പൊതു വിഭാഗം

ഇറച്ചി വെട്ടുന്ന എൻജിനീയറുടെ കഥ

ഇസ്രായേലിൽ പോയി മുങ്ങിയ കർഷകൻ, ഇംഗ്ലണ്ടിൽ കഷ്ടപ്പെടുന്ന വിദ്യാർഥികൾ ഇവരുടെ കഥകൾ വരുന്നു.

പത്തു വർഷം മുൻപെഴുതിയ ഒരു ലേഖനം ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു. റാഡിക്കൽ ആയ മാറ്റമല്ല.

ജോജിയെ ഞാന്‍ പരിചയപ്പെടുന്നത് പാരീസിലെ ചാര്‍ള്‍സ് – ഡി – ഗോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ്. വളരെ വലുതും ആര്‍ക്കും എളുപ്പം വഴിതെറ്റാവുന്നതും ആയ സ്ഥലം. അവിടെ വച്ചാണ് ജോജി എന്നോട് ചോദിക്കുന്നത്,
”ചേട്ടന്‍ മലയാളി ആണോ”

നാല്പതു കഴിയുകയും മുടികൊഴിയുകയും ചെയ്തതിനു ശേഷം എന്നെ ചേട്ടാ എന്നു വിളിക്കുന്ന ആരും എന്റെ സുഹൃത്താണ്
”അതെ”
”ചേട്ടന്‍ എങ്ങോട്ടാ?”
”ഇപ്പോള്‍ നാട്ടിലേക്ക്”
”ആ, നന്നായി ഞാനും നാട്ടിലേക്കാണ്”

വളരെ നാളുകൂടി നാട്ടിലേക്കു വരുന്നതിന്റെ സന്തോഷം ജോജിയില്‍ പ്രകടമായിരുന്നു.

”ചേട്ടനെന്താ പണി”
ഞാന്‍ എന്റെ കാര്യം പറഞ്ഞു. പിന്നെ ചോദിച്ചു.
”ആട്ടെ ജോജി എന്തുചെയ്യുന്നു?.
”ഞാന്‍ ഒരു വേലക്കാരനാ ചേട്ടാ”

ഈ വേലക്കാരന്‍ പ്രയോഗം എന്നെ അതിശയിപ്പിച്ചു. ഞങ്ങള്‍ പ്രവാസികള്‍ എല്ലാം തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വേലക്കാര്‍ ആണെങ്കിലും മറ്റുള്ളവരുടെ വീട്ടില്‍ പണിയെടുക്കുന്നവരാണല്ലൊ പൊതുവെ വേലക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. യൂറോപ്പില്‍ പൊതുവെ വീട്ടുവേലക്ക് ആളെ നിര്‍ത്തുന്നത് കുറവാണ് (നിയമാനുസൃതമായി അവര്‍ക്ക് കൊടുക്കേണ്ട ശന്പളം കൂടുതല്‍ യൂറോപ്യന്‍മാര്‍ക്കും താങ്ങാന്‍ പറ്റില്ല). സ്വിറ്റ്‌സര്‍ലാന്റില്‍ ഞാന്‍ കാണുന്ന കൂടുതലും വീട്ടുജോലിക്കാര്‍ എംബസി ഉദ്യോഗസ്ഥന്‍മാരുടെയോ പണക്കാരായ ഷേയ്ക്ക്മാരുടെയോ കൂടെ ജോലി ചെയ്യുന്നവര്‍ ആണ്. പക്ഷെ സാധാരണഗതിയില്‍ അവരും ഹൗസ് കീപ്പര്‍ എന്നല്ലാതെ വേലക്കാരന്‍ എന്ന് പരിചയപ്പെടുത്താറില്ല.
ജോജിയെ എനിക്കു വീണ്ടും ഇഷ്ടപ്പെട്ടു.
”ചേട്ടന്‍ എന്തു പഠിച്ചു” , സംസാരിക്കാനുള്ള മൂഡിലാണ് ജോജി.
”ഞാന്‍ എഞ്ചിനിയറിംഗ് കഴിഞ്ഞതാണ്.”
”ഞാനും എഞ്ചിനീയറാ ചേട്ടാ”

ഇതെന്നെ കണ്‍ഫ്യൂഷനില്‍ ആക്കി; അപ്പോള്‍ വേലക്കാരനാണ് എന്ന് പറഞ്ഞത് ?
”അതൊരു കഥയാ ചേട്ടാ..”

