പൊതു വിഭാഗം

ഇപ്പൊ സന്തോഷമായല്ലോ അല്ലേ…

 എല്ലാ വർഷവും രാജ്യങ്ങളുടെ സന്തോഷം അളന്നു നോക്കി അവയെ റാങ്ക് ചെയ്യാറുണ്ട്. സന്തോഷം കണ്ടുപിടിക്കുക അല്പം കഠിനമായ കാര്യമാണ്. അത് ചൂട് പോലെയോ മഴ പോലെയോ എളുപ്പത്തിൽ അളക്കാൻ പറ്റുന്നതല്ല. ആറു വിഷയങ്ങളാണ് ആളുകളുടെ സന്തോഷത്തിന് അടിസ്ഥാനമായി എടുത്തിരിക്കുന്നത് 1. GDP Per capita 2. Social Support 3. Health Expectancy 4. Social Freedom 5. Generosity and 6. Absence of Corruption.
 
ഈ വിഷയങ്ങൾ തന്നെ നേരിട്ട് അളക്കുകയല്ല. ഓരോ രാജ്യത്തും ആളുകൾ സ്വന്തം ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെ, ഒന്നു മുതൽ പത്തു വരെയുള്ള സ്‌കോറിൽ ആദ്യം മനസിലാക്കുന്നു, എന്നിട്ട് മുൻപറഞ്ഞ മാനങ്ങൾ വച്ച് ആളുകളുടെ സ്വന്തം സ്കോറിങ്ങിനെ നിർവചിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടു തന്നെ കിട്ടുന്ന സ്കോറിനും അത്ര അർത്ഥം കൊടുക്കേണ്ട. പക്ഷെ എല്ലാ രാജ്യങ്ങളെയും ഒരേ അളവുകോൽ വെച്ച് അളക്കുന്നതിനാൽ താരതമ്യത്തിന്റെ കാര്യത്തിൽ വലിയ അർത്ഥം ഉണ്ട്. ഈ വർഷത്തെ റിപ്പോർട്ട് ഇന്ന് വന്നിട്ടുണ്ട്.
 
ഫിൻലാൻഡ് ആണ് ഒന്നാമത്. വടക്കൻ യൂറോപ്പിലെ ഒരു ചെറു രാജ്യമായ ഫിൻലാൻഡ്, ഏറെക്കാലം റഷ്യയുടെ കീഴിൽ ആയിരുന്നു. എണ്ണയോ വിലപിടിച്ച ലോഹങ്ങളോ ഒന്നുമില്ലാത്ത രാജ്യം. കഠിനമായ കാലാവസ്ഥയും. മുപ്പത് വർഷം മുൻപ് വരെ അധികം സമ്പന്നവുമല്ലായിരുന്നു. എന്നാൽ അവരുടെ മാതൃ, ശിശു സംരക്ഷണവും വിദ്യാഭ്യാസ രീതികളും ഇന്ന് ലോകത്തിന് മാതൃകയാണ്. ഇപ്പോളിതാ അവർ ലോകത്തെ ഏറ്റവും സന്തോഷമുള്ള ജനതയായിരിക്കുന്നു. രാജ്യം എന്നൊക്ക പറയുന്നത് അത്ര കാര്യമായി എടുക്കേണ്ട, കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യയേ ഉള്ളൂ.
 
ഇവരിൽ നിന്നൊക്കെ എന്താണ് നമ്മൾ പഠിക്കേണ്ടത്?
 
ഇത്തവണത്തെ സന്തോഷത്തിന്റെ റിപ്പോർട്ടിൽ ഒരു നാട്ടിലേക്ക് വന്ന മറ്റു നാട്ടുകാരുടെ സന്തോഷവും അളന്നിരുന്നു. ഇക്കാര്യത്തിലും ഫിൻലാൻഡ് തന്നെ മുന്നിൽ. അപ്പോൾ നാട്ടുകാർ മാത്രമല്ല അവിടെ സുഖമായി കഴിയുന്നതെന്ന് വ്യക്തം.
ഇന്ത്യയുടെ സന്തോഷം എവിടെ എന്ന് നോക്കി ഞാൻ അല്പം സങ്കടപ്പെട്ടു. നൂറ്റി മുപ്പത്തി മൂന്നാണ് നമ്മുടെ റാങ്ക്. നമ്മുടെ മുകളിലുള്ള ചിലരെ കൂടി ശ്രദ്ധിക്കുക. എൺപത്തി ആറിൽ ചൈന, നൂറ്റി നാലിൽ പലസ്തീൻ പ്രദേശങ്ങൾ, നൂറ്റി പതിനഞ്ചിൽ ബംഗ്ലാദേശ്. ആകപ്പാടെ ഒരു ഗുണം ഉള്ളതെന്തെന്ന് വച്ചാൽ ഇന്ത്യയിൽ താമസിക്കുന്ന പ്രവാസികൾ പൊതുവെ ഇന്ത്യക്കാരേക്കാൾ സന്തോഷം ഉള്ളവരാണ്, തൊണ്ണൂറ്റി ഒന്നാണ് ഇന്ത്യയിലെ പ്രവാസികളുടെ റാങ്ക്. പക്ഷെ പത്തു വർഷത്തെ അപേക്ഷിച്ച് നമ്മുടെ സന്തോഷം കുറഞ്ഞു വരുന്നു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. അച്ചേ ദിൻ ഒക്കെ ശശി തരൂർ പറഞ്ഞതു പോലെ അടുത്തൊന്നും വരുന്ന മട്ടില്ല.
 
ഈ കണക്ക് ശരിയാണോ എന്നൊന്നും ആരും എന്നോട് ചോദിക്കണ്ട. താല്പര്യമുള്ളവർ മുഴുവൻ റിപ്പോർട്ടും വായിച്ചു നോക്കൂ. എന്തായാലും പതിവ് പോലെ ഒരു ഓഫർ വക്കാം. കേരളത്തിന്റെ കാര്യത്തിൽ ഇത്തരം ഒരു സർവേ നടത്താൻ ഏതെങ്കിലും ആളുകൾ മുന്നോട്ടു വന്നാൽ ഒരു കൈ നോക്കാം.
 
സ്വിറ്റ്‌സർലണ്ടിൽ താമസിക്കുന്ന പ്രവാസികളുടെ റാങ്ക് ഒൻപതാണ്. ചുമ്മാതാണോ ഞാനെപ്പോഴും ചിരിച്ചു സന്തോഷമായിരിക്കുന്നത് ? നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ റാങ്ക് ഒന്ന് നോക്കൂ. സന്തോഷിക്കൂ…
 
https://s3.amazonaws.com/happiness-report/2018/WHR_web.pdf
 
മുരളി തുമ്മാരുകുടി.

Leave a Comment