പൊതു വിഭാഗം

അപകടത്തിന്റെ ഉത്തരവാദികൾ – ഉറങ്ങിയവരോ ഉറക്കം തൂങ്ങുന്നവരോ?

‘ഡ്രൈവർ ഉറക്കം തൂങ്ങിയതാണ് അപകട കാരണം, അന്വേഷണ റിപ്പോർട്ട് നാളെ ഗതാഗത മന്ത്രിക്ക് സമർപ്പിക്കും’, രാവിലത്തെ പത്ര വാർത്തയാണ്. സത്യമാണോ എന്നറിയില്ല.
 
ഈ വാർത്ത സത്യമാണെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലുള്ള ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷൻ ആകും ഇത്. നമ്മളെക്കാൾ സാന്പത്തിക ശേഷിയുള്ള അമേരിക്കയിൽ പോലും ഒരു അപകടമുണ്ടായാൽ അതിന്റെ പ്രാഥമിക ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് വരാൻ രണ്ടുമാസം എടുക്കും. വിശദമായ റിപ്പോർട്ട് വരാൻ ഒരു വർഷം വരെ എടുത്തേക്കാം.
കാരണമുണ്ട്. ഓരോ അപകടത്തിൽ നിന്നും എന്തെങ്കിലും പഠിക്കുക – റോഡിന്റെ നിർമ്മാണം മുതൽ വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വരെ, ലോഡിങ്ങിന്റെ രീതി മുതൽ ഡ്രൈവറുടെ സേവന വേതന വ്യവസ്ഥകൾ വരെ അനവധി കാര്യങ്ങൾ ഒരു അപകടത്തിൽ നിന്ന് പഠിക്കാനുണ്ട്. നേരിട്ടുള്ള കാര്യങ്ങൾ ആദ്യം മനസിലാക്കിയതിനു ശേഷം അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു (Root Cause Analyses). ഏതൊക്കെ സുരക്ഷാ സംവിധാനങ്ങൾ ആണ് ഉണ്ടായിരുന്നത്, അതിൽ ഏതൊക്കെയാണ് പാളിയത്, ഇനി എന്തൊക്കെ പുതിയ സുരക്ഷാ സംവിധാനങ്ങൾ വേണം എന്നെല്ലാം നിർദ്ദേശിക്കുകയാണ് ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷന്റെ ഉദ്ദേശം.
 
ഈ വിഷയത്തിൽ അറിവുള്ളവരാണ് അന്വേഷണം നടത്തുന്നത്.
പക്ഷെ നമ്മുടെ കാര്യത്തിൽ അത്ര നിർബന്ധബുദ്ധി ഒന്നും നമുക്കില്ല. ഒരപകടം ഉണ്ടായാൽ ഉടൻ തന്നെ ആരെങ്കിലും ഒരാളെ ഉത്തരവാദിയായി കണ്ടെത്തുക എന്നതാണ് സമൂഹത്തിന്റെ പ്രധാന ലക്ഷ്യം, പറ്റിയാൽ ഉടൻ തന്നെ അയാളെ പിടിച്ചു രണ്ടു കൊടുക്കുകയും. (കൂടിയ കേസാണെങ്കിൽ വെടിവച്ചു കൊല്ലാം). നാട്ടുകാരുടെ ഈ മനഃസ്ഥിതിക്ക് വളംവെച്ചു കൊടുക്കുന്ന രീതിയിലാണ് നമ്മുടെ അന്വേഷണങ്ങൾ. ആരെങ്കിലും ഒരാളെ ഉത്തരവാദിയാക്കി അറസ്റ്റ് ചെയ്താൽ പിന്നെ സമൂഹത്തിന് സുഖമായി ഉറങ്ങാം, അടുത്ത അപകടം ഉണ്ടാകുന്നത് വരെ.
കേരളത്തിൽ റോഡപകടങ്ങൾ ഓരോ വർഷവും കൂടി വരികയാണ്. 2019 ൽ മരണം 4300 ആയി, അതായത് ദിവസം പന്ത്രണ്ട് പേർ. എന്താണ് കേരളത്തിൽ ഇത്രയും അപകടമുണ്ടാകാനുള്ള കാരണം എന്ന് കേരള പോലീസിന്റെ വെബ്‌സൈറ്റിൽ ഉണ്ട്. പൂർണ്ണമായ ഡേറ്റ ലഭ്യമായത് 2018 ലാണ്. അവിടുത്തെ കാരണം പറയാം.
 
മൊത്തം അപകടങ്ങൾ 40181
ഓവർസ്പീഡിങ് 29775
മദ്യപിച്ച് വണ്ടി ഓടിച്ചുണ്ടാക്കിയ അപകടങ്ങൾ 157
 
