പൊതു വിഭാഗം

ഐ.ടി.ഐ.കളിൽ ഇറച്ചിവെട്ട് പഠിപ്പിക്കരുതോ?

കേരളത്തിലെ ഐ.ടി.ഐ.കളിൽ അനവധി ട്രേഡുകൾ നിറുത്തലാക്കുന്നുവെന്ന് വായിക്കുന്നു. കാലാനുസൃതമായി, തൊഴിൽകമ്പോളത്തിൽ ആവശ്യമില്ലാത്ത കോഴ്‌സുകൾ നിറുത്തുന്നത് നല്ല കാര്യമാണ്. മൂന്നോ അഞ്ചോ വർഷത്തിൽ ഇത്തരത്തിൽ ഒരവലോകനം നടത്തുന്നത് തൊഴിൽ കമ്പോളത്തിനും തൊഴിൽ പരിശീലന സ്ഥാപനങ്ങൾക്കും ഒരുപോലെ ഗുണകരമാണ്.

കേരളത്തിൽ അനവധി ഐ.ടി.ഐ. കൾ ഉണ്ടെങ്കിലും കേരളത്തിലെ തൊഴിലാളികൾ ചെയ്യുന്ന പല തൊഴിലുകളിലും പ്രൊഫഷണൽ പരിശീലനം കൊടുക്കാൻ ആവശ്യമായത്ര സ്ഥാപനങ്ങൾ ഇല്ല എന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്.

ഉദാഹരണത്തിന് ഇറച്ചി വെട്ടുന്ന തൊലായി പരിശീലിപ്പിക്കപ്പെട്ട എത്ര ഇറച്ചിവെട്ടുകാരുണ്ട്? ഇറച്ചി വെട്ടുന്നതിൽ എന്തിനാണ് ഇത്രമാത്രം പ്രൊഫഷണൽ ആയിട്ടുള്ള പരിശീലനത്തിന്റെ ആവശ്യം എന്നാകും നമ്മൾ ചിന്തിക്കുന്നത്. ഏറെ ഉണ്ട്. ഇറച്ചി വെട്ടുന്ന ആളുടെ സുരക്ഷ മുതൽ വെട്ടുന്ന ഇറച്ചിയുടെ ഗുണം, വൃത്തി, ഇറച്ചി വെട്ടുന്ന സ്ഥലം എങ്ങനെ പരിപാലിക്കാം, ഈ തൊഴിലിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വ്യക്തിസുരക്ഷാ ഉപകരണങ്ങൾ, വിവിധ തരം മൃഗങ്ങൾ, വിവിധ തരം ഇറച്ചി കട്ടുകൾ, കൊല്ലപ്പെടുന്ന മൃഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നിങ്ങനെ അനവധി കാര്യങ്ങൾ.

ജർമ്മനിയിൽ മൂന്നു വർഷത്തെ പരിശീലനവും അപ്രന്റീസ്ഷിപ്പും കഴിയുമ്പോഴാണ് ഒരാൾക്ക് ഇറച്ചിവെട്ടാനുള്ള ലൈസൻസ് ലഭിക്കുന്നത്. അങ്ങനെ ലൈസൻസുള്ളവർക്ക് മാത്രമാണ് ഈ തൊഴിൽ ചെയ്യാൻ സാധിക്കുന്നത്.

ജർമ്മനിയിൽ ഉൾപ്പടെ പല യൂറോപ്യൻ രാജ്യങ്ങളിലും ഈ തൊഴിലിന് വലിയ ഡിമാൻഡുണ്ട്. കേരളത്തിൽ നിന്നും ഈ വർഷം ആറു കുട്ടികൾ ഇറച്ചിവെട്ട് പരിശീലനത്തിന് ചേർന്നിട്ടുണ്ട്. ഇത് ഇറച്ചിവെട്ടിന്റെ കാര്യം മാത്രമല്ല. കരിമരുന്ന് പ്രയോഗം, പുല്ലുവെട്ട്, കിണർ വൃത്തിയാക്കൽ, മരം വെട്ട്, റോഡ് പണി, തിരുമ്മുകേന്ദ്രത്തിലെ ജോലി, എന്നിങ്ങനെ നമ്മുടെ ചുറ്റുമുള്ള ഓരോ തൊഴിലും കൃത്യമായി പരിശീലിപ്പിക്കപ്പെടേണ്ടതാണ്. പരിശിലനവും ലൈസൻസും ഇൻഷുറൻസും ഉള്ളവർക്ക് മാത്രമേ ഏതു തൊഴിലും ചെയ്യാൻ സാധിക്കൂ എന്ന നിയമം വരണം. ഇപ്പോൾ ഈ രംഗത്തുള്ളവർക്ക് പരിശീലനവും പരീക്ഷയും നടത്തി അവരെ അപ്ഡേറ്റഡ് ആക്കണം.

ഇതൊക്കെ ചെയ്താൽ ആധുനികമായ ടൂളുകൾ ഉപയോഗിച്ചാകും ഏതു തൊഴിലും ചെയ്യുക. അതോടെ കാര്യക്ഷമത വർദ്ധിക്കും, ശമ്പളം ഇരട്ടിയാകും. ഒപ്പം തൊഴിലിന്റെ ‘മാന്യത’യെപ്പറ്റിയുള്ള നമ്മുടെ സങ്കൽപ്പങ്ങളും മാറും.

