പണ്ടൊക്കെ ഗ്രാമങ്ങളിൽ ഉള്ളവരുടെ ഭാഷയിൽ ഇന്ന് നാം കാണിക്കുന്ന “സോഫിസ്റ്റിക്കേഷൻ” ഒന്നുമില്ല. ഉദാഹരണത്തിന് രണ്ടുപേർ തമ്മിലുള്ള പാരസ്പര്യത്തിന്റെ ആഴം കാണിക്കാൻ അവർ “അപ്പിയും ഈച്ചയും” പോലെ ആണെന്നൊക്ക എന്റെ ചെറുപ്പ കാലത്ത് പറഞ്ഞു കേൾക്കുന്നത് സാധാരണമായിരുന്നു. അത് ഏത് സദസ്സിലും പറയും, പറയുന്നവർക്കും കേൾക്കുന്നവർക്കും അതിൽ ബുദ്ധിമുട്ടൊന്നും തോന്നാറുമില്ല.
അക്കാലത്ത് തുമ്മാരുകുടിയിൽ കക്കൂസ് ഒന്നുമില്ല, പറന്പിൽ ആണ് ആളുകൾ കാര്യം സാധിക്കുന്നത്. അതുകൊണ്ട് തന്നെ പറന്പിൽ പലയിടത്തും അപ്പിയെ ഈച്ച പൊതിഞ്ഞിരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. അപ്പോൾ “അപ്പിയും ഈച്ചയും” എന്നൊരു ഉദാഹരണം മൂത്തവർ പറഞ്ഞാൽ അതിന്റെ അർത്ഥം പെട്ടെന്ന് പിടികിട്ടും. ഇപ്പോൾ കാര്യങ്ങൾ കക്കൂസിൽ ആയതിനാൽ പുതിയ കുട്ടികൾക്ക് ഈ കാഴ്ച്ച അധികം കാണേണ്ടി വരുന്നില്ലാത്തതുകൊണ്ട് തന്നെ ഈ പ്രയോഗം അന്യംനിന്ന് പോയി.
പക്ഷെ പഴയ നാടൻ ഓർമ്മകൾ മനസ്സിൽ ഉള്ളതുകൊണ്ടാകാം സെലിബ്രിറ്റികളെ പൊതിഞ്ഞു ദൃശ്യ മാധ്യമപ്രവർത്തകർ നിൽക്കുന്നത് കാണുന്പോൾ എനിക്ക് ഈ “അപ്പിയും ഈച്ചയും” പ്രയോഗം ഓർമ്മ വരും.
കേരളത്തിലെ ദൃശ്യ മാധ്യമപ്രവർത്തനരംഗത്തുള്ളവർ ഭൂരിഭാഗവും യുവാക്കൾ ആയതുകൊണ്ട് തന്നെ അവരുടെ കാര്യത്തിൽ എനിക്കൊരു പ്രത്യേക താല്പര്യവും ഉണ്ട്. ഒട്ടും ആകർഷകമല്ലാത്ത, ഒട്ടും തന്നെ ഭാവിയില്ലാത്ത ഒരു തൊഴിൽ ആണിത്. എന്റെ അടുത്ത് കരിയർ കൗൺസിലിങ്ങിന് വരുന്നവരെ, ഏതെങ്കിലും ആപ്റ്റിട്യൂട് ടെസ്റ്റ് നടത്തി മാധ്യമരംഗം ആണ് അവർക്ക് പറ്റിയ തൊഴിൽ എന്ന് വിചാരിക്കുന്നവരെ ഒക്കെ ഞാൻ പറ്റുന്പോളെല്ലാം മാറ്റിവിടാറുണ്ട്. എന്നാലും ഈ രംഗത്ത് വന്നുപെട്ടവരോട് എനിക്ക് സ്നേഹവും ബഹുമാനവും ഉണ്ട്. ലീസ് ഡ്യൂസെറ്റും അനിത പ്രതാപും ഒക്കെ നയിക്കുന്ന പാത കണ്ട് ഇറങ്ങുന്നവരാണ് മിക്കവരും. കേരളം എന്ന വളരെ ചെറിയ കുളത്തിൽ കുന്തവുമായി ഇറങ്ങുന്പോൾ അവർക്ക് ചെയ്യാൻ അത്രയധികം സാദ്ധ്യതകൾ ഇല്ല. മധ്യവർഗ്ഗക്കാർ പൊതുവെ സുഖജീവിതം നയിക്കുന്ന കേരളത്തിൽ കുറച്ചു രാഷ്ട്രീയം, ഏറെ സിനിമ, കുറച്ചു സ്പോർട്സ്, ഇതിനപ്പുറം ജനങ്ങൾക്ക് വലിയ താല്പര്യങ്ങൾ ഒന്നുമില്ല. ഈ രാഷ്ട്രീയം, സിനിമ രംഗങ്ങളിൽ ഉള്ള നേതാക്കളുടെ പുറകെ കുന്തവുമായി നടക്കുകയാണ് പ്രധാന ജോലി. വാസ്തവത്തിൽ പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പോയാൽ അതിന് ടി ആർ പി ഒന്നുമില്ല. ടി ആർ പി ഇല്ലെങ്കിൽ പരസ്യമില്ല, പരസ്യമില്ലെങ്കിൽ ശന്പളം ഇല്ല. അപ്പോൾ ആദർശം ഒക്കെ വിട്ട് അപ്പിയെ പൊതിഞ്ഞേ പറ്റൂ.