വിമാനത്തില്‍ കയറാനുള്ള അനൗണ്‍സ്‌മെന്റ് വന്നതുകൊണ്ട് എനിക്ക് ആ കഥ ഉടന്‍ കേള്‍ക്കാന്‍ പറ്റിയില്ല. പക്ഷെ ഭാഗ്യത്തിന് വിമാനത്തില്‍ വലിയ തിരക്കുണ്ടായില്ല.

വിമാനം പൊങ്ങി ഭക്ഷണം എല്ലാം കഴിഞ്ഞപ്പോള്‍ ജോജി ഒരു ആല്‍ബവുമായി എന്റെയടുത്തുവന്നു.

”ചേട്ടാ ഞാന്‍ കോതമംഗലത്താണ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും ഫസ്റ്റ് ക്ലാസില്‍ പാസായതാ. എന്റെ അച്ഛനും അമ്മയും സ്‌ക്കൂളില്‍ അദ്ധ്യാപകരായിരുന്നു. എനിക്ക് ഒരു ജോലിക്കു പോകാനായിരുന്നു ഇഷ്ടം. അവര്‍ക്കാകട്ടെ ഞാന്‍ കൂടുതല്‍ പഠിക്കണമെന്നും…. ”

അങ്ങനെ ഞങ്ങള്‍ എറണാകുളത്തുള്ള ഒരു എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിനെ കാണാന്‍ പോയി. എന്റെ മാര്‍ക്കെല്ലാം കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: ”ഈ വര്‍ഷത്തെ യു.കെ. ഓസ്‌ട്രേലിയ അഡ്മിഷന്‍ ഒക്കെ തീര്‍ന്നു. അല്ലെങ്കിലും അവിടെ ചേരാന്‍ ഇംഗ്ലീഷ് പരീക്ഷ വേറെ എഴുതണം. പക്ഷെ നോര്‍വേയില്‍ ഒരു യൂണിവേഴ്‌സിറ്റിയുണ്ട്. അവിടെയാകുന്പോള്‍ ഇംഗ്ലീഷ് പരീക്ഷയും ഇല്ല, ഫീസും കൊടുക്കേണ്ട. രണ്ടുവര്‍ഷം താമസിക്കാനുള്ള ഫീസ് മാത്രം നോക്കിയാല്‍ മതി”.

‘ഇതിന് എന്തു ചിലവുവരും” അപ്പച്ചന്‍ ചോദിച്ചു.

”ഓ, അതു വല്ല്യ കാര്യമായിട്ടൊന്നും ഇല്ല. താമസിക്കുന്ന ഹോസ്റ്റലിന്റെ ചിലവ്, ഭക്ഷണം തന്നെ ഉണ്ടാക്കി കഴിക്കാമല്ലോ, പിന്നെ വിമാനത്തിന്റെ കൂലി, എല്ലാം കൂടി ഒരു എട്ടു ലക്ഷം രൂപ ഉണ്ടെങ്കില്‍ കാര്യം കഴിയും”

(നാടോടിക്കാറ്റിലെ ശങ്കാരാടിയുടെ ” ഇത്തിരി പരുത്തിക്കുരു, ഇത്തിരു തേങ്ങാ പിണ്ണാക്കും എന്ന പ്രസിദ്ധമായ പ്രയോഗം ഓര്‍ക്കുക.)

