ഇന്നലെ എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരു പെൺകുട്ടി എന്റെ ഫേസ്ബുക്കിൽ ഒരു മെസ്സേജ് അയച്ചു.
“സാർ ഞാൻ ഇടുക്കിയിൽ നിന്നുള്ള ഒരു വീട്ടമ്മയാണ്. ഇവിടുത്തെ സ്‌കൂളിലെ അധ്യാപകർ കുട്ടികളെ ഇപ്പോഴും ക്രൂരമായി തല്ലുന്ന രീതി ഉണ്ട്. നിർഭാഗ്യവശാൽ ചില മാതാപിതാക്കളും “രണ്ടു തല്ലു കൊണ്ടാലേ പിള്ളേർ നന്നാകൂ” എന്ന ചിന്ത ഉള്ളവർ ആണ്, സാർ ഇതിനെ പറ്റി ഒന്ന് എഴുതണം.” ഞാൻ അതിശയപ്പെട്ടു. “ഇത് സത്യമാണോ? ഞാൻ വീണ്ടും ചോദിച്ചു.”
കേരളത്തിൽ ഇപ്പോൾ അധ്യാപകർ കുട്ടികളെ അടിക്കാറില്ല, അങ്ങനെ അടിക്കുന്നത് നിയമവിരുദ്ധമാണെന്നൊക്കെയാണ് ഞാൻ കരുതിയിരുന്നത്. നിയമം ഉണ്ടായിട്ടും പഴയ ശീലങ്ങൾ വച്ച് കുട്ടികളെ അടിക്കുന്ന അധ്യാപകർ ഉണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ എത്തിക്കണം. അഥവാ അങ്ങനെ കുട്ടികളെ അടിക്കുന്നത് തടയാൻ നിയമം ഇല്ലെങ്കിൽ അത് ഉണ്ടാകേണ്ടതാണ്. കാരണം ആധുനിക വിദ്യാഭ്യാസ തത്വശാസ്ത്രത്തിലോ രീതി ശാസ്‌ത്രത്തിലോ ‘അടിച്ചു പഠിപ്പിക്കൽ’ ഒരു രീതിയല്ല. മാത്രമല്ല കുട്ടികളെ വീട്ടിലും സ്‌കൂളിലും തല്ലിയും ദേഹോപദ്രവം ചെയ്‌തും ഒരു പാഠം പഠിപ്പിക്കാൻ നോക്കുന്നത് കുട്ടികളെ വാസ്തവത്തിൽ രണ്ടു പാഠങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നത്.
‘നമ്മളെക്കാൾ അധികാരമോ കായികശേഷിയോ കുറഞ്ഞവരെ ശാരീരിരികമായി കൈകാര്യം ചെയ്യുന്നത് തെറ്റല്ല’ എന്നും ‘ഒരാൾ നമ്മൾ ഇഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്താൽ അവരെ ശാരീരികമായി മർദ്ദിക്കുന്നത് ശരിയായ രീതിയാണ്’ എന്നും.
ഇങ്ങനെയുള്ള കുട്ടികൾ വളർന്നു വരുമ്പോൾ വീട്ടിലും, അവരുടെ ഔദ്യോഗിക വൃത്തിയിലും പൊതുസമൂഹത്തിലും മർദ്ദനം ഒരു രീതിയാക്കും.
വീട്ടിൽ പങ്കാളിയെ, കുട്ടികളെ, ക്ലാസ്സിൽ സഹപ്രവർത്തകരെ, പോലീസ് സ്റ്റേഷനിൽ പ്രതികളെ, സമരത്തിനിടക്ക് അധ്യാപകരെ, പ്രായമായ അച്ഛനമ്മമാരെ, അമ്മായിയപ്പൻ/ അമ്മായിയമ്മമാരെ, ഓട്ടോറിക്ഷയിൽ കയറാൻ വരുന്ന യാത്രക്കാരനെ, ഹോട്ടലിലെ വെയിറ്ററെ, തൊഴിലിടത്ത് പണിക്കാരനെ, രാഷ്ട്രീയ എതിരാളിയെ ഒക്കെ മർദ്ദിക്കുന്നത് സ്വാഭാവികവും ശരിയായും തോന്നുന്നത് ഇതുകൊണ്ടാണ്.
നമ്മുടെ സമൂഹത്തിൽ വയലൻസ് ഇല്ലാതാകണമെങ്കിൽ വീട്ടിലും സ്‌കൂളിലും അടിച്ചു പഠിപ്പിക്കുന്ന രീതി മാറ്റണം. “ഞങ്ങൾ ഒക്കെ തല്ലു കൊണ്ടതാണ് നന്നായതെന്ന” വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഡയലോഗിനൊന്നും ആധുനിക കാലത്ത് പ്രസക്തിയില്ല.
ഇപ്പോൾ വിദ്യാർത്ഥികളെ തല്ലാൻ സ്‌കൂൾ നിയമം അനുവദിക്കുന്നുണ്ടെങ്കിൽ അത് മാറണം.
അഥവാ നിയമം അനുവദിക്കാതിരുന്നിട്ടും അങ്ങനെ ചെയ്യുന്ന അധ്യാപകർ ഇനിയും കേരളത്തിൽ ഉണ്ടെങ്കിൽ അവർ അധ്യാപനം ഉപേക്ഷിക്കുന്നതാണ് നല്ലത്. അവരുടെ അധ്യാപന തത്വശാസ്ത്രം പഴഞ്ചനാണ്, നമ്മുടെ സമൂഹത്തെ അക്രമാസക്തമായി നില നിർത്തുന്നതാണ്.
ഇന്നത്തെ കോടതി വിധി കണ്ടപ്പോൾ ഇത്രയും പറയണമെന്ന് തോന്നി. ഇടുക്കിയിലോ മറ്റെവിടെയെങ്കിലുമോ കുട്ടികളെ അടിച്ചു പഠിപ്പിക്കുന്ന അധ്യാപകർ ഇനിയും ഉണ്ടെങ്കിൽ ജാഗ്രതൈ! കോടതിയും സമൂഹവും ഒക്കെ ഇത് ശ്രദ്ധിക്കുന്നുണ്ട്.
മുരളി തുമ്മാരുകുടി
Leave a Comment