‘മുരളിച്ചേട്ടൻ വായിക്കുന്ന പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് തരാമോ?’ എന്നോട് പലരും പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഞാനീ എഴുത്തൊക്കെ എഴുതുന്നതിനാൽ ആഴത്തിലുള്ള വായനയുള്ള ആളാണെന്ന ഒരു തെറ്റിദ്ധാരണ ആളുകൾക്ക് പരക്കെയുണ്ട്. ഞാനത് തിരുത്താനൊന്നും പോകാറില്ല. ‘ഒരാൾ നീ കാശുകാരനാണെന്ന് തെറ്റിദ്ധരിക്കുകയോ പറയുകയോ ചെയ്താൽ ‘അല്ല’ എന്ന് ഒരിക്കലും പറയരുത്, വല്ലപ്പോഴും കടം ചോദിക്കേണ്ടി വന്നാൽ കിട്ടുമല്ലോ’ എന്ന ഉപദേശം അച്ഛൻ പണ്ട് തന്നിട്ടുണ്ട്. ‘എന്നുവെച്ച് നീ കാശുകാരനാണെന്ന് നീ വിചാരിക്കുകയും അരുത്’ എന്നുകൂടി അന്ന് അച്ഛൻ കൂട്ടിച്ചേർത്തു.
സത്യം പറയട്ടെ, ഞാനങ്ങനെ ആഴത്തിൽ വായനയുള്ള ആളൊന്നുമല്ല, വായന എന്നും ഇഷ്ടമായിരുന്നു എന്നുമാത്രം. ആദ്യം വായിച്ചത് ‘അമ്പിളി അമ്മാവൻ’ ആയിരുന്നു. അതിലെ കഥാപാത്രങ്ങളായ ഖഡ്ഗവർമ്മനും ജീവദത്തനും ഒക്കെ ഇപ്പോഴും ഓർമ്മയിലുണ്ട്. പിന്നെ റഷ്യൻ നാടോടിക്കഥകൾ, മനോരമ, മനോരാജ്യം, മംഗളം തുടങ്ങി എഴുത്തുകാരിൽ മാത്യു മറ്റം, മുട്ടത്തുവർക്കി, കോട്ടയം പുഷ്പനാഥ്, എന്നിങ്ങനെയായിരുന്നു വായനയുടെ വളർച്ച. മനോരമയിലെ ബോബനും മോളിയും വായിച്ചുരസിച്ച പരിചയത്തിൽ പത്തുവയസ്സുള്ളപ്പോൾ മാതൃഭൂമിയിലെ ചെറിയ മനുഷ്യരും വലിയ ലോകവും വായിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അന്ന് നിർത്തിയതാ തിരുമേനി, മാതൃഭൂമിയിലേക്കുള്ള നോട്ടം.
ഒരു പുസ്തകം ഇഷ്ടപ്പെട്ടാൽ അതെത്ര തവണ വായിക്കാനും എനിക്ക് ബുദ്ധിമുട്ടില്ല. എൻ പി ചെല്ലപ്പൻ നായരുടെ ‘ഇബിലീസുകളുടെ നാട്ടിൽ’ എന്ന പുസ്തകം എത്രയോ വട്ടം വായിച്ചിരിക്കുന്നു. ഇപ്പോൾ വായിച്ചാലും എനിക്ക് ചിരി പൊട്ടും. ഷെർലോക്ക് ഹോംസ് കഥകളും അതുപോലെ തന്നെയാണ്.
ഇപ്പോഴും ഞാൻ എന്നും എന്തെങ്കിലുമൊക്കെ വായിക്കും. കിൻഡിൽ ഒക്കെ ഉണ്ടെങ്കിലും പുസ്തകങ്ങളോടാണ്, പ്രത്യേകിച്ചും ആത്മകഥകളാണ് കൂടുതൽ ഇഷ്ടം. അതിവേഗത്തിൽ വായിച്ചുതീരും. ഒരുദിവസം അഞ്ഞൂറു പേജൊക്കെ വായിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. അതിന് പ്രത്യേകിച്ച് ടെക്നിക്ക് ഒന്നുമില്ല. ഒരു പുസ്തകം കൈയിലെടുത്ത് ഒന്നാമത്തെ പേജ് വായിക്കുന്നത് മാത്രമാണ് എന്റെ ഉത്തരവാദിത്തം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒന്നിൽ നിന്ന് രണ്ടാമത്തെ പേജിലേക്ക് എന്നെ എത്തിക്കേണ്ട ചുമതല എഴുത്തുകാരുടെ ആണ്. അതുകൊണ്ട് തന്നെ എന്റെ പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് ഞാൻ ആരോടെങ്കിലും ചോദിക്കുമ്പോൾ ‘ഇല്ല’ എന്നുപറഞ്ഞാൽ എനിക്കൊരു വിഷമവും തോന്നില്ല. ഞാൻ തന്നെ വാങ്ങുന്നതിൽ പകുതി പുസ്തകവും വായിക്കാറില്ല. പക്ഷെ ‘ഞാൻ കുറച്ചു വായിച്ചു’ എന്ന് എന്നോടാരെങ്കിലും പറഞ്ഞാൽ എനിക്ക് ദേഷ്യവും സങ്കടവും വരും. എന്റെ പുസ്തകം വായിച്ചു തുടങ്ങിയിട്ട് അത് മുഴുമിക്കാൻ പറ്റിയില്ലെങ്കിൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ പരാജയമായിട്ടാണ് ഞാനതിനെ കാണുന്നത്. (ഈ പകുതി വായിച്ചു എന്ന് പറയുന്നവർ പുസ്തകം തുറന്നു നോക്കാത്തവരും എന്നാൽ തുറന്നില്ല എന്ന് നേരെ പറയാൻ മടിയുള്ളവരും ആണെന്നാണ് എന്റെ വിശ്വാസം, അതുകൊണ്ടാണ് ദേഷ്യം വരുന്നത്).
