ലോകത്തെ വിവിധ പാർലിമെന്റുകളിൽ എത്ര സ്ത്രീകളുണ്ട് എന്നതിനെക്കുറിച്ച് ഒരു ലേഖനം ഇന്ന് വേൾഡ് എക്കണോമിക് ഫോറത്തിന്റെ പേജിലുണ്ട്.
61ശതമാനത്തോടെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയാണ് ഒന്നാം സ്ഥാനത്ത്. ക്യൂബയിലും ബൊളീവിയയിലെ അൻപത് ശതമാനത്തിന് മുകളിൽ സ്ത്രീ എം പി മാർ ഉണ്ട്. സ്വീഡനും ഫിൻലൻഡും പോലെ നമ്മൾ കേട്ടിട്ടുള്ള ഇടങ്ങളിലും നമീബിയയും സെനഗലും പോലെ നമ്മൾ കേട്ടിട്ടില്ലാത്തിടത്തും നാല്പത് ശതമാനത്തിന് മുകളിൽ സ്ത്രീ എം പി മാരുണ്ട്.
ലോകത്തെ ഓരോ പ്രദേശങ്ങൾ എടുത്ത് നോക്കിയാൽ 42 ശതമാനമുള്ള നോർഡിക് രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ. 15 ശതമാനം മാത്രമുള്ള പസിഫിക്ക് ഏറ്റവും കുറവും. ഏഷ്യ മൊത്തം എടുത്താൽ 20 ശതമാനത്തോളം വരും.
12 ശതമാനത്തിൽ താഴെയാണ് ഇന്ത്യയിൽ സ്ത്രീ എം പി മാരുടെ എണ്ണം. ലോക റാങ്കിങ്ങിൽ ഇത് 153. ഇന്ത്യയുടെ ചുറ്റും കിടക്കുന്ന രാജ്യങ്ങളെല്ലാം നമ്മളെക്കാൾ മുന്നിലാണ്. അഫ്ഘാനിസ്ഥാൻ (27.7%) ബംഗ്ലാദേശ് (20.3 %) പാക്കിസ്ഥാൻ (20.2) നേപ്പാൾ (32.7%) ഭൂട്ടാൻ (14.9%). 50 ശതമാനം സ്ത്രീകളുമായി ഒരു മന്ത്രിസഭ ഉണ്ടാക്കിയ കാനഡയിലെ പ്രധാനമന്ത്രിയോട് അതെന്തുകൊണ്ടാണ് എന്ന് ചോദിച്ച പത്ര പ്രവർത്തകനോട് അദ്ദേഹം പറഞ്ഞു “ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആയത് കൊണ്ടാണ്” എന്ന്. ഇന്ത്യൻ പാർലമെന്റ്റ് തിരഞ്ഞെടുപ്പിൽ ഇപ്പോഴും ആ നൂറ്റാണ്ട് എത്തിച്ചേർന്നിട്ടില്ല എന്നത് വ്യക്തം.
പക്ഷെ ഒരു കാര്യത്തിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശ്വസിക്കാം. വോട്ടർമാരിൽ സ്ത്രീകൾ കൂടുതലുള്ളതും സമ്പൂർണ്ണ സാച്ചരത ഉള്ളതുമായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇന്ത്യൻ ശരാശരിയേക്കാളും പകുതിയാണ് സ്ത്രീ എം പി മാരുടെ എണ്ണം. തിരഞ്ഞെടുക്കപ്പെട്ട എം പി മാരിൽ ഇരുപതിൽ ഒന്നാണ് (അഞ്ചു ശതമാനം) നമ്മുടെ നിരക്ക്.
എന്തുകൊണ്ടാണ് അൻപത് ശതമാനത്തിൽ കൂടുതൽ വോട്ടർമാരും സ്ത്രീകളായ കേരളത്തിൽ അഞ്ചു ശതമാനം എം പി മാർ മാത്രം സ്ത്രീ ആകുന്നത്? ഇതിൽ ആർക്കും ഒന്നും ചെയ്യാനില്ലേ?
