പൊതു വിഭാഗം

അരച്ചുകലക്കിയ ‘അമ്മ രുചി’!

നമുക്ക് രോഗം വരുന്പോഴോ ഒറ്റപ്പെടൽ തോന്നുന്പോഴോ നമ്മൾ നമ്മുടെ ചെറുപ്പകാലത്തെപ്പറ്റി ഓർക്കും. അന്നത്തെ കളികൾ, അന്നത്തെ സുഹൃത്തുക്കൾ, പാടം, പറന്പ്, പാട്ടുകൾ. അതിൽ പ്രധാനമാണ് ഭക്ഷണം.

ഇംഗ്ളീഷിൽ ‘comfort food’ എന്നൊരു പ്രയോഗം തന്നെയുണ്ട്. നമുക്കോരോരുത്തർക്കും ഇത്തരം കംഫർട്ട് ഫുഡ് ഉണ്ട്. കൊറോണക്കാലത്ത് ഞാൻ ഓർക്കുന്നത് എന്റെ കംഫർട്ട് ഫുഡ് ആയ അരച്ചുകലക്കി ആണ്. അമ്മയുടെ രുചിയാണ്, അമ്മയുടെ വാത്സല്യത്തിന്റെയും സാമീപ്യത്തിന്റെയും നിറവാണ്.

ഞാൻ എൻറെ അമ്മയെ ഓർക്കുന്പോൾ ആദ്യം ചിന്തിക്കുന്നത് അമ്മയുടെ പാചകം അല്ല. നിശ്ചയ ദാർഢ്യം, കഠിനാധ്വാനം, ആത്മവിശ്വാസം, ഇതൊക്കെയാണ് അമ്മയെക്കുറിച്ചുള്ള ആദ്യ ചിന്തകൾ. എട്ടു മക്കളുമായി ഒരു കൂട്ടുകുടുംബത്തിൽ ജീവിച്ച അമ്മക്ക് മക്കൾക്ക് മൂന്നു നേരം ഭക്ഷണം കൊടുക്കാൻ പറ്റുമോ എന്നത് മാത്രമായിരുന്നു അക്കാലത്ത് ചിന്തിക്കാൻ പറ്റിയിരുന്നത്. കർഷക കുടുംബം ആയിരുന്നെങ്കിലും ഹരിതവിപ്ലവം വരുന്ന കാലം വരെ രണ്ടുനേരം പോലും ഭക്ഷണം കഴിക്കാമെന്നുള്ള ഉറപ്പ് അമ്മക്ക് ഉണ്ടായിരുന്നില്ല. രാവിലെ കഞ്ഞിവെള്ളം കുടിച്ചു തുടങ്ങി, അത്താഴം പട്ടിണിയിൽ അവസാനിച്ചിരുന്ന ദിവസങ്ങളുടെ കഥകൾ അമ്മ പരാതിയുടെ മേന്പൊടിയില്ലാതെ പറഞ്ഞു തന്നിട്ടുണ്ട്.

എൻറെ ചെറുപ്പകാലം ആയപ്പോഴേക്കും ആ കാലഘട്ടം കഴിഞ്ഞ് മൂന്നു നേരവും വീട്ടിൽ ഭക്ഷണം ഉണ്ടായിരുന്നു. രാവിലെ കഞ്ഞി, ചമ്മന്തി, ഉപ്പുമാങ്ങ. ഉച്ചക്ക് ചോറും പുളിങ്കറിയും, വൈകീട്ട് ചോറും ഉച്ചത്തെ പുളിങ്കറിയുടെ ബാക്കിയും എന്തെങ്കിലും തോരനോ മെഴുക്കുപുരട്ടിയോ. വല്ലപ്പോഴും ഒരിക്കൽ മീൻ മേടിക്കും. ഏതെങ്കിലും ബന്ധുക്കൾ വീട്ടിൽ വന്നാൽ ഒരു കോഴിയെ പിടിച്ചു കൊന്നു കറിവെക്കും. വീട്ടിൽ പശുക്കറവയുണ്ടെങ്കിൽ ഒരു മോരുകറി, ചക്കയുടെ കാലമായാൽ എന്തെങ്കിലും ചക്ക വിഭവങ്ങൾ. ഇതോടെ തീർന്നു അക്കാലത്തെ അമ്മ വിഭവങ്ങൾ.

