കോവിഡിന്റെ തുടക്കകാലത്ത് ടൂറിസത്തിന്റെ നടുവൊടിഞ്ഞിരിക്കുമ്പോൾ കേരളത്തിലെ ടൂറിസം രംഗത്തുള്ളവർക്ക് വേണ്ടി ഞാൻ ഒരു വെബ്ബിനാർ നടത്തിയിരുന്നു. കോവിഡിന് ശേഷം ഏറ്റവും വേഗത്തിൽ വളരാൻ പോകുന്നത് ടൂറിസം ആയിരിക്കുമെന്നാണ് അന്ന് ഞാൻ പറഞ്ഞത്.
അക്കാലത്ത് വിദഗ്ദ്ധാഭിപ്രായം നേരെ തിരിച്ചായിരുന്നു. ‘എൻഡ് ഓഫ് ടൂറിസം’ എന്നും എയർ ട്രാവൽ പഴയ പടി ആകാൻ 2026 കഴിയണം എന്നുമായിരുന്നു അന്ന് വൻകിട എയർ ലൈൻ കമ്പനികൾ തന്നെ പറഞ്ഞത്.
എന്റെ ലോജിക്ക് വളരെ ലളിതമായിരുന്നു. “യാത്ര പോകാൻ ആഗ്രഹിക്കാത്തവർ ലോകത്ത് അപൂർവ്വമായിട്ടേ ഉള്ളൂ. പക്ഷെ യാത്ര പലപ്പോഴും പല കാരണങ്ങൾ കൊണ്ട് മാറ്റിവെക്കും. കോവിഡ് പോലെ ഒരു സാഹചര്യം വരുമ്പോൾ എത്ര പണം ഉണ്ടായാലും യാത്ര പോകാൻ സാധിക്കാതെ വരികയും ജീവിതം എത്ര പ്രവചനാതീതമാണ് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നതോടെ ലോക്ക്ഡൗൺ എല്ലാം കഴിയുമ്പോൾ ആളുകൾ പണം കൂട്ടിവച്ചിരിക്കുന്നതെല്ലാം എടുത്ത് യാത്ര പോകും.” പറഞ്ഞത് പോലെതന്നെ സംഭവിച്ചു
2023 ൽ തന്നെ ടൂറിസം രംഗം കുതിച്ചുയർന്നു. റിവഞ്ജ് ടൂറിസം എന്നും ഓവർ ടൂറിസം എന്നുമൊക്കെയുള്ള വാക്കുകൾ നമ്മുടെ നിഘണ്ടുവിൽ എത്തി. ഇത് കേരളത്തിന് ഒരു സാധ്യതയാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അടുത്ത തലത്തിലേക്ക് എത്തിക്കാൻ ഏറ്റവും എളുപ്പത്തിൽ സാധിക്കുന്നത് ടൂറിസം വർദ്ധിപ്പിക്കുന്നതിലൂടെ ആണ്.
ഓവർ ടൂറിസത്തെ പറ്റി വേവലാതിപ്പെടേണ്ട സമയമല്ല. അണ്ടർ ടൂറിസം ആണ് നമ്മുടെ പ്രശ്നം.
ഒരു രാജ്യത്തെ ജനസംഖ്യയ്ക്ക് അനുപാതമായി എത്ര ടൂറിസ്റ്റുകൾ വരുന്നുണ്ടെന്ന് ശ്രദ്ധിച്ചാൽ ഈ വിവരം പിടികിട്ടും. അറുപത് ലക്ഷം ജനങ്ങളുള്ള സിംഗപ്പൂരിൽ ഒരുകോടി മുപ്പത് ലക്ഷം വിദേശ ടൂറിസ്റ്റുകൾ എത്തി. ഒരു കോടി ജനസംഖ്യ ഉള്ള സ്വിറ്റസർലണ്ടിൽ രണ്ടുകോടി വിദേശ ടൂറിസ്റ്റുകൾ എത്തി. ഏഴു കോടി ജനസംഖ്യ ഉള്ള ഫ്രാൻസിൽ പത്തു കോടി ടൂറിസ്റ്റുകൾ എത്തി. ഏകദേശം മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം ആറര ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് എത്തിയത്. ഇതാണ് ഞാൻ പറഞ്ഞ അണ്ടർ ടൂറിസം.
കേരളത്തിലെ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 2030 ആകുമ്പോഴേക്കും മൂന്നര കോടി ആക്കണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് രണ്ടു ലക്ഷം കോടി രൂപ എങ്കിലും പുതിയതായി എത്തിക്കും. നമ്മുടെ വിമാനത്താവളങ്ങൾ തൊട്ട് എല്ലാ അനുബന്ധ സംവിധാനങ്ങളും സജീവമാകും. കെ റെയിൽ വരും. ഇത് സാധ്യമാണ്.
ആയിരം ഗ്രാമങ്ങളും അമ്പതിനായിരം ടൂറിസ്റ്റ് സ്പോട്ടുകളും സാധ്യമായ കേരളത്തിൽ അഞ്ചോ പത്തോ പോപ്പുലേഷൻ ഡെസ്റ്റിനേഷനുകളിൽ പ്ലാനിങ്ങിന്റെ അഭാവം തിരക്ക് ഉണ്ടാക്കുന്നു എന്നത് ശരിയാണ്. പക്ഷെ യൂറോപ്പിൽ ഓവർ ടൂറിസം വരുന്നേ എന്ന് പറഞ്ഞു നമ്മുടെ ടൂറിസത്തിന് മുകളിൽ ബ്രേക്ക് ഇടാൻ നോക്കരുത്.
മുരളി തുമ്മാരുകുടി
Leave a Comment