പൊതു വിഭാഗം

അതെ, പട്ടിത്തീട്ടത്തെപ്പറ്റിത്തന്നെ !

“ലോകത്തെ എല്ലാ കാര്യങ്ങളെപ്പറ്റിയും അഭിപ്രായം പറയാനും ഉപദേശിക്കാനും ഇറങ്ങിയിരിക്കയാണയാൾ. നാളെ പട്ടിത്തീത്തട്ടെ പറ്റിയും അഭിപ്രായം പറയും”. എന്റെ എഴുത്തിനെപ്പറ്റി പണ്ടൊരാൾ പറഞ്ഞ അഭിപ്രായമാണ്.

അന്നൽപ്പം നീരസമൊക്കെ തോന്നിയെങ്കിലും അങ്ങനെയുണ്ടാകുമെന്ന് ഞാൻ പോലും അന്ന് വിശ്വസിച്ചിരുന്നില്ല. പക്ഷെ ഒന്നുണ്ട്. പ്രപഞ്ചത്തിൽ ഒരു വിഷയവും എനിക്ക് താല്പര്യം ഇല്ലാത്തതില്ല. അതിൽ സ്പേസ് ഡെബ്രിസ് മുതൽ ആഴക്കടലിലെ മൽസ്യബന്ധനം വരെയുണ്ട്. അതിൽ എന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിൽ ഞാൻ എഴുതും. എന്നുവെച്ച് ഞാൻ എഴുതുന്നത് എല്ലാം ശരിയാണെന്ന ഒരു ചിന്തയും എനിക്കില്ല. എല്ലാം ശരിയായ ആരെങ്കിലും ലോകത്തുണ്ടോ? പക്ഷെ ഒരു കാര്യം ഞാൻ പറയാം. ഞാൻ എഴുതുന്നതെല്ലാം എന്റെ ചിന്തകളാണ്, അത് ആത്മാർത്ഥവുമാണ്. അത് മറ്റുള്ളവരോട് പങ്കുവെക്കാൻ എനിഷ്ടമാണ്. ഒരു മാസത്തിൽ അഞ്ചു പേർ മാത്രം വായിച്ചിരുന്ന കാലത്തും ഞാൻ മടുപ്പില്ലാതെ എഴുതിയിരുന്നു, അപ്പോൾ ദിവസം അയ്യായിരം ആളുകൾ എന്നെ വായിക്കാനുള്ളപ്പോഴത്തെ കാര്യം പറയാനുണ്ടോ..

എന്റെ എഴുത്തുകൾ ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്ത് എഴുതുന്നതല്ല. അന്നന്ന് തോന്നുന്ന വിഷയത്തെപ്പറ്റി എഴുതുന്നു, കൂടുതലും പണ്ട് വായിച്ച ഓർമ്മയിൽ നിന്നാണ് എഴുതുന്നത്. അപ്പോൾ അധികം സമയം ഒന്നും വേണ്ട. ശരാശരി അര മണിക്കൂറാണ് ഒരു പോസ്റ്റിന് ചിലവാക്കുന്നത്. കണക്കുകൾ ചേർക്കേണ്ടതാണെങ്കിൽ അൽപ്പം സമയം കൂടുതൽ വേണ്ടി വരും (പരമാവധി കണക്കുകളുടെ അടിസ്ഥാനത്തിൽ എഴുതാനും എഴുതുന്ന കണക്കുകൾ കൃത്യമാക്കാനും ശ്രമിക്കാറുണ്ട്). എഴുതിയതിന്റെ കമന്റ് വായിക്കാനാണ് എഴുതിയതിനേക്കാൾ കൂടുതൽ സമയം ചിലവാക്കുന്നത്.

