പൊതു വിഭാഗം

ആശുപത്രിയിൽ വെള്ളം പൊങ്ങുന്പോൾ

കുറച്ചു നാളായി എഴുതാൻ സമയം കിട്ടാറില്ല. പക്ഷെ കുഴപ്പമില്ല. കേരളത്തിൽ ഇപ്പോൾ വിവാദങ്ങളുടെ വസന്തകാലം ആണ്, അതുകൊണ്ട് തന്നെ ഡിജിറ്റൽ ട്രാൻസ്ഫർമേഷനും പുതിയ വിദ്യാഭ്യാസ നയവും ഒന്നും ആരും ശ്രദ്ധിക്കുന്നില്ല.

പക്ഷെ നമ്മൾ വിവാദങ്ങളും ഗോ ഗ്വാ വിളികളും ആയി രാഷ്ട്രീയ നിലവാരത്തിൻറെ നെല്ലിപ്പലക അന്വേഷിച്ചു നടക്കുന്ന കാലത്തും ലോകം മാറുകയാണ്. ലോകത്ത് മൊത്തം ഉരുണ്ടുകൂടുന്ന സാന്പത്തിക മാന്ദ്യത്തിന്റെ കാർമേഘങ്ങൾ, അടുത്ത വർഷം പ്രതീക്ഷിക്കേണ്ട ഭഷ്യ സുരക്ഷാ പ്രശ്നങ്ങൾ, സാങ്കേതിക രംഗത്ത് ഉണ്ടാകുന്ന കുതിച്ചു ചാട്ടങ്ങൾ, ആഗോള താപനവും അതുണ്ടാക്കുന്ന മാറ്റങ്ങളും. ഇതൊക്കെ നമ്മുടെ അന്തി ചർച്ചകളിലോ മാധ്യമ ശ്രദ്ധയിലോ വരില്ല. ഇതൊന്നും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസിങ്ങിന് പറ്റിയ വിഷയങ്ങൾ അല്ല താനും.

ഇന്നും നാളെയും ഇതൊന്നും നമ്മൾ ശ്രദ്ധിച്ചില്ലെങ്കിലും ചിലതൊക്കെ പ്രകൃതി തന്നെ നമ്മുടെ മുന്നിൽ എത്തിക്കും. കാലാവസ്ഥ വ്യതിയാനം അത്തരത്തിൽ ഒന്നാണ്. മാറുന്ന കാലാവസ്ഥ എങ്ങനെയാണ് കേരളത്തിൽ പ്രളയങ്ങൾ കൂടുതൽ ഉണ്ടാക്കുന്നതെന്നും പ്രളയത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതെന്നും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ചേർന്ന് നടത്തിയ പഠനത്തെ പറ്റി ഞാൻ ഒരിക്കൽ എഴുതിയിരുന്നു.

ആ പഠനത്തിൽ മോഡൽ ചെയ്ത പ്രളയത്തിന്റെ വ്യാപ്തി അനുസരിച്ച് കേരളത്തിലെ ഏതൊക്കെ ആശുപത്രികളും സ്‌കൂളുകളും ആണ് പ്രളയ സാധ്യത പ്രദേശങ്ങളിൽ ഉള്ളത് എന്നതിനെ പറ്റി കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി ഒരു നല്ല പഠനം നടത്തിയിട്ടുണ്ട്.

ആശുപത്രികളും സ്‌കൂളുകളും പ്രളയകാലത്ത് “ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ”ആണ്, കാരണം പ്രളയകാലത്ത് ആളുകളെ മാറ്റി താമസിപ്പിക്കുന്നത് പലപ്പോഴും സ്‌കൂളുകളിൽ ആണ്. 2018 ലെ പ്രളയത്തിൽ ഒരു സമയത്ത് 55 ലക്ഷം ആളുകൾക്ക് വീട്ടിൽ നിന്നും മാറേണ്ടി വന്നു, അടുത്ത പ്രളയത്തിൽ ഇത് ഒരുപക്ഷെ ഒരു കോടി കടക്കും !, അവർക്കൊക്കെ മാറി താമസിക്കാൻ ഈ സ്‌കൂളുകൾ ഒക്കെയേ അന്നും കാണൂ. അപ്പോൾ ആ സ്‌കൂളുകൾ വെള്ളത്തിനടിയിൽ ആയാൽ എന്താകും സ്ഥിതി. ആശുപത്രികളുടെ കാര്യം പറയേണ്ടല്ലോ. പ്രളയത്തിൽ പെടുന്നവരെ സഹായിക്കാൻ പറ്റില്ല എന്ന് മാത്രമല്ല ആശുപത്രിയിൽ ഉള്ളവരെ മാറ്റി താമസിപ്പിക്കാനും കൂടി വേറെ സ്ഥലം അന്വേഷിക്കേണ്ടി വരും, അവസാന നിമിഷം അത് നടപ്പാകാതെ കൂടുതൽ ആളുകൾ മരിക്കും.

ഇതൊക്കെ മുറ്റത്ത് വെള്ളം എത്തുന്പോൾ മാത്രം ആലോചിച്ചാൽ പോരാ, ഇവിടെയാണ് നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയെ അഭിനന്ദിക്കേണ്ടത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊന്ന് എന്നാണ് എനിക്ക് തോന്നുന്നത്, ലോകത്ത് തന്നെ അധികം ഒന്നും ഇല്ല, ഇത്ര ദീർഘ വീക്ഷണത്തോടെ ഉള്ള പഠനവും മുന്നറിയിപ്പും.

എന്നാലും തൽക്കാലം നമ്മുടെ മാധ്യമങ്ങൾക്ക് ഇതിന് സമയമില്ല. വെള്ളം സ്‌കൂളുകളിലും ആശുപത്രിയിലും എത്തുന്പോൾ “ആരുടെ കുറ്റം” എന്ന് കണ്ടുപിടിക്കാൻ കാമറയുമായി ഇറങ്ങുന്പോൾ കുറച്ചൊക്കെ സ്വന്തം നേർക്കും വച്ച് പിടിക്കണം.

സ്‌കൂളുകളും ആശുപത്രികളും മാത്രമല്ല പോലീസ് സ്റ്റേഷൻ, സ്റ്റേഷനറി കട, വില്ലേജ് ഓഫീസ്, ബാങ്കുകൾ വരെ എല്ലാവരും ഇത്തരത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ലോകത്ത് അവരുടെ പ്രളയ ദുരന്ത സാദ്ധ്യതകൾ എന്തെന്ന് കണ്ടു മുന്നൊരുക്കങ്ങൾ തുടങ്ങണം.

വ്യക്തിപരമായും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

Kerala State Disaster Management Authority – KSDMA ക്ക് അഭിനന്ദനങ്ങൾ

https://bit.ly/3ycQTSJ

മുരളി തുമ്മാരുകുടി

May be an image of body of water and tree

Leave a Comment