പൊതു വിഭാഗം

ഇന്ത്യയിലെ കാലിഫോർണിയ!

2002 ൽ ഒരു ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഞാൻ കാലിഫോർണിയയിലെ പ്രശസ്തമായ ബെർക്കിലി സർവ്വകലാശാലയിൽ എത്തുന്നത്. ലോകത്ത് പലയിടത്തുനിന്നുമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും പ്രവർത്തകരും ഉണ്ട്. പരിസ്ഥിതിയും നേതൃത്വവും എന്നതാണ് വിഷയം. അപ്പോഴാണ് ഞാൻ ജെറി ബ്രൗൺ എന്നൊരാളെപ്പറ്റി കേൾക്കുന്നതും പരിചയപ്പെടുന്നതും.
 
ബെർക്കിലിക്ക് തൊട്ടു കിടക്കുന്ന ഒരു നഗരമാണ് ഓക്ക്‌ലാൻഡ്. നാല് ലക്ഷത്തിന് താഴെ ജനസംഖ്യയേ ഉള്ളൂ, അതായത് എറണാകുളത്തിലും ചെറുത്. അവിടുത്തെ മേയറായിരുന്നു അദ്ദേഹം.
 
അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. 1975 മുതൽ 1983 വരെ കാലിഫോർണിയ സംസ്ഥാനത്തിന്റെ ഗവർണ്ണറായിരുന്നു അദ്ദേഹം. അതിന് മുൻപത്തെ നൂറു വർഷത്തിനിടയിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ. റൊണാൾഡ്‌ റീഗനെ പോലെ പേരുകേട്ട ഒരു റിപ്പബ്ലിക്കൻ ഗവർണ്ണർക്ക് ശേഷമാണ് അദ്ദേഹം കാലിഫോർണിയയിൽ ഗവർണറായി വരുന്നത്. ബെർക്കിലിയിലെ കുട്ടികളുമായി തുറന്ന യുദ്ധത്തിന്റെ കാലമായിരുന്നു റീഗന്റെത്. യൂണിവേഴ്സിറ്റിയുടെ അടുത്തുള്ള പാർക്കിൽ പോലീസ് കയറി, വെടിവയ്പ്പ് ഉണ്ടായി, ഒരാൾ മരിച്ചു. പൊതുവെ കാലിഫോർണിയയുടെ ബ്രാൻഡ് വാല്യൂ കുറഞ്ഞു.
 
ആ സമയത്താണ് ബ്രൗൺ ഗവർണ്ണർ ആകുന്നത്. കാലിഫോർണിയയിലെ പ്രശസ്തമായ സർവ്വകലാശാലകളിൽ അടച്ചിട്ടിരിക്കുന്ന ക്രിയേറ്റിവിറ്റിയുടെ വില അദ്ദേഹം മനസ്സിലാക്കി. അന്ന് തുടക്കക്കാരനായിരുന്ന സ്റ്റീവ് ജോബ്‌സിനെ ഒക്കെ ഉൾപ്പെടുത്തി ഒരു ഇന്നൊവേഷൻ കമ്മീഷൻ കാലിഫോർണിയയിൽ ഉണ്ടാക്കി. സമരരംഗത്ത് നിന്നും സ്റ്റാർട്ട് അപ്പുകളിലേക്ക് കാലിഫോർണിയ നീങ്ങി. സിലിക്കൺ വാലി ഒരു യാഥാർഥ്യമായി. കാലിഫോർണിയക്ക് സ്വന്തമായി ഒരു ഉപഗ്രഹ ഏജൻസി ഉണ്ടാക്കണമെന്നായിരുന്നു അദ്ദേഹത്തിൻറെ ആഗ്രഹം. മൂൺ ബീം ഗവർണ്ണർ എന്ന ഇരട്ടപ്പേര് അങ്ങനെയാണ് അദ്ദേഹത്തിനുണ്ടായത്. സാങ്കേതിക വിദ്യയുടെ മാത്രം ആളായിരുന്നില്ല ജെറി ബ്രൗൺ. പരിസ്ഥിതി വിഷയങ്ങൾ ഇപ്പോഴത്തെപ്പോലെ ഫാഷനബിൾ ആകാതിരുന്ന അക്കാലത്ത് അദ്ദേഹം പരിസ്ഥിതിയെപ്പറ്റി സംസാരിച്ചു, നിയമങ്ങൾ ഉണ്ടാക്കി. സ്വവർഗ്ഗാനുരാഗികളെ ജഡ്ജിമാരായി നിയമിച്ചു തുടങ്ങി. ഇതിനൊക്കെ ഒരു പരിണതഫലമുണ്ടായി. ലോകത്ത് പലയിടത്തു നിന്നും മിടുക്കന്മാരും മിടുക്കികളും കാലിഫോർണിയയിലെത്തി. അതവിടുത്തെ സന്പദ്‌വ്യവസ്ഥയെയും സാമൂഹിക ജീവിതത്തേയും മാറ്റിമറിച്ചു.
 
