പൊതു വിഭാഗം

ഒന്നര മീറ്ററിന്റെ കുറ്റി…

ജനീവയിൽ ഇലപൊഴിയും കാലമാണ്. ഇനി എന്ന് വേണമെങ്കിലും മഞ്ഞുവീണുതുടങ്ങാം.
 
അതുകൊണ്ടാണ് റോഡിനിരുവശത്തുംകുറ്റികൾ നാട്ടുന്നത്.
 
മഞ്ഞുവീണു കഴിഞ്ഞാൽ റോഡെവിടെ റോഡിനിരുവശവുമുള്ള കാന, പാടം എല്ലാം എവിടെ എന്ന് തിരിച്ചറിയാനാകില്ല. രാത്രി എങ്ങാൻ പാടത്തോ കാനയിലോ പെട്ടാൽ പണിയായി, പകൽ തന്നെ കാര്യം ബുദ്ധിമുട്ടാണ്.
 
അതുകൊണ്ടാണ് പകലിൽ തിരിച്ചറിയാൻ ഓറഞ്ചുനിറവും രാത്രി ദൂരെനിന്നേ അറിയാൻ റിഫ്ളക്ടറും ഉള്ളത്.
 
ഓരോ മഞ്ഞുകാലത്തിന് മുൻപും ഇവിടുത്തെ മുനിസിപ്പാലിറ്റി മുഖ്യറോഡുകൾ അല്ലാത്ത റോഡുകളുടെ ഇരു വശവും ഇത്തരം കുറ്റികൾ നാട്ടും. ഏപ്രിൽ മാസത്തിൽ മഞ്ഞുകാലം തീരുന്പോൾ എടുത്തു മാറ്റുകയും ചെയ്യും.
 
ഇന്ത്യയിലെ നഗരങ്ങൾ, കൊച്ചിയുൾപ്പടെ, കാലാവസ്ഥ വ്യതിയാനത്തിന്റെ ലോകത്ത് വർഷാവർഷം വെള്ളക്കെട്ടിൽ പെടുകയാണ്.
 
നമ്മുടെ റോഡിന് ഇരുവശത്തും ഇത്തരം രണ്ടുമീറ്റർ കുറ്റികൾ നാട്ടിത്തുടങ്ങാൻ സമയമായി. കാറുകൾ റോഡിനു പുറത്തേക്കു പോയി അപകടത്തിൽ പെടുന്നത് മാത്രമല്ല ആളുകൾ കാനയിൽ വീഴുന്നതും ഒഴിവാക്കാം.
 
മുരളി തുമ്മാരുകുടി

Leave a Comment