ഐ ഐ ടിയിൽ പരിസ്ഥിതി പഠനത്തിൽ പി എച്ച് ഡി കഴിഞ്ഞു ഞാൻ ജോലിക്ക് പോയത് ബോംബയിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ചിൽ ആണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഇത് സ്ഥാപിച്ചത്, ഞാൻ അവിടെ ജോലി ചെയ്യുന്ന കാലത്ത് മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ ആയിരുന്ന ഡോക്ടർ മൻമോഹൻ സിങ്ങ് ആയിരുന്നു ഇന്ത്യയുടെ ധനകാര്യ മന്ത്രി. ഇൻസ്റ്റിട്യൂട്ടിലെ പല പരിപാടിക്കും അദ്ദേഹം വരാറുണ്ട്. പിൽക്കാലത്ത് പ്ലാനിങ്ങ് കമ്മീഷൻ അംഗമായിരുന്ന ഡോക്ടർ കിരിത് പരീഖ് ആയിരുന്നു സ്ഥാപനത്തിന്റെ ഡയറക്ടർ.
ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് നിക്ഷേപങ്ങൾ നടത്താൻ, പണപ്പെരുപ്പത്തിന് മൂക്കു കയറിടണം, ധനക്കമ്മി കുറക്കണം, സബ്‌സിഡി കുറക്കണം എന്നൊക്കെ ലോകബാങ്കും ഐ എം എഫും കണ്ടീഷൻ വക്കുന്ന കാലം..
വിദേശത്തു നിന്നും അധികം മൂലധനം ഇന്ത്യയിൽ എത്തിക്കേണ്ട ആവശ്യമില്ല എന്ന അഭിപ്രായക്കാരനായിരുന്നു ഡോക്ടർ പരീഖ്. ഒരിക്കൽ മൻമോഹൻ സിങ്ങും ആയിട്ടുള്ള ഒരു മീറ്റിങ്ങിൽ അദ്ദേഹം പകുതി തമാശയായി ഒരു കാര്യം പറഞ്ഞു.
“നമുക്ക് ആ ഐ എം എഫിന്റെ വായ്പ ഒന്നും വേണ്ട, പക്ഷെ ആ കണ്ടീഷൻ മാത്രമായി തരാൻ പറയാമോ?” (അതായത് നമ്മുടെ ധനകാര്യ രംഗം നന്നായി നടത്തിയാൽ മതി, പുറമെ നിന്ന് പണം വേണ്ട എന്ന് ചുരുക്കം).
കഴിഞ്ഞ ദിവസം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസിനെ പറ്റിയുള്ള പ്രഖ്യാപനത്തിൽ ജിയോയുടെ ഇനിയും പിറക്കാത്ത ഇൻസ്റ്റിട്യൂട്ടിന് പദവി കൊടുത്തതോടെ ചർച്ച ആ വഴിക്കു പോയി. ആ ഇൻസ്റ്റിട്യൂട്ടുകൾക്ക് കിട്ടുന്ന പ്രത്യേക സൗകര്യങ്ങളാണ് ഞാൻ ശ്രദ്ധിച്ചത്.
“These institutions will be permitted to admit 30% foreign students with no restrictions on fees charged from them, hire foreign faculty to the tune of 25% of the total faculty and enter into academic collaborations with the top 500 global universities without UGC approval. They will also have full flexibility in evolving curricula and syllabi.”
ഏറെ നാളായി ഞാൻ കേരളത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ ഒരു കാര്യമാണ്. കൂടുതൽ വിദേശത്തുനിന്നുള്ള അധ്യാപകർ, കുട്ടികൾ, വിദേശ സർവകലാശാലകളുമായി യു ജി സി യുടെ ഇടങ്കോലില്ലാതെ കൊളാബോറേഷൻ, പുതിയതായി കോഴ്സും സിലബസും ഉണ്ടാക്കാനുള്ള അംഗീകാരം.
നമുക്ക് ആയിരം കോടിയും വേണ്ട എമിനൻസും വേണ്ട, പക്ഷെ ഈ കണ്ടീഷൻ ഒക്കെ കേരളത്തിലെ സ്ഥാപനങ്ങൾക്കും ഒന്ന് തരാൻ പറ്റുമോ എന്നൊന്ന് അന്വേഷിക്കണം. എന്നാൽ നമ്മുടെ വിദ്യാഭ്യാസം ഇപ്പോഴത്തെ ശരാശരിയിൽ നിന്നും ഉന്നത നിലവാരത്തിൽ എത്തും. അതിനാരുടേയും പണവും വേണ്ട എമിനൻസും വേണ്ട.
മുരളി തുമ്മാരുകുടി
Leave a Comment