പൊതു വിഭാഗം

ഇവിടെയോരോ ജീവതരംഗവും ഇണയെ തേടും രാവിൽ…

വാലന്റൈൻസ് ദിനമാണ്.
പ്രണയിക്കാൻ ചുരുങ്ങിയത് ഒരു പങ്കാളിയെങ്കിലും ഉള്ളവരോടാണ് ആദ്യം
ഭാഗ്യം ചെയ്തവരാണ് നിങ്ങൾ. മനസ്സിനെ അപ്പൂപ്പൻ താടി പോലെ ഫ്‌ളോട്ട് ചെയ്യാൻ സാധിക്കുന്നത് പ്രണയം എന്ന വികാരം മനസ്സിൽ നിറയുന്പോൾ മാത്രമാണ്. അതുകൊണ്ട് ഉള്ള പ്രണയം(ങ്ങൾ) ആഘോഷിക്കുക, പരിപോഷിപ്പിക്കുക. അതിനെത്ര സമയം ചിലവാക്കിയാലും പണം മുടക്കിയാലും അത് കൂടുതലല്ല. മാറുന്ന ലോകമല്ലേ, അടുത്ത പ്രണയ ദിനത്തിന് ഈ പ്രണയമോ നമ്മളോ ഉണ്ടാകുമെന്ന് ഒരുറപ്പും പറയാൻ പറ്റില്ലല്ലോ. പ്രകടിപ്പിക്കാത്ത പ്രണയം കുടത്തിനുള്ളിലെ വിളക്കുപോലെ ഉപയോഗശൂന്യമാണെന്ന് ആരോ പറഞ്ഞിട്ടുണ്ട് (മാധവിക്കുട്ടി?). പ്രകടിപ്പിക്കാത്ത പ്രണയം ചിലവാക്കാത്ത ഗിഫ്റ്റ് വൗച്ചർ ആണെന്ന് രണ്ടാമൻ !
പ്രണയിക്കാൻ പേരിന് പോലും ഒരു പങ്കാളിയില്ലാത്തവരോടും രണ്ടു വാക്ക് !!
നിങ്ങളുടെ ഭാഗ്യം പറയാനേ ഇല്ല. ആത്മാർത്ഥമായ പ്രണയം ആത്മപ്രണയം തന്നെയാണ്. ഇതിൽ ധൈര്യമായി മുതൽ മുടക്കാം, കാരണം ഇതിൽ വഞ്ചനയില്ല, നാളെ ഇല്ലാതാകുമെന്ന പേടി വേണ്ട. എന്നും എപ്പോഴും നിങ്ങളുടെ ആശയങ്ങളോടും ചിന്തകളോടും പ്രവർത്തികളോടും ചേർന്ന് നിൽക്കുന്നത് നിങ്ങൾ മാത്രമാണ്. അതുകൊണ്ട് തന്നെ പ്രണയത്തിന്റെ ഈ ദിവസം സ്വയം ആഘോഷിക്കുക. മാറുന്ന ലോകമല്ലേ? എത്ര നാൾ നിങ്ങളോട് മാത്രം ചേർന്ന് വേറൊരാളുടെയും ശല്യമോ സമ്മർദ്ദമോ ഇല്ലാതെ ഈ ദിനം ആഘോഷിക്കാൻ പറ്റുമെന്ന് പറയാൻ പറ്റില്ല.
മുരളി തുമ്മാരുകുടി
 

Leave a Comment