എന്റെ പോസ്റ്റ് വായിച്ച് ഇഷ്ടപ്പെടുന്നവരും എതിർക്കുന്നവരും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടവരാണ്. കാര്യകാരണ സഹിതം ഞാൻ പറയുന്നതിനെ എതിർക്കുന്നവരോട് അല്പം ഇഷ്ടം കൂടുതലുണ്ട്, കാരണം അവരിൽ നിന്നാണ് ഞാൻ എന്തെങ്കിലും പഠിക്കുന്നത്. എന്റെ വായനക്കാരിൽ ഭൂരിഭാഗവും അറിവ് സമ്പാദിക്കണം എന്ന് ചിന്തിച്ച് ഇവിടെ എത്തുന്നവർ ആണ്. അതുകൊണ്ടുതന്നെ ഞാൻ പറയുന്നതിനെ എതിർത്ത് എന്തെങ്കിലും പോസ്റ്റ്, കാര്യകാരണ സഹിതം, ഇവിടെ ഇട്ടാൽ അതവർക്കും ഗുണമേ ചെയ്യൂ. എന്റെ പോസ്റ്റിനേക്കാൾ കൂടുതൽ അതിന്റെ താഴെ വരുന്ന കമന്റുകളാണ് ഇവിടെ വരാൻ പ്രേരിപ്പിക്കുന്നതെന്ന് പലരും പറഞ്ഞിട്ടുണ്ട്. എനിക്ക് കാര്യത്തിലും അതാണ് സത്യം.

ഇന്നത്തെ കഥ പട്ടിത്തീട്ടത്തെ പറ്റി തന്നെയാണ്.

ഭാഗം ഒന്ന്: സംഭവകഥ, ഞാൻ ദൃക്‌സാക്ഷി.

ജനീവയിലെ പഴയ നഗരത്തിലുള്ള ഒരു ട്രാം സ്റ്റോപ്പ്. ഒരു പട്ടിയേയും പിടിച്ച് ബസിൽ കയറാൻ നിൽക്കുന്ന ഒരു സ്ത്രീ. കാര്യം ഇവിടെ പട്ടിക്ക് ടോയിലറ്റ് ട്രെയിനിങ്ങൊക്കെ ഉണ്ടെങ്കിലും പട്ടിക്കും കുട്ടിക്കും ഒക്കെ ഇക്കാര്യത്തിൽ അത്ര കൺട്രോൾ ഇല്ലല്ലോ, പട്ടി കൃത്യമായി ബസ്റ്റോപ്പിൽ തന്നെ അപ്പിയിട്ടു.
ഇതത്ര വലിയ സംഭവമൊന്നുമല്ല. മിക്കവാറും പട്ടിയെ കൊണ്ടുനടക്കുന്നവരുടെ കൈയിലൊരു പ്ലാസ്റ്റിക് കവർ കാണും, അത് കൈയുറയാക്കി അവർ അപ്പി വാരും. പിന്നെ അത് കൈയിൽ നിന്നൂരി ബാഗാക്കി അടുത്ത് കാണുന്ന വേസ്റ്റ് ബിന്നിലിടും. ഇതാണ് പട്ടിയുടെ അപ്പി പ്രോട്ടോക്കോൾ.
ഇവിടെ സ്ത്രീ എന്തുകൊണ്ടോ അത് ചെയ്തില്ല. ഒന്നുകിൽ പട്ടിയുടെ കൃത്യം അവർ കണ്ടില്ല, അല്ലെങ്കിൽ അവരുടെ കൈയിൽ പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നിരിക്കില്ല. ഇനി അതുമല്ലെങ്കിൽ ട്രാം വരാറായതിനാൽ അപ്പി കോരാനും വേസ്റ്റ് ബിന്നിലിടാനും സമയമില്ലായിരിക്കണം. ഇതൊക്ക ഞാൻ കണ്ടുകൊണ്ട് നിൽക്കുകയാണ്.

