പൊതു വിഭാഗം

എറണാകുളത്തെ കെമിക്കൽ എമർജൻസി റെസ്പോൺസ് സംവിധാനം.

ഇത്തവണ നാട്ടിൽ വരുന്നതിന് മുൻപ് തന്നെ ഫാക്ടറീസ് ആൻഡ് ബോയിലേർസ് ഡയറക്ടർ ബന്ധപ്പെട്ടിരുന്നു. കാക്കനാട്ട് അവർ പുതിയതായി നടപ്പിലാക്കുന്ന കൊച്ചി മേഖലയിലെ കെമിക്കൽ എമർജൻസി റെസ്പോൺസ് സംവിധാനം സന്ദർശിക്കണം എന്നതായിരുന്നു ആവശ്യം. സന്തോഷത്തോടെ സ്വീകരിച്ചു.

എറണാകുളം ജില്ലയിൽ അതീവ ദുരന്ത സാദ്ധ്യതകളുള്ള രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന പതിനെട്ട് സ്ഥാപനങ്ങൾളുണ്ട്. അവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ തന്നെ സംവിധാനങ്ങൾ ഉണ്ടെങ്കിലും ഏതെങ്കിലും തരത്തിൽ ഒരപകടമുണ്ടാകാനും രാസവസ്തുക്കൾ ഫാക്ടറിയുടെ പുറത്തേക്ക് വ്യാപിക്കാനുമുള്ള സാധ്യത വളരെ ചെറുതാണെങ്കിലും തള്ളിക്കളയാനാവില്ല. അതിന് തയ്യാറെടുക്കേണ്ടതും ശരിയായ ദുരന്ത നിവാരണ രീതിയാണ്.

ഇതാണ് നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിയും, ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചും ആയി ചേർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേർസ് ഡയറക്ടറേറ്റ് തയ്യാറാക്കിയിരിക്കുന്നത്. Remote sensing enabled Online Chemical Emergency Response System (ROCERS) എന്ന പേരിലുള്ള ഈ സംവിധാനം ജില്ലയിലെ ഫാക്ടറികളിൽ  എന്തെങ്കിലും വാതകചോർച്ച ഉണ്ടെങ്കിൽ അവിടെ സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ വഴി  സെക്കന്റുകൾക്കകം കാക്കനാട്ടിലെ സെൻട്രൽ കൺട്രോൾ റൂമിൽ അറിയിക്കുകയും അവിടെ ആ സമയത്തെ കാറ്റിന്റെ ഗതി എല്ലാം അനുസരിച്ച് എവിടെയെല്ലാമാണ് വാതകങ്ങൾ പടരാൻ ഇടയുള്ളതെന്ന് മോഡലിംഗ് വഴി കണ്ടുപിടിക്കുകയും ചെയ്യും. ഈ വിവരം ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റി വഴി മുതിർന്ന ഉദ്യോഗസ്ഥരേയും, പ്രതിരോധ സംവിധാനങ്ങളെയും പൊതുജനങ്ങളെയും അറിയിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.

ഇപ്പോൾ ഒന്നോ രണ്ടോ ഫാക്ടറികളിൽ മാത്രമാണ് ഇതിനാവശ്യമായ മുഴുവൻ സംവിധാനങ്ങളും ശരിയായിട്ടുള്ളൂ (സെൻസർ, വെതർ സ്റ്റേഷൻ). എന്നാൽ ആധുനികമായ ഒരു ദുരന്തനിവാരണ സംവിധാനത്തിന്റെ തുടക്കമാണ് കാക്കനാട്ടെ ROCESRS.

ഈ സംവിധാനത്തെ പറ്റി ജനങ്ങളും വിദഗ്ദ്ധരും കൂടുതൽ അറിയേണ്ടതുണ്ട്. എറണാകുളത്ത് മാത്രമല്ല കേരളത്തിലാകെ ഈ സംവിധാനമുണ്ടാകണം. സുരക്ഷയുടെ രംഗത്ത് വലിയൊരു മുന്നേറ്റമാണ്, മാതൃകാപരവും.

ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ആശംസകൾ!

മുരളി തുമ്മാരുകുടി   

Leave a Comment