അടുത്ത തിരഞ്ഞെടുപ്പിന് നൂറ് ദിവസം പോലും ബാക്കിയില്ല. സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ ബാക്ക്ഗ്രൗണ്ടിൽ തുടങ്ങിക്കഴിഞ്ഞു. സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം പോയിട്ട് ഇരുപത് ശതമാനം പോലും നൽകണമെന്ന് ഒരു പാർട്ടിയും പറഞ്ഞുപോലും കേട്ടില്ല. ത്രിതല പഞ്ചായത്തിന്റെ ഭാഗമായി നൂറുകണക്കിന് അർഹരായ സ്ത്രീ നേതാക്കൾ എല്ലാ പാർട്ടിയിലും ഉണ്ട്. അപ്പോൾ ആളില്ലാത്തതിന്റെ കുറ്റമല്ല.
മുൻപ് പലപ്രാവശ്യം പറഞ്ഞിട്ടുളളതാണ്. സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം നൽകുക എന്നത് ഒരു ഔദാര്യമല്ല. നേതൃത്വ ഗുണമുള്ളവർ സ്ത്രീകളിലും പുരുഷന്മാരിലും ഏതാണ്ട് ഒരേ പോലെയാണ് ഉള്ളത്. അപ്പോൾ നമ്മുടെ തൊണ്ണൂറ്റി അഞ്ചു ശതമാനം എംപി മാരെയും അൻപത് ശതമാനം വരുന്ന ആണുങ്ങളിൽ നിന്നും തിരഞ്ഞെടുക്കുമ്പോൾ നമ്മെ നയിക്കുന്നത് ഏറ്റവും കഴിവുള്ളവർ ആയിരിക്കില്ല. അതിൻറെ നഷ്ടം മൊത്തം സമൂഹത്തിനാണ്.
ഒരു കാര്യം ഉറപ്പാണ്. ഇപ്പോഴത്തെ സംവിധാനം എല്ലാ പാർട്ടികളെയും നയിക്കുന്ന പുരുഷന്മാർക്ക് അനുകൂലമാണ്. അതുകൊണ്ട് അവർ സ്വന്തമായി തീരുമാനിച്ചിട്ട് നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ട് എത്താൻ പോകുന്നില്ല. വോട്ടർമാർ ബഹുഭൂരിപക്ഷവും സ്ത്രീകളായ കേരളത്തിൽ പോലും സ്ത്രീകളെ പേരിന് മാത്രമായി നേതൃത്വത്തിലേക്ക് എത്തിക്കുന്ന സംവിധാനം മാറ്റാൻ സ്ത്രീകൾ തന്നെ മുൻകൈ എടുക്കണം. അതിന് പല മാർഗ്ഗങ്ങളുണ്ട്. ഇംഗ്ലണ്ടിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടാനായി സമരം ചെയ്തവരുടെ കഥ ഒന്ന് വായിച്ചു നോക്കണം.
ഒരു ഐഡിയ പറയാം. മുഖ്യ മുന്നണികൾ സ്ത്രീകളെ മത്സരിപ്പിക്കാത്ത മണ്ഡലങ്ങളിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിൽ എതിർപ്പുള്ളവർ മൊത്തമായി NOTA ക്ക് ഒരു പ്രാവശ്യം വോട്ട് ചെയ്‌താൽ മതി. പത്തു ശതമാനം വോട്ടിൽ താഴെ ഭൂരിപക്ഷത്തിനാണ് കേരളത്തിലെ മിക്കവാറും മണ്ഡലങ്ങളിൽ വിജയവും പരാജയവും തീരുമാനിക്കപ്പെടുന്നത്. അപ്പോൾ പത്തിലൊന്ന് ആളുകൾ എങ്കിലും നോട്ടക്ക് കുത്തിയാൽ മുന്നണികൾ വിവരം അറിയും. അടുത്ത തിരഞ്ഞെടുപ്പ് മുതൽ സ്ത്രീകളെ കാര്യമായി പരിഗണിക്കുകയും ചെയ്യും.
മുരളി തുമ്മാരുകുടി.
Leave a Comment