പൊതു വിഭാഗം

ഇബ്ൻ ബത്തൂത്തയുടെ തണലിൽ

ഇത്തവണ ദുബായിൽ വന്നപ്പോൾ അധികം പേരെ ഒന്നും കണ്ടില്ല, പൊതു പരിപാടികൾ ഉണ്ടായും ഇല്ല. കുറച്ചു പേർക്കൊക്കെ വിഷമമായി.
 
സത്യം എന്തെന്ന് വച്ചാൽ ദുബായിലും അബുദാബിയിലും ഒക്കെ ഇപ്പോൾ എവിടെ പ്ലാൻ ചെയ്താലും നൂറിന് മുകളിൽ ആളുകൾ വരും, അത്രയും പേരൊക്കെ കൂടി നിന്ന് സംസാരിക്കുന്നത് അവിടുത്തെ സാമൂഹ്യ സുരക്ഷാ സാഹചര്യത്തിൽ റിസ്ക് ആണ്. യു എൻ തന്ന നീല പാസ്പ്പോർട്ട് ഉള്ളതിനാൽ ഞാൻ പൊടിയും തട്ടി പോകും, സംഘം ചേർന്ന നിങ്ങൾ കുഴപ്പത്തിലും ആകും. അത് വേണ്ട എന്ന് വച്ചു. അതുകൊണ്ടു തന്നെ കരിയർ കൗൺസലിംഗ് പോലെ എന്തെങ്കിലും വ്യക്തമായി സംസാരിക്കാൻ ഉള്ളവരെ മാത്രം നേരിട്ട് കണ്ടതേ ഉള്ളൂ. ദയവായി മനസ്സിലാക്കുമല്ലോ.
 
എന്ന് വച്ച് ആളുകളെ കാണാതിരുന്നില്ല. മരുമകളുടെ വീട്ടിലും സ്റ്റാർബക്സിലും കൂട്ടുകാരുടെ വീട്ടിലും ഒക്കെ ആയി ഏറെ പേരെ കണ്ടു, സംസാരിച്ചു. അതിൽ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് ഇബ്ൻ ബത്തൂത്ത മാളിൽ ആയിരുന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നും ദുബായിൽ എത്തിപ്പെട്ട മലയാളികൾ തമ്മിൽ ഒരു ചാൻസ് മീറ്റിങ് ആയിരുന്നു അത്.
 
ലണ്ടനിൽ നിന്നും നാട്ടിലേക്ക് പോകുന്ന വഴിയിൽ ഒരു ബ്രേക്ക് എടുത്ത ഐ ടി രംഗത്തെ Sudheer Mohan സുധീർ മോഹൻ, അമേരിക്കയിൽ നിന്നും ബെര്ലിനിലേക്കുള്ള ഉരുവിൽ കയറി ദുബായ് കടപ്പുറത്ത് ഇറങ്ങിയ Gopinath Parayil ഗോപി, ആഫ്രിക്കയിൽ കച്ചവടം നടത്തി തിരിച്ച് ദുബായിൽ എത്തിയ ജേക്കബ് Jacob Sudheer പിന്നെ നമ്മുടെ ആസ്ഥാന ആർട്ടിസ്റ്റ് ആയ ജലാൽ അബു സാമയും Jalal Abusamaa. എത്രയോ അനുഭവ സമ്പത്താണ് അവിടെ ഉണ്ടായിരുന്നത്. ഓരോരുത്തരും നൂറു ശതമാനം മലയാളിയും നൂറു ശതമാനം പ്രൊഫഷനലും നൂറു ശതമാനം വേൾഡ് ക്ലാസ്സും ആണ്. ഇതിലെത്രയോ ഇരട്ടിയാണ് മാളിന് പുറത്തുള്ള മലയാളി പ്രൊഫഷണലുകളുടെ ലോകം.
 
