പൊതു വിഭാഗം

ഒന്നാമത്തെ കാവൽക്കാരൻ

ബോംബെയിലെ വളരെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. ആയിരത്തിത്തൊള്ളായിരത്തി പതിനൊന്നിൽ ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോർജ്ജ് അഞ്ചാമന്റെ ഇന്ത്യാസന്ദർശനത്തിന്റെ സ്മാരകമാണിത്. മുബൈയിലാണല്ലോ അദ്ദേഹം കപ്പലിറങ്ങിയത്. അതുപോലെതന്നെ ഇന്ത്യയിൽനിന്നും അവസാനത്തെ ബ്രിട്ടീഷ് പട്ടാളം തിരിച്ചുപോയതും ഈ വഴിയാണ്.

മുംബൈയിൽ വരുന്നവരെല്ലാം ഇവിടം സന്ദർശിക്കും. എല്ലാ ദിവസവും എല്ലാ സമയവും ഇവിടെ സന്ദർശകരുണ്ട്. ആഴ്ചാവസാനം വലിയ തിരക്കുമാണ്. എന്നിട്ടും വൃത്തിയുള്ള ഒരു ടോയ്‌ലറ്റ് പോലും അടുത്തെങ്ങുമില്ല. അവിടെവെച്ച് ഒന്നിനോ രണ്ടിനോ ശങ്ക വന്നാൽ പെട്ടതു തന്നെ.

ഈ പ്രശ്നം മറികടക്കാൻ ഒരെളുപ്പവഴിയുണ്ട്. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ തൊട്ടെതിർവശത്താണ് താജ് ഹോട്ടൽ. വിശാലമായ ലോബി. നല്ല വൃത്തിയിട്ടുള്ള ടോയ്‌ലറ്റുകൾ. അതിനുള്ളിലെ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. ഞാനെത്രയോ തവണ ഇങ്ങനെ ചെയ്തിരിക്കുന്നു.

എന്നാലിതത്ര എളുപ്പമുള്ള കാര്യമല്ല. താജിന്റെ മുന്നിൽ വലിയ കപ്പടാമീശയുള്ള തൊപ്പിവെച്ച കാവൽക്കാരനൊക്കെയുണ്ട്. അവരെക്കടന്ന് വേണം അകത്തേക്ക് പ്രവേശിക്കാൻ. നെഞ്ചും വിരിച്ച് താജിലേക്ക് കയറിച്ചെന്നാൽ മൂത്രമൊഴിക്കാനാണോ എന്നൊന്നും ആരും ചോദിക്കില്ല. സലൂട്ടടിച്ച് വാതിൽ തുറക്കും.

പക്ഷെ, അതിനു മുൻപ് മറികടക്കേണ്ട വേറൊരു കാവൽക്കരനുണ്ട്. അത് നമ്മുടെ തലയിലാണിരിക്കുന്നത്. നമ്മൾ എന്തുചെയ്യണം എന്തു ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് നമ്മുടെ തലയിലിരിക്കുന്ന ഈ കാവൽക്കാരനാണ്. ഇയാളെ ആദ്യം മറികടന്നാലേ താജിന്റെ മുന്നിലെത്താൻ പറ്റൂ.

ഇത് പക്ഷെ, താജ് ഹോട്ടലിന്റെയോ മൂത്രശങ്കയുടെയോ മാത്രം കാര്യമല്ല. നമ്മൾ എന്തു പഠിക്കണം ഏത് രാജ്യത്ത് ജോലിക്കു പോകണം എന്നൊക്കെ ചിന്തിക്കുന്നതിൽ തലയിലെ ഈ കാവൽക്കാരൻ ഇടപെടും. നമുക്ക് അതിനുള്ള കഴിവുണ്ടോ, നാട്ടുകാർ എന്തുപറയും, മറ്റു രാജ്യത്ത് ചെന്നാൽ പിടിച്ചുനിൽക്കാൻ കഴിയുമോ എന്നൊക്കെയുള്ള അനവധി സംശയങ്ങൾ കാവൽക്കാരൻ നമ്മോട് ചോദിക്കും. അതിന്റെയൊന്നും ശരിയായി കൊടുക്കാൻ പറ്റാതെ നമ്മൾ കുഴങ്ങും.

വാസ്തവത്തിൽ നമ്മളെ കുഴപ്പത്തിലാക്കാതിരിക്കാൻ പ്രകൃതി ഉണ്ടാക്കിവെച്ചിരിക്കുന്നതാണ് ഈ കാവൽക്കാരനെ. മനുഷ്യൻ ഒഴിച്ചുള്ള മറ്റു മൃഗങ്ങളുടെ ജീവിതം എപ്പോഴും അപകടത്തിലാണ്. കാട്ടിലൂടെ നടക്കുന്ന ഒരു മാനിനോ മുയലിനോ എപ്പോഴും മറ്റു മൃഗങ്ങളെ പേടിച്ചേ പറ്റൂ. പറ്റുമെങ്കിൽ പരിചയമില്ലാത്തവരോട് കൂട്ടുകൂടരുത്, പരിചയമില്ലാത്തിടത്ത് പോകരുത് ഇതൊക്കെ സർവൈവൽ സ്ട്രാറ്റജിയുടെ ഭാഗമാണ്.

ഇതേ ഹാർഡ്‌വെയറാണ് മനുഷ്യനുമുള്ളത്. അതിൽനിന്നാണ് ഇത്തരം ചോദ്യങ്ങളുണ്ടാകുന്നത്. എന്നാൽ നമ്മുടെ ലോകം ഏറെ മാറി. നാം വിചാരിക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യം നമുക്കുണ്ട്. നമ്മുടെ പുറത്തുള്ള കാവൽക്കാരേക്കാൾ ഇപ്പോൾ നമ്മെ പിറകോട്ടു വലിക്കുന്നത് നമ്മുടെ തലക്കകത്തുള്ള കാവൽക്കാർ തന്നെയാണ്.

അതുകൊണ്ട് അടുത്ത തവണ ഗേറ്റ് വേ കാണാൻ പോകുമ്പോൾ വെറുതെയാണെങ്കിലും താജിന്റെയകത്ത് ഒന്നു കയറിനോക്കുക. നമ്മുടെ തലക്കകത്തെ കാവൽക്കാരനെ നിയന്ത്രിക്കാൻ പഠിക്കുക. ഇത് കേരളത്തിന് പുറത്ത് പഠിക്കാൻ പോകുന്ന കാര്യത്തിലായാലും ഇന്ത്യക്ക് പുറത്ത് ജോലിക്കു പോകുന്ന കാര്യത്തിലായാലും ഇഷ്ടമുള്ള ആളോട് സ്നേഹം തുറന്നുപറയുന്നതായാലും ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്ന് പുറത്തു വരുന്ന കാര്യത്തിലായാലും ഒക്കെ പ്രയോഗിച്ചു നോക്കണം.

നല്ലതേ വരൂ.

Leave a Comment