പൊതു വിഭാഗം

ഒന്നാം നിലയിലെ യുദ്ധം!

ആദ്യമായി യുദ്ധത്തെപ്പറ്റി കേൾക്കുന്നത് 1971 ലാണ്. എന്റെ ബന്ധുവും, സുഹൃത്തും, ആദ്യ രാഷ്ട്രീയ ഗുരുവുമായ കേരളൻ ചേട്ടനാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം ഉണ്ടാകാൻ പോകുന്നുവെന്ന് പറഞ്ഞത്. അന്ന് ഞാൻ രണ്ടാം ക്ലാസിലാണ്, സ്‌കൂളിലേക്ക് പാടവരന്പിലൂടെ പോകുന്പോഴാണ് ചേട്ടൻ (ഞങ്ങൾ എസ് കെ എന്ന് വിളിക്കും) യുദ്ധം വരുന്നതിനെക്കുറിച്ച് വിശദീകരിച്ചത്.
 
പാക്കിസ്ഥാൻ, യഹ്യാ ഖാൻ, മുക്തി ബാഹിനി, മുജീബ് ഉർ റഹ്മാൻ, ഇന്ദിര ഗാന്ധി, മനേക് ഷാ എന്നീ പേരുകൾ അന്നാണ് ആദ്യമായി കേൾക്കുന്നത്. എന്താണ് യഥാർത്ഥ പ്രശ്നം എന്നൊന്നും അന്ന് മനസ്സിലായില്ല. പാകിസ്ഥാൻ ശത്രുവാണ് എന്ന് മാത്രം മനസ്സിലായി.
 
അടുത്ത ദിവസം അമ്മയുടെ ചേച്ചിയുടെ മകൻ ഗോപിച്ചേട്ടൻ വന്നു പറഞ്ഞു, യുദ്ധം വരികയാണ്, വീട്ടിലെ വിളക്കെല്ലാം അണച്ച് അകത്തിരിക്കണമെന്ന്. ഗോപിച്ചേട്ടൻ അന്ന് കോലഞ്ചേരി കോളേജിൽ എൻ സി സി യിൽ ഉണ്ട്, അവിടെ നിന്നും കിട്ടിയ അറിവാണ്.
 
എന്നോ ഒരു ദിവസം യുദ്ധം തുടങ്ങി. അന്ന് മുതൽ യുദ്ധവിവരങ്ങൾ അറിയാനായി മനോരമ വരാൻ കാത്തിരിക്കും. എസ് കെ ആണ് പത്രം വായിച്ചു കേൾപ്പിക്കുന്നത്. പാറ്റൻ ടാങ്ക്, നാറ്റ് യുദ്ധവിമാനം, ബോംബ്, അന്തർവാഹിനി എന്നൊക്കെ ആദ്യമായിട്ടാണ് കേൾക്കുന്നത്. അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ പേരും. റഷ്യ മിത്രം, അമേരിക്ക ശത്രുവിന്റെ മിത്രം.
 
അന്ന് എസ് കെ യുടെ വീട്ടിൽ എന്തോ മരപ്പണി നടക്കുന്നുണ്ട്. ഞങ്ങൾ പണിക്കാരനോട് പറഞ്ഞ് മരംകൊണ്ട് രണ്ടു വാളുകളുണ്ടാക്കിച്ചു. അവധി ദിവസം ഞങ്ങൾ അതുമായി പറന്പിലേക്കിറങ്ങും. പറന്പിലെ കമ്മ്യൂണിസ്റ്റ് പച്ച ചെടികളാണ് ഞങ്ങളുടെ ശത്രുക്കൾ, ഞങ്ങൾ അവയെ അറഞ്ചം പുറഞ്ചം അരിഞ്ഞുവീഴ്‌ത്തി.
 
യുദ്ധ മുന്നണിയിൽ പഞ്ചാബിലും കിഴക്കൻ പാകിസ്താനിലും ആകാശത്തും കടലിലും നമ്മുടെ പട്ടാളക്കാരും പൊരിഞ്ഞ യുദ്ധത്തിലാണ്.
 
ഒരു ദിവസം ഞങ്ങൾ സ്‌കൂളിൽ യഹ്‌യാഖാന്റെ കോലം ഉണ്ടാക്കി അതിന് തീ കൊടുത്തു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും വിളിച്ചു. എന്തൊരാവേശമായിരുന്നു അന്ന്..!
 
