പൊതു വിഭാഗം

ഒന്നാം നിരയിലെ പോരാളികൾ

ഇന്നലെ മുഴുവൻ സമയവും പ്രളയം ഏറ്റവും കൂടുതൽ ദുരന്തം വിതച്ച സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. ആലുവ, പറവൂർ, ചാലക്കുടി, നെടുമ്പാശ്ശേരി, കാലടി.
 
വെള്ളം ഒരിടത്തും ഇറങ്ങാൻ ബാക്കിയില്ല. വെള്ളം വന്നതിന്റെ അടയാളം മിക്കയിടത്തും ഉണ്ട്. സാധാരണ ഗതിയിൽ ചിന്തിക്കാവുന്നതിലും ഏറെ ഉയരത്തിലും ദൂരത്തിലും ആണത്.
 
ആളുകളെ പ്രളയം വല്ലാതെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഒരിടത്തും പൊട്ടിക്കരച്ചിലോ ദുഃഖഭാവമോ ഇല്ല. വീട്ടമ്മമാർ മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, ഹെഡ് മിസ്ട്രസ് മാർ മുതൽ കച്ചവടക്കാർ വരെ കാര്യങ്ങൾ സാധാരണഗതിയിൽ ആക്കാനുള്ള തിരക്കിലാണ്. അന്താരാഷ്ട്ര സഹായവും അണപൊട്ടുന്ന വിവാദവും ഒന്നുമല്ല അവരുടെ പ്രധാന വെല്ലുവിളി. എങ്ങനെയാണ് ഏറ്റവും വേഗം വീട്ടിലേക്ക് താമസം മാറ്റുന്നത്, കുടി വെള്ളത്തിന് എന്ത് ചെയ്യും, മാലിന്യം എന്ത് ചെയ്യും, പഞ്ചായത്തിൽ വെള്ളത്തിലായ ഫയലുകൾ എന്ത് ചെയ്യും, സ്‌കൂളുകൾ ഏറ്റവും വേഗം തുറക്കുന്നതിന് മുൻപ് എന്തൊക്കെ ചെയ്യണം. ഇതൊക്കെയാണ് ആളുകളെ അലട്ടുന്നത്. ഇതിനുള്ള ഉത്തരങ്ങളാണ് നാമിപ്പോൾ നൽകേണ്ടത്.
 
ഈ ദുരന്തത്തിൽ യുവാക്കൾ വഹിച്ച പങ്കിനെപ്പറ്റി എല്ലാവരും പറഞ്ഞു കഴിഞ്ഞു, ഞാനും. എന്നാൽ ഒരു സംഘം ആളുകളുടെ കാര്യം കൂടി പറയാതെ വയ്യ. നമ്മുടെ ജനപ്രതിനിധികൾ. വാർഡ് മെമ്പർ മുതൽ എം എൽ എ വരെയുള്ളവർ ഇപ്പോഴും ദുരന്തമുഖത്ത് ഉണ്ട്. അവരോരോരുത്തരും അവരുടെ രീതിയിൽ ജനങ്ങളെ സഹായിക്കുന്നുണ്ട്, ജനങ്ങൾക്ക് സഹായ ഉറപ്പുകൾ നൽകുന്നുണ്ട്. പതിവ് രീതിയിൽ വെടിപ്പോടെ ലളിതമായ വസ്ത്രങ്ങൾ ധരിച്ചു ജനങ്ങളോട് സംവദിച്ച്, ഔദ്യോഗിക സംവിധാനങ്ങളെ ഉണർത്തി അവർ ഈ ദുരന്തത്തെ മുൻ നിരയിൽ നിന്നും നേരിടുന്നു. അവർ ജനങ്ങളിലേക്ക് പ്രസരിപ്പിക്കുന്ന ആത്മവിശ്വാസം ചെറുതല്ല.
 
1924 -ലെ വെള്ളപ്പൊക്കത്തിലല്ല, ശേഷമാണ് കേരളത്തിൽ ഏറ്റവും മരണവും ദുരിതവും ഉണ്ടായത്. കാരണം കൃഷി നശിച്ചു, കന്നുകാലികൾ ഒഴുകിപ്പോയി, രോഗങ്ങൾ വന്നു, പനിയും പട്ടിണിയും ആളുകളെ കൊന്നൊടുക്കി, അനവധി ആളുകൾ നാട് വിട്ടു.
 
ഇതൊന്നും ഈ വർഷം ഉണ്ടാവില്ല. കാരണം നമ്മൾ ഇന്നൊരു ജനാധിപത്യ ഭരണത്തിന്റെ കീഴിലാണ്. ജനങ്ങളുടെ വിഷമം ഓരോ നിമിഷവും നേരിട്ടറിയുന്ന ജനപ്രതിനിധികൾ അവരുടെ തൊട്ടു തന്നെ ഉണ്ട്. ജനാധിപത്യത്തിന്റെ ഈ മുൻനിര പോരാളികൾ ഈ ദുരന്തകാലത്ത് നടത്തുന്ന സേവനങ്ങൾ വിലമതിക്കാൻ പറ്റാത്തതാണ്.
 
ദുരന്തമുഖത്ത് ജനങ്ങളോടൊപ്പം നിൽക്കുന്ന എല്ലാ ജനപ്രതിനിധികളും നമ്മുടെ നാടിന്റെ അഭിമാനമാണ്.
 
മുരളി തുമ്മാരുകുടി
 
#Ourfinesthour

Leave a Comment