കേരള രാഷ്ട്രീയത്തിൽ എനിക്ക് ഏറെ ഇഷ്ടമുള്ള ആളാണ് ശ്രീ. കുഞ്ഞാലിക്കുട്ടി. ഭരണത്തിൽ ഉള്ളപ്പോഴും അല്ലാത്ത സമയത്തും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഇടപെടുകയും സമവായം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാളായിട്ടാണ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ കൂടെ ജോലി ചെയ്തിട്ടുള്ള ഉയർന്ന ഉദ്യോഗസ്ഥർ വളരെ നല്ല അഭിപ്രായം അദ്ദേഹത്തെ പറ്റി പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ എത്തിയത് ഏറെ സന്തോഷമായി.
തനി നടൻ മലയാളവും ഇംഗ്ളീഷും എത്ര നന്നായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത് എന്നാണ് ആദ്യം ശ്രദ്ധിച്ചത്. സമദാനി ഒക്കെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും മലയാളികൾ എത്രപേർ ശ്രീ. കുഞ്ഞാലിക്കുട്ടിയുടെ ഇംഗ്ലീഷ് ഭാഷ ശ്രവിച്ചിട്ടുണ്ട്, ശ്രദ്ധിച്ചിട്ടുണ്ട് എന്നറിയില്ല. കേരളത്തിന്റെ വികസനത്തെപ്പറ്റി വളരെ കൃത്യമായ അഭിപ്രായവും കാഴ്ചപ്പാടും ഉള്ള ആളാണ് എന്ന് കേൾക്കുന്നവർക്ക് മനസ്സിലാകും. നമ്മുടെ ഐ. ടി. വികസനത്തിനൊക്കെ വേണ്ടി ഏറെ പരിശ്രമിച്ചിട്ടുള്ള ആളാണ്.
എങ്ങനെയാണ് വിദേശ രാജ്യങ്ങളിലെ സന്ദർശനത്തിനിടക്ക് നടക്കുന്ന കൂടിക്കാഴ്ചകളിലെ ചെറിയ ചർച്ചകൾ പോലും പിൽക്കാലത്ത് വലിയ പ്രോജക്ടുകൾ ആയി മാറുന്നത് എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്. മനുഷ്യരെപ്പോലെ ഓരോ സമൂഹത്തിനും രാജ്യത്തിനും ഓരോ ‘സമയം’ ഉണ്ട്, ഉയർച്ച താഴ്ചകൾ ഉണ്ട്, അവസരങ്ങൾ വരുന്പോൾ അത് വിട്ടുകളഞ്ഞാൽ എങ്ങനെയാണ് സമൂഹം പിന്തള്ളപ്പെടുന്നത്, എന്നെല്ലാം അദ്ദേഹം പറയുന്നു.
എങ്ങനെയാണ് മാറാട് കലാപം 2001 ലെ യു. ഡി. എഫ്. സർക്കാരിന്റെ വികസന അജണ്ടയെ മുഴുവൻ മാറ്റിമറിച്ചത് എന്നുള്ള അറിവ് പുതിയതായിരുന്നു. അതിൻറെ മറ്റു മാനങ്ങൾ ആണ് ഇതുവരെ ശ്രദ്ധിച്ചിരുന്നത്.
2006 ൽ തിരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം തിരക്കൊഴിഞ്ഞ സമയം എങ്ങനെയാണ് ചിലവാക്കിയത് എന്നതും കൗതുകമായി. നമ്മുടെ സ്ഥിരം ജയിക്കുന്ന നേതാക്കൾ ഒക്കെ വല്ലപ്പോഴും തിരഞ്ഞെടുപ്പിൽ നിൽക്കാതിരിക്കുന്നതും, ഇടക്കൊക്കെ തോൽക്കുന്നതും നല്ലതാണ് എന്ന് തോന്നിപ്പോയി.
ശ്രീ കുഞ്ഞാലിക്കുട്ടിയോടുള്ള ആദരവ് കൂടിയതേ ഉള്ളൂ. കേട്ടിരിക്കേണ്ടതാണ്.
മുരളി തുമ്മാരുകുടി
Leave a Comment