ആ സമയം വേറൊരു വഴിപോക്കൻ സ്ത്രീയുടെ തോളത്ത് തട്ടി അപ്പിയിലേക്ക് ശ്രദ്ധതിരിക്കുന്നു. അവരുടെ മുഖത്ത് അത്ഭുതം, അപ്പോൾ അത് കണ്ടിരുന്നില്ല എന്ന് വ്യക്തം. പക്ഷെ എന്ത് കൊണ്ടോ അവരുടെ കയ്യിൽ പ്ലാസ്റ്റിക് ബാഗ് ഇല്ല. അവർ ചുറ്റും നോക്കി. പത്തു മീറ്ററിനുള്ളിൽ ഒരു ഒരു വേസ്റ്റ് ബിന്നുണ്ട്. അവിടെ ഇതുപോലെ പ്ലാസ്റ്റിക് ബാഗ് മറന്നുപോയവർക്കായി കുറെയെണ്ണം ഫ്രീയായി വെച്ചിട്ടുണ്ട്. അവർ പോയി അതെടുത്തു, അപ്പി വാരി വേസ്റ്റിലിട്ടു, അടുത്ത ട്രാമിൽ കയറി പോയി..

അങ്ങനെ പരിസ്ഥിതി ക്ളീൻ, സ്ത്രീ ഹാപ്പി, വഴിപോക്കൻ ഹാപ്പി, കണ്ടുനിന്ന ഞാൻ ഹാപ്പി, അപ്പിയിട്ട പട്ടി എപ്പഴേ ഹാപ്പി.
പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയുള്ള സുപ്രധാനമായ ചില പാഠങ്ങളാണ് ഞാനവിടെ കണ്ടത്. നമ്മളുണ്ടാക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കേണ്ട ഉത്തരവാദിത്തം നമ്മുടേത് തന്നെയാണ്. മുനിസിപ്പാലിറ്റിക്കാർ വന്ന് പട്ടിയുടെ അപ്പി കോരട്ടെ, എന്ന് വിചാരിച്ചാൽ ആളുകൾ ചവിട്ടി മെഴുകി ബസ് സ്റ്റോപ്പും ട്രാമും പിന്നെ അവർ പോകുന്ന ഇടവും എല്ലാം വൃത്തികേടാകും. ഒരു ചതുരശ്ര അടി ക്ളീൻ ചെയ്യുന്നതിന് പകരം പത്തു ചതുരശ്ര അടി പത്തിടത്തായി ക്ളീൻ ചെയ്യേണ്ടി വരും. എല്ലാവരും ഇങ്ങനെ ചെയ്‌താൽ പൊതുസ്ഥലം എപ്പോഴും വൃത്തിയായിത്തന്നെ കിടക്കും.

പൗരന്മാരുടെ ഉത്തരവാദിത്തം അവർ പാലിച്ചില്ലെങ്കിൽ അത് കണ്ടുപിടിക്കാനും ശിക്ഷിക്കാനുമൊന്നും പോലീസിന്റെ ആവശ്യമില്ല. ആവശ്യമുള്ള സന്ദർഭങ്ങളിൽ അതവരെ ഓർമ്മപ്പെടുത്താൻ മറ്റു പൗരന്മാർക്കും കഴിയണം. ആ അർത്ഥത്തിൽ നമ്മളെല്ലാം പോലീസുകാരായിരിക്കണം, എപ്പോഴും, എവിടെയും.
പൗരന്മാരുടെ ഇത്തരം ശ്രമങ്ങളെ സഹായിക്കാൻ ഔദ്യോഗിക സംവിധാനങ്ങളുണ്ടായിരിക്കണം. പട്ടിയുടെ അപ്പി കോരാനുള്ള പ്ലാസ്റ്റിക് ബാഗും അത് നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നും കാണുന്ന ദൂരത്തില്ലെങ്കിൽ അപ്പി പേപ്പറിൽ പൊതിഞ്ഞ് ബസിൽ കയറ്റി കൊണ്ടുപോകാനൊന്നും ആരും മെനക്കെടില്ല.

ഇനി ഇതേ സംഭവം നമുക്ക് പരിചയമുള്ള മറ്റൊരു നാട്ടിൽ ഉണ്ടായി എന്നുകരുതുക.

പട്ടിയുമായി നടക്കുന്ന സ്ത്രീ (പുരുഷനായാലും മാറ്റമില്ല കേട്ടോ), ബസ്റ്റോപ്പിൽ കാര്യം സാധിച്ചു, സ്ത്രീ അത് അറിയാതെ നടന്നുപോകുന്നു.

