സിനിമ സംവിധായകൻ ശ്രീ. കെ. ജി. ജോർജ്ജിന്റെ മരണത്തെ തുടർന്നുണ്ടായ ചർച്ചകൾ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെങ്കിലും ഔദ്യോഗികമായ യാത്രയിലും കേരളത്തിൽ നിന്നും മാറിയ ടൈം സോണിലും ആയതിനാൽ അതിനെ പറ്റി എഴുതാൻ സാധിച്ചില്ല.
ആദ്യമായി, കെ.ജി. ജോർജ്ജിനെ പറ്റി. എനിക്കേറെ പ്രിയപ്പെട്ട സിനിമ സംവിധായകൻ ആയിരുന്നു. സ്വരം നന്നായിരുന്നപ്പോൾ പാട്ടു നിർത്തിയ ആളാണ്. സംവിധാനം ചെയ്തു നമ്മെ ത്രസിപ്പിച്ച സിനിമകളെപ്പോലെ തന്നെ സംവിധാനം ചെയ്യാതിരുന്നു നമ്മളെ വെറുപ്പിക്കാതിരുന്ന സിനിമകളും അദ്ദേഹത്തിൻറെ സംഭാവനയാണ്. കേരളത്തിലെ സാംസ്കാരിക രംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്, മാതൃകാപരമാണ്.
രണ്ടാമതായി അദ്ദേഹത്തിൻറെ മരണശേഷം കുടുംബാംഗങ്ങൾക്ക് പൊതുരംഗത്ത് വന്ന് വയസ്സുകാലത്ത് അദ്ദേഹം ഒരു കെയർ ഹോമിൽ ആയിരുന്നതിനെ ന്യായീകരിച്ച് സംസാരിക്കേണ്ടി വന്നത്. വലിയ വിഷമമുണ്ടാക്കിയ കാര്യമാണ്. വയസ്സുകാലത്ത് ആര് എവിടെ ജീവിക്കണം എന്നത് അവരുടെയും അവരെ നോക്കാൻ ഉത്തരവാദിത്തപ്പെട്ടവരുടെയും മാത്രം തീരുമാനമാണ്. മതിലിൽ കയറിയിരുന്ന് അതിനെ പറ്റി അഭിപ്രായം പറയാൻ ആർക്കും അവകാശമില്ല. അങ്ങനെ ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അവർക്ക് ന്യായീകരണം കൊടുക്കാൻ ഒരു ഉത്തരവാദിത്തവും ഒരു കുടുംബത്തിനും ഇല്ലതാനും.
എന്റെ അഭിപ്രായത്തിൽ കുട്ടികൾ പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ അവർ മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിൽ താമസിക്കുന്ന പരിപാടി കഴിഞ്ഞ നൂറ്റാണ്ടിന്റെ ബാക്കി പത്രമാണ്. പ്രായമായാൽ മാതാപിതാക്കളുടെ വീട്ടിൽ അവരോടൊപ്പം സ്ഥിരം താമസിക്കാം എന്ന ആഗ്രഹം കുട്ടികൾ എത്ര വേഗത്തിൽ ഉപേക്ഷിക്കുന്നുവോ അത്രയും നല്ലത്. വിദ്യാഭ്യാസത്തിന് പോകുന്പോഴോ ഒരു തൊഴിൽ കിട്ടുന്പോഴോ കുട്ടികൾ മാറി താമസിച്ചു തുടങ്ങണം. വിദ്യാഭ്യാസ കാലത്ത് തന്നെ എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാനുള്ള സാമൂഹിക സാന്പത്തിക സംവിധാനങ്ങൾ കേരളത്തിൽ ഒരുക്കണം. ഇത്തരത്തിൽ ഒറ്റക്ക് താമസിക്കാൻ ആഗ്രഹിക്കുന്ന പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള സ്റ്റുഡിയോ അപ്പാർട്മെന്റുകൾ പതിനായിരക്കണക്കിന് കേരളത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉണ്ടാക്കണം.