ഇതുകൊണ്ടാണ് അധികാര രംഗങ്ങളിൽ ഉള്ളവർക്ക് മാധ്യമപ്രതിനിധികളോട് ധാർഷ്ട്യത്തോടെ പെരുമാറാൻ സാധിക്കുന്നത്. ഉന്നതങ്ങളിൽ ഉള്ളവരെ വെറുപ്പിച്ചാൽ, അവർ ഒരു മാധ്യമത്തെ ബഹിഷ്കരിച്ചാൽ, അവരെ പിന്തുണക്കുന്നവർ കടന്നലുകൾ ആയി ആക്രമിക്കും, സ്വന്തം സ്ഥാപനം പിന്തുണക്കുമെന്ന് ഉറപ്പുമില്ല. ഒരു യുവ മാധ്യമപ്രവർത്തകന്റെയോ പ്രവർത്തകയുടെയോ കരിയർ അവസാനിക്കാൻ അതുമതി.
മാധ്യമപ്രവർത്തകർ വാസ്തവത്തിൽ അത്ര അശക്തർ അല്ല. വാസ്തവത്തിൽ നമ്മൾ ചുറ്റും കാണുന്ന പല സെലിബ്രിറ്റിളും അവരുടെ സൃഷ്ടിയാണ്. സെലിബ്രിറ്റികളുടെ ജീവ വായു മാധ്യമങ്ങളിൽ അവർക്ക് കിട്ടുന്ന വിസിബിലിറ്റി ആണ്. കന്പ്യൂട്ടർ പ്രോഗ്രാമിംഗോ ഷെയർ ട്രേഡിങ്ങോ പോലെ മറ്റുള്ളവരുടെ ലാളന ഇല്ലെങ്കിലും സ്വന്തമായി നിറുത്താൻ പറ്റുന്നതല്ല അവരുടെ തൊഴിലും വരുമാനവും. ഈച്ചയില്ലാത്ത അപ്പിയുടെ സ്ഥിതി കണ്ടറിയണം. ഓർമ്മിപ്പിക്കല്ലേ പൊന്നോ !
അപ്പോൾ മാധ്യമപ്രവർത്തകർ അവരുടെ കഴിവുകൾ തിരിച്ചറിയണം. ഇതിന് ആദ്യം വേണ്ടത് കുറച്ചു കൂടി സംഘബോധം വേണം. ഒരു കൃത്യമായ പ്രോട്ടോകോൾ വേണം. ഒരു മാധ്യമപ്രവർത്തകനോട് അല്ലെങ്കിൽ പ്രവർത്തകയോട് ഒരാൾ അപമര്യാദയായി പെരുമാറിയാൽ മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്ന് മുൻകൂട്ടി നിശ്ചയിക്കണം. ഒരാളോട് പത്രസമ്മേളനത്തിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞാൽ മറ്റുള്ളവർ കൂടെ ഇറങ്ങുമെന്ന് തീരുമാനിക്കണം. ഇതൊക്കെ പരിശീലനത്തിന്റെയും കോഡ് ഓഫ് കോണ്ടാക്ടിന്റെയും ഭാഗമാക്കണം. ഒന്നോ രണ്ടോ പ്രാവശ്യം ഇതൊക്കെ പ്രയോഗിക്കുകയും വേണം. അതിന്റെ പ്രത്യാഘാതം കണ്ടുകഴിഞ്ഞാൽ പിന്നെ അവരുടെ തൊഴിലിടം കൂടുതൽ തുല്യമാകും.
അന്തസ്സോടെ തൊഴിൽ ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. അതൊരു ഔദാര്യമല്ല.
മുരളി തുമ്മാരുകുടി
Leave a Comment