പഠനത്തിന്റെയും ഇപ്പോൾ തൊഴിൽ പരിശീലനത്തിന്റെയും ഭാഗമായി കഴിഞ്ഞ രണ്ടുവർഷങ്ങളായി സിദ്ധാർത്ഥിന്റെ ചിത്ര പ്രദർശനങ്ങൾ ഒന്നും നടത്തിയിരുന്നില്ല.
അപ്പോഴാണ് U K യിലെ സൗത്ത് ഷെഫിൽഡിൽ നടക്കുന്ന ‘ArtWorks Together’ എന്ന അന്താരാഷ്ട്ര ആർട്സ് ഫെസ്റ്റിവലിനെ പറ്റി കേൾക്കുന്നത്. ഓട്ടിസ്റ്റിക് ആയ പ്രായപൂർത്തിയായ കലാകാരന്മാർക്ക് അവരുടെ കലാവസ്തുക്കൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ്.
ലോകത്തെവിടെനിന്നും ഉള്ള ആയിരത്തിലധികം എൻട്രികളിൽ നിന്നും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്കും മറ്റു കാലാവസ്തുക്കൾക്കും ആണ് അവിടെ പ്രദർശിപ്പിക്കാൻ അവസരം നൽകുന്നത്. ജനുവരി 26 മുതൽ ഷെഫീൽഡിലെ മിലെനിയം ആർട്ട് ഗാലറിയാണ് കേന്ദ്രം. മെയ് 31 വരെ ആണ് പ്രദർശനം.
ഈ പ്രദർശനത്തിലേക്ക് സിദ്ധാർത്ഥിന്റെ ‘ബിനുച്ചേട്ടന്റെ മീൻ കട’ (Binu Chettan’s Fish Shop) എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്ന അറിയിപ്പ് രണ്ടു ദിവസം മുൻപ് ലഭിച്ചു. ഇതൊരു വലിയ സന്തോഷമാണ്.
സിദ്ധാർത്ഥ് വീട്ടിൽ നിന്നും ചോയ്സ് സ്കൂളിലേക്ക് പൊയ്ക്കൊണ്ടിരുന്ന വഴിയിൽ എസ് എൻ ജംക്ഷനിൽ ആണ് ഈ മീൻകട സ്ഥിതി ചെയ്യുന്നത്. യാത്ര ചെയ്യുന്ന വാഹനത്തിൽ നിന്നും കണ്ട കാഴ്ചയാണ് പെൻ ഡ്രോയിങ്ങ് ആയി പകർത്തിയത്. വളരെ സൂക്ഷ്മവും സങ്കീർണവുമായ വരയാണ്.
സിദ്ധാർത്ഥിന്റെ വളർച്ചയുടെ ഓരോ പടവിലും എന്റെ വായനക്കാർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നതിൽ ഏറെ സന്തോഷമുണ്ട്.
ഫെബ്രുവരി 12 നാണ് ഔദ്യോഗിക ഉൽഘാടനം. U K യിൽ ഉള്ള ചിലർക്കെങ്കിലും നേരിട്ട് ചിത്രം കാണാൻ സാധിച്ചാൽ ഏറെ സന്തോഷം.
സിദ്ധാർത്ഥിൻ്റെ ആഹ്ലാദം സിദ്ധാർത്ഥ് ഇപ്പോൾ പരിശീലനത്തിന് പോകുന്ന IVBM PVT LTD ലെ സഹ പ്രവർത്തകരുമായി പങ്കുവച്ചു. ജസ്റ്റീസ് ഉബൈദ് സിദ്ധാർത്ഥിനെ പൊന്നാട അണിയിച്ചത് അവനും ഞങ്ങൾക്കും ഇരട്ടിമധുരമായി.
മുരളി തുമ്മാരുകുടി





Leave a Comment