പൊതു വിഭാഗം

ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

ഇന്നലെ സുഹൃത്ത് എം ജി രാധാകൃഷ്ണൻ Mg Radhakrishnan Mg Radhakrishnan പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഞാനും ശ്രദ്ധിച്ചത്, ഈ മുരളി തുമ്മാരുകുടിയുടെ ഒരു കാര്യം !!
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേ സമയം ഇയാളുടെ വാക്കുകൾ ശ്രദ്ധിക്കുന്നു.
 
മനോരമയും ദേശാഭിമാനിയും ഒരേ സമയം ലേഖനം പ്രസിദ്ധീകരിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും ഒരേ സമയം പോസ്റ്റ് ലൈക്ക് ചെയ്യുന്നു.
ജനം ടി വിയും കൈരളിയും ഒരേസമയം അഭിമുഖം നടത്തുന്നു
ഇതൊന്നും പോരാത്തതിന് ബുദ്ധിജീവികൾ മുതൽ രാഷ്ട്രീയ സ്പെക്ട്രത്തിന്റെ എല്ലാ വശത്തുമുള്ളവർ മാറി മാറി പൊങ്കാലയിടുന്നു..!!
 
മുരളി തുമ്മാരുകുടി ഒരു സംഭവം അല്ല, പ്രതിഭാസവും അല്ല, ഇതിഹാസം ആണെന്ന് പറഞ്ഞത് ശ്രീ എം പി വീരേന്ദ്രകുമാർ ആണ് (കാഴ്ചപ്പാടുകൾ എന്ന എൻറെ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ നടത്തിയ പ്രസംഗത്തിൽ). അദ്ദേഹം വെറുതെ പറഞ്ഞതാകണം, ഞാൻ പക്ഷെ കാര്യമായി തന്നെയാണ് എടുത്തിട്ടുള്ളത്.
“പിഴക്കാത്ത ചുവടുകളുമായി” ഇവൻ ഫേസ്ബുക്കിലൂടെയും നടക്കുന്നത് എന്തിനാണെന്ന് പലരും ചിന്തിക്കുന്നുണ്ട്.
കേരളത്തിലെ ദുരന്തനിവാരണ സംവിധാനത്തിൽ എന്തെങ്കിലും ഉന്നത സ്ഥാനത്തിനാണ് ഞാൻ ശ്രമിക്കുന്നതെന്ന് ചിലരെങ്കിലും പബ്ലിക്ക് ആയി പറഞ്ഞു കഴിഞ്ഞു. എന്നെ നേരിട്ട് അറിയാത്തവരാണത് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ അതിനെ അവഗണിക്കാവുന്നതേ ഉള്ളൂ.
 
ഞാൻ കുറച്ചു നാളത്തേക്കെങ്കിലും കേരളത്തിൽ വന്ന് ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിക്കണമെന്ന് എൻറെ നല്ല സുഹൃത്തുക്കൾ പറയുന്നുണ്ട്. കേരളത്തിലെ ദുരന്തനിവാരണ സംവിധാനത്തെപ്പറ്റി അധികം പരിചയമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ലോകത്തെവിടെ പോയാലും ഒന്നാം കിട എന്ന് പറയാവുന്ന Sekhar Lukose Kuriakose, കൂടെ മിടുക്കന്മാരും മിടുക്കികളും ആയവരുടെ ഒരു യുവ സംഘം അവിടെയുണ്ട്. അവർക്ക് ശക്തമായ നേതൃത്വം നൽകാൻ ശ്രീ പി എച്ച് കുര്യനെ പോലെ നല്ല ഒരു സിവിൽ സർവൻറ്റ് ഉണ്ട്. “ഇവരൊക്കെ ഇവിടെ ഉള്ളപ്പോൾ തമ്പി എന്നെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല.”
 
ഞാൻ ഈ ദുരന്തം തൊട്ടു കരിയർ വരെ എഴുതുന്നത് രാഷ്ട്രീയത്തിൽ ഇറങ്ങി ഒരു എം എൽ എ യോ എം പിയോ ആകാനാണെന്ന് ചിന്തിക്കുന്നവരുണ്ട്. അത് മുന്നേ കണ്ട് ഒരു മുഴം മുൻപേ എറിയുന്നവരുമുണ്ട്.
 
