചിച്ചത്. സിനിമാ രംഗത്തുള്ള സെലിബ്രിറ്റികൾ ഗസ്റ്റ് ആയി വരാനില്ലെങ്കിൽ പ്രോഗ്രാമിന് റേറ്റിങ് കിട്ടില്ല എന്നത് കൊണ്ടാകുമോ?
എന്നെങ്കിലും ഇതുപോലൊരു പ്രോഗ്രാമിന്റെ വാളിൽ എന്റെ പടം വരുന്ന കാലത്ത് അവിടെയിരുന്ന് എന്നെപ്പറ്റി രണ്ടു നല്ല വാക്ക് പറയാൻ ആരാണ് ഉണ്ടായിരിക്കുക എന്നും ഞാൻ ചിന്തിച്ചു.
മുരളി തുമ്മാരുകുടി
Leave a Comment