വർഷത്തിൽ ഒരിക്കൽ ദീപാവലിക്കാണ് വീട്ടിൽ ഇഡലി ഉണ്ടാക്കുന്നത്. അന്ന് മാത്രമേ സാന്പാർ ഉണ്ടാക്കാറുള്ളൂ. സാന്പാറിൽ ആകട്ടെ ചേന്പും ചേനയുമാണ്. ഉരുളക്കിഴങ്ങ് അന്ന് ഒരു ലക്ഷ്വറി ഐറ്റം ആണ്.

“അമ്മേ, ഈ പുളിങ്കറി കഴിച്ചു മടുത്തു” എന്ന് ഞാൻ പലപ്പോഴും പറയും.

പാടത്തും പറന്പിലുമുള്ള ജോലികൾക്കിടയിൽ ഓരോ ദിവസവും ജോലിക്കാരും, ബന്ധുക്കളും, ആശ്രിതരും, ആങ്ങളമാരും, മക്കളും ഉൾപ്പെടെ ശരാശരി മുപ്പത് പേർക്ക് പുളിങ്കറി എങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള അമ്മയുടെ ബുദ്ധിമുട്ട് അന്നെനിക്ക് അറിയില്ലല്ലോ.

“മോൻ പഠിച്ചു ജോലി ഒക്കെ കിട്ടിക്കഴിയുന്പോൾ മോൻ എന്ത് വാങ്ങിത്തന്നാലും അതുവെച്ച് ഇഷ്ടമുള്ള കറിയുണ്ടാക്കിത്തരാം” എന്ന് അമ്മ പറയും.

മൂന്നു നേരവും ഭക്ഷണം അടുക്കളയിൽ വെച്ചുണ്ടാക്കും എന്നതല്ലാതെ അതൊന്നു വിളന്പിത്തരാനോ, അടുത്തിരുന്ന് ഊട്ടാനോ അമ്മക്ക് ഒരിക്കലും സമയം ഉണ്ടായിരുന്നില്ല. വെളുപ്പിന് നാലരമണിക്ക് തുടങ്ങുന്ന ജോലികൾ തീരുന്നത് രാത്രി പത്തുമണിക്കാണ്. വീട്ടിൽ നിന്നും മുന്നൂറു മീറ്റർ ദൂരെ പാടത്തുള്ള കുളത്തിൽ അമ്മ കുളിക്കാൻ പോകുന്നത് രാത്രി ഏഴുമണിക്കാണ് !. കുളത്തിന്റെ താക്കോൽ അമ്മയുടെ അടുത്താണെന്ന് ഞങ്ങൾ തമാശ പറയും.

ഇതൊന്നും എൻറെ അമ്മയുടെ മാത്രം കഥയല്ല. എൻറെ തലമുറയിലെ എല്ലാ അമ്മമാരുടെയും കഥയാണ്. രാത്രി ഏഴുമണിക്ക് കുളിക്കാൻ ചെല്ലുന്പോൾ അടുത്ത വീടുകളിലെ അമ്മമാരും അവിടെ ഉണ്ട്. മക്കളെ താലോലിക്കാൻ ആർക്കും സമയമുണ്ടായിരുന്നില്ല, രാത്രി ഭക്ഷണം കഴിക്കാതെ കിടന്നിരുന്നത് എൻറെ അമ്മ മാത്രമല്ല.

ഇതൊക്കെ ആണെങ്കിലും വർഷത്തിൽ ഒരിക്കൽ അമ്മ എനിക്ക് ഇഷ്ടമുള്ള കറി ഉണ്ടാക്കിവെച്ച്, അടുത്തിരുന്നു വിളന്പിത്തരും. കർക്കടക മാസത്തിലെ മകം നാളിൽ ആണത്. അന്ന് എൻറെ പിറന്നാളാണ്.

