പൊതു വിഭാഗം

ഇന്ത്യൻ പ്രസിഡന്റ് പോലും ബഹുമാനിച്ചിരുന്ന ഒരാൾ.

1994 ലാണ് ഞാൻ ആദ്യമായി ശ്രീ. എൻ. ആർ. മാധവ മേനോനെ പരിചയപ്പെടുന്നത്. ഇന്ത്യയിൽ നിയമവിദ്യാഭ്യാസം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായിട്ടും, ലോ കോളേജുകൾ എന്നാൽ പൊതുവെ മോശമായ അക്കാദമിക് സംവിധാനങ്ങളുള്ളതും, പഠിക്കാൻ ഏറ്റവും മോശമായവർ ചെന്നു ചേരുന്നതുമായ സ്ഥലമെന്ന ചീത്തപ്പേരുണ്ടായിരുന്ന കാലത്ത്, നിയമം പഠിപ്പിക്കാൻ മാത്രമായി ഒരു യൂണിവേഴ്സിറ്റി സ്ഥാപിച്ച് കെട്ടിപ്പടുക്കുന്ന മലയാളിയെക്കുറിച്ച് ആരോ പറഞ്ഞു. അതൊന്നു പോയി കാണണമെന്ന് ഞാൻ തീരുമാനിച്ചു. അദ്ദേഹത്തിന് എഴുതി, അടുത്ത തവണ ബാംഗ്ലൂരിൽ വരുന്പോൾ കാണാമെന്ന് പറഞ്ഞു. അങ്ങനെയാണ് ബാംഗ്ലൂരിലെ നാഷണൽ ലോ സ്‌കൂൾ യൂണിവേഴ്സിറ്റിയിൽ എത്തുന്നതും അദ്ദേഹത്തെ കാണുന്നതും.
 
ലോകത്തെവിടെയെങ്കിലും പേരുകേട്ട ഒരു വിദ്യാഭ്യാസ സ്ഥാപനമുണ്ടെങ്കിൽ അതിന് പിന്നിൽ ചുരുങ്ങിയത് പത്തു വർഷമെങ്കിലും സ്വന്തം ജീവിതം അതിനായി മാറ്റിവച്ച ഒരാളുടെ കഥ ഉണ്ടാകും. സ്ഥാപനത്തിന് കെട്ടിടമുണ്ടാക്കാൻ ആർക്കും സാധിക്കുമെങ്കിലും അതിലൊരു വിദ്യാഭ്യാസ സംസ്കാരം ഉണ്ടാക്കിയെടുക്കാൻ, നല്ല അധ്യാപകരെ ആകർഷിക്കാൻ, അവരെ നില നിർത്താൻ, മിടുക്കന്മാരായ കുട്ടികളെ അവിടെ എത്തിക്കാൻ എല്ലാം ദീർഘവീക്ഷണമുള്ള ഒരു നേതൃത്വം വേണം.
ഇന്ത്യയിലെ നിയമ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റിയ ബാംഗ്ലൂരിലെ നാഷണൽ ലോ സ്‌കൂളിലെ സ്ഥാപക ഡയറക്ടർ ആയിരുന്ന ശ്രീ എൻ ആർ മാധവ മേനോൻ അങ്ങനെ ഒരാൾ ആയിരുന്നു. ഇന്നും ഇന്ത്യയിലെ ഒന്നാമത്തെ നിയമ വിദ്യാഭ്യാസ സ്ഥാപനം കേവലം മുപ്പത് വർഷം പ്രായമുള്ള ഈ യൂണിവേഴ്സിറ്റിയാണ്.
 