അതേസമയം തന്നെ എത്ര പ്രശസ്തമായ പുസ്തകമാണെങ്കിലും എത്ര പേരുകേട്ട എഴുത്തുകാരനാണെങ്കിലും എന്നെ വായിപ്പിച്ചില്ലെങ്കിൽ പത്തുപേജ് പോലും ഞാൻ കടക്കാറില്ല. ഓർഹാൻ പാമുക്കിന്റെ പുസ്തകമൊക്കെ അങ്ങനെ പത്തു പേജ് കടക്കാതെ ഇരിപ്പുണ്ട്. പുള്ളി തനിച്ചല്ല, നോം ചോസ്കി മുതൽ ഹെന്റ്രി കിസ്സിങ്ർ വരെ അനവധി കൂട്ടുകാരുണ്ട്. അവരുടെ കൂടെ ഇരിക്കുന്ന മലയാളികളുടെ പേര് പറയുന്നില്ല, അവർക്ക് വിഷമമാകും.
ഒരു പുസ്തകം മാത്രം ഞാൻ ഇഷ്ടമില്ലാഞ്ഞിട്ടും വായിച്ചു തീർത്തിട്ടുണ്ട്, അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്’. ഞാൻ ബ്രൂണെയിലായിരുന്ന കാലത്ത് ഓഫീസിൽ എല്ലാ നാട്ടുകാരും ഈ പുസ്തകത്തെപ്പറ്റിത്തന്നെ പറയുന്നു. ഒരു ഇന്ത്യൻ പുസ്തകത്തെപ്പറ്റി മറ്റു നാട്ടുകാർ ചർച്ച ചെയ്യുന്നത് തന്നെ അപൂർവമാണ്. അപ്പോൾ ഏക ഇന്ത്യക്കാരനായ എനിക്ക് അതിനെപ്പറ്റി ഒന്നും അറിയില്ലെങ്കിൽ മോശമല്ലേ. വാങ്ങി, വായന തുടങ്ങി. എത്ര ശ്രമിച്ചിട്ടും ഗ്രിപ്പ് കിട്ടുന്നില്ല, മടക്കിവെച്ചു. പക്ഷെ പിന്നെയും സൗഹൃദസദസ്സുകളിൽ ഇത് തന്നെ ചർച്ച. അത് കൊണ്ട് എങ്ങനെയും വായിച്ചു തീർക്കും എന്ന് തീരുമാനിച്ചു. കക്കൂസിൽ പോകുന്ന, വേറെ ഒന്നും ചെയ്യാനില്ലാത്ത ആ സമയത്ത് നിർബന്ധപൂർവ്വം വീണ്ടും തുറന്നു. എന്നിട്ടും കാര്യമില്ല, വീണ്ടും അങ്ങനെതന്നെ അടച്ചു. ഒരു മാസമെടുത്തു ആ ബുക്ക് എങ്ങനെയെങ്കിലും ഒന്ന് വായിച്ചുതീർക്കാൻ. എന്നിട്ടും നന്ദനത്തിലെ നവ്യാനായരെപ്പോലെ ‘ഞാൻ മാത്രം ഒന്നും കണ്ടില്ല’.
ഇപ്പോൾ എനിക്കൊരു സൗകര്യമുണ്ട്. എന്റെ വായനാശീലങ്ങൾ അറിയുന്ന ചിലരുണ്ട്, പ്രാധാനമായും ലണ്ടനിലുള്ള എന്റെ മരുമകൻ ശ്രീകാന്തും Sreekanth Muraleedharan ഭാര്യ നർത്തനയും. ധാരാളം വായിക്കുന്നവരാണവർ. അവർ വായിക്കുമ്പോൾ എനിക്കിഷ്ടപ്പെടാൻ സാധ്യതയുള്ളവ എനിക്കായി വാങ്ങിവെക്കും. ഓരോ തവണയും ലണ്ടനിൽ പോകുമ്പോൾ അതെല്ലാം എടുത്തുകൊണ്ടുവരും. അങ്ങനെയാണ് ഇപ്പോൾ എന്റെ വായന. ‘ദി ഇസ്ലാമിസ്റ്റ്’ എന്ന പുസ്തകമൊക്കെ അങ്ങനെയാണ് വായിച്ചത്. ലണ്ടനിൽ നടക്കുന്ന തീവ്രവാദി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ബുക്ക് തന്നെ.
https://www.amazon.co.uk/Islamist-joined-radical-Britain-inside/dp/0141030437
Leave a Comment