”കാര്യം എട്ടു ലക്ഷം രൂപയാണെങ്കിലും അപ്പച്ചന് അതിനും ലോണെടുക്കേണ്ടി വന്നു. പത്തുലക്ഷം രൂപ എഡ്യുക്കേഷന്‍ ലോണ്‍ എടുത്ത് ഒരു ജനുവരിയില്‍ ഞാന്‍ ബോംബേയില്‍ നിന്ന് നോര്‍വേയിലേക്ക് വിമാനം കയറി.”

”എന്റെ ചേട്ടാ, നോര്‍വേയില്‍ തണുപ്പാണെന്നല്ലാതെ എത്ര തണുപ്പാണെന്ന് എനിക്കറിയാനും വയ്യായിരുന്നു. ആരും പറഞ്ഞും തന്നില്ല. എന്റെയടുത്ത് ആണെങ്കില്‍ ഒരു സ്വറ്റര്‍ മാത്രം. രാത്രി 8 മണിക്ക് ഓസ്ലോയില്‍ വിമാനം ഇറങ്ങിയ എനിക്ക് പുറത്ത് മഞ്ഞും കൊടുംതണുപ്പും കണ്ട് പേടി ആയി. ഭാഷ ആണെങ്കിലോ ആര്‍ക്കും ഒന്നും അറിയില്ല. എയര്‍ പോര്‍ട്ടില്‍ ഇരുന്നു കരഞ്ഞു വിറച്ച എന്നെ ഒരു വല്ല്യമ്മ സ്വന്തം കൊട്ടെടുത്തുതന്ന് സമാധാനിപ്പിച്ചു. പിന്നെ എന്റെ കയ്യില്‍ നിന്നും അഡ്രസ്സ് വാങ്ങി നോക്കി അവരുടെ കാറില്‍ അവിടെ എത്തിച്ചു.

”അല്ലായിരുന്നെങ്കില്‍ ഞാന്‍ അന്നേ ചത്തുപോയേനേ ചേട്ടാ ” ജോജിയുടെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.
”യൂണിവാഴ്‌സ്റ്റി എല്ലാം നല്ല സുഖം ആയിരുന്നു. നിറയെ കൂട്ടുകാര്‍, പഠിക്കാന്‍ അത്ര അധികം ഒന്നും ഇല്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാം ഒരുമിച്ച് ഒറ്റ ഹോസ്റ്റലില്‍. എനിക്ക് ചെറുപ്പം അല്ലായിരുന്നോ ചേട്ടാ, ഞാന്‍ അടിച്ചു പൊളിച്ചു.”
ജോജി ആല്‍ബം തുറന്നു. പഠിച്ച യൂണിവേഴ്‌സിറ്റിയുടെയും താമസിച്ചിരുന്ന ഹോസ്റ്റലിന്റെയും ചിത്രങ്ങള്‍ കൂട്ടുകാരുടെയും കൂട്ടുകാരികളുടേയും.

”പക്ഷേ നോര്‍വേയിലെ ഒരു കുഴപ്പം അവിടെ പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്നതാണ്. ഹോസ്റ്റല്‍ മുറിയല്ല ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ ആണ്. രണ്ടുപേര്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍, സ്വന്തം ബെഡ്‌റൂം, ഒരു സിറ്റിംഗ് റൂം, ഒരു അടുക്കള എന്നിങ്ങനെ. യാത്ര ചെയ്യാനും സ്വന്തം കാറില്ലെങ്കില്‍ നടക്കാത്ത സ്ഥലത്തായിരുന്നു യൂണിവേഴ്‌സ്റ്റി, അങ്ങനെ ഞങ്ങള്‍ക്ക് ഒരു കാറും മേടിക്കേണ്ടി വന്നു. എന്തു പറയാന്‍ എട്ടു ലക്ഷത്തിനു രണ്ടു വര്‍ഷം കഴിയുമെന്നു വിചാരിച്ചിട്ട് ഒന്നാം വര്‍ഷം കഴിഞ്ഞപ്പോഴേക്കും എന്റെ പൈസ മുഴുവന്‍ തീര്‍ന്നു.”

