പൊതു വിഭാഗം

എം.ജി. യൂണിവേഴ്സിറ്റി: വീണ്ടും ഒരു (ട്രാൻസ്‌ക്രിപ്റ്റ്) ദുരന്ത കഥ

ഇടക്കൊക്കെ എന്റെ വായനക്കാർ അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി എനിക്ക് എഴുതാറുണ്ട്.

അതിൽ ഏറ്റവും കൂടുതൽ മെയിൽ വരുന്നത് നമ്മുടെ സർവ്വകലാശാലകളിൽ നിന്നും എന്തെങ്കിലും ഒരു സർട്ടിഫിക്കറ്റ് ലഭിക്കാൻ വരുന്ന കാലതാമസം വരുന്ന സാഹചര്യത്തിൽ ആണ്

കേരളത്തിലെ മിക്കവാറും സർവ്വകലാശാലകളിൽ എനിക്ക് അറിയുന്ന ആളുകൾ ഉണ്ട്. സെക്ഷനിൽ ജോലി ചെയ്യുന്നവർ മുതൽ വൈസ് ചാൻസലർ വരെ. ആവശ്യത്തിന്റെ ഗൗരവവും വേഗത്തിന്റെ ആവശ്യവും അനുസരിച്ച് ഞാൻ ഇവരിൽ ആർക്കെങ്കിലും ഒരു വാട്ട്സ്ആപ്പ് ചെയ്യും. പെട്ടെന്ന് കാര്യം നടക്കുകയും ചെയ്യും.

ഒരാളുടെ പ്രശ്നം അങ്ങനെ തീരും. പക്ഷെ അടിസ്ഥാനപരമായി സിസ്റ്റത്തിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല.

കഴിഞ്ഞ ആഴ്ച്ച എനിക്ക് ഒരു സുഹൃത്തിന്റെ മെയിൽ വന്നു.

മാർച്ച് മാസം മുതൽ എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ച ഡിഗ്രിയുടെ ട്രാൻസ്‌ക്രിപ്റ്റ് ലഭിക്കാനുള്ള ശ്രമത്തിൽ ആണ് ആ കുട്ടി.

എല്ലാ തലത്തിലും വെല്ലുവിളികൾ ആണ്. വെബ്ബിൽ ലോഗിൻ ചെയ്യാനുള്ള ബുദ്ധിമുട്ട്. ലോഗിൻ ചെയ്താൽ ഒ.ടി.പി. വരാനുള്ള ബുദ്ധിമുട്ട്. പണം അടക്കാനുള്ള ബുദ്ധിമുട്ട്.

ഇത്തരം കടന്പകൾ കടന്നു പണം അടച്ചാലും ഒന്നും സംഭവിക്കാതിരിക്കുന്നതിന്റെ ബുദ്ധിമുട്ട്.

ഇങ്ങനെ സംഭവിച്ചു കഴിയുന്പോൾ ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും ഫോൺ വിളിച്ചാൽ കിട്ടാനുള്ള ബുദ്ധിമുട്ട്. കിട്ടി സംസാരിച്ചാലും പിന്നെയും ഒന്നും സംഭവിക്കാതിരിക്കുന്നതിന്റെ ബുദ്ധിമുട്ട്.

കഴിഞ്ഞ രണ്ടുമാസമായി ഈ സുഹൃത്ത് കംപ്യൂട്ടറിനോടും വ്യക്തികളോടും മല്ലിട്ടുകൊണ്ടിരിക്കയാണ്.

അവർ അപേക്ഷിച്ചിരിക്കുന്ന കോളേജിന്റെ ഡെഡ് ലൈൻ ആവാറായി. രണ്ടു മാസം എന്നാൽ ഒന്നുമല്ല എന്നെനിക്കറിയാം.

എന്റെ അടുത്ത ബന്ധുവിന് ഇതുപോലൊരു സർട്ടിഫിക്കറ്റിന് ഒന്പത് മാസം എടുത്തു.

പല പ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടു. ഫോൺ എടുക്കുന്നവർക്കൊക്കെ അവന്റെ പേരും വിഷയവും അറിയുന്ന സാഹചര്യമായി. എന്നിട്ടും സർട്ടിഫിക്കറ്റ് തെങ്ങിൽ തന്നെ.

എന്തൊരു കഷ്ടമാണിത് ? അഞ്ചു മിനുട്ട് കൊണ്ട് തീർക്കേണ്ട കാര്യമാണ്.

മിക്കവാറും ഈ കുട്ടിക്ക് അഡ്മിഷൻ നഷ്ടപ്പെടും. യൂണിവേഴ്‌സിറ്റിക്ക് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ?

ആ കുട്ടിക്കും കുടുംബത്തിനും അല്ലാതെ വേറെ ആർക്കെങ്കിലും എന്തെങ്കിലും നഷ്ടപ്പെടുമോ? ഇല്ല.

എത്രയോ കുട്ടികൾ ഇങ്ങനെ വിഷമിക്കുന്നുണ്ടാകും, എത്രയോ പേർക്ക് അർഹിക്കുന്ന അവസരം നഷ്ടപ്പെടുന്നുണ്ടാകും.

