പൊതു വിഭാഗം

ഇനി ഫ്ലാറ്റുകളുടെ കാലം

എന്റെ വലിയമ്മയുടെ മകളായ സുശീലചേച്ചി ബോംബെയിൽ പോയിവന്നു പറഞ്ഞ വിശേഷങ്ങളിൽ നിന്നാണ് ഞാൻ ഫ്ലാറ്റ് എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്. ചേച്ചിയുടെ മകൻ ഉണ്ണിച്ചേട്ടൻ ബോംബെയിൽ വാങ്ങിയ ഫ്ലാറ്റിലാണ് താമസം.

എന്താണീ ‘ഫ്ലാറ്റ്’ എന്ന് എനിക്കന്ന് മനസ്സിലായില്ല. ‘നിലത്തുനിന്ന് ഉയർന്ന, ചുറ്റും മുറ്റവും കിണറുമൊന്നുമില്ലാതെ, മുറികൾ മാത്രമുള്ള വീട്’ എന്ന് ചേച്ചി വിശദീകരിച്ചു. 1975 ലാണ് സംഭവം.

“ഏയ്, അതൊന്നും ഒരുകാലത്തും കേരളത്തിൽ വരില്ല” എന്നെന്റെ വല്യമ്മ പറഞ്ഞു. “ഒരു മുറ്റമില്ലാത്ത വീട് എന്ത് വീടാണ്?”

“നമ്മുടെ കിണറ്റിലെ വെള്ളമല്ലാതെ പൈപ്പ് വെള്ളം കുടിക്കാൻ ഒരു സുഖവുമില്ല. കേരളത്തിൽ അതിന്റെ ആവശ്യവുമില്ല.” മൂത്ത വല്യമ്മയും പറഞ്ഞു.

എന്നാൽ 1980 കളിൽ കേരളത്തിൽ ഫ്ളാറ്റുകളെത്തിത്തുടങ്ങി. മലയാളികൾക്ക് ആദ്യമാദ്യം അതിനോട് ഒരു അനുഭാവവും ഉണ്ടായിരുന്നില്ല. മറൈൻ ഡ്രൈവിലൊക്കെ ആദ്യമുണ്ടാക്കിയ ഫ്ലാറ്റുകൾ വാങ്ങാൻ ആളില്ലാതെ കിടന്നു.

വീടിന്റെ ആവശ്യത്തിനല്ല, ഒരു നല്ല നിക്ഷേപം എന്ന നിലയിലേക്ക് തൊണ്ണൂറുകളിൽ ഫ്ളാറ്റുകളുടെ എണ്ണം വർദ്ധിക്കുകയായിരുന്നു. 2000 ആയതോടെ പുറത്ത് ഫ്ലാറ്റുകളിൽ താമസിച്ചു പരിചയിച്ച ആളുകൾ മടങ്ങിവന്നുതുടങ്ങി. നാട്ടുകാർ തന്നെ ഫ്ലാറ്റുകളിൽ താമസിച്ച് അതിന്റെ സുഖവും സൗകര്യവും അറിഞ്ഞും തുടങ്ങി.

“ഓ, രാവിലെ എണീറ്റ് മുറ്റമടിക്കണ്ടല്ലോ എന്നതുതന്നെ വലിയ ആശ്വാസം” വല്യമ്മയുടെ മകൾ പറഞ്ഞു.

“കറന്റില്ലാത്തപ്പോഴും വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകില്ല” അമ്മായിയുടെ മകന്റെ കമന്റാണ്.

“കുട്ടികൾക്ക് കളിക്കാനും സ്‌കൂളിൽ പോകാനും ധാരാളം കൂട്ടുകാരെ കിട്ടും.”

എന്നിങ്ങനെ ഓരോ സൗകര്യങ്ങളുമായി മലയാളികളും ഫ്ലാറ്റിന്റെ മേന്മകൾ മനസ്സിലാക്കിത്തുടങ്ങി. 2005 ൽ ഭൂമിവിലയുടെ കുതിച്ചുകയറ്റത്തോടെ പൈതൃകമായി ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങി വീടുവെയ്ക്കുക എന്നത് ഏറെക്കുറെ അസാധ്യമായി. അങ്ങനെ ഫ്ലാറ്റുകൾ സാമ്പത്തികമായും സാമൂഹികമായും ആകർഷണീയമായിത്തുടങ്ങി.

കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ കേരളത്തിൽ നഗരവൽക്കരണത്തിലും, ഫ്ലാറ്റ് നിർമ്മാണത്തിലും വലിയ കുതിച്ചുകയറ്റമുണ്ടായി. നഗരങ്ങളിൽ ആയിരക്കണക്കിന് ഫ്ലാറ്റ് സമുച്ചയങ്ങളുണ്ടായി, ലക്ഷക്കണക്കിന് ഫ്ലാറ്റുകളും. വൻനഗരങ്ങളിൽ നിന്നും ചെറുനഗരങ്ങളിലേക്കും അവിടെനിന്നും ഗ്രാമങ്ങളിലേക്കും ഫ്ളാറ്റുകളെത്തി.

കേരളത്തിൽ ഫ്ലാറ്റുകളുടെ നല്ലകാലം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. 2018 ലെ ദുരന്തങ്ങൾ ഫ്ലാറ്റുകളുടെ ആവശ്യകതയെ ഇരട്ടിപ്പിക്കാൻ പോകുകയാണ്. പുഴയരികിൽ മുതൽ പറവൂരിൽ വരെ വെള്ളം കയറിയ സ്ഥലങ്ങളിൽ വീടുള്ളവർ ഒരു മനഃസമാധാനത്തിനു വേണ്ടിയെങ്കിലും ഫ്ലാറ്റുകൾ വാങ്ങാൻ തയ്യാറെടുക്കുകയാണ്.

പുതിയതായി പുഴയരികിൽ വീടുവെയ്ക്കണമെന്ന് ഇനി ഒരു തലമുറക്കാലത്തേക്കെങ്കിലും മലയാളികൾ ചിന്തിക്കില്ല. അവരും പോകുന്നത് ഫ്ലാറ്റ് വാങ്ങാനാണ്. ഇടുക്കിയിൽ ഉരുൾ പൊട്ടുന്നിടത്തും കുട്ടനാട്ടിൽ വെള്ളം പൊങ്ങുന്നിടത്തുമുള്ള ആളുകളുടെ ചിന്തയും മറ്റൊന്നല്ല. ‘വെള്ളപ്പൊക്കത്തെ പേടിക്കേണ്ടാത്ത ഫ്ലാറ്റുകൾ’ എന്ന പരസ്യവും വന്നുകഴിഞ്ഞു.

കേരളത്തിൽ നഗരവൽക്കരണം ഉണ്ടാകണമെന്നും, നഗരങ്ങൾ മുകളിലേക്ക് വളരുന്നത് നല്ലതാണെന്നുമുള്ള അഭിപ്രായക്കാരനാണ് ഞാൻ. കൃഷിയ്ക്കായി ഇടുക്കിയിലേക്കും കുട്ടനാട്ടിലേക്കും കുടിയേറിയവരുടെ പുതിയ തലമുറ, മലയും വെള്ളവും താണ്ടി നഗരത്തിലെത്തുന്നത് നല്ല കാര്യമാണ്. അതോടെ കൃഷി ചെയ്യാൻ സ്ഥലമുണ്ടാകും, കൃഷിയോ മറ്റു തൊഴിലുകളോ ആയി മലയിലോ വെള്ളത്തിലോ നിൽക്കേണ്ടവർ മാത്രമേ ഹൈറേഞ്ചിലും കുട്ടനാട്ടിലും കാണൂ. അതാണ് നല്ലതും.

എന്നാൽ പ്രളയാനന്തര കേരളത്തിൽ ഫ്ലാറ്റുകളുടെ വിലയും നിർമ്മാണവും കൂടുന്നത് ഒട്ടും നല്ല കാര്യമല്ല. ഇപ്പോൾത്തന്നെ നമ്മുടെ മലകൾ ക്വാറികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. പുതിയ ഫ്ളാറ്റുകൾക്കായി കൂടുതൽ ക്വാറികൾ ഉണ്ടായാൽ അടുത്ത മഴയ്ക്ക് കൂടുതൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമായിരിക്കും ഫലം. ഫ്ലാറ്റുകളുടെ വില കൂടുന്നത് കണ്ട് പണം ഇരട്ടിപ്പിക്കാനുള്ള മാർഗ്ഗമായി ഫ്ലാറ്റ് നിക്ഷേപം നടത്തിയാൽ മലയാളികളുടെ പണം മുഴുവനും വീണ്ടും മൃതനിക്ഷേപമാകും. ഇത് അനുവദിക്കരുത്.