രണ്ടു പ്രാവശ്യം ഗവർണ്ണറായിരുന്ന ആളാണ് ഒരു നഗരത്തിലെ മേയറായി ഭരണം തുടങ്ങിയത്, അതും ബിസിനസ്സ് പൊളിഞ്ഞു തുടങ്ങിയ ഒരു തുറമുഖ നഗരത്തിന്റെ. ക്രൈം കൂടി വരുന്ന, ആളുകൾ നാട് വിട്ടുപോകുന്ന അക്കാലത്ത്. ഒരു സംസ്ഥാനം ഭരിച്ച ആൾക്ക് ഇതൊക്കെ നിസ്സാരമല്ലേ. ആയിരക്കണക്കിന് കോടി രൂപയുടെ പുതിയ ബിസിനസ്സ് അദ്ദേഹം അവിടെ എത്തിച്ചു, പുതിയ ഭവന സമുച്ചയങ്ങൾ ഉണ്ടായി, ജനസംഖ്യ കൂടി വന്നു.
2011 ൽ വീണ്ടും അദ്ദേഹം കാലിഫോർണിയ ഗവർണ്ണർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്ക പൊതുവിൽ കാലാവസ്ഥ വിഷയത്തിൽ പുറകോട്ടു പോകുന്ന കാലത്ത് കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നിയമങ്ങളും പുതിയ സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും ഒക്കെയായി ട്രന്പിന് ഒരു എതിരാളിയായും അമേരിക്കക്ക് ഒരു മാതൃകയായും കാലിഫോർണിയ വീണ്ടും മാറി. ഇമ്മിഗ്രെഷന്റെ കാര്യത്തിൽ ട്രംപിന്റെ നയങ്ങൾക്ക് എതിരായ നയമാണ് അവർക്കുള്ളത്. ഇന്നും ലോകത്തെവിടെ നിന്നും മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലിക്കുമായി അവിടെ എത്തുന്നു. ടെസ്ല മുതൽ ആപ്പിൾ വരെ ഗൂഗിൾ മുതൽ സിസ്കോ വരെ സാങ്കേതിക വിദ്യയുടെ പര്യായമായി ഇന്നും കാലിഫോർണിയ നിലനിൽക്കുന്നു. ഇന്ന് കാലിഫോർണിയ ഒരു രാജ്യമായിരുന്നുവെങ്കിൽ ലോകത്തെ ആറാമത്തെ സാന്പത്തിക ശക്തിയായിരുന്നേനെ!.
 
