പൊതു വിഭാഗം

ഒരു ലക്ഷം ഓപ്പൺ ജിംനേഷ്യങ്ങൾ

ഇന്ന് ലോക ആരോഗ്യ ദിനമാണ്. ആരോഗ്യ രംഗത്ത് ഏറെ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. അതിൻറെ ഗുണഫലങ്ങൾ നമ്മൾ അനുഭവിക്കുന്നുമുണ്ട്.
ഇപ്പോൾ നാട്ടിലെത്തുന്പോൾ സ്ഥിരമായി കേൾക്കുന്ന കാര്യമാണ് പുതിയതായി തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റുകൾ. സർക്കാർ മേഖലയിൽ, സ്വകാര്യ മേഖലയിൽ, ചാരിറ്റികൾ, സി. എസ്. ആർ. ഫണ്ട് ഉപയോഗിക്കുന്നവർ എല്ലാം ഡയാലിസിസ് യൂണിറ്റ് തുടങ്ങുകയാണ്. ഇപ്പോൾ തന്നെ കേരളത്തിലെ ഓരോ നിയോജകമണ്ഡലത്തിലും ഒന്നോ അതിലധികമോ ഡയാലിസിസ് യൂണിറ്റുകൾ കാണും. എം എൽ എ മാരും എം പി മാരും ഡയാലിസിസ് യൂണിറ്റ് തുടങ്ങിയതിന് ക്രെഡിറ്റ് എടുക്കുന്നുമുണ്ട്. അതേസമയം ഇതൊരു ബിസിനസ്സ് സാധ്യതയുമാണ്. എത്ര യൂണിറ്റ് ഉണ്ടെങ്കിലും എവിടെയും തിരക്കൊഴിഞ്ഞിട്ട് നേരവുമില്ല. ഇക്കണക്കിന് പോയാൽ താമസിയാതെ ഓരോ പഞ്ചായത്തിലും ഓരോ ഡയാലിസിസ് യൂണിറ്റ് ഉണ്ടാകും.
കേരളത്തിൽ ആവശ്യത്തിന് ഡയാലിസിസ് യൂണിറ്റ് ഉണ്ടാകുന്നത് നല്ല കാര്യമാണെങ്കിലും വാസ്തവത്തിൽ നമ്മുടെ ലക്ഷ്യം ഡയാലിസിസ് ആവശ്യമായ ആളുകളുടെ എണ്ണം കുറക്കുക എന്നതായിരിക്കണം. പുതിയതായി വൃക്ക രോഗം ബാധിക്കുന്നവർക്കെല്ലാം തൊട്ടടുത്തും ചിലവുകുറഞ്ഞും ഡയാലിസിസ് യൂണിറ്റ് ഉണ്ടാക്കുക എന്നതല്ല, പുതിയ വൃക്ക രോഗികൾ ഉണ്ടാകാതെ നോക്കുക എന്നതാണ് കൂടുതൽ ശരി. സമൂഹത്തിനും വ്യക്തികൾക്കും കൂടുതൽ നല്ലതും സുസ്ഥിരവുമായതും അത്തരം ഒരു പദ്ധതിയാണ്.
നമ്മുടെ ഭക്ഷണ രീതികളിലും ജീവിത രീതികളിലും മാറ്റം ഉണ്ടാക്കുക എന്നതാണ് ഇതിന് വേണ്ടത്. ഈ കൊറോണക്കാലം നിർഭാഗ്യവശാൽ രണ്ടു കാര്യത്തിലും നെഗറ്റീവ് ആയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം കൂടി, പൊതുഗതാഗതത്തിൽ നിന്നും സ്വകാര്യ വാഹനത്തിലേക്ക് മാറി, പുറമെ നിന്നും ഭക്ഷണം കഴിക്കുന്നത് കൂടി, വീടായ വീട്ടിലെല്ലാം കേക്ക് ബേക്കിങ് തുടങ്ങി. പത്തു വർഷത്തിനകം ആശുപത്രികളിലും ഡയാലിസിസ് സെന്ററുകളിലും ആളുകൂടാൻ ഇതിലും കൂടുതൽ സാധ്യത വേറെയില്ല.
തിന്നു മരിക്കുന്ന മലയാളിയെ പറ്റി ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇന്ന് വ്യായാമത്തിന്റെ സാധ്യതകളെ പറ്റി പറയാം.
ലോകത്തെന്പാടും ഇപ്പോൾ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ് ഓപ്പൺ ജിം ജിംനേഷ്യങ്ങൾ. അത്യാവശ്യം വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങൾ എവിടെയെങ്കിലും പൊതു സ്ഥലത്ത് സ്ഥാപിക്കുന്നു, ആളുകൾ എപ്പോൾ വേണമെങ്കിലും സൗജന്യമായി ഉപയോഗിക്കുന്നു. കേരളത്തിലും കുറച്ചൊക്കെ തുടങ്ങിയതായി വായിച്ചു.
