പൊതു വിഭാഗം

ഉത്തരമില്ലാത്ത ചോദ്യങ്ങൾ!

പത്തു വർഷങ്ങളായി ഞാൻ ഉത്തരമന്വേഷിക്കുന്ന ചില ചോദ്യങ്ങൾ,
 
1. ഒരു വർഷം കേരളത്തിൽ എത്ര വിദ്യാർഥികൾ അപകടങ്ങളിൽ മരിക്കുന്നു? (സ്‌കൂൾ വിദ്യാർഥികൾ, കോളേജ് വിദ്യാർഥികൾ എന്ന് തിരിച്ചു കിട്ടിയാൽ സന്തോഷം). ഏതൊക്കെ തരം അപകടങ്ങളാണ് അവ?
 
2. ഒരു വർഷം എത്ര പേർ കേരളത്തിൽ മുങ്ങി മരിക്കുന്നു?
 
3. ഒരു വർഷം പത്തു വയസ്സിന് താഴെയുള്ള എത്ര കുട്ടികൾ കാറപകടത്തിൽ മരിക്കുന്നു?
 
What you can’t measure you can’t manage എന്ന് ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്. ചൊല്ല് ഇംഗ്ളീഷിലാണെങ്കിലും കാര്യം കേരളത്തിലും ബാധകമാണ്. ഒരു വർഷം എത്ര സ്‌കൂൾ കുട്ടികൾ മരിക്കുന്നുണ്ട് എന്നറിഞ്ഞാൽ സ്‌കൂളിൽ സുരക്ഷാ പാഠങ്ങൾ ഉൾപ്പെടുത്താനുള്ള നിർദേശങ്ങൾക്ക് കൂടുതൽ ശക്തിയുണ്ടാകും. മുങ്ങിമരണങ്ങൾ എത്രയുണ്ടെന്നറിഞ്ഞാൽ ആ വിഷയത്തിൽ നമ്മൾ നടത്തുന്ന ഇടപെടലുകൾ ഫലപ്രദമാണോ എന്നറിയാൻ സാധിക്കും. കുട്ടികൾ റോഡപകടത്തിൽ മരിക്കുന്നതിന്റെ കണക്കാണ് ലോകത്തെന്പാടും ചൈൽഡ് സീറ്റ് നിർബന്ധമാക്കാൻ ആധാരമാക്കുന്നത്.
ഈ കണക്കുകളൊന്നും കേരളത്തിൽ ഇല്ലാത്തതല്ല. കേരളത്തിൽ ഓരോ മരണവും സംഭവിക്കുന്പോൾ അത് നിർബന്ധമായും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. അപകട മരണത്തിന്റെ കണക്കുകൾ ഉറപ്പായും പോലീസ് സ്റ്റേഷനിലും കാണും. പക്ഷെ, ഈ വിവരം ഒന്ന് ക്രോഡീകരിച്ചു കിട്ടാൻ കഴിഞ്ഞ പത്തു വർഷമായി എനിക്കറിയാവുന്ന എല്ലാവരോടും പറഞ്ഞു നോക്കി. നോ രക്ഷ!
 
ഇത് വായിക്കുന്ന ആർക്കെങ്കിലും സർക്കാരിന്റെ സംവിധാനങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നറിയാമെങ്കിൽ, ഫയലുകൾക്കുള്ളിൽ ഉറങ്ങുന്ന ഈ കണക്കുകളെ ആർ ടി ഐ വച്ചോ അസംബ്ലി ചോദ്യം വച്ചോ പുകച്ചു ചാടിക്കാൻ പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു തരണം.
 
മുരളി തുമ്മാരുകുടി
 

Leave a Comment