പൊതു വിഭാഗം

ഒന്നാമത്തെ പാസ്സ്പോർട്ട്

1986 ലാണ് എഞ്ചിനീയറിങ്ങ് കോഴ്സ് കഴിയുന്നത്. അന്ന് സിവിൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല. ഒരു പാസ്സ്‌പോർട്ട് എടുക്കുക, ഗൾഫിലേക്ക് പോവുക, കിട്ടുന്ന ജോലി നേടി ശേഷം സുഖമായി ജീവിക്കുക.
 
വീട്ടിൽ അന്നുവരെ ആരും വിദേശത്ത് പോയിട്ടില്ല എന്ന് മാത്രമല്ല, പാസ്സ്‌പോർട്ട് പോലും എടുത്തിട്ടില്ല. അത് രണ്ടും ചെയ്യണമെന്ന് ഞാൻ അന്നേ ഉറപ്പിച്ചു.
 
ഞാനും എൻറെ സുഹൃത്ത് ബിനോയിയും കൂടിയാണ് പാസ്സ്‌പോർട്ട് എടുക്കാൻ ശ്രമം തുടങ്ങിയത്. അന്ന് പാസ്സ്‌പോർട്ട് ഫോം വാങ്ങണമെങ്കിൽ എറണാകുളത്ത് റീജിയണൽ പാസ്സ്‌പോർട്ട് ഓഫീസിൽ പോയേ പറ്റൂ. കിട്ടുന്ന ഫോം പൂരിപ്പിച്ച് സ്ഥലം എം പി യുടെ ഒപ്പോടെ വേണം കൊടുക്കാൻ.
 
ശ്രീ ജോർജ്ജ് ജോസഫ് മുണ്ടക്കൽ ആണ് അന്ന് കോതമംഗലം എം പി. വളരെ നല്ല ആളാണ്. ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി, അദ്ദേഹം വീട്ടിലില്ലാത്തതിനാൽ മകൾ ഫോം രണ്ടും വാങ്ങിവെച്ചു. പിറ്റേന്ന് തന്നെ ഒപ്പിട്ടു കിട്ടി. അപേക്ഷ കൊടുത്ത ഒന്നോ രണ്ടോ മാസത്തിനകം പാസ്സ്‌പോർട്ട് കിട്ടി എന്നാണ് ഓർമ്മ.
 
പക്ഷെ പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയത് പോലെ അതവിടെ ഇരുന്നതേ ഉള്ളൂ. അന്നും ഇന്നും ഗൾഫിൽ ജോലി കിട്ടണമെങ്കിൽ ആരെങ്കിലും നമ്മളെ ഒന്ന് സപ്പോർട്ട് ചെയ്യണം.
 
“സിവിൽ എഞ്ചിനീയർമാർക്ക് ഭയങ്കര ഡിമാൻഡ് ആണ്” എന്നൊക്കെ എല്ലാവരും പറയും.
പക്ഷെ ഗൾഫിൽ ജോലി ചെയ്യുന്ന ബന്ധുക്കളോടോ പരിചയക്കാരോടോ ചോദിച്ചാൽ വേറൊരുത്തരമാണ് കിട്ടുക.
“പണ്ടത്തെ പോലെയല്ല, ഇപ്പോൾ എക്കോണമി ഡൌൺ ആണ്, ജോലി കിട്ടാൻ വലിയ പ്രയാസമാണ്, പോരാത്തതിന് നിനക്ക് ഒട്ടും എക്സ്പീരിയൻസ് ഇല്ലല്ലോ.”
 
ഇന്നും ഈ തരം പ്രയോഗങ്ങളിൽ മാറ്റം വന്നിട്ടില്ല. ‘ഇപ്പോൾ ജോലി എല്ലാം നാട്ടുകാർക്കാണ്’ എന്നൊരു പ്രയോഗം കൂടി കൂട്ടിയിട്ടുണ്ട് എന്ന് മാത്രം.
 
അന്നും ഇന്നും ബന്ധുബലമുള്ളവർ എക്സ്പീരിയൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനം കയറുന്നു, ജോലി സന്പാദിക്കുന്നു (ഇതൊരു പരാതി അല്ല, യാഥാർഥ്യം പറഞ്ഞതാണ്).
 
എൻറെ ബാച്ചിലുള്ള ഇരുപത് പേരെങ്കിലും അന്ന് ഗൾഫിൽ എത്തി, അതിൽ ഭൂരിഭാഗം പേരും ഗൾഫിൽ ജോലിയും, നാട്ടിൽ വില്ലയും, തടിയിൽ കൊളസ്‌ട്രോളും ഒക്കെയായി ഇന്നും അവിടെയുണ്ട്.
 
1994 ലാണ് പാസ്സ്പോർട്ടിന് ആദ്യമായി ഒരു പ്രയോജനം ഉണ്ടായത്. ബ്രൂണൈയിൽ ഇന്റർവ്യൂവിന് പോകാനായി.
പിന്നെ പാസ്സ്പോർട്ടുകൾ എത്ര വന്നു, പോയി. എന്നാലും ഒന്നാമത്തെ പാസ്സ്പോർട്ടിനും വിദേശ യാത്രക്കുമുള്ള ആ ആവേശം പിന്നീടൊരിക്കലും ഉണ്ടായില്ല.
 
മുരളി തുമ്മാരുകുടി
 

Leave a Comment