ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് കരിയർ ഗൈഡൻസ് എന്ന വാക്ക് പോലും കേട്ടിട്ടില്ല. തറവാട്ടിലെ ഏതെങ്കിലും കസിൻസ് എഞ്ചിനീയറോ ഡോക്ടറോ പട്ടാളക്കാരനോ ആയിട്ടുണ്ടാകും. അവർക്കാകാമെങ്കിൽ നമുക്കും ആകാമല്ലോ എന്ന് തോന്നും. ചിലപ്പോൾ നന്നായി പഠിക്കുന്ന കുട്ടികളോട് സ്കൂളിലെ ചില അധ്യാപകർ ഉപരിപഠനത്തിൽ ചില നിർദ്ദേശങ്ങൾ നൽകും. അത്രയും കിട്ടിയാൽ ഭാഗ്യം. മിക്കവർക്കും അത് പോലും കിട്ടിയിട്ടില്ല.
ഇപ്പോൾ കാര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. കരിയർ ഗൈഡൻസ് ലേഖനങ്ങൾ പത്രങ്ങളിൽ വരുന്നതോടൊപ്പം ഇന്റർനെറ്റിൽ കരിയറിനെ സംബന്ധിച്ച ധാരാളം വിവരങ്ങളുമുണ്ട്. കരിയർ കൺസൾട്ടിംഗ് നടത്തുന്ന സ്ഥാപനങ്ങൾ എല്ലാ നഗരങ്ങളിലുമുണ്ട്. സ്കൂളുകളിലും കരിയർ കൺസൾട്ടിങ്ങ് നടത്തണം എന്നാണ് നിർദ്ദേശം. ആ പ്രദേശത്തുള്ള ഒരു ഉദ്യോഗസ്ഥനെ വിളിച്ച് അവരുടെ കരിയറിനെ പറ്റി സംസാരിക്കുക എന്നതാണ് പ്രധാനമായും ചെയ്യുന്നത്.
ഇതൊക്കെയാണെങ്കിലും പുതിയ തലമുറയിലെ കുട്ടികളോട് സംസാരിക്കുന്പോൾ അവർക്കും വേണ്ടപോലെയുള്ള കരിയർ നിർദ്ദേശങ്ങൾ ലഭിക്കുന്നില്ല എന്നതാണ് ഞാൻ കാണുന്നത്. Mentorz4u ആയി ചേർന്ന് ഞാൻ ദിവസവും കുറച്ചു കുട്ടികൾക്ക് കരിയർ നിർദ്ദേശങ്ങൾ നൽകാറുണ്ട്. പറ്റുന്പോഴെല്ലാം ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വിദ്യാർത്ഥികളുമായി കരിയർ വിഷയത്തിൽ സംസാരിക്കാറും വെബ്ബിനാറുകൾ നടത്താറുമുണ്ട്. ഇതൊക്കെ കൂടി നോക്കിയാലും വർഷത്തിൽ രണ്ടോ മൂന്നോ ആയിരം ആളുകളിൽ മാത്രമാണ് കരിയർ നിർദ്ദേശങ്ങൾ എത്തുന്നത്.
കേരളത്തിൽ ഓരോ വർഷവും നാലു ലക്ഷം വിദ്യാർഥികൾ പത്താം ക്ലാസ് കഴിയുന്നുണ്ട്. അവരിൽ ഓരോരുത്തർക്കും കൃത്യമായ കരിയർ നിർദ്ദേശത്തിന്റെ ആവശ്യമുണ്ട്. എങ്ങനെയാണ് അവരുടെ അഭിരുചി പരിശോധിക്കേണ്ടതെന്നും അവർക്ക് കൃത്യമായി നിർദ്ദേശങ്ങൾ കൊടുക്കാൻ പറ്റുന്നതെന്നും എന്നെ ചിന്തിപ്പിക്കുന്ന കാര്യമാണ്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാകൂ എന്നെനിക്ക് അറിയാം, പക്ഷെ കൃത്യമായി അത് ഉപയോഗിക്കാൻ എങ്ങനെ സാധിക്കും എന്നതിൽ അധികം അറിവില്ലായിരുന്നു. അപ്പോഴാണ് കഴിഞ്ഞ ജൂൺ മാസത്തിൽ ശ്രീ. കിരണിനെ Sree Kiran അബുദാബിയിൽ ഒരു പ്രോഗ്രാമിൽ വച്ച് പരിചയപ്പെടുന്നത്. നിർമിത ബുദ്ധിയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് അദ്ദേഹം നടത്തുന്ന അഭിരുചി പരീക്ഷയും കൗൺസലിങ്ങും എന്നെ ആകർഷിച്ചു. അടുത്ത തവണ ബാംഗ്ലൂരിൽ വരുന്പോൾ അദ്ദേഹത്തിന്റെ ഓഫീസ് സന്ദർശിക്കാം എന്ന് സമ്മതിക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച ബാംഗ്ളൂരിൽ ശ്രീ. കിരണിന്റെ Center for Learning and Advance Practices സന്ദർശിച്ചു. കരിയർ കൗൺസലിങ്ങിനായി അദ്ദേഹം വികസിപ്പിച്ചിരിക്കുന്ന സോഫ്ട്വെയറുകൾ കണ്ടു, പരീക്ഷിച്ചു നോക്കി. ഇന്ത്യയിലും യു.എ.ഇ. യിലും ഇദ്ദേഹത്തിന് ഓഫീസ് ഉണ്ട്. രണ്ടു ലക്ഷത്തോളം വിദ്യാർഥികൾ ഇത് വരെ ഇദ്ദേഹത്തിന്റെ കരിയർ മാനേജ്മെന്റ് സോഫ്റ്റ്വെയർ ഉപയോഗിച്ചിട്ടുണ്ട്. ആയിരം രൂപയിൽ താഴെ മാത്രം ചിലവുള്ള, ഒരു വർഷം മുഴുവൻ ആക്സസ് ഉള്ള ഈ പദ്ധതി ഇഷ്ടപ്പെട്ടു. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, അറബിക് എന്നീ ഭാഷകളിൽ ഇദ്ദേഹത്തിന്റെ കാരിയർ മാനേജ്മെന്റ് സോഫ്റ്റ്വെയർ ലഭ്യമാണ്.
കേരളത്തിലെ മാതാപിതാക്കൾ ലക്ഷക്കണക്കിന് രൂപയാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ചിലവാക്കുന്നത്. അതിൽ ഒരു ശതമാനം തുകയെങ്കിലും ശാസ്ത്രീയമായി കുട്ടികളുടെ അഭിരുചിയും അവസരങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചാൽ കുട്ടികൾക്ക് കിട്ടുന്ന മാർഗ്ഗ നിർദ്ദേശം, ആത്മവിശ്വാസം, സംതൃപ്തി എല്ലാം വളരെ വലുതായിരിക്കും. നാട്ടിലെ സ്കൂളുകളും ഇത്തരത്തിൽ ഉള്ള സംവിധാനം കുട്ടികൾക്ക് വേണ്ടി ലഭ്യമാക്കണം.
മുപ്പത് മണിക്കൂർ നോൺ സ്റ്റോപ്പ് ആയി കരിയർ കൗൺസലിംഗ് നടത്തി ലോക റിക്കോർഡ് ഇട്ട പുലിയാണ് ശ്രീ. കിരൺ. അദ്ദേഹവുമായി ഈ രംഗത്ത് സഹകരിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻറെ സ്ഥാപനത്തിന്റെ ലിങ്ക് – https://www.clapcampus.com/
മുരളി തുമ്മാരുകുടി
Leave a Comment