പണ്ടൊന്നും വെങ്ങോലയിൽ ആശുപത്രി ഇല്ല, വാഹനങ്ങളും. മിക്ക രോഗങ്ങൾക്കും വീട്ടിൽ തന്നെയാണ് ചികിത്സ, എല്ലാ അമ്മമാർക്കും ചില നാട്ടുമരുന്നുകൾ അറിയാം, ഇല്ലെങ്കിൽ അടുത്ത വീട്ടിലെ അമ്മക്കറിയാം, അതുമല്ലെങ്കിൽ അമ്മൂമ്മക്ക്. കാര്യങ്ങൾ അല്പം കൂടി വഷളായാൽ നാട്ടിൽ ഏതെങ്കിലും വൈദ്യന്റെ അടുത്ത് പോകും. മരിക്കാറായ രോഗി ആണെങ്കിൽ പെരുന്പാവൂരിൽ പോയി കുറുപ്പ് ഡോക്ടറെ വീട്ടിൽ വിളിച്ചു കൊണ്ട് വരും. എന്റെ അമ്മൂമ്മയെ പരിശോധിക്കാൻ കുറുപ്പ് ഡോക്ടർ വന്നത് ഞാൻ ഓർക്കുന്നു.
എന്നാൽ ആർക്കെങ്കിലും ഒരപകടം സംഭവിച്ചാൽ പ്രോട്ടോക്കോൾ വ്യത്യസ്തമാണ്. ഒടിവോ ചതവോ ആണെങ്കിൽ പുല്ലുവഴിയിലുള്ള പരത്തുവയലിലോ, കീഴില്ലത്തുള്ള നങ്ങേലിൽ എന്ന പാരന്പര്യ ചികിത്സക്കാരുടെ അടുത്തോ കൊണ്ടുപോകും. അന്ന് ഒടിവിന് എക്സ് റേ നോക്കലും കാസ്റ്റ് ഇടലും ഒന്നുമില്ല. വൈദ്യൻ കൈകൊണ്ട് പിടിച്ചു നോക്കി വേണമെങ്കിൽ മുളകൊണ്ടുള്ള ചെറിയ കഷണങ്ങൾ കൈക്കോ കാലിനോ ചുറ്റിവെച്ച് അതിന് പുറത്ത് തുണികൊണ്ട് വരിഞ്ഞു കെട്ടി വീട്ടിൽ പറഞ്ഞു വിടും. കുറച്ചു നാൾ കഴിയുന്പോൾ കെട്ടഴിച്ച് തിരുമ്മൽ നടത്തും. എന്റെ അമ്മ ഒരിക്കൽ തൊഴുത്തിൽ തെന്നി വീണ് കയ്യൊടിഞ്ഞപ്പോൾ പരത്തുവയലിൽ പോയി ഇത്തരം കെട്ടുമായി വന്നത് ഞാൻ ഓർക്കുന്നുണ്ട്.
മരത്തിൽ നിന്ന് വീഴുകയോ ആളുടെ ബോധം പോവുകയോ ചെയ്താൽ പിന്നെ കാര്യം വൈദ്യന്റെ കയ്യിൽ നിന്നും പോയി. പിന്നെ നേരെ പെരുന്പാവൂർക്ക് കൊണ്ടുപോകണം. അക്കാലത്ത് വാഹനങ്ങൾ എളുപ്പത്തിൽ കിട്ടില്ലാത്തതിനാൽ ചെറിയ കട്ടിലിൽ ആളെ കിടത്തി നാലുപേർ എടുത്തുകൊണ്ട് പെരുന്പാവൂർക്ക് ഓടുകയാണ് പതിവ്. പറഞ്ഞു കേട്ടതാണ്.
നാട്ടിലെ ഒരു തെങ്ങുകയറ്റക്കാരൻ ഒരിക്കൽ തെങ്ങിൽ നിന്നും വീണു. നടുവോ കഴുത്തോ ഒടിഞ്ഞു കാണണം, ബോധവും പോയി. നാട്ടുകാർ ഓടിക്കൂടി അതിവേഗത്തിൽ ആളെ കട്ടിലിൽ കിടത്തി പെരുന്പാവൂരിൽ എത്തിച്ചു.
കുറുപ്പ് ഡോക്ടർ രോഗിയെ നോക്കിയിട്ട് പറഞ്ഞു, “ഇനിയിപ്പോ ഒന്നും ചെയ്യാനില്ല, അരമണിക്കൂർ മുൻപ് എത്തിച്ചിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു.”
അന്നൊക്കെ ഡോക്ടർ എന്ന് പറഞ്ഞാൽ ദൈവം ആണ്. അവരുടെ വാക്കിന് എതിർ വാക്കില്ല. കൊണ്ടുവന്നവർക്കും ബന്ധുക്കൾക്കും നിരാശയായി. പക്ഷെ അതിലെ ഒരു വെങ്ങോലക്കാരൻ ധൈര്യം സംഭരിച്ചു ഡോക്ടറോട് പറഞ്ഞുവത്രേ, “ഡോക്ടറെ, ഞങ്ങൾ രാവിലെ മുതൽ ഫ്രീ ആയിരുന്നു, പക്ഷെ ഇയാൾ ഒന്ന് വീണു കിട്ടേണ്ട, അതുകൊണ്ടാണ് താമസിച്ചത്.”
ഏതൊരു ഗുരുതരാവസ്ഥയിലും ഡോക്ടറുടെ മുൻപിൽ പോലും കൂസാതെ സത്യം പറഞ്ഞ ആ വെങ്ങോലക്കാരനിലാണ് ഞാൻ എന്റെ ഗുരുക്കന്മാരെ കാണുന്നത്.
മുരളി തുമ്മാരുകുടി
Leave a Comment