2023 ൽ ആധുനികമായ സാങ്കേതികവിദ്യകൾ ഒക്കെ പഠിപ്പിക്കുന്ന ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ അവിടെ പഠിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് കിട്ടുന്നത് റഷ്യൻ റൂളറ്റ് പോലെ ഒരു ചൂതാട്ടം ആകുന്നതെന്തുകൊണ്ട് ?

എം.ജി. യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ എനിക്ക് നേരിട്ട് അറിയാവുന്ന ആളാണ്. യൂണിവേഴ്സിറ്റിയിൽ എന്റെ സുഹൃത്തുക്കൾ അനവധിയുണ്ട്.

ഈ കുട്ടിയുടെ കാര്യവും നേരിട്ട് ആരെയെങ്കിലും വിളിച്ചു പറഞ്ഞാൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് ശരിയാകും എന്നെനിക്ക് ഉറപ്പുണ്ട്.

പക്ഷെ ഞാൻ ഇനി പറയുന്നില്ല. ഈ വിഷയത്തിന് അടിസ്ഥാനമായി ഒരു പരിഹാരം വേണം.

അതുകൊണ്ട് വൈസ് ചാൻസലറോട് ഞാൻ ഒരു റിക്വസ്റ്റ് വെക്കുകയാണ്

  1. എം.ജി. യൂണിവേഴ്സിറ്റിയിൽ ഒരാൾ ട്രാൻസ്‌ക്രിപ്റ്റിന് അപേക്ഷിച്ചാൽ ശരാശരി എത്ര ദിവസം കൊണ്ടാണ് അത് കൊടുക്കുന്നത് എന്നതിന്റെ ഒരു സ്റ്റാറ്റിസ്റ്റിക്സ് എടുക്കണം. എന്താണ് ഇതിന് കാരണം എന്ന് അന്വേഷിക്കണം.
  2. യൂണിവേഴ്സിറ്റിയിൽ ഒരാൾ ഒരു സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ അവർക്ക് അർഹതയുള്ളതാണെങ്കിൽ അത് ഒരു നിശ്ചിത സമയത്തിനകം (ഏഴു ദിവസത്തിനകം അല്ലെങ്കിൽ ഒരു മാസത്തിനകം) കൊടുക്കുമെന്ന ഒരു തീരുമാനം എടുക്കണം. കുട്ടികൾ ഒരു മാസമോ ഒരു വർഷമോ എന്നുള്ള തരത്തിൽ ആശങ്കയിൽ ഇരിക്കുന്ന സാഹചര്യം ഉണ്ടാകരുത്.
  3. എം.ജി. യൂണിവേഴ്സിറ്റിയിൽ ഒരു സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്പോൾ എന്തൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടത് എന്നത് ഒന്ന് റിവ്യൂ ചെയ്യണം. യൂണിവേഴ്സിറ്റിയുടെ പക്കലുള്ള രേഖകൾ വീണ്ടും വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത് ഒഴിവാക്കും എന്നത് ഒരു പോളിസി ആക്കണം. (പ്രൊവിഷണൽ സർട്ടിഫിക്കറ്റിനു ഡിഗ്രി സർട്ടിഫിക്കറ്റിനും യൂണിവേഴ്സിറ്റിയിൽ ഉള്ള മാർക്ക് ലിസ്റ്റിന്റെ കോപ്പി തന്നെ രണ്ടു പ്രാവശ്യം സമർപ്പിക്കേണ്ടി വരുന്നതിനെ പറ്റി ഞാൻ മുൻപ് എഴുതിയിരുന്നല്ലോ).
  4. യൂണിവേഴ്സിറ്റി വെബ്‌സൈറ്റുകളിൽ സ്ഥിരമായി വരുന്ന ബഗ്ഗുകൾ എന്താണെന്ന് മനസ്സിലാക്കി അത് പരിഹരിക്കണം.

ഇപ്പോൾ ഞാൻ എം.ജി. യൂണിവേഴ്സിറ്റിയുടെ പേരെടുത്ത് പറഞ്ഞു എന്നേയുള്ളൂ. മറ്റു യൂണിവേഴ്സിറ്റികളിലും കാര്യം വ്യത്യസ്തമല്ല. മറ്റുള്ളിടത്തും പ്രശ്നം ഉണ്ടെന്നുള്ളത് പ്രശ്നത്തിന് പരിഹാരമല്ലല്ലോ, വിദ്യാർത്ഥികൾക്ക് അതൊരു ആശ്വാസവും നൽകുന്നില്ല.

എന്റെ സുഹൃത്തുക്കൾ ഒരു സഹായം ചെയ്യണം. നിങ്ങൾക്ക് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടെങ്കിൽ അതെന്തായിരുന്നു, അതിന് എത്ര നാൾ എടുത്തു എന്നൊന്ന് എഴുതണം. ഈ പ്രശ്നം എത്ര വ്യാപകമാണെന്ന് അറിയാമല്ലോ.

ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്താൽ പരമാവധി ആളുകളിൽ നിന്നും നമുക്ക് ഫീഡ്ബാക്ക് കിട്ടും, അത് തീർച്ചയായും വിഷയം എസ്കലേറ്റ് ചെയ്യാനുള്ള ഡേറ്റയും ആകും.

മുരളി തുമ്മാരുകുടി

Leave a Comment