പൊതു വിഭാഗം

ആചാരവെടി വെങ്ങോലയിലേക്ക്

പതിവിന് വിരുദ്ധമായി ഓഫീസിൽ നല്ല തിരക്കുള്ള ദിവസം ആയിരുന്നു. ഫോൺ ഓഫായി പോയത് അറിഞ്ഞില്ല.
 
പിന്നെ ചാർജ്ജ് ചെയ്ത് ഓൺ ചെയ്തപ്പോൾ ഏഴ് മിസ്‌ഡ് കാൾ കിടക്കുന്നു (മറ്റേ തള്ളുന്ന ആൾക്ക് ആറ് മിസ്ഡ് കോൾ കിട്ടിയ കാര്യം ഓർമ്മ ഉണ്ടാകുമല്ലോ, ഞാൻ ഒന്ന് കൂട്ടി പറഞ്ഞതാണ്).
 
നോക്കിയപ്പോൾ സാഹിത്യ അക്കാദമി അവാർഡ് കിട്ടിയെന്ന വാർത്ത കണ്ട് അഭിനന്ദിക്കാൻ വിളിച്ചവർ ആണ്.
 
സാധാരണഗതിയിൽ അവാർഡ് കിട്ടിയവരോ കിട്ടാത്തവരോ ഒക്കെയാണ് ഞെട്ടേണ്ടത്, പക്ഷെ ഇത്തവണ ഞെട്ടിയത് വാർത്തകേട്ടവർ ആണെന്ന് തോന്നുന്നു. അവരൊക്കെ മൊത്തമായി ഞെട്ടിയത് കൊണ്ടും, വാർത്ത അറിയാൻ ഞാൻ അല്പം വൈകിപ്പോയത് കൊണ്ടും ഞാൻ ഞെട്ടുന്നില്ല.
 
ഞാൻ എഴുതുന്നത് എന്താണ് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. കഥയാണോ, സഞ്ചാര സാഹിത്യം ആണോ, സാമൂഹ്യ വിമർശനം ആണോ, ഹാസ്യമാണോ എന്നൊക്കെ. ഇതിനൊന്നും എനിക്കൊരു ഉത്തരം ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ അതായി. ഔദ്യോഗികമായി ഞാൻ ഹാസ്യസാഹിത്യകാരൻ ആണ്.
 
എൻറെ പുസ്തകം അവാർഡിന് വേണ്ടി പരിഗണിച്ച അക്കാദമിക്ക് നന്ദി, അവാർഡ് തന്ന കമ്മിറ്റിക്കും. എൻറെ ഓൺലൈൻ വായനക്കാർക്ക് ഏറെ നന്ദി..! കാരണം അവരുടെ അപ്പോഴപ്പോഴുള്ള പ്രതികരണമാണ് ഞാൻ ആഗ്രഹിച്ചതും എനിക്ക് ആദ്യമായി ലഭിച്ചതുമായ അവാർഡ്. എൻറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച മാതൃഭൂമി ഓൺലൈൻ, ഓൺലൈൻ എഡിറ്റർ ആയിരുന്ന എൻ പി രാജേന്ദ്രൻ, രാജേന്ദ്രനെ പരിചയപ്പെട്ട എഫ് ഇ സി ഗ്രൂപ്പ്, ഗ്രൂപ്പ് അഡ്മിൻ ആയ Sajan Gopalan സാജൻ, സാജനെ പരിചയപെപ്പടുത്തിയ എം ജി ആർ Mg Radhakrishnan എന്നിവർക്ക് എൻറെ വക പ്രത്യേക പരാമർശം ഉണ്ട്. മുരളി ഈ ജോലി ഒക്കെ നിർത്തി എഴുത്തു തുടങ്ങണം എന്ന് പറഞ്ഞ ആർ വി ജി മേനോൻ RVG Menon സാറിനും മുരളി ഈ തമാശയുടെ കാര്യം പറയാൻ പോയാൽ ആളുകൾ ഹാസ്യസാഹിത്യകാരൻ ആക്കി മൂലയിൽ ഇരുത്തും എന്ന് മുന്നറിയിപ്പ് നൽകിയ Chemmanam Chacko സാറിനെയും പ്രത്യേകം സ്മരിക്കുന്നു. ഇനി സ്മരിക്കപ്പെടേണ്ടവരും ഇപ്പോൾ വിസ്താരഭയത്താൽ സ്മരിക്കപ്പെടാത്തവരും ആയവരുടെ സ്മരണക്കായി ഞാൻ മെഴുകുതിരി വേറെ കൊളുത്തുന്നുണ്ട്.
 
“ഈ അവാർഡ് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നതല്ല” എന്ന് പറയുന്നതാണ് ഞങ്ങൾ സാഹിത്യകാരന്മാരുടെ ഒരു രീതി. പക്ഷെ സത്യം പറയട്ടെ, ജീവിച്ചിരിക്കുന്ന കാലത്ത് ഒരു സർക്കാർ അവാർഡ് കിട്ടണമെന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു, കാരണം സാഹിത്യ അക്കാദമി അവാർഡ് കിട്ടിയവർ മരിക്കുമ്പോൾ പോലീസിന്റെ വക ആചാരവെടി ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. മരണത്തിന് മുൻപ് തന്നെ വെടി കിട്ടാൻ സാധ്യതയുള്ള തൊഴിലായതിനാൽ ഈ വെടിയോടൊക്കെ ഇത്ര ആക്രാന്തം വേണോ എന്നൊക്കെ നിങ്ങൾക്ക് തോന്നാമെങ്കിലും തുമ്മാരുകുടിയിലേക്ക് ആചാരവെടി വരിക എന്നൊക്കെ പറഞ്ഞാൽ തറവാട്ടിന് അതൊരു വലിയ അഭിമാനമല്ലേ. അത് നടന്നു. മതി..! തൃപ്തിയായി…!
 
അപ്പോൾ അഭിനന്ദനങ്ങൾ പറഞ്ഞവർക്കും പറയാൻ പോകുന്നവർക്കും സ്നേഹപൂർവ്വം നന്ദി…! സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ നാട്ടിൽ ഉടൻ വരണമെന്നുണ്ടെങ്കിലും മെയ് മാസത്തിലേ അത് നടക്കൂ. മാപ്രാണം കരയോഗത്തിലെ സ്വീകരണം കഴിഞ്ഞ് ബാക്കിയുള്ള ദിവസങ്ങളിലെ ബുക്കിങ് എടുക്കുന്നുണ്ട്.
 
മുരളി തുമ്മാരുകുടി
 

Leave a Comment