യുദ്ധം പെട്ടെന്ന് തീർന്നു, ഇന്ത്യ ജയിച്ചു എന്നതിൽ രണ്ടഭിപ്രായം ഉണ്ടായില്ല. ഇന്ദിര ഗാന്ധി ഞങ്ങളുടെ വീര നായികയായി.
അതാണ് ആദ്യത്തെ യുദ്ധം. യുദ്ധത്തിന്റെ ഒരു കെടുതിയും ഞങ്ങൾ അറിഞ്ഞില്ല, യുദ്ധം നേരിട്ട് കണ്ടുമില്ല. എന്നാൽ യുദ്ധത്തിന്റെ ആവേശം മുഴുവൻ അറിയുകയും ചെയ്തു.
പിൽക്കാലത്ത് ലോകത്തെവിടെ യുദ്ധം ഉണ്ടായാലും അത് ഞാൻ ശ്രദ്ധിച്ചിരുന്നു. വിയറ്റ്നാമിലെ യുദ്ധം, 1973 ലെ അറബ് – ഇസ്രായേൽ യുദ്ധം, ലെബണനിലെ ആഭ്യന്തരയുദ്ധം ഇതൊക്കെ പത്രത്തിൽ വായിച്ച ഓർമ്മ മനസ്സിലേക്ക് വരുന്നു.
 
പുസ്തകം വായിച്ചു തുടങ്ങിയ കാലത്ത് യുദ്ധത്തിന്റെ ചരിത്രങ്ങൾ ഒരുപാട് വായിച്ചു. ജപ്പാൻ, അമേരിക്കയുടെ പേൾ ഹാർബർ ആക്രമിച്ച കഥ പറയുന്ന ‘ടോറ! ടോറ! ടോറ!’ എന്ന പുസ്തകം ത്രസിപ്പിക്കുന്നതാണ്. ‘എ ബ്രിഡ്ജ് ടൂ ഫാർ’ എന്ന പുസ്തകം യുദ്ധകാലത്തെ മറ്റൊരു ക്ലാസിക് ആണ്. രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് കിട്ടിയതൊക്കെ ഞാൻ വായിച്ചുട്ടുണ്ട്, സിനിമകളെല്ലാം കണ്ടിട്ടുമുണ്ട്.
യുദ്ധം സാധാരണഗതിയിൽ ചരിത്ര പുസ്തകങ്ങളിൽ വായിക്കുകയോ സിനിമയായി കാണുകയോ ആണല്ലോ പതിവ്. പക്ഷെ 1991ലെ ഒന്നാം ഗൾഫ് യുദ്ധം (അന്ന് കുവൈറ്റ് മോചന യുദ്ധം) ആ പതിവിനെ മാറ്റിമറിച്ചു. യുദ്ധത്തിന്റെ മുൻ നിരയിൽ സി എൻ എൻ കാമറകൾ ഉണ്ടായിരുന്നു. യുദ്ധ വിമാനങ്ങൾ വരുന്നതും ബോംബിടുന്നതുമെല്ലാം ലോകം നേരിൽ കണ്ടു, ഞാനും.
 
ലോകത്തിൽ ഇന്ന് ജീവിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും യുദ്ധം നേരിട്ട് കണ്ടിട്ടില്ല. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഭൂരിഭാഗവും 1971 ൽ ജനിച്ചിട്ട് പോലുമില്ല. അതുകൊണ്ടൊക്കെ യുദ്ധം എന്ന് പറയുന്നത് ചരിത്രം വായിച്ചും സിനിമ കണ്ടും അറിഞ്ഞ വികാരമാണ്, ആവേശമാണ്. അയൽരാജ്യങ്ങളുമായി ഒരു പ്രശ്നം ഉണ്ടാകുന്പോൾ ‘ഇപ്പോൾ യുദ്ധം വേണം’ എന്ന മട്ടിലാണ് ബഹുഭൂരിപക്ഷവും എടുത്തു ചാടുന്നത്.
ഞാനും യുദ്ധങ്ങളെ കണ്ടത് ചരിത്രത്തിന്റെ കണ്ണിലൂടെയായിരുന്നു. യുദ്ധം ഉണ്ടാക്കുന്നതും, ചെയ്യുന്നതും, മരിച്ചു വീഴുന്നതും, ജയിക്കുന്നതും, തോൽക്കുന്നതും, തിക്ത ഫലങ്ങൾ അനുഭവിക്കുന്നതും മനുഷ്യനാണെന്നും, ഓരോ ബോംബ് താഴെ വീഴുന്പോഴും എവിടെയോ ഒരു മനുഷ്യനെങ്കിലും മരിക്കുന്നുണ്ടെന്നും, എവിടെയോ ഒരു കുഞ്ഞ് പേടിച്ചു കരയുന്നുണ്ടെന്നും ചിന്തിക്കാനുള്ള വിവേകം അന്ന് ഉണ്ടായിരുന്നില്ല.
 
