പൊതു വിഭാഗം

അപ്പോഴേ പറഞ്ഞില്ലേ?

നാട്ടിൽ വീണ്ടും ദുരിത കാലമാണ്.

കാര്യങ്ങൾ സസൂക്ഷ്‌മം വീക്ഷിക്കുന്നുണ്ട്. ഇത്തവണ ബി. ബി. സി.യും സി. എൻ. എന്നും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ബന്ധപ്പെട്ടിരുന്നു. 

കേരളം മുൻപ്  കൈകാര്യം ചെയ്ത തരത്തിലുള്ള ദുരന്തമായതിനാൽ മലയാളത്തിൽ അധികം ഒന്നും എഴുതിയില്ല. വേറെ അനവധി സുഹൃത്തുക്കൾ എഴുതുകയും ചെയ്തു.

പതിവ് പോലെ അനവധി  ആളുകൾ നേരിട്ടും അല്ലാതേയും വിമർശനവുമായി വരുന്നുണ്ട്.

ഒരു സുഹൃത്ത് ഇൻബോക്സിൽ എഴുതി,

“ഇത് പോലെയുള്ള സമയങ്ങളിൽ ഇറങ്ങുന്ന “ദുരന്ത നിവാരണ വിദഗ്ധരുടെ” ലേഖനങ്ങൾ ആണ് യഥാർത്ഥ ദുരന്തം എന്ന് പറഞ്ഞാൽ തെറി വിളിക്കരുത്.

മഴക്കാർ കണ്ടാൽ സുരക്ഷിതമായ സ്ഥലത്തേക്ക് ഉടനെ മാറണം… അവിടെ ഒരാഴ്ച കഴിയാനുള്ള സാമഗ്രികൾ കരുതണം, ജീവൻ രക്ഷ മരുന്നുകൾ കരുതി വെയ്ക്കാൻ ഒരിക്കലും മറക്കരുത്… ഇങ്ങനെയുള്ള ടോട്ടോളജിസ്റ്റ് ഇഡിയോട്ടിക്‌ യുസ്‌ലെസ് സെർമോൺ ഇറക്കിയുള്ള ഉൽബോധനം പരമ ബോറാണ് സാറമ്മാരെ… അതൊക്കെ എല്ലാർക്കും അറിയാം. പക്ഷേ വാചകം അടിക്കുന്ന പോലെ സംഗതി അത്ര എളുപ്പമല്ല.”

മറ്റൊരു സുഹൃത്ത് പരസ്യമായി എഴുതി,

“അപ്പൊ എങ്ങനാ സാറേ, ഡാം തുറക്കണോ? ഫേസ്ബുക്ക് വിദഗ്ദ്ധരുടെ അഭിപ്രായം ഒന്നും കണ്ടില്ലല്ലോ”.

സംഗതി സത്യമാണ്. ഓരോ ദുരന്തം ഉണ്ടാകുന്പോഴും “കാലാവസ്ഥ വ്യതിയാനം”, “ഗാഡ്‌ഗിൽ” എന്നൊക്കെപ്പറഞ്ഞു വിദഗ്ദ്ധർ വന്നാൽ ആർക്കും ദേഷ്യം വരും. ഡാമിന്റെ കാര്യമാണെങ്കിൽ പറയാനുമില്ല.

എന്നാൽ ഇവർ പറയാത്ത  ഒരു സത്യം കൂടി ഉണ്ട്.

ഈ ദുരന്തം വരാത്തപ്പോഴും ഞങ്ങൾ ഇവിടെ “കാലാവസ്ഥ വ്യതിയാനം” “ദുരന്ത നിവാരണം”,   എന്നൊക്കെ സ്ഥിരമായി പറയാറുണ്ട്, പോസ്റ്റാറുണ്ട്, സംസാരിക്കാറുണ്ട്.

ഞാൻ തന്നെ കഴിഞ്ഞ മൂന്നു മാസത്തിൽ തന്നെ എത്രയോ പ്രാവശ്യം ഈ വിഷയം  പറയുകയും എഴുതുകയും ചെയ്തു.

ഐ. പി. സി. സി. റിപ്പോർട്ട് വന്നപ്പോൾ കാലാവസ്ഥ വ്യതിയാനത്തെ പറ്റി ക്ലബ്ബ് ഹൗസിൽ സംസാരിച്ചിരുന്നു.

കുട്ടനാടിൻറെ ഭാവി ഈ മാസം ആദ്യം സംസാരിച്ചിരുന്നു.

തീരദേശവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിൽ കഴിഞ്ഞ വ്യാഴാഴ്ച കുഫോസ് അലുംനി മീറ്റിംഗിൽ സംസാരിച്ചിരുന്നു.

പക്ഷെ പ്രളയം ഇല്ലാത്ത ആഗസ്തിൽ കാലാവസ്ഥ വ്യതിയാനത്തെ പറ്റി സംസാരിച്ചാൽ കേൾക്കാൻ ആളുകളെ കിട്ടാറില്ല. സാധാരണ ഏതൊരു വിഷയം സംസാരിച്ചാലും അഞ്ഞൂറ് ആളുകൾ ക്ലബ്ബ് ഹൌസ് റൂമിൽ കാണും, എന്നാൽ കാലാവസ്ഥയെ കുറിച്ചു സംസാരിച്ചപ്പോൾ ഇരുന്നൂറിന് താഴെ!. കുട്ടനാടിൻറെ ഭാവി വിഷയമായ സെമിനാറിൽ നൂറാളുകൾ തികഞ്ഞില്ല !

ഇതാണ് പ്രശ്നം. ദുരന്തം നമുക്ക് “ഈ ആഴ്‌ചയിലെ” മാത്രം വിഷയമാണ്. അതുകൊണ്ടാണ് നമ്മൾ വേണ്ടത്ര തയ്യാറെടുക്കാത്തതും ദുരന്തങ്ങൾ ഒഴിവാക്കാൻ വേണ്ടതെന്താണോ അത് ചെയ്യാത്തതും. അതുകൊണ്ടാണ് വീണ്ടും വീണ്ടും ദുരന്തം ഉണ്ടാകുന്നത്.

2018 ൽ മഹാ പ്രളയം ഉണ്ടായി. കാലാവസ്ഥ വ്യതിയാനം വലിയ ചർച്ചയായി.

2019 ൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വന്നു. കാലാവസ്ഥ വ്യതിയാനം ചർച്ചയായോ ?

ഇല്ല, ജാതി, മതം, പാർട്ടി ഒക്കെയാണ് വിഷയം. കാലാവസ്ഥയൊന്നുമല്ല.

2019 ൽ വലിയ ഉരുൾ പൊട്ടലും നിലന്പൂരിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും ഉണ്ടായി.

2020 ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നു. കാലാവസ്ഥ വ്യതിയാനം ചർച്ചാ വിഷയമായോ?

ഇല്ല.

2021 ൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. കാലാവസ്ഥ വ്യതിയാനം ചർച്ചാ വിഷയമായോ?.

മുന്നണികൾ തമ്മിൽ ഈ വിഷയത്തിലുള്ള കാഴ്ചപ്പാടിലും കർമ്മപദ്ധതിയിലും വ്യത്യാസങ്ങൾ ഉണ്ടോ എന്ന് ആരെങ്കിലും ചോദിച്ചോ?

ഇല്ല

കാരണം, പ്രളയവും കാലാവസ്ഥ വ്യതിയാനവും മണ്ണിടിച്ചിലും നമുക്ക് ഒരാഴ്ചത്തെ മാത്രം ചർച്ചാ വിഷയമാണ്. തിരഞ്ഞെടുപ്പ് കാലം ആയാൽ രാഷ്ട്രീയം, ജാതി, മതം ഒക്കെയാണ് ചർച്ച.

ഇതാണ് മാറേണ്ടത്.

ഇന്നലെയും ഇന്നുമായി നാട്ടിലെ അനവധി ചാനലുകൾ ചർച്ചക്ക് വിളിച്ചു. ഞാൻ ഒന്നിലും പങ്കെടുത്തില്ല.

ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഡാം തുറക്കുന്നതും എല്ലാമായി ആളുകൾ ആകെ പേടിച്ചിരിക്കയാണ്. അവരോട് കാലാവസ്ഥ വ്യതിയാനവും, എങ്ങനെയാണ് ദുരന്തത്തെ അറിഞ്ഞു കാലാവസ്ഥ കൈകാര്യം ചെയ്യേണ്ടത്, സർക്കാർ കാലാവസ്ഥ വ്യതിയാനത്തിനെതിരെ എന്ത് ചെയ്യണം എന്നെല്ലാം പറയുന്നത് ശരിയല്ല.

അതല്ല ആളുകളുടെ മുൻഗണന. ജീവൻ രക്ഷിക്കുന്നതാണ്, ബന്ധുക്കളുടെ, മിത്രങ്ങളുടെ, നാട്ടുകാരുടെ സുരക്ഷ ആണ്. രക്ഷാ പ്രവർത്തനവും ദുരിതാശ്വാസവുമാണ് സർക്കാർ ശ്രദ്ധിക്കുന്നത്.