കേരളം ഇന്ത്യയിലെ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ടല്ലോ. കേരളത്തിന് പുറത്ത് ഇന്ത്യയുടെ മറ്റുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് ഇക്കാര്യം പറയാതെ തന്നെ അറിയാം. ബീഫ് കഴിക്കാൻ മാത്രമല്ല മാറ്റം. ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം എന്നുള്ള അനവധി വിഷയങ്ങളിൽ കേരളം നന്പർ വൺ ആണ്. കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ ‘അളവ്’ മാത്രമേ ഉള്ളൂ, ‘ഗുണം’ ഇല്ല എന്നൊക്കെ പലരും പറയും. കുറച്ചൊക്കെ സത്യവും ഉണ്ടെങ്കിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പോലെ ഇന്ത്യയിൽ പേരുകേട്ടതും ലോകത്തെ അഞ്ഞൂറിനുള്ളിൽ ഉള്ളതുമായ സ്ഥാപനമുള്ള ബാംഗ്ലൂരിൽ നിന്നും അന്പത് കിലോമീറ്റർ പോയാൽ അഞ്ച് വർഷം സ്‌കൂൾ കഴിഞ്ഞാൽ കൊഴിഞ്ഞു പോകുന്ന കുട്ടികളുടെ എണ്ണം നോക്കിയാൽ മതി കേരളം എങ്ങനെയാണ് വ്യത്യസ്തമാണെന്ന് മനസ്സിലാക്കാൻ. രണ്ടു മുന്നണികളും മാറിമാറി ഭരിച്ചാലും രാഷ്ട്രീയമായി ഏറെ സ്ഥിരതയുള്ള സ്ഥലമാണ് കേരളം. വെറും രണ്ടംഗങ്ങളുടെ ഭൂരിപക്ഷവുമായി ഒരു സർക്കാരിന് അഞ്ചു വർഷം ഭരിക്കാൻ ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഡസൻ കണക്കിന് എം എൽ എ മാർ റിസോർട്ടിലിരിക്കുന്ന സംസ്ഥാനങ്ങൾ നമ്മിൽ നിന്നും ഏറെ അകലെയല്ല എന്നോർക്കണം.
 
കേരളം വ്യത്യസ്തമാണെന്നും ഇവിടെ അവസരങ്ങൾ ഉണ്ടെന്നും ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനത്തുള്ളവർ മനസ്സിലാക്കിയിട്ടുണ്ട്, അത് പക്ഷെ സാന്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും താഴെ തട്ടിലുള്ളവരാണ്. ലക്ഷങ്ങക്കണക്കിന് മറുനാടൻ തൊഴിലാളികൾ കേരളത്തിൽ എത്തുന്നത് അതുകൊണ്ടാണ്. അതേസമയം ഈ വ്യത്യസ്തതയെ വേണ്ടത്ര മാർക്കറ്റ് ചെയ്യാൻ ഇതുവരെ കേരളത്തിന് കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് രാഷ്ട്രീയ സ്ഥിരതയും ചിലവ് കുറഞ്ഞതും സർവ്വലൗകികവുമായ ആരോഗ്യ വിദ്യാഭ്യാസ പൊതുഗതാഗത സംവിധാനങ്ങളും ഉള്ള സംസ്ഥാനത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും മൂലധനം ആകർഷിക്കാൻ ഉപയോഗിക്കേണ്ടത്?, എങ്ങനെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മിടുക്കന്മാരും മിടുക്കികളും പഠിച്ചു കഴിഞ്ഞാൽ ജോലിക്കായും സ്റ്റാർട്ട് അപ്പിനായും കേരളത്തിൽ എത്തുന്ന സാഹചര്യം ഉണ്ടാക്കുന്നത്?.
 
