പൊതു വിഭാഗം

ഇവൾ ആള് ശരിയല്ല !!!.

ജനകീയ കോടതി എന്ന പ്രോഗ്രാം ഒരിക്കലും ഞാൻ പൂർണ്ണമായി കണ്ടിട്ടില്ല. ചെറിയ ക്ലിപ്പുകൾ കണ്ടതിൽ നിന്നും തന്നെ അതിൻറെ കെട്ടും, മട്ടും, വേഷം കെട്ടും കാന്പില്ലായ്മയും മനസ്സിലായത് തന്നെ കാര്യം.
പക്ഷെ അരുന്ധതിയുടെ എപ്പിസോഡ് കാണേണ്ടതാണെന്ന് എൻറെ മരുമകൻ Sreekanth Muraleedharan പറഞ്ഞത് കൊണ്ട് മാത്രം കണ്ടു.
 
എത്ര ആഴത്തിലുള്ള അറിവാണ്
എത്രയോ വിഷയങ്ങളിൽ
എത്ര കൃത്യമായ നിലപാടാണ്
എത്ര വ്യക്തമായി പറയുന്നു
 
അരുന്ധതിയെ വിചാരണ ചെയ്യാനുള്ള അറിവും ചിന്തയുമുള്ള വക്കീലും ജൂറിയും ഒന്നും ഇനിയും കേരളത്തിൽ ജനിച്ചിട്ടില്ല.
സനാതന ധർമ്മത്തെപ്പറ്റിയും നമ്മുടെ ‘സംസ്കാരത്തെ” പറ്റിയും ജനറ്റിക്സിനെ പറ്റിയും പൊട്ടത്തരം പറയുന്ന വക്കീൽ ചേച്ചിയെ നമുക്ക് വെറുതെ വിടാം. അതുകേട്ടു കയ്യടിക്കുന്ന കാഴ്ചക്കാരെ നമുക്ക് ‘പൊതുജനം’ എന്ന പ്രശസ്തമായ ഗ്രൂപ്പിൽ പെടുത്താം.
പബ്ലിക്ക് ഡിപ്‌ളേ ഓഫ് അഫക്ഷൻ ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണെന്ന അറിവുള്ള ടി ഷർട്ടിട്ട ചെറുപ്പക്കാരൻ ഏതുകാലത്താണ് ഇരുപതാം നൂറ്റാണ്ടിലെങ്കിലും എത്താൻ പോകുന്നത്?
തികഞ്ഞ സമചിത്തതയോടെ, ചിരി കൈവിടാതെ ഇതുപോലൊരു മൂഢസദസ്സിനെ കൈകാര്യം ചെയ്യുന്ന അരുന്ധതിയെ കണ്ടിരിക്കേണ്ടതാണ്.
പത്താം ക്ലാസിൽ എത്തുന്നതിന് മുൻപ് തന്നെ ‘ഇവൾ ആള് ശരിയല്ല’ എന്ന് നാട്ടുകാർ പറഞ്ഞിട്ടും അവർക്ക് മുന്നോട്ട് പഠിക്കാനും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും സമയവും സ്പേസും നൽകിയ മാതാപിതാക്കൾക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ.
 
അടിപൊളി Arundhathi B കേരളം മുഴുവൻ മതിലു കെട്ടുന്നത്രയും ആളുകൾ ഒന്നും വേണ്ട, ഇതുപോലൊരു പത്തു പേരു മതി കേരളത്തെ മുന്നോട്ട് കൊണ്ടുപോകാൻ. പക്ഷെ ഇതുപോലൊരു കേരളത്തിലേക്ക് അരുന്ധതി വരുമോ എന്നത് മാത്രമാണ് പ്രശ്നം.
 
മുരളി തുമ്മാരുകുടി
 
http://tiny.cc/72slfz

Leave a Comment