എൻറെ അഭിപ്രായത്തിൽ കേരളത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ ഒരു വിപ്ലവം ഉണ്ടാകണം. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും ഓഫിസുകളിലും ആരാധനാലയങ്ങളിലും ഇവ സ്ഥാപിക്കാനുള്ള ശ്രമം വേണം. പാർക്കുകളിലും ബീച്ചുകളിലും ഓപ്പൺ ജിം ഉണ്ടാകണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സർക്കാർ ഫണ്ടുകൾ, എം എൽ എ ഫണ്ടുകൾ, പൂർവ്വ വിദ്യാർത്ഥികളുടെ ഫണ്ടുകൾ, സി എസ് ആർ, ബിവറേജസിലെ ലാഭവിഹിതം, വേണമെങ്കിൽ റെസ്റ്റോറന്റിലും ബേക്കറിയിലും ചുമത്തുന്ന ഫാറ്റ് ടാക്സ് എന്നിങ്ങനെ ലഭ്യമായ പണമെല്ലാം ഇതിന് ഉപയോഗിക്കാം. അത് മാത്രം പോരാ. ഇത്തരം സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലും വരണം. ഇപ്പോൾ തന്നെ കേരളത്തിൽ സിന്തറ്റിക് ടർഫുകൾ അനവധിയുണ്ട്. പകലും രാത്രിയും അവിടൊക്കെ തിരക്കുമാണ്. അതുപോലെ തന്നെ ഒരു ബിസിനസ്സ് മോഡലായി ഇതും തുടങ്ങാവുന്നതാണ്. ന്യായമായ തുക മാസം സബ്‌സ്‌ക്രിപ്‌ഷൻ ഈടാക്കുക.
കേരളത്തിലെ ഓരോ വീടിനും അര കിലോമീറ്ററിനകത്ത് ആളുകൾക്ക് പണം നൽകിയോ അല്ലാതേയോ ഉപയോഗിക്കാവുന്ന ഓപ്പൺ ജിമ്മുകൾ ഉള്ള കിണാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്. ഓരോ പഞ്ചായത്ത് മുനിസിപ്പാലിറ്റി വാർഡിലും ഒരു പൊതു ഓപ്പൺ ജിം എങ്കിലും ഉറപ്പായി ഉണ്ടാകണം (പൊതു എന്നത് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നത് എന്ന അർത്ഥത്തിൽ ആണ്, പൊതുമേഖലയിൽ എന്ന അർത്ഥത്തിൽ അല്ല).
ഇത്തരം സംവിധാനങ്ങൾ പൊതുമേഖലയിൽ ഉണ്ടാക്കിയാലുള്ള കുഴപ്പം അത് ഉണ്ടാക്കാനും അതിൻറെ ചിത്രമെടുത്ത് പോസ്റ്റാനും ഒക്കെ ആളുണ്ടാകുമെങ്കിലും അതിന് ശേഷം നടത്തിക്കൊണ്ടു പോകുവാൻ ആളോ പണമോ ഉണ്ടാകില്ല എന്നതാണ്. ഇവിടെയാണ് സ്വകാര്യ മേഖലയുടെ പ്രസക്തി. ജിം ഉപയോഗിക്കുന്നതിന് ന്യായമായ ഫീസ് വച്ചാൽ ഇതൊരു ബിസിനസ്സ് ആയി മാറും. സർക്കാരിന് ഇതിനെ രണ്ടു തരത്തിൽ പിന്തുണക്കാം. ഒന്നുകിൽ ആളുകൾക്ക് അവരുടെ സാന്പത്തിക നില അനുസരിച്ച് ഒരു മാസം അഞ്ഞൂറ് രൂപക്കോ മറ്റോ ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള അലവൻസ് നൽകാം. അല്ലെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നവർക്ക് അഞ്ചോ പത്തോ ലക്ഷം രൂപ ഇൻവെസ്റ്റ്മെന്റ് സപ്പോർട്ട് ആയി നൽകാം, എന്നിട്ട് ആളുകളുടെ സാന്പത്തിക നില അനുസരിച്ച് ഫ്രീ ആയി അല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ (മാസത്തിൽ പത്തു സെഷൻ വരെ) നൽകണം എന്ന് ഉറപ്പു വരുത്താം. പണമുള്ളവർക്ക് മുഴുവൻ ഫീ നൽകി ഉപയോഗിക്കുകയും ചെയ്യാമല്ലോ. കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും പ്രത്യേക നിരക്കുകൾ നൽകാവുന്നതാണ്. ഇത് ഒരു സ്മാർട്ട് ഹെൽത്ത് കാർഡിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണ്.
കേരളത്തിലെ മഴയുടെ സാഹചര്യത്തിൽ പൂർണ്ണമായും “ഓപ്പൺ” ആയ ജിമ്മുകൾക്ക് ചില പരിമിതികളുണ്ട്. അതിന് പകരം മുകളിൽ മേൽക്കൂര ഉള്ളതും മറ്റു തരത്തിൽ ഓപ്പൺ ആയതുമായ സൗകര്യങ്ങൾ തുടങ്ങാമല്ലോ. നമ്മുടെ ആശാ വർക്കർമാരെ പോലെ നമ്മുടെ ഓരോ വാർഡിലും ആരോഗ്യകരമായ ജീവിത ശൈലികൾ പ്രമോട്ട് ചെയ്യാൻ സഹായിക്കുന്ന ഹെൽത്ത് മെന്റർസ് ഉണ്ടാകുന്ന കാലത്ത് നമ്മുടെ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം കുറഞ്ഞു വരും. ദീർഘകാലം ജീവിക്കുന്ന മലയാളി അന്ന് ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യും.
എല്ലാവർക്കും ആരോഗ്യ ദിനാശംസകൾ.
മുരളി തുമ്മാരുകുടി

Leave a Comment