ഇബ്ൻ ബത്തൂത്ത മാളിൽ ആണ് ഞങ്ങൾ ഇരുന്നത് എന്നത് ആകസ്മികമല്ല. തൊഴിൽ തേടി നാട് വിട്ട, ഏറെ നാടുകളിൽ തൊഴിൽ ചെയ്തവരുടെ രാജാവ് രാജാവ് തന്നെയാണ് അദ്ദേഹം. ഏതാണ്ട് എഴുന്നൂറ് കൊല്ലം മുൻപ് സ്വന്തം ദേശമായ മൊറോക്കോയിൽ നിന്നും ഇരുപത്തി ഒന്നാം വയസ്സിൽ യാത്ര തുടങ്ങിയ ആളാണ്. പിന്നെ അടുത്ത ഇരുപത്തി ഒൻപത് വർഷം അദ്ദേഹം പോയ നാടുകൾ കേട്ടാൽ നമ്മൾ അതിശയിക്കും. അലക്‌സാൻഡ്രിയ മുതൽ കൈറോ വരെ, അന്റാലിയ മുതൽ അസോവ് വരെ, മൊഗദീഷു മുതൽ മോംബാസ വരെ ബസ്ര മുതൽ ഡൽഹി വരെ ഡമാസ്കസിലും മെക്കയിലും കോഴിക്കോടും ഒന്നിലധികം തവണ, മാലിദ്വീപിൽ, മലേഷ്യയിൽ സുമാത്രയിൽ, ചൈനയിൽ ടിംബക്ടുവിൽ എല്ലാം അദ്ദേഹം സഞ്ചരിച്ചു.
 
വെറും സഞ്ചാരം മാത്രം ആയിരുന്നില്ല, ചെല്ലുന്നയിടത്തൊക്കെ താമസിച്ചു, ചിലതെല്ലാം പഠിച്ചു, ഡൽഹിയിൽ ജഡ്ജിയായി ജോലി ചെയ്തു (അന്നൊക്കെ ഇസ്ലാമിക് ലോകത്തെ ഏറ്റവും സമ്പന്നമായിരുന്നു ഡൽഹി. അപ്പോൾ തുർക്കി മുതൽ ഉള്ള ഇസ്‌ലാമിക് രാജ്യങ്ങളിൽ നിന്നും പഠനം ഉള്ളവരും കച്ചവടം ചെയ്യാൻ താല്പര്യം ഉള്ളവരും “ചലോ ഡൽഹി” ആയിരുന്നു. ആ, അതൊരു കാലം). ബുദ്ധമതത്തിൽ നിന്നും പുതിയതായി ഇസ്‌ലാമിലേക്ക് മാറിയ മാലിദ്വീപിൽ ചീഫ് ജസ്റ്റീസ് ആയി, ചൈനയിൽ തുഗ്ലക്കിന്റെ അംബാസഡർ ജോലി കിട്ടി യാത്രയായെങ്കിലും അവിടെ എത്തിയപ്പോഴേക്കും വർഷം പലതു കഴിഞ്ഞതിനാൽ പോസ്റ്റ് ഏറ്റെടുക്കാൻ പറ്റിയില്ല. എത്ര അനുഭവ സമ്പന്നമായ യാത്ര. ഇതെല്ലം അദ്ദേഹം A Gift to Those Who Contemplate the Wonders of Cities and the Marvels of Travelling എന്നർത്ഥം വരുന്ന പുസ്തകത്തിൽ എഴുതിക്കൂട്ടി. (ഇതിൽ കുറച്ചു ഭാഗം സോമനടി ആണെന്ന് കണ്ടു പിടിച്ചിട്ടുണ്ട്. Manoj Ravindran Niraksharan ഇവിടെ ശ്രദ്ധിക്കൂ, ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല).
 
ഇബ്ൻ ബത്തൂത്തയുടെ തണലിൽ ഇരുന്ന് ഞങ്ങൾ സംസാരിച്ചതത്രയും കേരളത്തിന്റെ ഭാവിയെ കുറിച്ചായിരുന്നു. ആരും “കേരളത്തിൽ ഒന്നും നടക്കില്ല” എന്ന് പറയുന്നവർ അല്ലായിരുന്നു. തൊഴിൽ മാന്ദ്യം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കും എന്ന് പേടിക്കുന്നവർ അല്ലായിരുന്നു
 
കേരളത്തിൽ വികസനത്തിന്റെയും നേതൃത്വത്തിന്റെയും ചിന്തകളിൽ ഒരു തലമുറയുടെ മാറ്റം ഉണ്ടാകണമെന്നും അങ്ങനെ ഉണ്ടാകുന്ന കാലത്ത് കേരളം പുറം ലോകത്തെ കണ്ണിൽ നേരെ നോക്കി നിന്ന് നേരിടും എന്നും ഉറച്ചു വിശ്വസിക്കുന്നവർ ആയിരുന്നു എല്ലാവരും. ആ വിശ്വാസം ഒന്നും “കേരളമെന്ന പേരുകേട്ടാൽ അഭിമാന പൂരിതം ആകണം അന്തരംഗം” എന്ന പാട്ടു കേട്ടുണ്ടായ മിഥ്യ അഭിമാനം ആയിരുന്നില്ല, മറിച്ച് ലോകത്തെവിടയും ഉള്ള പ്രസ്ഥാനങ്ങളിൽ ജോലി ചെയ്തും, ഏറ്റവും മിടുക്കന്മാരോട് മാറ്റുരച്ചും, പിടിച്ചു നിന്നും, കത്തിക്കയറിയും ഉണ്ടാക്കിയ ആത്മവിശ്വാസം ആയിരുന്നു.
 
