പൊതു വിഭാഗം

അഗ്നിബാധയും സുരക്ഷാ പാഠങ്ങളും

അഗ്നിസുരക്ഷയെപ്പറ്റിയും പ്രതിരോധ സംവിധാനങ്ങളെപ്പറ്റിയും മനോരമ ഒരു പരന്പര ചെയ്യുന്നത് കാണുന്നതിൽ ഏറെ സന്തോഷം. സാധാരണഗതിയിൽ അപകടം ഉണ്ടായതിന് ശേഷമാണ് ഇത്തരം പരന്പരകളും മാധ്യമ ചർച്ചകളും ഉണ്ടാകാറുള്ളത്. അതിനാൽ ഇതൊരു നല്ല മാറ്റമാണ്.

2022 ൽ 183 പേരാണ് കേരളത്തിൽ അഗ്നിബാധ ഉണ്ടാക്കിയ അപകടത്തിൽ മരിച്ചത്. ഭാഗ്യവശാൽ ഇവ ഒന്നും വലിയ കെട്ടിടങ്ങളിൽ ഉണ്ടായവയല്ലാത്തതുകൊണ്ട് തന്നെ മിക്കതും ഒറ്റക്കൊറ്റക്കുള്ള മരണങ്ങൾ ആണ്.

എന്നാൽ കേരളത്തിൽ നഗരവൽക്കരണം കൂടുകയും ഗ്രാമങ്ങളിൽ പോലും അപ്പാർട്മെന്റുകൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ മാളുകളിൽ, ഹോട്ടലുകളിൽ, തീയേറ്ററുകളിൽ,  ഫ്ലാറ്റുകളിൽ, ഓഫീസ് സമുച്ചയങ്ങളിൽ, ആശുപത്രികളിൽ ഒക്കെ വലിയ അഗ്നിബാധ ഉണ്ടാകാനും കൂടുതൽ ആളുകൾ ഒരുമിച്ചു മരിക്കാനുമുള്ള സാഹചര്യം കൂടിവരികയാണ്. നമ്മുടെ സെക്രട്ടറിയേറ്റിൽ അഗ്നിബാധ ഉണ്ടാകാനുള്ള സാധ്യത ഞാൻ പലവട്ടം പറഞ്ഞിരുന്നല്ലോ. കലക്ടറേറ്റുകളും പഴയ കോടതി കെട്ടിടങ്ങളും കാണുന്പോഴെല്ലാം ഈ സാധ്യത ഞാൻ ശ്രദ്ധിക്കാറുണ്ട്. 

ഇക്കാരണം കൊണ്ടൊക്കെ അഗ്നി സുരക്ഷയെപ്പറ്റി ശരിയായ ബോധം ആളുകളിൽ ഇല്ലാത്തത്, സർക്കാർ ഓഫിസുകളിലും ഫ്ളാറ്റുകളിലും മാളുകളിലും ഒന്നും ഫയർ സേഫ്റ്റി ഡ്രില്ലുകൾ  നടത്താത്തത്, നാട്ടിൽ മാറുന്ന സാഹചര്യമനുസരിച്ച് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ പരിശീലനവും അവർക്ക് ആവശ്യമായ ഉപകരണങ്ങളും ഉണ്ടാകാത്തത് എല്ലാം ഞാൻ പലപ്പോഴും എഴുതിയിട്ടുണ്ട്.

ഇപ്പോൾ മനോരമ പോലുള്ള മാധ്യമം ഈ വിഷയം ഏറ്റെടുക്കുന്പോൾ അധികാരികളും പൊതു സമൂഹവും അത് കൂടുതൽ ശ്രദ്ധിക്കുമെന്ന് കരുതാം.

വ്യക്തിപരമായി നിങ്ങൾ താമസിക്കുന്ന സ്ഥലത്തും, ജോലി ചെയ്യുന്നിടത്തും എല്ലാമുള്ള അഗ്നി സുരക്ഷാ സംവിധാനങ്ങൾ ശ്രദ്ധിക്കുന്നത് ശീലമാക്കുക.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി 

May be an image of 2 people and text

Leave a Comment