രണ്ടാം ഗൾഫ് യുദ്ധം തുടങ്ങിയ അന്നാണ് ഞാൻ ഐക്യരാഷ്ട്രസഭയിൽ ജോലിക്ക് ചേരുന്നത്. രാവിലെ ഓഫീസിൽ എത്തിയപ്പോൾ എമർജൻസി മീറ്റിംഗ് നടക്കുകയാണ്. ഇപ്പോൾ ഫിൻലാൻഡിന്റെ വിദേശകാര്യ മന്ത്രിയായ പെക്ക ഹവിസ്റ്റോ ആണ് മീറ്റിങ് നയിക്കുന്നത്. യുദ്ധത്തിന്റെ രാഷ്ട്രീയം കൂടാതെ ഏതൊക്കെ ആയുധങ്ങളാണ് ഉപയോഗിക്കുന്നത്, ഏത് പ്രദേശത്തും ഏതൊക്കെ സ്ഥാപനങ്ങളിലുമാണ് ആക്രമണമുണ്ടായത് എന്നതെല്ലാം ചർച്ചയാണ്. ഓരോ ദിവസവും ഒന്പത് മണിക്ക് ഓഫീസ് ആരംഭിക്കുന്നത് അങ്ങനെയാണ്.
പിന്നീട് 1990 നു ശേഷം യുദ്ധമുണ്ടായ മിക്ക പ്രദേശങ്ങളും സന്ദർശിച്ച് യുദ്ധത്തിന്റെ കെടുതികൾ നേരിട്ട് കണ്ടതോടെ യുദ്ധത്തെക്കുറിച്ചുള്ള എന്റെ ചിന്താഗതി പാടെ മാറി.
ഓരോ യുദ്ധവും നയതന്ത്രത്തിന്റെ മാത്രമല്ല മനുഷ്യത്വത്തിന്റെ കൂടി പരാജയമാണ്.
 
മനുഷ്യന്റെ അടിസ്ഥാന സ്വഭാവം മൃഗങ്ങളുടേത് തന്നെയാണ്. സ്വന്തം നിലനിൽപ്പിന് എന്തെങ്കിലും ഭീഷണിയുണ്ടെന്ന് കണ്ടാൽ യുദ്ധത്തിനിറങ്ങുക എന്നതാണ് മൃഗങ്ങളുടെ രീതി. വനാന്തരങ്ങളിലുള്ള ഓരോ മൃഗവും ഓരോ ദിവസവും ഓരോ മിനുട്ടിലും ഒരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്.
ജാതി, മതം, രാജ്യം, വർഗ്ഗം, വർണ്ണം, ഇതെല്ലാമാണ് യുദ്ധങ്ങൾ ഉണ്ടാക്കിയതെന്ന് വിശ്വസിക്കുന്നവരുണ്ട്. ജാതിയും, മതവും, രാജ്യവും ഇപ്പോൾ തീർച്ചയായും യുദ്ധങ്ങൾക്ക് കാരണമാകുന്നുണ്ട്, പക്ഷെ യുദ്ധം ഉത്ഭവിച്ചത് അവയുടെ കാലഘട്ടത്തിൽ അല്ല. ജാതിയും മതവും ഉണ്ടാകുന്നതിന് പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് – മനുഷ്യൻ മൃഗങ്ങളെ വേട്ടയാടിയും ചെറിയ കൃഷികൾ ചെയ്തും ജീവിച്ചിരുന്ന കാലത്ത് – പത്തിൽ രണ്ടു മനുഷ്യരും കൊല്ലപ്പെടുകയായിരുന്നുവെന്നാണ് നരവംശ ശാസ്ത്രജ്ഞന്മാർ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. അതുവെച്ച് നോക്കുന്പോൾ നമ്മളും നമ്മുടെ കാരണവന്മാരും വെറും പാവങ്ങൾ!.
 
എന്നാൽ ഒരു മനുഷ്യന്‌ മറ്റനവധി ആളുകളെ നശിപ്പിക്കാനുള്ള കഴിവ്, ഒരു രാജ്യത്തിന് വേണമെങ്കിൽ ലോകം മുഴുവൻ നശിപ്പിക്കാനുള്ള കഴിവ്, അതുണ്ടായത് ആധുനിക കാലത്താണ്. പണ്ടൊക്കെ രണ്ടു സമൂഹങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ പത്തുപേരാണ് മരിച്ചതെങ്കിൽ ഇപ്പോൾ ഒരു പാലം പിടിച്ചടക്കാനുള്ള യുദ്ധത്തിൽ പോലും പതിനായിരങ്ങൾ മരിക്കുന്നത് അപൂർവ്വമല്ലാതായി.
 