നമുക്ക് അങ്ങനെ ഒരു രീതി ഇല്ല. ഒരാൾ നമ്മുടെ വീട്ടിൽ കിണർ വൃത്തിയാക്കാൻ വരുമ്പോൾ അയാൾക്ക് ആ വിഷയത്തിൽ പരിചയമോ പരിശീലനമോ ഉണ്ടെന്നത് നമുക്ക് ഒരു വിശ്വാസം മാത്രമാണ്. പരിചയമുള്ളവർക്ക് പോലും പരിശീലനം ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഓരോ വർഷവും ഡസൻകണക്കിന് ആളുകൾ കിണർ വൃത്തിയാക്കുമ്പോഴും മരം വെട്ടുമ്പോഴും അപകടത്തിൽ പെടുന്നതും മരിക്കുന്നതും.

നമ്മുടെ ചുറ്റുമുള്ള ഓരോ തൊഴിലുകളും കൃത്യമായ പരിശീലനത്തോടെ ചെയ്യേണ്ടതാണ്. സുരക്ഷിതമായി ചെയ്യാവുന്നതുമാണ്. അത് തൊഴിലിടം വൃത്തിയോടെയും സുരക്ഷയോടെയും കൈകാര്യം ചെയ്യുന്നത് മുതൽ കൃത്യമായ തൊഴിൽ ഉപകരണങ്ങൾ, വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഇവയെല്ലാം അറിഞ്ഞുചെയ്യേണ്ടതുമാണ്. തൽക്കാലം ഇങ്ങനെയല്ല കാര്യങ്ങൾ. ഇത് എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

എന്റെ വ്യക്തിപരമായ ഒരു അനുഭവം പറയാം. എന്റെ വീടിന് പുറകിൽ ചെറിയൊരു മാവുണ്ട്. അതിന്റെ ഒരു കമ്പ് റോഡിലേക്ക് ചാഞ്ഞുനിൽക്കുകയാണ്. അതൊന്ന് വെട്ടിക്കളയാൻ ഞാൻ ഒരാളെ ഏൽപ്പിച്ചു. ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ജോലിക്കെത്തിയത്. അദ്ദേഹം വലിയൊരു കത്തിയെടുത്ത് ഒറ്റ വെട്ട്. മരത്തിന്റെ കൊമ്പിൽ കൊള്ളേണ്ട വെട്ട് അദ്ദേഹത്തിന്റ കാലിൽ ആയി. ചോര, ആശുപത്രി, ഡോക്ടർമാർ, ഒരു ദിവസത്തിൽ അഞ്ഞൂറ് രൂപയുടെ തൊഴിലിന് വന്ന ആൾക്കുവേണ്ടി ഞാൻ ഇരുപത്തി അയ്യായിരം രൂപ ചെലവാക്കേണ്ടി വന്നു. ആ പാവത്തിന് ഒരുപക്ഷെ ഒരു മാസം തൊഴിൽ നഷ്ടം വേറെയും ഉണ്ടാകാം.

തൊഴിലിന് വേണ്ടത്ര പരിശീലനം നൽകുന്ന സ്ഥലങ്ങളിലാണെങ്കിൽ ഈ തൊഴിലിന് കൃത്യമായ ആയുധങ്ങൾ ഉണ്ടാകുമായിരുന്നു. ഇനി അഥവാ അപകടം സംഭവിച്ചാൽത്തന്നെ അയാളുടെ ആരോഗ്യസംരക്ഷണവും തൊഴിൽനഷ്ടവും കവർ ചെയ്യാൻ ഇൻഷുറൻസ് ഉണ്ടാകും.

മറ്റുചില സഹചര്യങ്ങളിൽ തൊഴിലാളി നമ്മുടെ വീട്ടിൽവന്നു തൊഴിൽ ചെയ്താൽ നമ്മുടെ വീടിന് അറിഞ്ഞോ അറിയാതെയോ നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാം. ഉദാഹരണത്തിന് പ്ലംബിങ്ങിന് വരുന്ന തൊഴിലാളി പൈപ്പ് തെറ്റായി ഫിറ്റ് ചെയ്തതുകൊണ്ട് വീട്ടിൽ വെള്ളം ഒലിച്ചിറങ്ങി ഭിത്തിയോ തറയോ ചീത്തയായി പോകുന്ന സാഹചര്യം. ഇത്തരം  സാഹചര്യങ്ങളിൽ നമുക്കുണ്ടാകുന്ന നഷ്ടം നികത്താനും തൊഴിലാളിയുടെ പ്രൊഫഷണൽ ഇൻഷുറൻസ് ബാധ്യസ്ഥമാണ്.

പക്ഷെ ഇതൊക്കെ ഉണ്ടാകണമെങ്കിൽ ആദ്യം തൊഴിൽ ചെയ്യുന്ന ആൾക്ക് തൊഴിൽ അറിയാമെന്ന് ഉറപ്പ് വരുത്തണം. ആധുനിക യന്ത്രങ്ങൾ തൊഴിലുകൾ ഏറെ എളുപ്പമാക്കുകയാണ്. ‘ചുമട്ടു തൊഴിലാളി’ എന്നൊരു തൊഴിൽ ഇന്ന് ആവശ്യമില്ലാത്തതാണ്. പകരം അവരെ ചുമടിറക്കാനുള്ള യന്ത്രങ്ങൾ പരിശീലിപ്പിച്ചാൽ തൊഴിൽ നേരത്തെ തീർക്കാം, തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്നമോ അപകടമോ ഉണ്ടാകില്ല, കൂടുതൽ ശമ്പളവും കിട്ടും.

ഇതൊക്കെയാണ് നാളത്തെ തൊഴിൽ ലോകം, അതിനാണ് നമ്മൾ തയ്യാറെടുക്കേണ്ടത്. അതിനുള്ള പരിശീലനക്കളരികളായി ഐ.ടി.ഐ. കൾ മാറണം

ഇതൊരു തുടക്കമാവട്ടെ!

മുരളി തുമ്മാരുകുടി

Leave a Comment