എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു അവധി ദിവസം ചേച്ചിയുടെ കൂടെ കാലടി ശങ്കരാ കോളേജിൽ പോയിരുന്നു. അന്ന് ചേച്ചിയാണ് കോളേജിൽ ഒരു മുതല ഉണ്ടെന്ന് പറഞ്ഞത്.
കോളേജ് പ്രിൻസിപ്പാളിന്റെ മുറിയുടെ മുന്നിൽ ഒരു ചെറിയ കിണർ പോലെ ഒന്നുണ്ട്, അതിലാണ് മുതലയെ ഇട്ടിരുന്നത്.
രാവിലെ പത്തുമണിക്ക് അവിടെ ചെന്നപ്പോൾ മുതൽ വൈകീട്ട് മൂന്നു മണിക്ക് തിരിച്ചുപോരുന്നത് വരെ ഞാൻ പല വട്ടം അവിടെ പോയി നോക്കിയെങ്കിലും മുതലയെ കണ്ടില്ല. വലിയ നിരാശയായി.
കാലടിയും മുതലയും തമ്മിൽ ബന്ധപ്പെടുത്തുന്ന ഐതീഹ്യം അതിന് മുൻപ് തന്നെ കേട്ടിട്ടുണ്ട്. ആദി ശങ്കരൻ കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന് സന്യാസ മാർഗ്ഗം സ്വീകരിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ അമ്മ അതിന് സമ്മതിച്ചില്ല. ഒരിക്കൽ കാലടിപ്പുഴയിൽ കുളിക്കാൻ പോയ ശങ്കരനെ മുതല പിടിച്ചു എന്നും അത് കണ്ടു പേടിച്ചു നിലവിളിച്ച അമ്മയോട് തന്നെ സന്യാസത്തിന് അയക്കാൻ സമ്മതിച്ചാൽ മുതല തൻറെ മേലുള്ള പിടി വിടും എന്നും ബാലനായ ശങ്കരൻ പറഞ്ഞുവത്രേ. കുട്ടിയുടെ ജീവൻ പോകുന്നതിനേക്കാൾ ഭേദമാണല്ലോ സന്യാസത്തിന് പോകുന്നത് എന്ന് ചിന്തിച്ച അമ്മ സന്യാസത്തിന് പോകാൻ സമ്മതിച്ചുവെന്നും, അതോടെ അത്ഭുതകരമായി മുതല കുട്ടിയിലുള്ള പിടി വിട്ടു എന്നും ആയിരുന്നു ഐതീഹ്യം.
പത്തു വയസ്സുമുതൽ ഞാൻ കാലടിപ്പുഴയിൽ കുളിക്കുന്നതാണ്. അന്നൊക്കെ അവിടെ മുതല പോയിട്ട് വലിയൊരു മീനിനെ പോലും കണ്ടിട്ടില്ല. അതുകൊണ്ടാണ് കോളേജിലെ മുതലയെ കാണാൻ ആകാംക്ഷ ഉണ്ടായത്.
എന്താണെങ്കിലും പിൽക്കാലത്ത് കാലടി കോളേജിൽ തന്നെ പ്രീ ഡിഗ്രിക്ക് പഠിക്കാൻ ചേർന്നത് കൊണ്ട് പ്രസ്തുത മുതലയെ കാണാൻ പല അവസരം ഉണ്ടായിട്ടുണ്ട്. എതിർവശത്ത് മുറിയിലുണ്ടായിരുന്ന പ്രിൻസിപ്പാളിനെ അപേക്ഷിച്ച് ശാന്തശീലൻ ആയിരുന്നു ആ മുതല.
(പിൽക്കാലത്ത് ആ മുതലയെ കിണറ്റിൽ സൂക്ഷിച്ചതിന് ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ് നടപടി എടുത്തു എന്നും പതിറ്റാണ്ടുകൾക്ക് ശേഷം മുതലയെ അവിടെ നിന്നും എടുത്തുകൊണ്ടു പോയി എന്നും പിറ്റേന്ന് തന്നെ അത് ചത്തു എന്നും വായിച്ചതായി ഓർക്കുന്നു. ഈ മുതലക്കഥ അറിയാവുന്നവർ പൂരിപ്പിക്കണം).
ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം ‘ചാലക്കുടിപ്പുഴയിൽ മുതലക്കുഞ്ഞുങ്ങൾ’ എന്ന വാർത്ത വായിച്ചതാണ്. ഞങ്ങളുടെ ചെറുപ്പകാലത്തൊന്നും കാലടിയിൽ മാത്രമല്ല ചാലക്കുടിപ്പുഴയിലും മുതല ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്തു വർഷത്തിലാണ് വീണ്ടും മുതലയുടെ വാർത്തകൾ കേൾക്കുന്നത്. ഇപ്പോൾ ഇത് കൂടുതൽ പതിവായി കേൾക്കുന്നുണ്ട്. ശങ്കരന്റെ കാലത്തിനിപ്പുറത്ത് എവിടെയോ അപ്രത്യക്ഷമായ മുതല ഇതുവരെ എവിടെയായിരുന്നു?