ഇവരുടെ ആശങ്കകൾ ദൂരീകരിക്കാൻ വേണ്ടി ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല. പഞ്ചായത്ത് മെമ്പർ തൊട്ടു ഇന്ത്യൻ പ്രസിഡന്റ് വരെ ആകാനുള്ള പ്രാഥമിക യോഗ്യത എനിക്കുണ്ട്. എനിക്ക് തോന്നുന്ന സമയത്ത് അതിന് ശ്രമിക്കാനുള്ള പൂർണ്ണ അവകാശവും എനിക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസം, ലോകത്തെ അനവധി രാജ്യങ്ങളിലെ മന്ത്രിമാരേയും പ്രധാനമന്ത്രിമാരെയും പ്രസിഡന്റുമാരെയും ഉപദേശിച്ചുള്ള പരിചയം, കേരളത്തിലെ എല്ലാ രാഷ്ട്രീയ ഫോർമേഷനുകളിലുമുള്ള വ്യക്തിബന്ധങ്ങൾ, അത്യാവശ്യം പണം, പൊതുവിൽ സമൂഹത്തിന്റെ അംഗീകാരം, പോരാത്തതിന് മൂന്ന് സ്വിസ് ബാങ്ക് അക്കൗണ്ട്. ഇതൊക്കെയുള്ള ഞാൻ എന്നെങ്കിലും രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചാൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്ന് എനിക്ക് തന്നെ അറിയാം. അപ്പോൾ ഞാൻ തന്നെ ചങ്ങലക്കിട്ടിരിക്കുന്ന വേറൊരു ജഗൻ ഉണ്ട്, പുള്ളിയെ പ്രകോപിപ്പിക്കരുത് !
 
പക്ഷെ ഇതിനൊക്കെ സമയം ഉണ്ടല്ലോ. രണ്ടായിരത്തി പത്തൊമ്പതിന് തന്നെ മാസങ്ങളുണ്ട്. ഇന്ന് എൻറെ ചിന്ത എനിക്ക് എന്ത് സ്ഥാനം കിട്ടും എന്നതൊന്നുമല്ല. എന്നെ ഞാൻ ആക്കിയ എൻറെ സംസ്ഥാനം അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലൂടെ കടന്നു പോകുന്നു. എനിക്ക് ഏറെ വിഷയങ്ങളിൽ ഉപദേശങ്ങൾ നൽകാനുണ്ട്. അത് എൻറെ ചുറ്റുമുള്ള ജനങ്ങൾക്കും ഉത്തരവാദപ്പെട്ടവർക്കും ഞാൻ സമയാസമയത്ത് നല്കിയിരിക്കും. ഇതിൽ എൻറെ ഉദ്ദേശശുദ്ധി എന്ത് തന്നെ ആണെങ്കിലും അത് എൻറെ ഉപദേശങ്ങളുടെ സാങ്കേതിക മികവ് കുറക്കുന്നില്ല. ആളുകൾക്ക് ഇപ്പോൾ അതാണ് വേണ്ടത്.
 
ഇന്നിപ്പോൾ രണ്ടു ലേഖനങ്ങൾ കൂടി എഴുതും. ഒന്ന് സ്‌കൂളുകൾ തുറക്കുന്നതിനെ പറ്റി. രണ്ട് പ്രളയകാലത്ത് നമ്മുടെ ക്ഷേത്രങ്ങൾ ഉൾപ്പടെ സാംസ്കാരിക പൈതൃകങ്ങൾക്ക് ഉണ്ടായ നാശ നഷ്ടങ്ങളെപ്പറ്റി പഠിക്കുന്ന അന്താരാഷ്ട്ര രീതികളെക്കുറിച്ച്.
ആശങ്കകളുടെ വാറോലകളുമായി ഈ പ്രളയകാലത്ത് ആരും വെങ്ങോലയിലേക്ക് വരരുത്. നമ്മളീ ഫേസ്ബുക്കിൽ സംസാരിച്ചു നിൽക്കുന്നത് തമ്പുരാന്മാർക്ക് കുറവാണ്. ഞാൻ ഒരു ദിവസം അങ്ങോട്ട് വരാം, രാഷ്ട്രീയവും തത്വശാസ്ത്രവും ഒക്കെ എനിക്കിഷ്ടമാണ്…
 
മുരളി തുമ്മാരുകുടി
 

Leave a Comment