പൊതു വിഭാഗം

ഒഴിവാക്കാവുന്ന മരണങ്ങൾ

കേരളത്തിൽ ഉയർന്ന കെട്ടിടങ്ങളിൽ ഉണ്ടാകാൻ പോകുന്ന അഗ്നിബാധയിൽ അനവധി പേർ മരിക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ പറഞ്ഞുതുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ബഹുനില കെട്ടിടങ്ങളുടെ എണ്ണം കൂടിവരുന്നതുകൊണ്ട് അപകടസാധ്യതയും കൂടുകയാണ്. 

പണ്ടൊക്കെ നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന ബഹുനിലക്കെട്ടിടങ്ങൾ ഇപ്പോൾ നഗരപ്രാന്തങ്ങൾ വിട്ട് ഗ്രാമങ്ങളിൽ വരെയെത്തി. പുതിയതായി ഉണ്ടാകുന്ന കെട്ടിടങ്ങളിൽ അഗ്നിബാധ ഉണ്ടായാൽ അത് കൈകാര്യം ചെയ്യാൻ സംവിധാനങ്ങളുള്ള ഫയർ ആൻഡ് റെസ്ക്യൂ നഗരങ്ങളിൽ പോലും ഇല്ല, അപ്പോൾ പിന്നെ ഗ്രാമങ്ങളിലെ കാര്യം പറയണോ?

ഇതൊക്കെ നാളുകളായി പറഞ്ഞുകൊണ്ടിരുന്നിട്ടും ഫ്ലാറ്റുകളിൽ താമസിക്കുന്നവരും ഫയർ ആൻഡ് റെസ്ക്യൂ സംവിധാനത്തിലുള്ളവരും ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല എന്നത് എന്നെ വിഷമിപ്പിക്കുണ്ട്. പുലി വരുന്നേ എന്ന് കരയുന്ന കുട്ടിയുടെ സ്ഥിതിയാണ് എനിക്ക്. കഥയിൽ അവസാനം പുലി വന്നു!. ഇവിടുത്തെ പുലിയും വരും!

ഈ വിഷയത്തിൽ താല്പര്യമുള്ളവർ 2017 ൽ ലണ്ടനിലെ ഗ്രീൻഫെൽ ടവറിലുണ്ടായ അപകടത്തിന്റെ റിപ്പോർട്ട് ശ്രദ്ധിച്ചു വായിക്കണം. അഞ്ഞൂറ് വർഷം പാരമ്പര്യമുള്ള അഗ്നിശമന സേനയും ബഹുനില കെട്ടിടങ്ങളുമായി നൂറ്റാണ്ടിലപ്പുറം  ജീവിച്ചു പരിചയവുമുള്ള നഗരമാണ്.  എന്നിട്ടും അഗ്നിബാധ ഉണ്ടായി. ഫയർ ആൻഡ് റെസ്ക്യൂ സംവിധാനം പരാജയപ്പെട്ടു. 72 പേർ മരിച്ചു. ഈ മരണങ്ങൾ എല്ലാം ഒഴിവാക്കാമായിരുന്നു എന്നാണ് അന്വേഷണ കമ്മീഷൻ പറയുന്നത്.

കെട്ടിട നിർമ്മാണത്തിലും നടത്തിപ്പിലും വേണ്ടത്ര നിലവാരം പുലർത്തിയില്ല. പുതിയ കവറിങ്ങ് ഫ്ളാറ്റുകൾക്ക് വിറ്റവർ അതുണ്ടാക്കുന്ന അഗ്നിബാധയുടെ സാധ്യതയെപ്പറ്റി നുണ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ ഉത്തരവാദിത്തം വേണ്ടത് പോലെ നടപ്പാക്കിയില്ല.

ഗവേഷണ സ്ഥാപനങ്ങൾപുതിയ നിർമ്മാണ വസ്തുക്കൾ വേണ്ടതുപോലെ പരിശോധിച്ച് അവ ഉണ്ടാക്കുന്ന അഗ്നിബാധ സാദ്ധ്യതകൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നില്ല. മാറുന്ന നിർമ്മാണവസ്തുക്കൾക്കും അഗ്നിബാധ സാധ്യതകൾക്കും അനുസരിച്ച് ലണ്ടൻ ഫയർ സർവീസിന്റെ പരിശീലന നിലവാരം ഉയർത്തിയില്ല. 1991 മുതൽ അനവധി അപകടങ്ങളുണ്ടായിട്ടും മാറിമാറി വന്ന സർക്കാരുകൾ സുരക്ഷയിൽ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. ഇതെല്ലാമാണ് റിപ്പോർട്ട് പറയുന്നത്

റിപ്പോർട്ട് സർക്കാരിന് നൽകിയ അന്ന് തന്നെ ലോകത്തെല്ലാവർക്കും വായിക്കാനായി ഓൺലൈനിൽ ലഭ്യമാക്കി എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉറപ്പായും ലണ്ടനിലും, സുരക്ഷ പ്രധാനമായ മറ്റു രാജ്യങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകും.

നമ്മുടെ ഫയർ സർവ്വീസ്, തദ്ദേശ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ  വകുപ്പുകൾ ഇവരൊക്കെ ഇത് വായിച്ചുനോക്കി വേണ്ടത്ര മുൻകരുതലുകൾ എടുക്കണം.

നമ്മൾ മുൻ‌കരുതലുകൾ ഒന്നും ചെയ്തില്ലെങ്കിൽ ഈ റിപ്പോർട്ടിന് മറ്റൊരുപയോഗം കൂടിയുണ്ട്. ഈ അപകടം ഭാവിയിൽ നമുക്കും ഉണ്ടാകും. അപ്പോൾപ്പിന്നെ അന്വേഷണ കമ്മീഷൻ ഉണ്ടാക്കി അധികം പണവും സമയവും കളയേണ്ട കാര്യമില്ല, ഈ റിപ്പോർട്ടിന്റെ കോപ്പി എടുത്ത് തലയും വാലും ഒക്കെയൊന്ന് മാറ്റിയെടുത്താൽ മതി.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട. സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

റിപ്പോർട്ടിന്റെ ലിങ്ക് – https://www.grenfelltowerinquiry.org.uk/phase-2-report

May be an image of text

Leave a Comment