അരച്ചുകലക്കി എന്നാണ് എനിക്കിഷ്ടപ്പെട്ട ആ കറിയുടെ പേര്. ഇന്നത്തെ ഹോട്ടൽ മെനുവിൽ ഒന്നും അതില്ല. വാസ്തവത്തിൽ അമ്മ ഉണ്ടാക്കി അല്ലാതെ ഞാൻ അത് കഴിച്ചിട്ടില്ല. ഓരോ പിറന്നാളിനും അമ്മ ഉണ്ടാക്കിയ അരച്ചുകലക്കി കഴിക്കാൻ ഞാൻ നോക്കിയിരിക്കും. നിലവിളക്കും കത്തിച്ചുവെച്ച് തൂശനിലയിൽ ചൂടുചോറും നെയ്യും ഒഴിച്ച്, അരച്ചുകലക്കിയും പപ്പടവും ചേർത്ത് അപൂർവ്വമായി മാത്രം കിട്ടുന്ന – അമ്മയുടെ സാമീപ്യവും കൂടി ചേർന്ന ആ ഊണാണ് എൻറെ അമ്മ രുചി.

മുരളി തുമ്മാരുകുടി

———————————————

അരച്ചുകലക്കി

മോര് അധികം പുളിയില്ലാത്തത് അര ലിറ്റർ

തേങ്ങ ഒരു മുറി

പച്ച മുളക് 4/5 എണ്ണം ((ഉണക്കമുളകായാലും മതി)

ഉപ്പ് ആവശ്യത്തിന്

കടുകുവറ കടുവറ കടുവറ – വെളിച്ചെണ്ണ, കടുക്, കറിവേപ്പില, ഉലുവ, ഉണക്കമുളക്-

തേങ്ങയും പച്ചമുളകും നന്നായി അരച്ചെടുക്കുക. അരപ്പ് മോരിൽ ചേർത്തിളക്കുക. അധികം കുറുകിയിട്ടുണ്ടെങ്കിൽ കുറച്ചു വെള്ളം ചേർക്കാം. ആവശ്യത്തിന് ഉപ്പു ചേർക്കുക

ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുന്പോൾ കടുക്, ഉലുവ, മുന്നായി മുറിച്ച വറ്റൽമുളക് വേപ്പില എന്നീ ക്രമത്തിൽ ചേർത്ത് മൂപ്പിക്കുക. തേങ്ങ, മോര് മിശ്രിതം ഇതിലേയ്ക്ക്ക് ഒഴിക്കുക. കുറച്ചുനേരം ചെറിയ ചൂടിൽ തുടരെ ഇളക്കുക. തിളക്കുന്നനിനു മുൻപ് അടുപ്പിൽ നിന്നും മാറ്റാം.

അരച്ചുകലക്കി റെഡി

(സുഹൃത്ത് ബീനയാണ് KA Beena അമ്മമാരുടെ പ്രത്യേക പാചകങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകം ഉണ്ടാക്കാം എന്ന ആശയം മുന്നോട്ടു വച്ചത്. നിങ്ങൾക്കും ഒരു അമ്മരുചി എഴുതാൻ താല്പര്യമുണ്ടെങ്കിൽ ഒരു ഇമെയിൽ അയക്കുക (Sindhukb@hotmail.com). ഞാൻ ബീനയുമായി ലിങ്ക് ചെയ്യാം. റെസിപ്പി ബീനക്ക് നേരിട്ട് അയച്ചുകൊടുത്താൽ മതി, അമ്മയുടെ ചിത്രം ഉൾപ്പെടെ).

മുരളി തുമ്മാരുകുടി

(പതിനായിരക്കണക്കിന് ആളുകൾ ഷെയർ ചെയ്തിട്ടുള്ള അമ്മയുടെ ഈ ചിത്രം എടുത്തത് എന്റെ മരുമകൻ അച്ചു ആണ്).

 

Leave a Comment