”സത്യം പറയണമല്ലോ ചേട്ടാ, ഞാനും അല്പം ധാരാളിത്തം കാണിച്ചു. ആദ്യമായിട്ടാണ് ഇന്ത്യക്ക് പുറത്ത്. ഇവിടുത്തെ സമ്മര്‍ അവധിക്കാലത്ത് ഞങ്ങള്‍ രാജ്യത്തിനക്കത്തും പുറത്തും യാത്ര ചെയ്തു.”

ജോജി വീണ്ടും ആല്‍ബം മറിച്ചു. യൂറോപ്പിലെ സമ്മറിന്റെ മനോഹര ചിത്രങ്ങള്‍. ട്രെയിനുകള്‍, പള്ളികള്‍, മല, തടാകം എവിടെയും ജോജിയും കൂട്ടുകാരും.

”എനിക്കു കുറച്ചുകാശുകൂടി വേണം” ഞാന്‍ അപ്പച്ചന് എഴുതി, പുള്ളിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. എന്നാലും അമ്മുടെ നിര്‍ബന്ധം കൊണ്ടാകണം പ്രൊവിഡന്റ് ഫണ്ടില്‍ നിന്നോ മറ്റോ ലോണെടുത്ത് എനിക്ക് 5 ലക്ഷം രൂപ അയച്ചു.

ഇത്തവണ ഞാന്‍ കുറച്ചുകൂടി ശ്രദ്ധിച്ച് ചിലവാക്കിയതാണെങ്കിലും അടുത്ത രണ്ടു സെമസ്റ്റര്‍ കഴിഞ്ഞപ്പോള്‍ ആ കാശും തീന്നു. ക്ലാസ് ഇനി ഒരു സെമസ്റ്റര്‍ കൂടി ഉണ്ട്.

”നീ ഇനി ഇങ്ങോട്ടു പോര്. ഇവിടെ പൈസ ഒന്നും ഇല്ല, അപ്പച്ചന്‍ പറഞ്ഞു. അമ്മച്ചിയുടെ ശിപാര്‍ശയോ എന്റെ കരച്ചിലോ, ഭീഷണിയോ ഒന്നും അപ്പച്ചന്റെയടുത്ത് ചിലവായില്ല.

ചെറുപ്പം അല്ലായിരുന്നോ ചേട്ടാ. എനിക്കും വാശിയായി. പ്രത്യേകിച്ചും കൂട്ടുകാരുടെ മുന്‍പില്‍ ഒക്കെ ഞാന്‍ എന്തു പറയും….!!!

”ചേട്ടന് അറിയാമോ യൂറോപ്പില്‍ പൈസ ഇല്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. പഠിത്തം ഏതാണെങ്കിലും നിര്‍ത്തേണ്ടി വരും. നോര്‍വേയില്‍ സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ക്ക് ജോലി എടുക്കാനും കഴിയില്ല. നാടുവിട്ടേ പറ്റൂ………

എന്റെ ഒരു കസിന്‍ ഓസ്ട്രിയയില്‍ നേഴ്‌സ് ആയിരുന്നു. ഞാന്‍ ആ ചേച്ചിയുടെ അടുത്തു പോയി.

