പൊതു വിഭാഗം

എന്തിന് സഹിക്കുന്നു സഹോ?

എല്ലാ ദിവസവും ഫേസ്ബുക്കിൽ ആരുടെയെങ്കിലും വിവാഹ വാർഷികത്തിന്റെ പോസ്റ്റ് കാണും. ‘എന്നെ അഞ്ചു വർഷമായി സഹിക്കുന്ന…’ എൻറെ ഭർത്താവിന്/ഭാര്യക്ക് പത്മശ്രീ/ ഭാരതരത്നം അവാർഡ് കൊടുക്കണം… എന്നൊക്കെ ആണ് സാരം.
 
തമാശ ആണെന്നാണ് എഴുതുന്നവരുടെ ചിന്ത. ‘Many a true word is spoken in jest’ എന്ന് ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്. അപ്പോൾ സത്യം പറയുന്നതും ആകാം.
 
ഉള്ളത് പറയട്ടെ, എനിക്കിത് കാണുന്പോഴേ കലിവരും. ഇത് സത്യമാണെങ്കിൽ എന്തിനാണ് ഇത്ര ബുദ്ധിമുട്ടി സഹിക്കുന്നതും ജീവിക്കുന്നതും?. ഇനി ഇത് തമാശയാണെങ്കിൽ വിവാഹ വാർഷികത്തിന് പറയാൻ എന്തൊക്കെ തമാശയുണ്ട്. അറിയില്ലെങ്കിൽ വടക്കുനോക്കി യന്ത്രത്തിൽ ശ്രീനിവാസൻ ചെയ്തത് പോലെ ഏതെങ്കിലും മാസിക എടുത്ത് ‘ഹോട്ടൽ എന്ന് കരുതി ബാർബർഷോപ്പിൽ കയറിയ ഒരാളുടെ’ കഥ പറഞ്ഞുകൂടെ..?
 
സഹനം വിവാഹത്തിന്റെ അവിഭാജ്യ ഘടകമായി സമൂഹം അംഗീകരിച്ചിട്ടുള്ളതിനാൽ കേരളത്തിൽ ആളുകൾ വിവാഹജീവിതത്തിനുള്ളിൽ ആവശ്യത്തിൽ കൂടുതൽ സഹിക്കുന്നു എന്ന് അഭിപ്രായമുള്ള ആളാണ് ഞാൻ. ഈ സഹനം ഒക്കെ നിർത്തി കുറച്ചു പേർ കൂടി വിവാഹമോചനം ചെയ്താൽ നമ്മുടെ കുടുംബങ്ങളും സമൂഹവും നന്നാവുകയേ ഉള്ളൂ. ഇത്തരം ‘സഹന തമാശകൾ’ ഇല്ലാതാവുകയും ചെയ്യും.
 
മുൻ‌കൂർ പറയുന്നു, ഇങ്ങനെ സഹനം പറഞ്ഞു പോസ്റ്റിടുന്നവരെ മൊത്തം ഞാൻ വെട്ടും.
 
മുരളി തുമ്മാരുകുടി
 

Leave a Comment