എന്നാൽ ഞാൻ ഇനി ഒരു സത്യം പറയട്ടെ. ഞാൻ എൻറെ ആയുസ്സിൽ ഭാഷാപോഷിണി എന്ന പ്രസിദ്ധീകരണം വായിച്ചിട്ടില്ല. മനോരമ ഗ്രൂപ്പിന്റെ ആണ്, ഉന്നത നിലവാരമുള്ളതാണ് എന്നൊക്കെ ആളുകൾ പറഞ്ഞെനിക്കറിയാം. അതിൻറെ ബഹുമാനവും ഉണ്ട്.
ചെറുപ്പം മുതൽ മനോരമ വായിച്ചു വളർന്ന ഒരാളാണ് ഞാൻ. ബോബനും മോളിയും ആയിരുന്നു ഏറ്റവും ഇഷ്ടം. വീട്ടിൽ മാതൃഭൂമി വരുത്താറില്ല. ഒരിക്കൽ അച്ഛന്റെ ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ കുറേ മാതൃഭൂമി ആഴ്ചപ്പതിപ്പുകൾ. അതിൻറെ ലാസ്റ്റ് പേജിൽ കാർട്ടൂൺ നോക്കി. വലിയ ലോകവും ചെറിയ മനുഷ്യനും എന്ന സീരീസ്. എനിക്കൊരു കുന്തവും മനസ്സിലായില്ല. അന്ന് മടക്കിയതാ തീരുമേനി മാതൃഭൂമി.
വാസ്തവത്തിൽ കേരളത്തിൽ ഉന്നത നിലവാരമുണ്ടെന്ന് ആളുകൾ പറയുന്ന മിക്കവാറും കാര്യങ്ങളിൽ ഇതാണ് എൻറെ സ്ഥിതി. അച്ഛന്റെ കൂടെ അന്പലത്തിൽ കഥകളി കാണാൻ പോകും. കഥാപാത്രം തിരശീലക്ക് മുന്നിൽ വരാതെ പിന്നിൽ ഒളിച്ചു കളിക്കുന്പോൾ തന്നെ എനിക്ക് ബോറടിക്കും. പിന്നെ കളി തുടങ്ങിയാലും പതിനഞ്ചു മിനിട്ടിന് മുകളിൽ ഞാൻ ഉറങ്ങാതിരുന്നിട്ടില്ല. അതേസമയം ഇടപ്പള്ളി അശോക് രാജിന്റെ ബാലേ ആണെങ്കിൽ ഉറക്കമിളച്ചു കാണും. സംഗീതത്തിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. ശാസ്ത്രീയമായ കർണ്ണാടക സംഗീതം ഒരു കാലത്തും എനിക്ക് മനസ്സിലായിട്ടില്ല, ചെമ്മനം ചാക്കോ സാറിന്റെ കവിതകളാകട്ടെ ഇന്നും മനഃപാഠമാണ്. ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ട് മനസ്സിലാകാത്ത ഞാൻ ഇബിലീസുകളുടെ നാട്ടിൽ വായിച്ച് ഇന്നും പൊട്ടിച്ചിരിക്കും. എന്നാൽ അരവിന്ദന്റെ കാർട്ടൂണിനോടും കഥകളിയോടും ഒ.വി വിജയൻറെ പുസ്തകത്തോടും കർണ്ണാടക സംഗീതത്തോടും ബഹുമാനം ഒട്ടും കുറവില്ല. അതാസ്വദിക്കാൻ പറ്റുന്നവരോട് അസൂയയും ഉണ്ട്. ഞാനായിട്ട് കൂട്ടിയാൽ കൂടില്ല എന്ന് മാത്രം. അതെനിക്ക് അറിയാം.