ജോജി ആല്‍ബത്തിലെ പുതിയ പേജ് തുറന്നു. യൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നായ ഓസ്ട്രിയ, മ്യൂസിയങ്ങള്‍, കൊട്ടാരങ്ങള്‍, ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ആസ്ഥാനം എല്ലാം…ജോജിയുടെ ആല്‍ബത്തില്‍ …

”എടാ, ഇവിടെയും രക്ഷയൊന്നും ഇല്ല. നീ പാരീസില്‍ പോയി നോക്ക് അവിടെ പെര്‍മിറ്റില്ലാത്ത ഇമിഗ്രന്റസിന് എന്തെങ്കിലും ഒക്കെ ചെയ്ത് ജീവിക്കാന്‍ പറ്റും…”

അങ്ങനെ ഞാന്‍ പാരീസില്‍ എത്തി ”ഒരു വല്ല്യ സിറ്റിതന്നെ ചേട്ടാ..” എല്ലാകാലത്തും ടൂറിസ്റ്റുകളുടെ തിരക്ക്, അതിന്റെ ഇടയില്‍ പെര്‍മിറ്റില്ലാത്ത അനവധി ആഫ്രിക്കക്കാരും കിഴക്കന്‍ യൂറോപ്പ്യന്മാരും, ഭാഷയാണ് ബുദ്ധിമുട്ട്.

ഭാഗ്യത്തിന് ഇങ്ങനെ വിസയും ഒന്നും ഇല്ലാതെ വരുന്ന മലയാളികളെ സഹായിക്കുന്ന ഒരു ചേട്ടന്‍ അവിടെ ഉണ്ടായിരുന്നു. ചേട്ടന്റെ സഹായത്തോടെ ഞാന്‍ അവിടെ ടൂറിസ്റ്റുകള്‍ക്ക് ചെറിയ മെമന്റോ വില്ക്കുന്ന ഒരാളായി.

എന്തായാലും എത്ര കഷ്ടപ്പെട്ടാലും വീട്ടില്‍ തിരിച്ചുപോകില്ല എന്നു ഞാന്‍ തീരുമാനിച്ചു. (വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റോയിയുടെ ഡയലോഗിനോടു സാമ്യം).

കുറച്ചു നാള്‍ കൊണ്ട് ഞാന്‍ ഭാഷ ഒക്കെ പഠിച്ചു. ഒരു ദിവസം ആ ചേട്ടന്‍ എന്നോടു ചോദിച്ചു.

” എടാ നിനക്ക് ഒരപ്പൂപ്പനേയും അമ്മൂമ്മയേയും നോക്കാന്‍ പറ്റുമോ?.
”അതെന്താ ചേട്ടാ”
”എടാ ഇവിടെ ഒരു മദാമ്മക്ക് അവരുടെ വയസ്സായ അപ്പനേയും അമ്മയേയും നോക്കാന്‍ ഒരാളെ വേണം. മാസം ആയിരം യൂറോ കിട്ടും. താമസം ഫ്രീ”
ഞാന്‍ നോക്കീപ്പോ ഈ ആയിരം യൂറോ എന്നാല്‍ എഴുപതിനായിരം രൂപ, താമസച്ചിലവ് ഇല്ല. വീട്ടില്‍ ആയതുകൊണ്ട് പോലീസ് പെര്‍മിറ്റു ചെക്ക് ചെയ്യുമോ എന്ന പേടിയും വേണ്ട.
”ഞാന്‍ റെഡി.”
”അങ്ങനെയാണ് മുരളിച്ചേട്ടാ ഞാന്‍ വേലക്കാരന്‍ ആയത്. സത്യം പറയണമല്ലോ, ആ മദാമ്മ കുടുംബത്തില്‍ പിറന്നതായിരുന്നു. അതുകൊണ്ടാണല്ലോ അപ്പനേം, അമ്മയേയും വൃദ്ധസദനത്തില്‍ ആക്കാതെ വീട്ടില്‍ നിര്‍ത്തി നോക്കാന്‍ അവര്‍ക്ക് തോന്നിയത്…

വീട്ടില്‍ എനിക്ക് പ്രത്യേകിച്ച് പണി ഒന്നും ഇല്ലായിരുന്നു. അവര്‍ക്ക് വേണ്ടതെല്ലാം അവര്‍ കുക്ക് ചെയ്യും. ആവശ്യത്തിനുള്ളത് കടയില്‍ നിന്നും വാങ്ങികൊടുത്താല്‍ മതി. എനിക്ക് ഞാന്‍ വേറെ ഉണ്ടാക്കും. കൂടാത്തതിന് എനിക്ക് സ്വന്തം മുറി, എന്തിനു ചേട്ടാ ഇന്റര്‍നെറ്റുപോലും അവര്‍ എടുത്തു തന്നു. അമ്മച്ചിയെ ഫ്രീആയി വിളിക്കാനും പറ്റി.”

