പൊതു വിഭാഗം

അടുത്ത ദുരന്തത്തിന് മുൻപേ…

കേരളത്തിലെ സ്‌കൂളുകളിൽ എന്തൊക്കെ ദുരന്ത സാധ്യതകൾ ആണുള്ളത്, എങ്ങനെയാണ് സുരക്ഷാ ഓഡിറ്റ് നടത്തേണ്ടത്, എങ്ങനെയാണ് അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകേണ്ടത്, ഒരപകടമുണ്ടായാൽ എങ്ങനെയാണ് അതിനോട് പ്രതികരിക്കേണ്ടത് എന്നെല്ലാം ഉൾപ്പെടുത്തി ഒരു ലഘുലേഖ ഉണ്ടാക്കിയ കാര്യവും, അത് കേരളത്തിലെ സ്‌കൂളുകളിൽ എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളെ പറ്റിയും പറഞ്ഞുവല്ലോ. ആരോട് പറഞ്ഞാലും “ഇപ്പൊ ശരിയാക്കി തരാം” എന്ന് പറയുന്നതല്ലാതെ ഒന്നും നടന്നില്ല. നമ്മുടെ സ്‌കൂളുകളിൽ അപകടവും മരണവും നടന്നു കൊണ്ടേയിരിക്കുന്നു.
 
കോളേജുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഓരോ വർഷവും എത്രയോ കോളേജ് വിദ്യാർഥികളാണ് അപകടത്തിൽ മരിക്കുന്നത്. ഇരു ചക്രവാഹനം ഓടിച്ച് അപകടത്തിൽ പെടുന്നവർ, വിനോദയാത്രകൾക്കിടയിൽ മുങ്ങി മരിക്കുന്നവർ തുടങ്ങി കോളേജുമായി ബന്ധപ്പെട്ട യാത്രകളിൽ മാത്രമല്ല, കോളേജ് കാന്പസിനകത്തു വരെ മരത്തിന്റെ കൊന്പൊടിഞ്ഞു വീണും അലക്ഷ്യമായി വാഹനമോടിച്ചും വിദ്യാർഥികൾ മരിച്ചിട്ടുണ്ട്. രണ്ടാം നിലയിലെ ജനൽ തുറന്നപ്പോൾ താഴെ വീണു മരിച്ചത് ഒരു അധ്യാപകനാണ്.
 
നമ്മുടെ കോളേജ് കാന്പസുകൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ‘Safe Campus’ പരിശീലന പരിപാടി പറവൂരിലെ Helpforhelpless എന്ന സ്ഥാപനവുമായി ചേർന്ന് ഞങ്ങൾ ഡിസൈൻ ചെയ്തത് 2014 ലാണ്. കേരള യൂണിവേഴ്സിറ്റി മുതൽ കാലിക്കറ്റ് എൻ ഐ ടി വരെ ഉള്ള സ്ഥലങ്ങളിൽ അത് പരിശീലിപ്പിക്കുകയും ചെയ്തു.
 
2015 ൽ കേരളത്തിലെ നൂറു കോളേജ് പ്രിൻസിപ്പൽമാർക്ക് ഞാൻ ഈ പരിപാടി അറിയിച്ച് നേരിട്ട് കത്തയച്ചിരുന്നു. മറുപടി തന്നത് ഒരേ ഒരാൾ മാത്രം!. കേരളത്തിലെ പേരുകേട്ട ഒരു കാന്പസിൽ പുതുവർഷത്തിന്റെ അന്ന് രാത്രി വാഹനാപകടത്തിൽ നാലോ അഞ്ചോ കുട്ടികൾ മരിച്ചു. ആ കോളേജിലെ വേണ്ടപ്പെട്ടവർക്ക് ഞാൻ പല പ്രാവശ്യം ഇത്തരം ഒരു പരിപാടി നടത്തുന്നതിനെ പറ്റി എഴുതിയെങ്കിലും ഒരു മറുപടി പോലും കിട്ടിയില്ല.
 
ഓരോ അപകടം ഉണ്ടാകുന്പോഴും ധാർമ്മിക രോഷവും ചാനലുകളിൽ ഗർജ്ജനവും ഉണ്ടാകും. ആരെയെങ്കിലും മൊത്തമായി കുറ്റം പറയും. പറ്റിയാൽ രണ്ടു കൊടുക്കും, പറ്റിയില്ലെങ്കിൽ വാഹനമോ കെട്ടിടമോ തല്ലിപ്പൊളിക്കും. എന്ത് കാര്യം?.
 
വേണ്ടത് സുരക്ഷയെ പറ്റി അടിസ്ഥാനമായി എന്തെങ്കിലും അറിവാണ്. അതുണ്ടായാൽ ദുരന്തം ഉണ്ടാകുന്നതിന് മുൻപ് തന്നെ കാര്യങ്ങൾ ചെയ്യാൻ പഠിക്കും. ഇല്ലെങ്കിൽ സോഡാക്കുപ്പി പൊട്ടിക്കുന്പോൾ ഉണ്ടാകുന്ന തിളക്കൽ പോലെ കുറച്ചു നേരം തിളയ്ക്കും. പിന്നെ എല്ലാം പതിവ് പോലെ.
 
ഈ അപകടത്തിന് മുൻപും ശേഷവും ഞങ്ങൾ ഓരോ സ്‌കൂളിലും കാന്പസിലും ആയി ഇത്തരം സുരക്ഷാ പരിപാടികൾ നടത്തുന്നുണ്ട്. പക്ഷെ പതിനായിരത്തിൽ ഏറെ സ്‌കൂളുകളുണ്ട് കേരളത്തിൽ, ആയിരത്തിൽ ഏറെ കാന്പസുകളും. ഒരാൾക്കോ പ്രസ്ഥാനത്തിനോ മാത്രം ഇവയിലെ സുരക്ഷാ ഓഡിറ്റ് ചെയ്തു തീർക്കാൻ സാധിക്കില്ല. എന്നാൽ അത്തരം സുരക്ഷാ ഓഡിറ്റുകളും പരിശീലനവും എല്ലാ കുട്ടികളുടെയും അടിസ്ഥാന അവകാശവും ആണ്. അതുകൊണ്ട് തന്നെ ഈ പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കാനുള്ള എന്തെങ്കിലും മാർഗ്ഗം കണ്ടുപിടിച്ചേ തീരൂ.
നിങ്ങളുടെ ആശയങ്ങൾ പറയൂ, ഞങ്ങളും ചിന്തിക്കുന്നുണ്ട്.
 
മുരളി തുമ്മാരുകുടി

Leave a Comment