റിയോവിൽ നിന്നും ബോണിലേക്കുള്ള യാത്രയിൽ OMG2 എന്ന സിനിമ കണ്ടു. സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെയും ലൈംഗികതയെപ്പറ്റി സമൂഹം തുറന്നു സംസാരിക്കേണ്ടതിന്റെയും ആവശ്യകതയാണ് വിഷയം.
കൈവിരലിൻറെ നീളവും ലിംഗത്തിൻറെ നീളവും തമ്മിൽ ബന്ധമുണ്ടെന്നും ലിംഗത്തിൻറെ നീളം കുറവായതിനാലാണ് ക്ലാസ്സിലെ പെൺകുട്ടി തന്നെ നിരാകരിക്കുന്നതെന്നും ഒരു പയ്യനെ സുഹൃത്തുക്കൾ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്നാണ് കഥ തുടങ്ങുത്. ഈ വിഷയത്തിൽ സ്കൂളിലെ ബയോളജി ടീച്ചർ സംശയ നിവാരണം നടത്തുന്നില്ല എന്നു മാത്രമല്ല പയ്യനെ നാണം കെടുത്തി വിടുകയും ചെയ്യുന്നു (ആണുങ്ങൾക്ക് എന്തിനാണ് മുലക്കണ്ണുകൾ എന്നു ചോദിച്ച എന്നെ വിരട്ടിയ ബയോളജി ടീച്ചറെ ഓർത്തു).
ലിംഗത്തിന് നീളംവെക്കാൻ സ്വയംഭോഗം ചെയ്യണമെന്നും പ്രത്യേക എണ്ണയും ഗുളികയും നല്ലതാണെന്നും വഴിവാണിഭക്കാരും വ്യാജഡോക്ടർമാരും ഫാർമസിക്കാരും ഒക്കെ പയ്യനെ ഉപദേശിക്കുന്നു. ഉപദേശം കേട്ട് മൂന്ന് VE-GRA യും കഴിച്ച് സ്കൂൾ ടോയ്ലറ്റിലും കൂട്ടുകാരൻറെ വീട്ടിലും വെച്ച് തുടർച്ചയായി സ്വയംഭോഗം ചെയ്ത് പയ്യൻ തളർന്നുവീഴുന്നു.
സ്കൂൾടോയ്ലറ്റിൽ വച്ച് സ്വയംഭോഗം ചെയ്യുന്ന പയ്യന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ച് കൂട്ടുകാർ വൈറലാക്കുന്നു. ഇത് കണ്ട സ്കൂൾ അധികൃതർ കുട്ടിയെ പുറത്താക്കുന്നു.
ഈ വിഷയത്തിലെ തെറ്റ് കുട്ടിക്ക് വേണ്ട സമയത്ത് ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകാത്ത തന്റെയും സ്കൂളിന്റെയും ആണെന്ന് തിരിച്ചറിയുന്ന പിതാവ് മകന്റെ അഭിമാനവും ആത്മവിശ്വാസവും സ്കൂൾ അഡ്മിഷനും തിരികെപ്പിടിക്കാൻ നടത്തുന്ന കോടതി യുദ്ധത്തിലൂടെ കഥ പുരോഗമിക്കുന്നു. ശേഷം സ്ക്രീനിൽ.
ഇത്രയും പ്രധാനമായ വിഷയം മെയിൻസ്ട്രീം സിനിമയിൽ കണ്ട എനിക്ക് രോമാഞ്ചം വന്നു.
Neeraja Janaki ഞാനും കൂടി Vanitha യിൽ എഴുതി 2022 ൽ DC Books പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ലക്ഷ്യവും വിഷയവും ഇതു തന്നെ ആയിരുന്നു.
കണ്ടിരിക്കേണ്ട ചിത്രമാണ്. (വായിച്ചിരിക്കേണ്ട പുസ്തകവും).
മുരളി തുമ്മാരുകുടി
Leave a Comment