”ഞാന്‍ അവരെ നന്നായിനോക്കിയതു കൊണ്ടാകണം മദാമ്മക്ക് എന്നെ ഇഷ്ടപ്പെട്ടു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ എനിക്ക് പെര്‍മിറ്റ് എടുത്തുതന്നു.

‘ഈ ഫാമിലിയുടെ ഫോട്ടോ ജോജിയുടെ അടുത്തുണ്ടോ?.

”സത്യം പറയണേല്ലോ ചേട്ടാ. ഈ വേലക്കാരാനായിട്ടുള്ള ജീവിതം എനിക്ക് പിന്നെ ഓര്‍ക്കാന്‍ ഇഷ്ടമല്ല. അതുകൊണ്ടാണ് പാരീസില്‍ വന്നതില്‍ പിന്നെ ഒരു പടവും ഞാന്‍ എടുത്തിട്ടില്ല.

”ഞാന്‍ ആഴ്ചയില്‍ ഒരു ദിവസം ഇറച്ചിവാങ്ങാന്‍ പോകുന്ന ഒരു അറവുകാരന്റെ കടയുണ്ട് ഒരു ദിവസം അയാള്‍ എന്നോടു ചോദിച്ചു
” എന്റെ അസിസ്റ്റന്റായി കൂടുന്നോ… മാസം രണ്ടായിരം യൂറോ തരാം”

”എന്റെ ചേട്ടാ, രണ്ടായിരം യൂറോ എന്നാല്‍ അന്ന് ഒരു ലക്ഷത്തിനാല്പതിനായിരത്തിനു മുകളില്‍ വരും എന്റെ കൂടെ പഠിച്ച് ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോലും ഇത്ര കാശില്ല. ഞാന്‍ പക്ഷേ ഉടന്‍ മറുപടി പറഞ്ഞില്ല. ഈ മദാമ്മ എനിക്ക് ജോലിയും പിന്നെ പെര്‍മിറ്റും വാങ്ങി തന്നതല്ലേ. ചുമ്മാ അവരെ വിട്ട് ഓടിപ്പോകുന്നത് മര്യാദ അല്ലല്ലോ. അടുത്ത ആഴ്ച മദാമ്മ അപ്പനേയും അമ്മേം കാണാന്‍ വന്നപ്പോ ഞാന്‍ ഈ കാര്യം പറഞ്ഞു. പക്ഷെ ഞാന്‍ ഒരുകാര്യം കൂടെ പറഞ്ഞു.
”മാഡം സമ്മതിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ അമ്മയെ ഇങ്ങോട്ടു കൊണ്ടു വരാം അമ്മയാണെങ്കില്‍ എന്നേക്കാളും നന്നായി വീടു നോക്കും. ഞാനും ഇവിടെ താമസിക്കാം.”

എന്റെ ഭാഗ്യത്തിന് മദാമ്മ അതങ്ങു സമ്മതിച്ചു. ഞാന്‍ അമ്മയെ വിളിച്ചു പറഞ്ഞു. എന്നെ കണ്ടിട്ട് അപ്പോള്‍ കൊല്ലം നാലായതുകൊണ്ടാകാം അമ്മയും ഒറ്റയടിക്ക് അത് സമ്മതിച്ചു. അപ്പച്ചന് അതത്ര ഇഷ്ടമായില്ല കേട്ടോ. അത് പിന്നെ ഞാന്‍ അത്ര കാര്യമായി എടുക്കാനും പോയില്ല. പതുക്കെപ്പതുക്കെ ഞാന്‍ കടമൊക്കെ വീട്ടിതുടങ്ങിയിരുന്നു അതുകൊണ്ട് അപ്പനും കൂടുതല്‍ എതിര്‍പ്പിനു വന്നില്ല.