ഒരു കാരണവശാലും വിവാഹത്തിന് ശേഷം മക്കൾ അച്ഛനമ്മമാരുടെ കൂടെ സ്ഥിരമായി താമസിക്കുന്ന സാഹചര്യം ഉണ്ടാകരുത്. അത് രണ്ടുകൂട്ടരുടെയും സൗകര്യത്തെയും സ്വകാര്യതയെയും ബാധിക്കുന്ന ഒന്നാണ്. മാറിത്താമസിക്കുന്ന കുടുംബങ്ങളിൽ ആണ് കൂടുതൽ കാലം സ്നേഹവും സഹകരണവും നിലനിൽക്കാൻ പോകുന്നത്.
പ്രായമായവർ സ്വന്തം കാര്യങ്ങൾ നോക്കാൻ പറ്റുന്നത് വരെ ഇഷ്ടമെങ്കിൽ സ്വന്തം വീടുകളിൽ താമസിക്കാം, അത് കഴിഞ്ഞാൽ പ്രൊഫഷണൽ ആയി വയോജനങ്ങളെ കൈകാര്യം ചെയ്യാൻ സംവിധാനങ്ങൾ ഉള്ള സ്ഥലങ്ങളിലേക്ക് മാറണം. ഇപ്പോഴത്തെ പോലെ വീടുകളിൽ തന്നെ ആളുകൾക്ക് കെയർ ഒരുക്കാൻ ശ്രമിക്കുന്നത് അവരുടെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുകയേ ഉള്ളൂ. കാരണം ശരിയായ പരിചരണം നല്കാൻ അറിവോ കഴിവോ ഉള്ളവരല്ല വീട്ടിൽ ഉള്ളത്, ഹോം നേഴ്സ് എന്ന പേരിൽ ഇപ്പോൾ കേരളത്തിൽ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷത്തിനും വയോജനങ്ങളെ ശുശ്രൂഷിക്കുന്നതിൽ അറിവോ പരിശീലനമോ ഇല്ല. ഇപ്പോഴത്തെ കേരള സാമൂഹ്യ സാഹചര്യത്തിൽ പ്രായമായവരെ ശുശ്രൂഷിക്കുന്നത് മകളുടെ അല്ലെങ്കിൽ മരുമകളുടെ ഉത്തരവാദിത്തമായി മാറുന്നു, അവർക്ക് തൊഴിലെടുക്കാനുള്ള അവസരങ്ങൾ കുറയുന്നു, അത് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇപ്പോൾ എഴുപത് വയസ്സ് കഴിഞ്ഞ തലമുറക്ക് ഒരുപക്ഷെ ഇതൊന്നും മാറ്റാനുള്ള മാനസിക അവസ്ഥ ഉണ്ടായി എന്ന് വരില്ല. ഇപ്പോൾ അറുപതുകളിലേക്ക് അടുക്കുന്ന എൻറെ തലമുറ എങ്കിലും ഇക്കാര്യത്തിൽ മാറി ചിന്തിക്കുന്നതാണ് നല്ലത്.
വയോജനങ്ങളെ വേണ്ട തരത്തിൽ കൈകാര്യം ചെയ്യാനുള്ള വേണ്ടത്ര സംവിധാനങ്ങൾ ഇപ്പോൾ കേരളത്തിൽ ഇല്ല. ഇപ്പോൾ ഉള്ള പ്രസ്ഥാനങ്ങൾ മിക്കവാറും ഉപരി മധ്യവർഗ്ഗത്തിന് മാത്രം ആശ്രയിക്കാൻ പറ്റുന്നതാണ്. ഇക്കാര്യത്തിൽ സർക്കാർ പോളിസി സ്റ്റീയർ കൊടുക്കണം. നമ്മുടെ നാട്ടിലെ സ്കൂളുകൾ, കോളേജുകൾ, അനാഥാലയങ്ങൾ, കന്യാസ്ത്രീമഠങ്ങൾ ഇവയിലൊക്കെ തന്നെ ആളുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇവയിൽ പലതും വലിയ താമസമില്ലതെ പൂട്ടിപ്പോകേണ്ടി വരും. ഇവയൊക്കെ വേണ്ടതരത്തിൽ സംയോജിപ്പിച്ച് വയോജനങ്ങൾ കൂടിവരുന്ന ഒരു സമൂഹത്തിന് വേണ്ട ഇൻഫ്രാസ്ട്രക്ച്ചർ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴേ തുടങ്ങണം. സർക്കാർ മേഖലയിലും, മത സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിലും ബിസിനസ്സ് ആയും ഇക്കാര്യത്തിൽ ആവശ്യങ്ങളും അവസരങ്ങളും ഉണ്ട്. മുൻകൂട്ടി കണ്ടു പ്ലാൻ ചെയ്യുക എന്നതാണ് പ്രധാനം.