ഫ്ലാറ്റുകളുടെ ഡിമാന്റ് കൂടുകയും അതിനനുസരിച്ച് വില കൂടാതിരിക്കുകയും നിർമ്മാണം കുറയുകയും ചെയ്യുന്നത് എങ്ങനെയാണ്?

എലിമെന്ററി ഡോക്ടർ വാട്ട്സൺ !

കേരളത്തിൽ ഇപ്പോൾത്തന്നെ അടുത്ത പത്തുവർഷത്തെ ആവശ്യത്തേക്കാൾ കൂടുതൽ ഫ്ളാറ്റുകളുണ്ട്. കേരളത്തിലെ ഏതു നഗരത്തിലും രാത്രികാലങ്ങളിൽ ചെന്ന് നോക്കിയാൽ നിങ്ങൾക്ക് ഇക്കാര്യം വ്യക്തമാകും. എറണാകുളത്ത് ശരാശരി മുപ്പത് മുതൽ അന്പത് ശതമാനം വരെ ഫ്ളാറ്റുകളിലേ ആൾതാമസമുള്ളൂ. കാക്കനാടും കോഴിക്കോടും ഒക്കെ പത്തു ശതമാനത്തിലും കുറവായ ഫ്ലാറ്റ് സമുച്ചയങ്ങളുണ്ട്.

ഇപ്പോൾ നമ്മൾ പണിതിട്ടിരിക്കുന്ന ഫ്ലാറ്റുകൾ താമസിക്കാൻ ആവശ്യമുള്ളവരിലും ആഗ്രഹമുള്ളവരിലും എത്തിക്കുക എന്നതാണ് പ്രധാനം. ഇതിന് ചെയ്യേണ്ടത് മൂന്നു കാര്യങ്ങളാണ്.

  1. ഫ്ലാറ്റുകൾ വാടകയ്ക്ക് കൊടുക്കുന്നതും തിരിച്ചെടുക്കുന്നതും ഏറ്റവും എളുപ്പമാക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തുക.
  2. ഫ്ലാറ്റുകളുടെ വിൽപ്പന ഡ്യൂട്ടി ഇപ്പോഴത്തേതിന്റെ പകുതിയായി കുറയ്ക്കുക.
  3. ഫ്ലാറ്റുകൾ വെറുതെയിടുന്നത് ഉടമയ്ക്ക് ബാധ്യതയാകുന്ന തരത്തിൽ പുതിയ നികുതി ചുമത്തുക.

ഒരു ചെറിയ ഉദാഹരണം പറയാം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്കനുസരിച്ച് കേരളത്തിൽ പത്തു ലക്ഷത്തോളം ഭവനങ്ങൾ ആളൊഴിഞ്ഞ് കിടക്കുന്നുണ്ട്. അതിൽ പകുതിയിലേറെ ഫ്ളാറ്റുകളാണ്.

ഒഴിഞ്ഞുകിടക്കുന്ന ഓരോ ഫ്ലാറ്റിനും ഒരു സ്‌ക്വയർ ഫീറ്റിന് മാസം അഞ്ചു രൂപ വെച്ച്  ‘നവകേരള നിർമ്മാണ നികുതി’ ചുമത്തണം. അതായത് ആയിരം സ്‌ക്വയർ ഫീറ്റ് ഉണ്ടെങ്കിൽ മാസം അയ്യായിരം രൂപ. വേണമെങ്കിൽ അഞ്ഞൂറ് സ്‌ക്വയർ ഫീറ്റിൽ താഴെയുള്ളവരെ നികുതിയിൽ നിന്നും ഒഴിവാക്കാം. ആയിരത്തിന് മുകളിലേക്ക് പോകുംതോറും നികുതി ഇരട്ടിപ്പിക്കാം. രണ്ടായിരം സ്‌ക്വയർ ഫീറ്റ് ഉളളവർക്ക് സ്‌ക്വയർ ഫീറ്റിന് പത്തു രൂപ, നാലായിരം ഉള്ളവർക്ക് സ്‌ക്വയർ ഫീറ്റിന് ഇരുപത് രൂപ എന്നിങ്ങനെ. ലക്ഷങ്ങളോ കോടികളോ മുടക്കി ഫ്ലാറ്റുകൾ വാങ്ങിയിട്ടിരിക്കുന്നവരോട് ഇത്ര നിസാരമായ തുക നവ കേരള നിർമ്മാണത്തിന് ആവശ്യപ്പെടുന്നത് ഒട്ടും അധികമല്ല. പോരാത്തതിന് വെറുതെ കിടക്കുന്ന ഫ്ലാറ്റുകളിൽ ഇപ്പോൾത്തന്നെ അവർ അസോസിയേഷന് മാസാമാസം മെയ്ന്റനൻസിനായി ആയിരക്കണക്കിന് രൂപ കൊടുക്കുന്നുമുണ്ട്. അപ്പോൾ ഈ ദുരന്ത പുനർനിർമ്മാണ സമയത്ത് സ്‌ക്വയർ ഫീറ്റിന് അവരോടും പണം ചോദിക്കുന്നതിൽ ഒരു തെറ്റുമില്ല. സർക്കാർ ഉദ്യോഗസ്ഥരോടൊക്കെ ഏതാണ്ട് നിർബന്ധമായി പണം വാങ്ങുന്നത് ന്യായമാണെന്ന് എല്ലാവരും അംഗീകരിച്ചതല്ലേ.

ഈ നിസാരമായ – തീർത്തും സാധ്യമായ തീരുമാനം കൊണ്ട് പല ഗുണങ്ങളുണ്ടാകും.

  1. വർഷം രണ്ടായിരം കോടി രൂപയെങ്കിലും സർക്കാരിന്റെ ദുരന്ത പുനർനിർമ്മാണ ഫണ്ടിലേക്ക് ഒരു പ്രയാസവുമില്ലാതെ എത്തും.
  2. പതിനായിരക്കണക്കിന് ഫ്ലാറ്റുകൾ വാടക മാർക്കറ്റിലേക്ക് എത്തുന്നതോടെ കേരളത്തിൽ ഫ്ളാറ്റുകളുടെയും വീടുകളുടെയും വാടക കുത്തനെ കുറയും.
  3. ഫ്ളാറ്റുകളിൽനിന്ന് വരുമാനം കുറയുമെന്നും വെറുതെ ഫ്ലാറ്റ് വാങ്ങിയിട്ടാൽ കൈപൊള്ളും എന്നും കണ്ടാൽ ഫ്ളാറ്റുകളുടെ വിലകുറയും, പുതിയ ഫ്ളാറ്റുകളുടെ ഡിമാന്റും.
  4. ‘എല്ലാവർക്കും ഒരു വീട്’ എന്ന സ്വപ്നം സാധ്യമാകും. അതോടൊപ്പം പുതിയ ഫ്ളാറ്റുകൾക്കായി മല തുരക്കുന്നതും മണലൂറ്റുന്നതും ഒഴിവാകുകയും ചെയ്യും.
  5. ഇന്ത്യയിലെ തന്നെ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളായി കേരളത്തിലെ നഗരങ്ങൾ മാറും. ഇപ്പോൾത്തന്നെ ബാംഗ്ലൂരിനെയും ഹൈദ്രാബാദിനെയും അപേക്ഷിച്ച് സ്‌കൂൾ ഫീയും ആശുപത്രിച്ചെലവും കേരളത്തിൽ കുറവാണ്. ഫ്ളാറ്റുകളുടെ വിലയും വാടകയും കുറയുന്നതോടെ പുതിയ തലമുറയിലെ ടെക്കികൾ താമസിക്കാൻ ഏറ്റവും ആഗ്രഹിക്കുന്ന നഗരങ്ങളായി കേരളം മാറും. അതിന്റെ പിന്നാലെ കോർപ്പറേറ്റ് ഭീമന്മാർ പുതിയ തലമുറ ഇൻവെസ്റ്മെന്റിന് കേരളത്തിലേക്കെത്തും. വിദ്യാഭ്യാസമുള്ള ഇന്ത്യയിലെ ഒന്നാംതരം തലമുറ കേരളത്തിൽ ജോലിക്കെത്തും. അതിന്റെ ഗുണം കേരളസമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകും.

മടിച്ചു നിൽക്കാതെ ടാക്സ് കൂട്ടണം സർ!

മുരളി തുമ്മാരുകുടി

  

 

1 Comment

  • ഇത് പോലെ കല്യാണം കഴിക്കാതെ ജീവിക്കാനാഗ്രഹിക്കുന്ന യുവതീ യുവാക്കൾക്ക് ഒരു വാർധക്യ കാല സുരക്ഷാ ഫണ്ടും,എന്തിലേലും ഒക്കെ കുറച്ചു റിസർവേഷനും കൂടെ കൊടുക്കാൻ പറ്റിയാൽ ജനസംഖ്യാ വർദ്ധനവിനും ഒരു പരിഹാരമായേനെ 😀

Leave a Comment