”എന്റെ ചേട്ടാ കഴിഞ്ഞ ആഴ്ച അമ്മച്ചിയുടെ വിസക്കുള്ള പേപ്പര്‍ ഒക്കെ ശരിയായി, ഞാന്‍ അതുമായി അമ്മച്ചിയെ കൊണ്ടുവരാന്‍ നാട്ടില്‍ പോവുകയാണ്…’

മറ്റുള്ള നാട്ടുകളില്‍ ഭാഷയും പെര്‍മിറ്റും ഇല്ലാതെ എത്തിപ്പെടുക എന്നത് പ്രവാസത്തിന്റെ ഏറ്റവും വലിയ ദുരിതം ആണ്.
പക്ഷെ മനുഷ്യന്റെ ഇച്ഛാശക്തി എന്തിനേയും വെല്ലുന്നതാണ്. ജോജിയെപ്പോലെ അനവധി ആളുകളെ എനിക്കറിയാം. ബ്രൂണൈയില്‍ എന്റെ വീട്ടില്‍ പൂല്ലുവെട്ടിക്കൊണ്ടിരുന്നത് ബംഗ്ലാദേശില്‍ അഗ്രികള്‍ച്ചര്‍ ബിരുദധാരി ആയ ഒരാളാണ്. ഒമാനില്‍ എന്നെ അറബി പഠിപ്പിച്ചാന്‍ ശ്രമിച്ച അദ്ധ്യാപകര്‍ സുഡാനിലെ ഡോക്ടര്‍ ആയിരുന്നു, എന്തിന് കേരളത്തില്‍ നിന്നുള്ള കോളേജ് അധ്യാപകര്‍ ആസ്‌ട്രേലിയയില്‍ ഐസ്‌ക്രീം വില്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

വിമാനം ദോഹയില്‍ ഇറങ്ങി. ” ചേട്ടാ എനിക്ക് പെട്ടെന്നായതുകൊണ്ട് പാരിസില്‍ ഷോപ്പിംഗ് ഒന്നും പറ്റിയില്ല. ഇവിടെ നിന്നും എന്തെങ്കിലും വാങ്ങണം…”
ജോജി തിരക്കില്‍ മറഞ്ഞു.

ദോഹയില്‍ നിന്നും നാട്ടിലേക്കുള്ള വിമാനം രാത്രി മൂന്നു മണിക്കാണ്. ഒന്നു കണ്ണടക്കുന്പോഴേക്കും കൊച്ചിയാകും. നേരം വെളുക്കുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ ഒന്നു മയങ്ങിയതേ ഉള്ളു. പക്ഷെ അതിനിടെ ഞാന്‍ ഒരു സ്വപ്‌നം കണ്ടു.

രണ്ടുവര്‍ഷത്തിനുശേഷം ഞാന്‍ വീണ്ടും പാരീസ് എയര്‍പോര്‍ട്ടില്‍. ജോജിയും അമ്മയും അവിടെ നിലക്കുന്നു.

”ചേട്ടാ എന്റെ കല്ല്യാണം ആണു കെട്ടോ.. ഞാന്‍ നിന്ന ഇറച്ചി കട ഇല്ലേ, അവിടെ സ്ഥിരം ആയി വന്ന ഒരു സാര്‍ എന്റെ സര്‍ട്ടിഫിക്കറ്റ് ഒക്കെ നോക്കി എനിക്ക് ശരിക്കു ഒരു എഞ്ചിനിയറുടെ ജോലി ശരിയാക്കിതന്നു. അയ്യായിരം യൂറോ കിട്ടും. ഇനി ഒരു ഫാമിലി ഒക്കെയാകാം. പ്രായവും ആയല്ലോ….”