ഇതൊക്കെയാണ് ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ടത്. സ്വയ രക്ഷ, കുടുംബത്തിന്റെ രക്ഷ, മിത്രങ്ങളുടെ, നാട്ടുകാരുടെ രക്ഷ. 

മുൻ‌കൂർ നിർദ്ദേശങ്ങൾ, രക്ഷാ പ്രവർത്തനം, ക്യാന്പുകൾ, ആവശ്യത്തിനുള്ള ഭക്ഷണം, വെള്ളം, ടോയിലറ്റ് സൗകര്യങ്ങൾ, കോവിഡ് പ്രോട്ടോക്കോൾ അനുസരിക്കാനുള്ള സാഹചര്യം, ഇതൊക്കെ ഒരുക്കുക. പഴയത് പോലെ രക്ഷാ പ്രവർത്തനത്തിലും ദുരിതാശ്വാസത്തിലും പരമാവധി ഏർപ്പെടുക. ഇതിലപ്പുറം ചാടിക്കടന്നിട്ടുള്ളവരാണ് നമ്മൾ. ഈ ദുരന്തവും നമ്മൾ കൈകാര്യം ചെയ്യും എന്നതിൽ എനിക്ക് സംശയമില്ല.

പക്ഷെ ഇതെല്ലം കഴിയുന്പോൾ വീണ്ടും നമുക്ക് ചർച്ച ചെയ്യണം.

എന്താണ് നമ്മുടെ കാലാവസ്ഥക്ക് പറ്റിയിരിക്കുന്നത്?

എങ്ങനെയാണ് നമ്മുടെ കാലാവസ്ഥ മാറാൻ പോകുന്നത്?

കഴിഞ്ഞ ദുരന്തങ്ങളിൽ നിന്നും എന്താണ് നാം പഠിച്ചത്?

എങ്ങനെയാണ് മാറുന്ന കാലാവസ്ഥക്കനുസരിച്ച് നാം ജീവിക്കാൻ പഠിക്കുന്നത്?

എന്തുകൊണ്ടാണ് രണ്ടായിരത്തി പതിനെട്ടിൽ വെള്ളം പൊങ്ങാത്ത പ്രദേശങ്ങളിൽ രണ്ടയിരത്തി പത്തൊന്പതിലും, രണ്ടായിരത്തി പത്തൊന്പതിലും ഇരുപതിലും വെള്ളം പൊങ്ങാത്തിടത്ത് രണ്ടായിരത്തി ഇരുപത്തി ഒന്നിൽ വെള്ളം പൊങ്ങിയത്?

സ്ഥലവിനിയോഗത്തിലും നിർമ്മാണങ്ങളിലും എന്ത് സ്ഥായിയായ മാറ്റങ്ങളാണ് നാം വരുത്തേണ്ടത് ?

ബണ്ടുകളും സ്പിൽവേയും ഒക്കെയായി കുട്ടനാടിന് ഒരു ഭാവിയുണ്ടോ?

നിർമ്മിത ബുദ്ധിയും ഇന്റർനെറ്റ് ഓഫ് തിങ്‌സും പോലുള്ള സംവിധാനങ്ങൾ ഉരുൾ പൊട്ടൽ മുൻ‌കൂർ പ്രവചിക്കാൻ നമുക്ക് ഉപയോഗിക്കാമോ?

എങ്ങനെയാണ് നമ്മുടെ ഷോർട്ട് റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് കൂടുതൽ കാര്യക്ഷമമാക്കുന്നത്?

എങ്ങനെയാണ് മൊബൈൽ ഫോൺ സംവിധാനങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പുകൾ ഏറ്റവും വേഗത്തിൽ നാട്ടുകാരിൽ എത്തിക്കുന്നത്?

ഒന്നിന് പുറകെ ഒന്നായി വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും ന്യൂനമർദ്ദവും പെരുമഴയും  വരുന്നത് കണ്ടിട്ടെങ്കിലും നമ്മുടെ ഭാവിയെ ബാധിക്കുന്ന, നമ്മുടെ അടുത്ത തലമുറയെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നമാണ് കാലാവസ്ഥവ്യതിയാനം എന്ന ബോധം നമ്മുടെ ഉള്ളിൽ ഉറയ്‌ക്കുമോ?

നമ്മുടെ രാഷ്ട്രീയത്തിൽ കാലാവസ്ഥ വ്യതിയാനം ഒരു വിഷയമാകുമോ?

കാത്തിരുന്ന് കാണാം.

തൽക്കാലം സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

Leave a Comment