സാധാരണക്കാർക്ക് ഇത്തരം ഒരു സ്ഥാപനം മതി അവരുടെ അവതാര ലക്ഷ്യം പൂർത്തീകരിക്കാൻ. പക്ഷെ ബാംഗളൂരിലെ സ്ഥാപനം ഇന്ത്യയിലെ നന്പർ വൺ ആക്കിയതിന് ശേഷം അദ്ദേഹം കൽക്കട്ടയിൽ പുതിയൊരു നിയമ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആദ്യത്തെ തലവനായി. അതിനെയും ഇന്ത്യയിലെ ആദ്യത്തെ മികച്ച അഞ്ചു സ്ഥാപനങ്ങളിൽ ഒന്നാക്കിയ ശേഷം ഭോപ്പാലിലെ നാഷണൽ ലോ അക്കാദമിയുടെ തലവനായി.
 
അദ്ദേഹത്തെ മുംബയിൽ ഞാൻ ജോലി ചെയ്ത സ്ഥാപനത്തിലേക്ക് സ്വീകരിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ ചിന്തകൾ ചർച്ച ചെയ്യാനും എനിക്ക് പിന്നീട് അവസരമുണ്ടായി. കൂട്ടത്തിൽ അദ്ദേഹം പറഞ്ഞ ഒരു കഥ ഞാൻ ഇപ്പോഴും ഓർക്കുന്നു.
 
അദ്ദേഹത്തിനും പ്രസിഡന്റ് ശങ്കർ ദയാൽ ശർമ്മക്കും ഒരിക്കൽ ഇന്ത്യൻ ബാർ അസോസിയേഷൻ Living Legend of Law Award നൽകി ആദരിച്ചു. അന്ന് ശങ്കർ ദയാൽ ശർമ്മ പ്രസിഡന്റായതിനാൽ സംഘാടകരുടെ മുഴുവൻ ശ്രദ്ധയും അദ്ദേഹത്തിലാണ്. പക്ഷെ, അവാർഡ് സെറിമണി തുടങ്ങാനായി ശർമ്മ സ്റ്റേജിലെത്തിയപ്പോൾ ശ്രീ മേനോന് ആദ്യം അവാർഡ് നൽകണമെന്നും സ്റ്റേജിൽ പ്രസിഡന്റിനോടൊപ്പം ഏറ്റവും ആദരമുള്ള സ്ഥാനം നൽകണമെന്നും പ്രസിഡന്റ് സംഘാടകരോട് നിഷ്‌ക്കർഷിച്ചു. നല്ല അധ്യാപകരുണ്ടാകുന്ന ലോകമാണ് മുന്നോട്ട് പോകുന്നതെന്ന് അന്ന് അദ്ദേഹം പറയുകയും ചെയ്തു.
 
പ്രധാനമായ പല സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. എന്നാലും നിയമ വൃത്തങ്ങളിലും അക്കാദമിക് രംഗത്തും ഒഴികെ കേരളത്തിൽ അദ്ദേഹത്തെ അധികമാളുകൾ അറിയില്ല എന്ന് തോന്നുന്നു. അദ്ദേഹത്തിൻറെ കഴിവുകൾ കേരളത്തിന് വേണ്ടി ഉപയോഗിക്കണമെന്നും ബാംഗ്ലൂരിലെ പോലെ കേരളത്തിലും ഒരു നിയമവിദ്യാഭ്യാസ സ്ഥാപനമുണ്ടാക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹത്തിൻറെ കഴിവുകൾ വേണ്ടത്ര ഉപയോഗിക്കാൻ കേരളം അവസരം നൽകിയില്ല. ബാംഗ്ലൂർ കഴിഞ്ഞ് കൽക്കട്ടക്ക് പോകേണ്ടി വന്നത് അതുകൊണ്ടാണ്. അത് നമ്മുടെ നഷ്ടമാണ്, ബംഗാളിന്റെ ലാഭവും.
 
സമൂഹത്തിന് വലിയ സംഭാവനകൾ ചെയ്ത – സാർത്ഥകമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആദരാഞ്ജലികൾ..!
 
മുരളി തുമ്മാരുകുടി, ജനീവ, മെയ് 8, 2019

Leave a Comment