അപകടം ഉണ്ടായിക്കഴിഞ്ഞാൽ എങ്ങനെയാണ് നമ്മൾ ഓവർസ്പീഡിങ്ങ് ആണെന്ന് ശാസ്ത്രീയമായി കണ്ടുപിടിക്കുന്നതെന്നത് അവിടെ നിൽക്കട്ടെ. ലോകത്തിൽ മദ്യപിച്ച് വണ്ടി ഓടിക്കുന്നതിനെതിരെ കർശനമായ നിയമങ്ങളുള്ള അനവധി രാജ്യങ്ങളിൽ പോലും ഏകദേശം മൂന്നിലൊന്ന് അപകടങ്ങൾ ഉണ്ടാകുന്നത് മദ്യപിച്ച് വണ്ടി ഓടിക്കുന്പോൾ ആണ്. പക്ഷെ മദ്യപിച്ച് വണ്ടി ഓടിക്കുന്നത് സർവ്വ സാധാരണമായ നമ്മുടെ നാട്ടിൽ, ഒരപകടം ഉണ്ടായാൽ ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാൻ ശരിയായ നിയമമോ രീതിയോ സംവിധാനമോ ഇല്ലാത്ത കേരളത്തിൽ മദ്യപിച്ചുള്ള അപകടങ്ങൾ അഞ്ചു ശതമാനം പോലുമില്ല!
ഇത് നമ്മൾ ഡീസന്റ് ആയതുകൊണ്ടൊന്നുമല്ല. മുൻപ് പറഞ്ഞത് പോലെ ഒരപകടം ഉണ്ടായാൽ ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന് ഉറപ്പിക്കാനുള്ള ശരിയായ സംവിധാനങ്ങൾ നമുക്കില്ല. അപകടത്തിൽ മരണം നടന്നിട്ടുണ്ടെങ്കിൽ, അപകടത്തിൽ ഡ്രൈവർ മരിച്ചിട്ടുണ്ടെങ്കിൽ പ്രത്യേകിച്ചും നമ്മൾ ആ കാര്യം അധികം അന്വേഷിക്കില്ല, കാരണം മദ്യപിച്ചിരുന്നെങ്കിൽ ഇൻഷുറൻസ് തുക കിട്ടിയില്ലെന്ന് വരും, കുടുംബങ്ങൾ വഴിയാധാരമാകും. ഇങ്ങനെ കണ്ണടക്കാൻ പോലീസിനും ഡോക്ടർമാർക്കും സമ്മർദ്ദമുണ്ടാകും, കുറ്റവാളികൾ രക്ഷപെടും, റോഡിൽ കൂട്ടക്കുരുതി തുടരും.
റോഡപകടങ്ങളുടെ കാര്യത്തിൽ നമുക്ക് ഒരു കണക്കെങ്കിലും ഉണ്ട്. പക്ഷെ വെള്ളത്തിൽ മുങ്ങി മരിക്കുന്നവരുടെ എണ്ണം, റെയിൽ പാളങ്ങളിൽ മരിക്കുന്നവരുടെ എണ്ണം, കെട്ടിടം പണിക്കിടയിലോ മറ്റുള്ള സാഹചര്യത്തിലോ ഉയരങ്ങളിൽ നിന്നും വീണു മരിക്കുന്നവരുടെ എണ്ണം ഇതൊക്കെ കൂട്ടിയാൽ വീണ്ടും ഒരു നാലായിരം കൂടി വരും. ഇക്കാര്യത്തിലുള്ള ഒരു രേഖയും നമ്മുടെ പോലീസിന്റെയോ, സർക്കാർ സംവിധാനത്തിലെ മറ്റൊരു ഡിപ്പാർട്മെന്റിലോ ഇല്ല. കേന്ദ്ര സർക്കാരിന്റെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ നോക്കിയാണ് പണ്ട് ഞാൻ ഈ വിവരങ്ങൾ അറിഞ്ഞിരുന്നത്. പക്ഷെ 2017 മുതൽ അവരും ഈ വിവരം പ്രസിദ്ധീകരിക്കുന്നില്ല. പനി ചികിൽസിക്കാൻ അറിയാത്ത ഡോക്ടർമാർ രോഗിയുടെ ചൂട് നോക്കാൻ പോകരുത് എന്നൊരു ചൊല്ല് ഇംഗ്ളീഷിൽ ഉണ്ട്. എത്ര അപകടം ഉണ്ട് എന്നറിയില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യേണ്ട കാര്യമില്ലല്ലോ.
 
ഒരു വർഷം പതിനായിരത്തോളം അപകടമരണങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും ഒഴിവാക്കാവുന്നതും. അതിന് ഉറങ്ങുന്ന ഡ്രൈവറെ ഓടിച്ചിട്ട് പിടിക്കുന്ന തരത്തിലുള്ള അന്വേഷണങ്ങൾ പോരാ, ജനങ്ങളുടെ ജീവൻ കാത്തുരക്ഷിക്കാൻ ഉറങ്ങാതിരിക്കുന്ന സംവിധാനങ്ങൾ വേണം. നിലവിൽ അത്തരം സംവിധാനങ്ങൾ നമുക്കില്ല.
കേരളത്തിലെ കൂട്ടക്കുരുതികൾ തുടരും, റോഡിലും, വെള്ളത്തിലും, റെയിൽ പാളത്തിലും, ഇലക്ട്രിക്ക് പോസ്റ്റിലും, കെട്ടിടം പണിയിലും ഒക്കെ. നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളിൽ ഉള്ളവർക്ക് പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന് അറിവില്ല. കേരളത്തിലെ എഞ്ചിനീയറിങ്ങ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സുരക്ഷ ഇപ്പോഴും ഒരു പാഠ്യവിഷയമല്ല. പ്രൊഫഷണൽ ആയി ഇൻസിഡന്റ് ഇൻവെസ്റ്റിഗേഷൻ നടത്താൻ പരിചയമുള്ള ആളുകൾ ഇല്ല.
 
ഇതിനൊക്കെയിടയിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നവർക്ക് വേണ്ടത്ര ഉപകരണങ്ങളില്ല, പരിശീലനമില്ല, പിന്തുണയുമില്ല.
ഇതൊന്നും വേഗത്തിൽ മാറാൻ പോകുന്നില്ല, നിങ്ങളുടെ ജീവൻ സ്വയം രക്ഷിക്കുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവും താൽക്കാലം നിങ്ങൾക്കില്ല.
 
സുരക്ഷിതരായിരിക്കുക!
 
മുരളി തുമ്മാരുകുടി

Leave a Comment