പുതിയ തലമുറയുടെ ഈ ആത്മവിശ്വാസം അറിയുന്ന, അതിനെ ഉപയോഗിക്കാൻ പറ്റിയ നേതൃത്വവും സംവിധാനങ്ങളുമുള്ള ഒരു കാലം കേരളത്തിൽ വരുമ്പോൾ കേരളം ലോകത്തെ നേരിടും, സത്യത്തിൽ നമ്പർ വൺ ആവുകയും ചെയ്യും. ആ കാലം അത്ര ദൂരത്തിൽ അല്ല, അവിടെ നമ്മൾ എത്തുമെന്നതിൽ എനിക്ക് സംശയം ഇല്ല.
 
സമയം പോയതറിഞ്ഞില്ല. പക്ഷെ എല്ലാവർക്കും വേറെയും തിരക്കുണ്ടായതിനാൽ പറയാൻ ഏറെ ബാക്കി വച്ചിട്ടാണ് പിരിഞ്ഞത്.
 
ഫാഹിയാണെപ്പോലെ മാർക്കോ പോളോയെ പോലെ ഇബ്ൻ ബത്തൂത്തയും ഒരു സഞ്ചാരിയാണെന്നൊക്കെ എട്ടാം ക്‌ളാസ്സിലെ സാമൂഹ്യ പാഠത്തിൽ പഠിച്ച ഓർമ്മയേ ഉണ്ടായിരുന്നുള്ളൂ. തിരിച്ചു ജനീവയിൽ എത്തിയിട്ടാണ് ഈ ഇബ്ൻ ബത്തൂത്തയെ പറ്റി കൂടുതൽ വായിച്ചത്. ഏറെ ലോക സഞ്ചാരം ഒക്കെ നടത്തിയിട്ടുണ്ടെന്നും പല സ്ഥലത്ത് പല സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും വലിയ അഭിമാനമുള്ള ആളായിരുന്നു ഞാൻ. ഇബ്ൻ ബത്തൂത്തയുടെ ചരിത്രം വായിച്ചതോടെ അത് തീർന്നു !!. മാലിദ്വീപിൽ പോയി ജോലി കിട്ടി ഒൻപത് മാസത്തിനകം നാല് കല്യാണവും കഴിച്ചു എന്നും കേട്ടതോടെ കുശുമ്പ് മൂത്തു. പിന്നെ ബത്തൂത്തയും എന്നെപ്പോലെ അല്പം പുളു അടിക്കും എന്നാണ് ചരിത്രകാരന്മാർ പറഞ്ഞിരിക്കുന്നത്, അതുകൊണ്ട് തന്നെ സ്ത്രീ വിഷയം ഒക്കെ പുളുവാണെന്ന് ഞാൻ അങ്ങ് ആശ്വസിച്ചു.
 
അവസാനം മൊറോക്കോവിലെ സുൽത്താൻ അന്ത്യശാസനം കൊടുത്ത് മാലിയിൽ രാജാവിന്റെ അതിഥിയായി ജീവിച്ചിരുന്ന ബത്തൂത്തയെ നാട്ടിൽ എത്തിക്കുകയായിരുന്നു. അത് കഴിഞ്ഞു പത്തു പതിനഞ്ചു വർഷം കൊണ്ടാണദ്ദേഹം യാത്ര ചരിത്രം മുഴുവൻ എഴുതിയത്. അന്ന് രാത്രി രണ്ടാമനെ നാട്ടിലെ രാജാക്കന്മാർ തിരിച്ചു വിളിച്ചുവെന്നും , അവിടെ നാട്ടിൽ ഇരുന്നു യാത്ര ചരിത്രം എഴുതിയെന്നും ഒക്കെ ഞാൻ സ്വപ്നം കണ്ടു. കൂട്ടത്തിൽ കുറച്ചു സ്ത്രീകളുടെ കാര്യം കൂട്ടി എഴുതണം എന്ന് സ്വപ്നത്തിലേ പ്ലാൻ ചെയ്തു.
 
നേരം വെളുക്കാൻ പോകുന്ന കാലത്തെ സ്വപ്‌നങ്ങൾ നടക്കും എന്നാണല്ലോ…
 
മുരളി തുമ്മാരുകുടി

Leave a Comment