വഴിപോക്കാരിലൊരാൾ (ഉറക്കെ), ‘ചേച്ചി, ആ പട്ടി അപ്പിയിട്ടു കേട്ടോ’. (ചെന്ന് തോളത്തു തട്ടിയാൽ കേസ് വേറെ ആകുമല്ലോ)

ചുറ്റും ആളുകൾ ഉണ്ട്, ചേച്ചിയുടെ ഈഗോ ഹർട്ട് ആകുന്നു. ഉടനെ ചേച്ചി ചൂടാകുന്നു. ‘എന്റെ പട്ടി തന്റെ പറമ്പിൽ ഒന്നുമല്ലല്ലോ തൂറിയത്, ഞാനും ടാക്സ് ഒക്കെ കൊടുക്കുന്നതാണ്, മുനിസിപ്പാലിറ്റി വന്നു വൃത്തിയാക്കിക്കോളും, (പുരുഷനാണ് പട്ടിയുടെ ഉടമസ്ഥൻ എങ്കിൽ “ഈ റോഡെന്താ, നിന്റെ തന്തയുടെ വകയാണോ?” എന്നും കൂടി ചോദിക്കാൻ വഴിയുണ്ട്).

അതോടെ രംഗം ചൂടുപിടിക്കുന്നു, ആളുകൾ ചുറ്റും കൂടുന്നു. പട്ടി റോഡിൽ അപ്പിയിടുന്നത് ഒരു വലിയ സംഭവമല്ലെന്ന് ഒരു കൂട്ടർ, ഇയാളുടെ വീട്ടിലെ പട്ടിയെ ഡയപ്പർ കെട്ടിച്ചിരിക്കുകയാണോ എന്ന് മറ്റു ചിലർ. തനിക്കത്ര വിഷമമായെങ്കിൽ താൻ തന്നെ കോരിക്കോ എന്ന് വേറൊരു കൂട്ടർ.
(ഇവിടെ ഉൾപ്പെട്ട രണ്ടു പേരുടെയും പ്രായം, സ്വഭാവം, ജാതി, മതം, രാഷ്ട്രീയം, പണം, പദവി ഇതൊക്കെയനുസരിച്ച് ഈ പ്രശ്നം എത്ര വേണമെങ്കിലും വഷളാകാം. അടിപിടി മുതൽ ഹർത്താലിനു വരെയുള്ള വകുപ്പുണ്ട്. തൽക്കാലം ഞാൻ ഓവറാക്കുന്നില്ല).
ചുറ്റും നോക്കിയാൽ പട്ടിയുടെ അപ്പി കോരാൻ പ്ലാസ്റ്റിക് ബാഗ് പോയിട്ട് വേസ്റ്റ് ഇടാൻ ഒരു ബക്കറ്റ് പോലും ഒരു കിലോമീറ്ററിനുള്ളിൽ കാണില്ല. ‘സോറി ചേച്ചി, ഒരബദ്ധം പറ്റിയതാ’ എന്നുപറഞ്ഞ് ആദ്യത്തെയാൾ സ്ഥലം വിടുന്നു. പിന്നാലെ ചേച്ചിയും പൗരസമതിയും പിരിഞ്ഞു പോകുന്നു.

ആളുകൾ ചവിട്ടിയും ഓട്ടോയും കാറും കേറിയും പട്ടിയുടെ അപ്പി പരിസരത്തും നാടാകെയും പരക്കുന്നു.
രാത്രി ടി വി ചർച്ചയിൽ വിഷയം ഖരമാലിന്യം തന്നെ. “ഓ ഈ നാട് നന്നാവില്ല, എവിടെ നോക്കിയാലും വേസ്റ്റ് ആണ്, സിംഗപ്പൂരിലോക്കെ പോയി കാണണം, എത്ര ക്ളീൻ ആണ് ” !! എന്ന് കാണുന്നവർ എല്ലാം പറയും.

സിംഗപ്പൂരിൽ ഒന്നും പോകണ്ട, നമ്മൾ എല്ലാം ഒന്ന് ഒരുമിച്ച് പ്രവർത്തിച്ചാൽ മതി..

മുരളി തുമ്മാരുകുടി.

Leave a Comment