കെട്ടിടങ്ങളും സംവിധാങ്ങളും മാത്രം പോരാ, പ്രായമായവരെ കൈകാര്യം ചെയ്യാനുള്ള അറിവുള്ള ആളുകളെയും നമുക്ക് വേണം. ഇപ്പോൾ കേരളത്തിലെ എത്ര മെഡിക്കൽ കോളേജുകളിൽ ജെറിയാട്രിക്സിൽ ഉന്നത പഠനത്തിന് സംവിധാനം ഉണ്ട്? ഈ വിഷയത്തിൽ മെഡിസിനിലും നേഴ്സിങ്ങിലും ഉള്ള സീറ്റുകൾ ഇപ്പോഴത്തേതിന്റെ പത്തിരട്ടിയെങ്കിലും ആക്കണം. വീട്ടിൽ പോയി കെയർ നൽകുന്നവർ, കെയർ ഹോമിൽ വയസ്സായവരെ ശുശ്രൂഷിക്കുന്നവർ എന്നിങ്ങനെ പതിനായിരക്കണക്കിന് തൊഴിൽ സാദ്ധ്യതകൾ വേറെയും ഉണ്ട്. ഇതിനൊക്കെ പരിശീലന സ്ഥാപനങ്ങളും സർട്ടിഫിക്കേഷനും ഉണ്ടാകണം.
സന്പന്ന രാജ്യങ്ങളിൽ, പ്രത്യേകിച്ചും കൂടുതൽ തണുപ്പുണ്ടാകുന്ന രാജ്യങ്ങളിൽ ഉള്ളവർ, പ്രായമാകുന്പോൾ മറ്റു രാജ്യങ്ങളിൽ പോയി റിട്ടയർമെന്റ് ഹോമുകളിൽ താമസിക്കുന്ന രീതി ഉണ്ട്. സ്വിസ്സിൽ നിന്നൊക്കെ ആയിരക്കണക്കിന് ആളുകൾ ആണ് സൈപ്രസ് മുതൽ ബാലി വരെ ഉളള സ്ഥലങ്ങളിൽ ഇത്തരം സ്ഥാപനങ്ങളെ മൊത്തമായോ മാസത്തിൽ ആറു മാസമോ ഒക്കെ ആശ്രയിക്കുന്നത്. വിശ്വസനീയവും വൃത്തിയുള്ളതും നല്ല മെഡിക്കൽ കെയർ കൊടുക്കുന്നതുമായ റിട്ടയർമെന്റ് ഹോമുകൾ കേരളത്തിൽ ഉണ്ടാക്കിയാൽ ഇപ്പോൾ കേരളത്തിന് പുറത്തു താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ നാട്ടിൽ റിട്ടയർമെന്റ് ഹോമുകളിലും എത്തുമെന്നതിൽ സംശയം വേണ്ട. നാട്ടിൽ നിന്നുള്ളവർ മാത്രമല്ല, ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും ആകർഷകമായ സംവിധാനങ്ങൾ നമുക്ക് ഉണ്ടാക്കിയെടുക്കാം. ഇതൊരു മൾട്ടി ബില്യൺ ഡോളർ മാർക്കറ്റ് ആണ്.
വയസ്സായവരെ ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി. ശ്രീ. ജോർജ്ജിന്റെ മരണത്തെ തുടർന്നുണ്ടായ നിർഭാഗ്യകരമായ ചർച്ചകൾ അത്തരത്തിൽ ഒരു പുനർ വിചിന്തനത്തിന് സമൂഹത്തിന് അവസരമൊതുക്കിയാൽ അത്രയും നല്ലത്.
മുരളി തുമ്മാരുകുടി
Leave a Comment