യുദ്ധം പരാജിതരിൽ മാത്രമല്ല ഇരകളെ ഉണ്ടാക്കുന്നത്, വിജയികളിലുമാണ്. ഭൗതിക നഷ്ടങ്ങൾ, ഭയാശങ്കയിൽ പെടുന്ന കുട്ടികൾ, തൊഴിലും ജീവിതവും നഷ്ടപ്പെടുന്നവർ, പഠിക്കാൻ അവസരം നിഷേധിക്കപ്പെടുന്നവർ, അധ്യയനത്തിൽ നിന്നും മാറി വഴിയോര കച്ചവടത്തിന് പോകേണ്ടി വന്ന പ്രൊഫസർമാർ എല്ലാം ഇരകളാണ്. മനുഷ്യ സമൂഹത്തിന് യുദ്ധങ്ങൾ മൊത്തത്തിൽ നഷ്ടക്കച്ചവടമാണ്.
 
സെർബിയയിൽ യുദ്ധത്തിന് ശേഷം സന്ദർശനത്തിനെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. യുദ്ധത്തിൽ തകർന്ന ഒരു കെട്ടിടമാണ്. പ്രത്യക്ഷത്തിൽ ആ കെട്ടിടത്തിന് വലിയ കുഴപ്പമില്ലല്ലോ എന്ന് തോന്നിയേക്കാം. എന്നാൽ നിങ്ങൾ കാണുന്നത് കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയാണ്. ഒന്നാം നില പൂർണ്ണമായി തകർന്ന് രണ്ടാം നില അതിന്റെ മുകളിൽ ഇരിക്കുകയാണ്. ഒന്നാം നിലയിൽ ജീവിച്ചിരുന്നവരുടെ ജീവന് എന്തു പറ്റി എന്ന് ചിന്തിച്ചാൽ മനസ്സിലാകും.
 
എന്റെ അനുഭവത്തിൽ യുദ്ധം കഴിഞ്ഞ മിക്കവാറും രാജ്യങ്ങൾ ഇങ്ങനെയാണ്. ഒരു വർഷമെങ്കിലും യുദ്ധമോ കലാപമോ ഉണ്ടായ രാജ്യങ്ങൾ ഒരു തലമുറ പിന്നോട്ടടിക്കുന്നു. എല്ലാവർക്കും ദുരിതമുണ്ടെങ്കിലും കുട്ടികളും യുവാക്കളും അവരുടെ ഭാവി നശിപ്പിക്കുന്നു. അതിന് മുകളിൽ ഏറെക്കുറെ സാധാരണ മട്ടിൽ പുതിയ തലമുറ ജീവിക്കുന്നു. പുറമെ നിന്നും നോക്കുന്പോൾ രാജ്യത്തിന് അത്ര വലിയ കുഴപ്പമൊന്നുമില്ല, പക്ഷെ ഒരു യുദ്ധത്തിന്റെ മുഴുവൻ പരിക്ക് അവരുടെ സന്പദ്‌വ്യവസ്ഥക്കും മനോനിലക്കും ഉണ്ട്. മറ്റു ദേശങ്ങളിൽ ജീവിക്കുന്നവർ യുദ്ധമുള്ള നാടുകളിൽ നിന്നുള്ള സഹപ്രവർത്തകർ ഉണ്ടെങ്കിൽ അവരോട് യുദ്ധം എന്താണ് മനുഷ്യനോട് ചെയ്യുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കണം. പിന്നെ യുദ്ധക്കൊതി ഉണ്ടാവില്ല.
 
ഇടക്കിക്കിടക്ക് ലോകത്ത് പലയിടത്തുനിന്നും യുദ്ധത്തിനുള്ള ആഹ്വനം ഉണ്ടാകാറുണ്ടെങ്കിലും ഭാഗ്യത്തിന് ലോകം ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ട്. മനുഷ്യ ചരിത്രത്തിൽ ഏറ്റവും കുറച്ചു യുദ്ധക്കെടുതികൾ ഉള്ള കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. മലയാളികൾ ഇക്കാര്യത്തിൽ പ്രത്യേകിച്ചും ഭാഗ്യം ചെയ്തവരാണ്. ടിപ്പുവിന്റെ പടയോട്ടത്തിന് ശേഷം രണ്ടു നൂറ്റാണ്ടുകളായി നമുക്ക് യുദ്ധം പത്രത്തിലും ടി വി യിലും സിനിമയിലും കാണുന്ന ഒന്നാണ്. അതിനിയും അങ്ങനെ തന്നെ തുടരട്ടെ!
#യാത്രചെയ്തിരുന്നകാലം
മുരളി തുമ്മാരുകുടി
Image may contain: outdoor

Leave a Comment