ഇതൊക്കെ ഞാൻ ഇപ്പോൾ പറയാൻ കാരണമുണ്ട്. ഈ ആഴ്ചയിലെ ഭാഷാപോഷിണിയിൽ എൻറെ എഴുത്തിനെക്കുറിച്ച് പരമാർശമുണ്ടെന്ന് എൻറെ സുഹൃത്ത് പറഞ്ഞു. ലേഖനത്തിലെ ‘അഹം’ഭാവം ആണ് വിഷയം. ഒരു വാചകത്തിൽ തന്നെ ഒന്നിൽ കൂടുതൽ ഞാൻ, എൻറെ പറയുന്നു. മൂന്ന് പേജുള്ള ലേഖനത്തിൽ ഇരുപത്തിയഞ്ചു പ്രാവശ്യമെങ്കിലും അഹം പ്രയോഗം ഉണ്ട്. പോരാത്തതിന് ‘മറ്റുള്ളവർ, വിശേഷിച്ചു തന്നെക്കാൾ ശ്രദ്ധേയർ, പറഞ്ഞത് ഉദ്ധരിച്ച് സ്വന്തം വാദങ്ങൾ ബലപ്പെടുത്തുന്ന എഴുത്തു രീതി വിട്ട് സ്വയം ഉദ്ധരിച്ചു ശക്തിമാനാകാൻ ലേഖകന് മടിയില്ല’ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
യെസ്, യുവർ ഹോണർ, ഗിൽറ്റി ആസ് ചാർജ്ജ്ഡ്. ഞാൻ കുറ്റം സമ്മതിക്കുന്നു…
സംഗതി സത്യമാണ്, ഈപ്പച്ചന് അഹംഭാവം അല്പം കൂടുതലാണ്. ‘ഈ വണ്ടി തള്ളാൻ വേറൊരു തെണ്ടിയുടേയും ആവശ്യമില്ല’ എന്ന് പറഞ്ഞ സി ഐ ഡി മൂസയിലെ ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രവും ‘ഞാൻ ഫീൽഡിൽ ഇരിക്കുകയാണെങ്കിൽ കാമറ വേറെ ആംഗിളിലേക്ക് വെച്ചോ’ എന്ന് പറഞ്ഞ അഴകിയ രാവണനിലെ മമ്മൂട്ടിയുടെ കഥാപാത്രവും ഒക്കെയാണ് എൻറെ റോൾ മോഡൽസ്. അപ്പോൾ പിന്നെ എതിരഭിപ്രായം ഒന്നുമില്ല. ചേരേണ്ടത് ചേർന്നു എന്നുമാത്രം. ഞാൻ പറയുന്ന വാദങ്ങൾ ബലപ്പെടുത്താൻ ‘മുന്നിൽ നിന്നും പിന്നിൽ നിന്നും’ ഒരു തുണയും ജഗന്നാഥന് വേണ്ട. (ഇനി അഥവാ കിട്ടിയാൽ വേണ്ടാന്ന് പറയുകയും ഇല്ല).
ചുരുക്കത്തിൽ ഞാൻ പറഞ്ഞുവരുന്നത് ഞാൻ സത്യത്തിൽ അഹംഭാവി മാത്രമല്ല പൊങ്ങച്ചക്കാരൻ കൂടിയാണ് എന്നാണ്. ഇതിനൊരു കാരണമുണ്ട്. ഞാൻ എന്താണെന്നും എന്തല്ല എന്നും എനിക്ക് നല്ല അറിവുണ്ട്. ഉദാഹരണത്തിന് എൻറെ എഴുത്തുകൊണ്ട് ആളുകളുടെ ചിന്തകളെ സ്വാധീനിക്കാൻ കഴിയുമെന്ന് എനിക്കറിയാം. എൻറെ പ്രസംഗം കേൾക്കാൻ വരുന്നവർ, പ്രത്യേകിച്ചും അവർ എൻറെ വായനക്കാർ ആണെങ്കിൽ, നിരാശരാവാറുണ്ട് എന്നും. അതൊക്കെ ഇപ്പോൾ എൻറെ സ്ഥിരം വായനക്കാർക്ക് അറിയാം. എഴുത്തിലെ എൻറെ അഹംഭാവം കാരണം എന്നെ വായിക്കാതെ പോയ ഏറെ ആളുകളുണ്ട്. “നല്ല ചക്കപ്പഴം കഴിക്കണമെങ്കിൽ ചിലപ്പോൾ കൈയിൽ അല്പം മൊളഞ്ഞീൻ ഒക്കെ പറ്റും” എന്നാണ് എൻറെ അഹംഭാവം കണ്ട് എന്നെ അൺഫ്രണ്ട് ചെയ്തു പോയ ഒരാൾ പ്രളയകാലത്ത് തിരിച്ചു വന്നപ്പോൾ പറഞ്ഞത്. ഭാഷയിലും അല്ലാതേയുമുള്ള പൊങ്ങച്ചം ദിനം നാലുപ്രാവശ്യം അനുഭവിച്ചിട്ടും കുറച്ചുപേർ എന്നെ വായിക്കുന്നത് ഗുണമുള്ള എന്തെങ്കിലും അതിലുണ്ടെന്ന് തോന്നുന്നതു കൊണ്ടാണ്. ആളുകൾക്ക് പ്രയോജനമുള്ള എന്തെങ്കിലും നമ്മുടെ കൈയിലുണ്ടെങ്കിൽ അല്പം പൊങ്ങച്ചമൊക്കെ ആളുകൾ സഹിക്കുമെന്ന് എനിക്കുമറിയാം. പാചകക്കാരന് നന്നായി സൂപ്പ് ഉണ്ടാക്കാൻ അറിയാമെങ്കിൽ അയാൾ അല്പം റൂഡ് ആണെങ്കിലും കടയുടെ മുന്നിൽ ആളുകൾ ക്യൂ നില്കുമെന്ന് പറഞ്ഞത് ജാക്ക് വെൽഷ് ആണെന്ന് തോന്നുന്നു.
എന്നെപ്പറ്റി എഴുതിയ ആൾ ഒരുപക്ഷേ എന്നെ ആദ്യമായിട്ടായിരിക്കാം വായിക്കുന്നത് (കലാകൗമുദിയിൽ പുനഃപ്രസിദ്ധീകരിച്ച ലേഖനത്തെ ആണ് അദ്ദേഹം അവലോകനം ചെയ്തത്). എം ടി രണ്ടാമൻ പ്രയോഗം ഒന്നും അദ്ദേഹം കേട്ടുകാണാൻ വഴിയില്ല. അതുകൊണ്ടു തന്നെ പ്രശ്നത്തിന്റെ തീവ്രത അദ്ദേഹത്തിന് പിടികിട്ടിക്കാണില്ല. അതാണ് ‘എഴുത്തിലെ ദുരന്ത ലഘൂകരണത്തിന് യു എൻ ഇടപെടുമോ’ എന്ന് ചോദിച്ച് നിറുത്തിയിരിക്കുന്നത്.
ഇല്ല, സാർ, ഇതൊരു മാറാ രോഗമാണ്, ചെറുപ്പകാലം തൊട്ടുള്ളതും. ഇംഗ്ലീഷിൽ ഇതിന് ‘Ente Body Ente Full Figaromania’ എന്ന് പറയും. ഇറ്റ് ഈസ് ഇൻക്യൂറബിൾ. എണ്ണി നോക്കിക്കോളൂ, ഈ ഈ ചെറിയ കുറിപ്പിൽ തന്നെ ‘ഞാനും’ ‘എന്റെ’ ആളുകളുമായി മുപ്പതിലേറെ ആളുണ്ട്. !
എൻറെ ലേഖനത്തെ പരാമർശിച്ച ഭാഷാ പോഷിണിക്കും എഴുത്തുകാരനും നന്ദി. സത്യത്തിൽ ഭാഷാപോഷിണിയുടെ പേജിൽ എത്താൻ പറ്റിയതിൽ എനിക്ക് സന്തോഷമായി. കാര്യം അത്ര നന്നായിട്ടല്ല എഴുതിയിരിക്കുന്നതെങ്കിലും ഭാഷാ പോഷിണിയിലൊക്കെ എന്നെപ്പറ്റി രണ്ടു വാക്കു വരിക എന്നാൽ അതൊരു അവാർഡിന് തുല്യമല്ലേ..? (സത്യായിട്ടും ട്രോൾ അല്ല).
മുരളി തുമ്മാരുകുടി
Dear Sir,
Sir ‘njan’, ‘ente’ ennu parayunnathinoppam thanne ‘ENTE NADU’, ‘ENTE NATTUKAR’, ‘ENTE KERALAM’ , ‘ENTE INDIA’ & ‘ENTE LOKAM’ ennum parayarundu.
Athukondu Sirine enikku ishtamanu, Sirinte ezhuthukalum
Snehathode
Alphy