”പക്ഷെ ഈ ഇറച്ചിക്കടക്കാരന്‍ എന്നെ ബുദ്ധിമുട്ടുള്ള കാലത്ത് സഹായിച്ചതല്ലേ അതുകൊണ്ട് ഞാന്‍ പറഞ്ഞു ” ചേട്ടാ, ഞാന്‍ എന്റെ അച്ഛനെ ഇങ്ങോട്ടുകൊണ്ടു വരാം. ഈ പണി ഈസി ആയി ചെയ്‌തോളും, കാശു കുറച്ചുകൊടുത്താലും മതി. ഞങ്ങള്‍ക്കൊക്കെ ഇപ്പോള്‍ ജോലി ഉണ്ടല്ലോ.” അയാളങ്ങു സമ്മതിച്ചു. ദേ, ഇതില്‍ അപ്പന്റെ പേപ്പര്‍ ഒക്കെ ഉണ്ട്, ജോജി ബാഗിലേക്ക് ചൂണ്ടി.

ഞാന്‍ ഒരു അന്ധവിശ്വാസി പോയിട്ട് വിശ്വാസി പോലും അല്ല. പക്ഷെ അതിരാവിലെ മയക്കത്തില്‍ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ സ്‌നേഹമുള്ള അനിയനു വേണ്ടി ഈ അന്ധവിശ്വാസം സത്യമാകണേ എന്നു പ്രാര്‍ത്ഥിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല.

ഒരു വേലക്കാരന്റെ ജന്മം കഴിഞ്ഞ് പുതിയ ഒരു ആല്‍ബം തുറന്ന് പുതിയ ജീവിതത്തിന്റെ ചിത്രങ്ങള്‍ ജോജി എന്നെ കാണിക്കുന്ന ദിവസം ഞാന്‍ ഇപ്പോഴും സ്വപ്‌നം കാണാറുണ്ട്.

(ഈ കഥ പൂര്‍ണമായും സത്യമാണ്. അതുകൊണ്ട് തന്നെ പേര്, സ്ഥലം എന്നിവയില്‍ ചില മാറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. മനസ്സിലാകുമല്ലോ. വിദേശത്ത് പഠിക്കാൻ പോകുന്നത് ഒരു നല്ല കാര്യം ആണെന്നാണ് അന്നും ഇന്നും ഞാൻ കരുതുന്നത്. ഇവിടെ എത്തി വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ സാധിക്കുന്ന അവസരങ്ങൾ ഉപയോഗിച്ച് പിടിച്ചു നിൽക്കാൻ നോക്കുന്നവരെ കുറിച്ച് എനിക്ക് ഒരു അഭിപ്രായക്കുറവും ഇല്ല, അല്പം അഭിമാനം ഉണ്ട് താനും. ഇന്നിപ്പോൾ യു.കെ. യിലേക്ക് പോകുന്നവരെ നോക്കിയുള്ള കുറ്റപ്പെടുത്തൽ ഒക്കെ കന്പാർട്ട്മെന്റിൽ ആദ്യം കയറിപ്പറ്റിയ കുറച്ചു പേരുടെ സുവിശേഷം ആണ്. ഒട്ടും പേടിക്കേണ്ട, കേറി വാടാ മക്കളേ… ഈ കഥയിലെ നായകൻ ഇപ്പോൾ ഒരുപക്ഷെ ഒരു ഇറച്ചിക്കടയോ സൂപ്പർമാർക്കറ്റോ നടത്തുന്ന ആളായിട്ടുണ്ടാകണം. കഠിനാധ്വാനം കൊണ്ട് എന്താണ് സാധിക്കാൻ പറ്റാത്തത്).

മുരളി തുമ്മാരുകുടി

വര:മദനന്‍

May be an illustration

Leave a Comment