പണ്ടൊന്നും മുതല ഉണ്ടാകാതിരുന്ന പുഴയിൽ ഒരു മുതല വരുന്നത് പാരിസ്ഥിതികമായി നല്ല കാര്യമാണ്. മുതലക്കു ജീവിക്കണമെങ്കിൽ അതിന് സ്ഥിരമായി കഴിക്കാനുള്ള ഭക്ഷണം വേണം, അതുണ്ടാകണമെങ്കിൽ പുഴയിലും ചുറ്റിലും പ്രൊഡക്ടീവ് ആയ ആവാസ വ്യവസ്ത വേണം, മലിനീകരണം ഉണ്ടാകരുത് എന്നിങ്ങനെ.
മുതല പക്ഷെ ഏറെ അപകടകാരിയാണ്. അതുകൊണ്ട് തന്നെ ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനം എന്നൊക്കെ പറയാമെങ്കിലും മനുഷ്യർ നോക്കിയും കണ്ടും നിൽക്കുന്നതാണ് ബുദ്ധി. ഈ പാഠം ഞാൻ പണ്ടേ പഠിച്ചതാണ്, പണ്ടൊരിക്കൽ ഇവിടെ പറഞ്ഞതുമാണ്. കേൾക്കാത്തവർക്ക് വേണ്ടി ഒരിക്കൽ കൂടി പറയാം.
ബ്രൂണെയിൽ ഞാൻ തൊഴിൽ ചെയ്യാൻ എത്തുന്പോൾ അവിടെ വളരെ മലിനമായ ഒരു നദി ഉണ്ടായിരുന്നു. സിറിയ ഓയിൽ ടെർമിനലിലെ മലിനജലം ഒഴുകി പൂർണ്ണമായും മരിച്ച നിലയിലുള്ള നദി. വെള്ളത്തിന് മുകളിൽ എണ്ണപ്പാടകൾ കാണാം, വെള്ളത്തിനടിയിൽ നിന്നും എപ്പോഴും ഹൈഡ്രജൻ സൾഫൈഡ് കുമിളകൾ മുകളിലേക്ക് വന്നു പൊട്ടി അവിടെ ദുർഗന്ധം ഉണ്ടാകും.
നാലു വർഷം ആ നദിയുടെ പുനരുജീവനത്തിന് വേണ്ടി ഞാൻ പ്രയത്നിച്ചു. മലിന ജലം ശുദ്ധമാക്കി, പുഴയിൽ വീണ്ടും ശുദ്ധജലം വന്നു തുടങ്ങി, ഓരത്ത് നിപ്പ കാടുകൾ വീണ്ടും പൊടിച്ചു. ഓരോ മാസവും നദിയിലെ വെള്ളത്തിന്റെയും കരയിലെ കനിപ്പ പനകളുടെയും ആരോഗ്യം പരിശോധിക്കാൻ ഞാൻ പോകാറുണ്ട്.
ഒരിക്കൽ അവിടെ എത്തിയ എന്നെ കാത്തിരുന്നത് ഒരു മുതലായാണ്. മുതല എൻറെ നേരെ ചാടി, ഞാൻ ജീവനും കൊണ്ട് ഓടി. (എനിക്കും മുതലക്കും ഇടയിൽ ഒരു കന്പിവേലിയുടെ കെട്ടുണ്ടായിരുന്നത് കൊണ്ട് ഇപ്പോൾ ഈ കഥ പറയാൻ ഞാൻ ബാക്കിയുണ്ട്).
പുഴയിൽ മുതലയെ കണ്ടതോടെ ആ പുഴയിലെ എൻറെ ദൗത്യം അവസാനിച്ചു എന്ന് ഞാൻ ഓഫീസിൽ റിപ്പോർട്ട് ചെയ്തു. ആവാസ വ്യവസ്ഥയിലെ ഏറ്റവും മുകളിലുള്ള ജീവിയും റെഡി, ഭക്ഷണ ശൃംഖല റെഡിയായിരുന്നിരിക്കണം.
അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്. കേരളത്തിലെ ആവാസ വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ പാതയിലാണ്. ഇത് നമ്മൾ മനപൂർവ്വം എന്തെങ്കിലും ചെയ്യുന്നത് കൊണ്ടല്ല, മറിച്ച് പ്രകൃതിയിൽ നമ്മൾ ഒന്നും പ്രത്യേകിച്ച് ചെയ്യാത്തത് കൊണ്ടാണ്. തുമ്മാരുകുടിയിലെ മുയൽ മുതൽ ചാലക്കുടിയിലെ മുതല വരെ അതിൻറെ ഉദാഹരണങ്ങളാണ്.
ഇന്ന് ചാലക്കുടിപ്പുഴയിൽ എത്തിയ മുതല നാളെ കാലടിപ്പുഴയിൽ എത്തും. ഇന്നത്തെ മഴക്ക് എൻറെ മുറ്റത്തു കൂടി ഒരു ആമ കടന്നു പോയി എന്ന് പറഞ്ഞു. പെരിയാറിൽ നിന്നും എൻറെ വീട്ടിലേക്ക് രണ്ടു കിലോമീറ്റർ ദൂരമേ ഉള്ളൂ, ആമയുടെ മുതലയും വരുന്ന കാലം വിദൂരമല്ല.
മുരളി തുമ്മാരുകുടി
Leave a Comment