കേരളത്തിൽ പലയിടത്തും പല ആവശ്യങ്ങൾക്കായി താൽക്കാലിക ഗാലറികൾ ഉണ്ടാക്കാറുണ്ട്. അതിൽ പലതും പൊളിഞ്ഞു വീഴാറുണ്ട്, അനവധി ആളുകൾക്ക് പരിക്ക് പറ്റാറുണ്ട്, ചിലപ്പോൾ ആളുകൾ മരിക്കാറുമുണ്ട്.
അപകടത്തിൽ പെടുന്ന ആളുകളുടെ എണ്ണവും പരിക്കിന്റെ ഗുരുതരാവസ്ഥയും കണക്കിലെടുത്ത് ഒച്ചപ്പാടും കേസുകളും ഉണ്ടാകും. പിന്നെ ഒന്നുമില്ല.
ഗാലറികൾ തകരുന്നതിന് അടിസ്ഥാനമായ ഒരു കാരണം ഉണ്ട്.
എങ്ങനെയാണ് ഒരു ഗാലറി ഉണ്ടാക്കേണ്ടത് എന്നതിന് കൃത്യമായ, ശാസ്ത്രീയമായ ഒരു മാർഗ്ഗരേഖ ഇപ്പോൾ കേരളത്തിൽ ഇല്ല. താങ്ങേണ്ടുന്ന ആളുകളുടെ എണ്ണം, ഉപയോഗിക്കുന്ന വസ്തുക്കളുടെ ബലം, ഭൂമിയിൽ നിന്നുള്ള ഉയരം, കൂടുതൽ ആളുകൾ കയറിവരാനും ആവേശത്തോടെ തുള്ളാനും ചാടാനുമുള്ള സാധ്യത ഇതൊക്കെ കണക്കിലെടുത്ത് വേണം ഗാലറി ഉണ്ടാക്കാൻ. അതിന് പരിശീലനം ലഭിച്ച ആളുകൾ വേണം. അങ്ങനെ പരിശീലനം ലഭിച്ച ആളുകൾ ഉണ്ടാക്കുന്ന ഗാലറി പരിശോധിച്ച് സുരക്ഷിതമാണെന്ന് പറയാൻ പരിശീലനവും യോഗ്യതയും നിയമപരമായ അവകാശവും ഉള്ള ആളുകൾ വേണം. നമുക്ക് ഇതൊന്നുമില്ല.
തോന്നിയ പോലെ കെട്ടി ഉണ്ടാക്കുന്നു. ആളുകൾ കയറുന്നു. ഒന്നും സംഭവിച്ചില്ലെങ്കിൽ എല്ലാവരും ഹാപ്പി, സംഭവിച്ചാൽ ആരെങ്കിലുമൊക്കെ കേസിൽ കുടുങ്ങുന്നു. പിന്നെയും ഇതാവർത്തിക്കുന്നു.
ഇത് ഗാലറിയുടെ മാത്രം കാര്യമല്ല. താൽക്കാലികമായി ഉയരത്തിൽ കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നിന്നും വീണാണ് ശ്രീമതി ഉമാ തോമസിന് പരിക്ക് പറ്റിയത്. ഭാഗ്യവശാൽ അവർ രക്ഷപെട്ടു, ജീവിതത്തിലേക്ക് തിരിച്ചു വരുന്നു.
എന്നാൽ ഓരോ വർഷവും ആയിരത്തിലധികം പേർക്ക് കേരളത്തിൽ ആ ഭാഗ്യം കിട്ടാറില്ല. കെട്ടിടം പണിക്കോ മറ്റുകാര്യങ്ങൾക്കോ ഉയരങ്ങളിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സംവിധാനത്തിൽ നിന്നും വീണ് ആയിരത്തിലധികം പേരാണ് മരിക്കുന്നത്. അതിന്റെ പലമടങ്ങ് നടുവൊടിഞ്ഞു കിടപ്പിലാകുന്നുമുണ്ട്. കൂടുതലും നിർമ്മാണ രംഗത്താണ്. ഇതിന്റെ കണക്കൊന്നും ആരും സൂക്ഷിക്കുന്നില്ല.
നമ്മുടെ ജീവന് നമ്മൾ വില കല്പിക്കുന്നുണ്ടെങ്കിൽ ഉയരങ്ങളിൽ ജോലി ചെയ്യുന്നതിനും താൽക്കാലികമായ സംവിധാനങ്ങൾ ഉണ്ടാക്കുന്നതിനും ആഗോള തലത്തിൽ ലഭ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നമ്മൾ സ്വീകരിക്കണം. ഗൾഫ് രാജ്യങ്ങളിലേക്ക് വേണ്ടി ഇപ്പോൾ തന്നെ ഈ വിഷയത്തിൽ പരിശീലനങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അത് കേരളത്തിൽ കൂടി ഉപയോഗപ്പെടുത്തണം.
ഇതൊന്നും തൽക്കാലം സംഭവിക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ട്, സർക്കസിന് ഉൾപ്പടെ താൽക്കാലികമായി ഉണ്ടാക്കുന്ന ഒരു ഗാലറിയിലും കയറില്ല എന്ന് നമ്മൾ ഉറപ്പു വരുത്തുക.
സുരക്ഷിതരായിരിക്കുക!
മുരളി തുമ്മാരുകുടി
Leave a Comment