ഇവിടെയാണ് ജെറി ബ്രൗണിന്റേയും കാലിഫോർണിയയുടെയും പ്രസക്തി. കേരളം ഒരു ചെറിയ സംസ്ഥാനമാണെന്ന ചിന്ത ആദ്യമേ വിടണം. ലോകത്തിലെ 150 രാജ്യങ്ങളിലെ ജനസംഖ്യ കേരളത്തിലേതിലും കുറവാണ്. അപ്പോൾ പുതിയ നയങ്ങൾ രൂപീകരിച്ച് പോളിസി പരീക്ഷണങ്ങൾ നടത്തി അതിൻറെ ഗുണം കാണിച്ചു കൊടുക്കാനുള്ള സ്കെയിൽ കേരളത്തിനുണ്ട്. ജനസംഖ്യയിൽ കേരളം കാലിഫോർണിയക്ക് ഏതാണ്ട് അടുത്താണ് (ഇവിടെ മുപ്പത്തി മൂന്നു ദശലക്ഷം അവിടെ നാല്പത്). അമേരിക്കയിൽ കാലിഫോർണിയ പോലെ, ഇന്ത്യയിൽ സാമൂഹ്യമായി മാത്രമല്ല സാന്പത്തികമായും ഏറ്റവും പുരോഗമന ചിന്താഗതിയുള്ള സംസ്ഥാനമാണ് കേരളം എന്നുള്ള സ്ഥിതി നമുക്ക് ഉണ്ടാക്കണം. അതിന് വേണ്ടി കേരളത്തിന്റെ അധികാര പരിധിയിലുള്ള നിയമങ്ങൾ മാറ്റണം, നയങ്ങൾ രൂപീകരിക്കണം. അഴിമതി മുതൽ സദാചാര പോലീസിംഗ് വരെ നമുക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാര്യങ്ങളിൽ ശക്തമായി നാം ഇടപെടണം. കേന്ദ്രത്തിലെ ഭരണത്തിനും അതിൻറെ തത്വശാസ്ത്രത്തിനും കേരളത്തിലെ ഇരു മുന്നണികളും എതിരായതിനാൽ ഭാവി കേരളത്തിന് പൊതുവായ ഒരു ബ്ലൂ പ്രിന്റ് ഉണ്ടാക്കിയെടുക്കുന്നതിൽ അവർക്ക് സഹകരിക്കാൻ രാഷ്ട്രീയമായി ബുദ്ധിമുട്ടുണ്ടാകേണ്ടതില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ പദ്ധതികൾ നേടിയെടുക്കാൻ ഒരുമിച്ച് കേന്ദ്രവും ആയി ചർച്ച ചെയ്യണം. കേരളം വ്യത്യസ്തമാണ് എന്നൊരു തോന്നൽ ഇന്ത്യക്ക് അകത്തും പുറത്തും ഉണ്ടാക്കാൻ നമുക്ക് കഴിയണം. പിന്നെ കാര്യങ്ങൾ എളുപ്പമായി. പണവും ബുദ്ധിയും ബിസിനസ്സ് അറിവുകളും ഒക്കെ ‘ശറപറാ’ എന്ന് കേരളത്തിലെത്തും. കേരളം ഇന്ത്യയിലെ നന്പർ വണ്ണിൽ നിന്നും ലോക നിലവാരത്തിൽ എത്തും.
 
ഇതൊന്നും എളുപ്പമുള്ള കാര്യമല്ല, പക്ഷെ ചെയ്യാൻ സാധിക്കാത്തതും അല്ല. നമ്മുടെ സമൂഹത്തിന്റെ ചിന്താമണ്ഡലത്തിൽ അത്തരത്തിലുള്ള ഒരു മാറ്റം ഉണ്ടാക്കുക എന്നതാണ് പ്രധാനം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം അത്തരം ഒരു അവസരമാണ് കേരളത്തിന് തന്നിരിക്കുന്നത്. പാഴാക്കരുത്.
 
(ജെറി ബ്രൗണിൽ നിന്നും ഒരു കാര്യം കൂടി നമുക്ക് പഠിക്കാം. രണ്ടു വട്ടം മന്ത്രിയോ എം എൽ എ യോ ആയവർ പിന്നെ ഒരു വട്ടം പഞ്ചായത്ത് പ്രസിഡന്റോ മുനിസിപ്പൽ ചെയർമാനോ മേയറോ ആയാൽ അവരുടെ അറിവും, പരിചയവും ബന്ധങ്ങളും ഉപയോഗിച്ച് ഏറെ വികസനം അവരുടെ സ്വന്തം പ്രദേശത്ത് നടത്താൻ സാധിക്കും).
 
മുരളി തുമ്മാരുകുടി
 

Leave a Comment